ദളിത് ആയതിൻറെ പേരിൽ പഞ്ചായത്ത് കമ്മിറ്റിയിൽ നിലത്തിരിക്കേണ്ടിവന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരി

0
55

Rahul Vijayan

ജാതിയോ…! വേര്‍തിരിവോ….! നമ്മുടെ നാട്ടിലോ..!! എന്ന് അത്ഭുതപ്പെടുന്നവര്‍ക്ക് വേണ്ടിയാണ്…ദളിത് ആയതിൻറെ പേരിൽ പഞ്ചായത്ത് കമ്മിറ്റിയിൽ നിലത്തിരിക്കേണ്ടിവന്ന.. തമിഴ്നാട്ടിലെ തെർക്കുത്തിട്ടൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരിയുടെ ചിത്രം..!നേരിടുന്ന അപമാനവും, അവഹേളനവും, നിസ്സഹായതയും അന്തർസംഘർഷങ്ങളുമെല്ലാം പ്രതിഫലിക്കുന്ന ആ മുഖത്തേക്കു നോക്കുവാൻ കരുത്തുകിട്ടുന്നില്ല ..!ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജേശ്വരി പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. തെർക്കുത്തിട്ടൈയിലെ ജാതിഹിന്ദുക്കളായ വണ്ണിയർ സമുദായമാണ് ഭൂരിപക്ഷം .

രാജേശ്വരി ഉൾപ്പെടുന്ന ‘ ആദി ദ്രാവിഢർ ‘ പ്രദേശത്തെ ദരിദ്രരും ദുർബ്ബലരും ന്യൂനപക്ഷവുമാണ് .
വണ്ണിയർ സമുദായക്കാരനായ വൈസ്പ്രസിഡൻറിൻറെ നേതൃത്വത്തിലുള്ള സംഘം…, പ്രസിഡൻറ് ആയ രാജേശ്വരിയേയും വാർഡ്മെമ്പറായ സുഗന്ധിയേയും ദളിതരാണെന്ന കാരണത്താൽ തങ്ങൾക്കൊപ്പം ഇരിക്കാൻ അനുവദിക്കാറില്ല..!റിപ്പബ്ളിക് ദിനത്തിൽ പഞ്ചായത്ത് ആഫീസിൽ ത്രിവർണ്ണപതാക ഉയർത്തുന്നതിൽ നിന്നുപോലും രാജേശ്വരിയെ വിലക്കിയിരുന്നു .!
ജാതിവിവേചനത്തിനിരയായി പഞ്ചായത്ത് പ്രസിഡൻറിന് നിലത്തിരിക്കേണ്ടിവന്ന സംഭവം വിവാദമായതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയും വരണാധികാരിയായ കടലൂർ ജില്ലാകളക്ടർ .., ചട്ടം പാലിക്കാത്തതിന് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് .!

ജാതിവിവേചനങ്ങളുടെ വിളനിലമാണ് ഇന്നും ദ്രാവിഢ രാഷ്ട്രീയത്തിന് പുകൾപെറ്റ തമിഴ്നാട്.പ്രണയവും വിവാഹവും മാത്രമല്ല , ജാതിമതിലുകളും ജാതിവഴികളും ജാതിക്കോളനികളുമെല്ലാം ഇന്ത്യയിൽ മറ്റെവിടെയുമുള്ളതുപോലെ തന്നെ തമിഴ്നാട്ടിലും ദളിതരുടെ ജീവനെടുക്കാറുണ്ട്..! കഴിവും കഠിനാദ്ധ്വാനവും കൊണ്ട് സമൂഹത്തിൽ തങ്ങളെ അടയാളപ്പെടുത്തിയ , മികച്ച വിജയങ്ങൾ നേടിയ ദളിതർക്കോ.., പിന്നാക്കക്കാർക്കോ പോലും ജാതിവിവേചനത്തിൽ നിന്നും രക്ഷനേടാനായിട്ടില്ല..!

ഒരു മനുഷ്യൻറെ സകല നന്മകളെയും നേട്ടങ്ങളെയും നിരാകരിച്ച് ജന്മായത്തമായ ജാതിയാൽ അവൻറെ യോഗ്യത അളക്കുന്നതുപോലെ മനുഷ്യത്വവിരുദ്ധമായത് മറ്റൊന്നില്ല..!മതം മാറിയാലും, ഉപേക്ഷിച്ചാൽ തന്നെയും ദളിതരെ വിട്ടുപോകാത്തതാണ് ജാതി , മാത്രമല്ല.. വാക്കിലൂടെയും പ്രവർത്തിയിലൂടെയും സമൂഹം അത് അവരെ നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്യും..!! 21-ാം നൂറ്റാണ്ടിലും ഇന്ത്യക്കാർ അനുവർത്തിക്കുന്ന ഏറ്റവും നികൃഷ്ടമായ സംഗതി ജാതീയതയാണെന്നതിൽ സംശയമില്ല.
ജാതിയുടെ യഥാർത്ഥഗുണഭോക്താക്കൾ ചാതുർവർണ്ണ്യത്തിലെയും ജാതിവ്യവസ്ഥയിലെയും മുകൾത്തട്ടുകാരായ ബ്രാഹ്മണർ മാത്രമാണെന്നിരിക്കെ ജാതീയത കൈവെടിയാൻ സമൂഹം ഒന്നടങ്കം പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ട്..!!