ഇത് മനു വാദികളുടെ ഇന്ത്യയോ? പ്രതാപിന്റെ അനുഭവം: ഇന്ത്യയുടെയും!

373

നമുക്ക് ഇതൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാം.. ഇതും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി കാണാം.. ഇന്ത്യൻ പാർലമെന്റ് ജയ് ശ്രീറാം വിളികളാൽ പ്രകമ്പനം കൊള്ളട്ടെ..

(കന്നഡ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഹുച്ചംഗി പ്രസാദ് എഴുതിയ ലേഖനം)

ഇത് മനു വാദികളുടെ ഇന്ത്യയോ?

കർണാടകയിലെ ചാം രാജ് നഗറിലെ ഗുണ്ടു പേട്ട് താലൂക്കിലെ ശ്യാന്ത്ര ഹള്ളി ഗ്രാമത്തിലെ ഒരു ദളിതനെ 2019 ജൂൺ 3നാണ് നഗ്നനാക്കി നടത്തിച്ചത്.ഗ്രാമ ക്ഷേത്രത്തിൽ പ്രവേശിച്ച് അതിനെ “അശുദ്ധ”മാക്കിയതിനാണ് ഈ ശിക്ഷ. പക്ഷേ ജൂൺ 11 ന് മാത്രമേ വാർത്ത ശരിക്കും പുറത്തുവന്നുള്ളൂ. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റ് വഴി വ്യാപകമായി പ്രചരിച്ചതോടെയാണ് ജനശ്രദ്ധ അതിലേക്ക് തിരിഞ്ഞത്.

പ്രതാപിന്റെ അനുഭവം: ഇന്ത്യയുടെയും

അതീവ ദരിദ്രമായ ചുറ്റുപാടിൽ വളർന്ന പ്രതാപ് ബിരുദധാരിയായത് അസാമാന്യമായ മനക്കരുത്തും കഠിന പ്രയത്നനവും കൊണ്ടു മാത്രമാണ്. അദ്ദേഹം ഐ എ എസ് പ്രതീക്ഷിച്ച ഒരാളാണ്. സംഭവം നടന്നതിന്റെ തലേ ദിവസം അദ്ദേഹം യു പി എസ് സി പരീക്ഷ എഴുതാനായി മാരിമലപ്പ ഹയർ പ്രൈമറി സ്കൂളിൽ പോയിരുന്നു.പക്ഷേ പരീക്ഷാ ഹാളിലെത്തിയ അദ്ദേഹത്തെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. അമ്പരന്നു പോയ പ്രതാപ് ,മൈസൂരിൽ കുറച്ചു സമയം ചെലവഴിച്ച ശേഷം തന്റെ മോട്ടോർ ബൈക്കിൽ ഗുണ്ട്ലുപേട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
അന്നു രാത്രിയാണ് രാഘവ്പുരയിൽ വെച്ച് അദ്ദേഹത്തിന്റെ മോട്ടോർ ബൈക് ബ്രെയ്ക്ഡൗൺ ആവുന്നത്. അതേത്തുടർന്നാണ് ആൾ ആക്രമണ വിധേയനാവുന്നതും തസ്കരന്മാരാൽ കൊള്ളയടിക്കപ്പെടുന്നതും. അമ്പരന്നും ഭയന്നും ആ രാത്രി അവിടെക്കഴിയാനാണ് പ്രതാപ് തീരുമാനിച്ചത്. അഭയമന്വേഷിച്ചുള്ള നാടത്തത്തിനിടയിൽ, രാവി ലെ 6 മണിയോടെ, അദ്ദേഹം വീരനാപുര ഗെയ്റ്റ് വഴി ശനി മഹാത്മാ ക്ഷേത്രത്തിലെത്തി അവിടെ അഭയം തേടി. അവിടെയുണ്ടായിരുന്ന ക്ഷേത്ര പൂജാരി പ്രതാപിനെ ചോദ്യം ചെയ്യുകയും ആളുടെ ഊരും പേരും ചോദിച്ചറിയുകയും പ്രതാപിനെ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതിനിടക്ക്, ഗ്രാമവാസികൾ ക്ഷേത്ര പരിസരത്ത് ഒത്തുചേരുകയും അദ്ദേഹത്തിന്റെ പശ്ചാത്തലത്തെപ്പറ്റി ചോദ്യം ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. അദ്ദേഹം പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഹൊലെയ സമുദായത്തിൽ പിറന്നവനാണ് എന്ന് അവർ പെട്ടെന്ന് തിരിച്ചറിഞ്ഞു. മേൽജാതിക്കാർക്ക് ഇത് മതിയായിരുന്നു ഉടൻ പ്രതികരിക്കാൻ.പ്രതാപിനു നേരെ അസഭ്യവർഷം നടന്നു.” കീഴ്ജാതിയിൽ പിറന്ന ഹൊലയനായ നീ ക്ഷേത്രം അശുദ്ധമാക്കി ” എന്ന് അവർ ആർത്തുവിളിച്ചു. തുടർന്ന് അവർ അദ്ദേഹത്തെ ഒരു തെങ്ങിൽ കെട്ടിയിട്ട് ഭീകരമായി മർദ്ദിച്ചു.
നിസ്സഹായനായി നിന്ന പ്രതാപ് ദയക്ക് വേണ്ടി യാചിച്ചു.അതിന് പൂജാരി പറഞ്ഞ മറുപടി “ഈ ഹൊലെ യന്മാരെ ഒരു പാഠം പഠിപ്പിക്കാൻ പറ്റിയ അവസരമാണിത്. അവറ്റകൾക്ക് ഈ ക്ഷേത്രം സ്പർശിക്കാൻ അവകാശമില്ല” എന്നാണ്. ഇതു കേൾക്കേണ്ട താമസം, ക്ഷുഭിതരായ ഗ്രാമവാസികൾ കൈയ്യിൽ കിട്ടിയതെന്തും എടുത്ത് പെരുമാറാൻ തുടങ്ങി.അവർ അയാളുടെ ഉടുതുണി വലിച്ചു കീറി. നഗ്നനാക്കിയ ശേഷം, പട്ടാപ്പകൽ ചാട്ട കൊണ്ടടിച്ച് ഊട്ടീ മൈസൂർ ഹൈവേയിലൂടെ നടത്തിച്ചു.
ഇന്ത്യ ആധുനികതയുടെ മഹാസാഗരത്തിൽ നീന്തിത്തുടിക്കുകയാണ് എന്ന് നടിച്ചു കൊണ്ടിരിക്കുന്നതിന് ,ഇടയിലാണ്ഇത്തരം ബീഭത്സവും മനുഷ്യത്വരഹിതവുമായ ജാതിബോധം മറനീക്കി പുറത്തു വരുന്നത്.പ്രതാപിനെ രക്ഷിക്കാനോ ഈ അക്രമത്തെ തടയാനോ, ഒരൊറ്റ മനുഷ്യജീവിയും ഉണ്ടായില്ല എന്നത് നാം എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് വേദനാപൂർവ്വം ഓർമ്മിക്കാൻ നമുക്ക് അവസരം നൽകും.
മറ്റു പല അതിക്രമക്കേസുകളിലും എന്ന പോലെ ഇതിലും പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. പോലീസിലെ ജാതി ശക്തികൾ കേസ് തേച്ചു മായ്ച്ചു കളയാനുള്ള കഠിനശ്രമത്തിലാണ്. ഞെട്ടിപ്പിക്കുന്ന ഒരു വിവരം ,ഗ്രാമീണർ പ്രതാപിനെതിരെ കേസ് കൊടുത്തിരിക്കുന്നു എന്നതാണ്. അയാൾക്ക് മനോരോഗമാണെന്നും തങ്ങളെ അയാൾ കൈയ്യേേറ്റം ചെയ്യാൻ മുതിർന്നുവെന്നും അവർ പരാതി കൊടുത്തിരിക്കുകുകയാണ്.
ഈ സംഭവം തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്ത നമ്മുടെ ഭരണഘടനയുടെ 17-ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ്.പ്രശ്നം മീഡിയാ ചാനലുകൾ ഏറ്റെടുത്തതേയില്ല. പക്ഷേ സാമൂഹ്യ മാധ്യമങ്ങളിൽ ആ വീഡിയോ വൈറലായതോടെ, ദളിത് സംഘടനകൾ സംസ്ഥാഥാനത്തൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.ഇത്തരം പ്രതിഷേധങ്ങൾ ശക്തിപ്പെട്ടതോടെ, പോലീസ് ഒടുക്കം കേസെടുക്കാൻ നിർബന്ധിതമായി. എസ് സി, എസ്ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ടും ഐപിസിയിലെ 143-ാം വകുപ്പും (അനധികൃതമായി സംഘം ചേരൽ ) 147-ാം വകുപ്പും
( ലഹളയുണ്ടാക്കൽ) 395-ാം വകുപ്പും(കൊള്ളയടിക്കലും കവർച്ചയും) 323-ാം വകുപ്പും
( ഉപദ്രവിക്കൽ) 342-ാം വകുപ്പും (അന്യായമായി തടങ്കലിലാക്കൽ) 509-ാം വകുപ്പും (സ്ത്രീകളുടെ ഒതുക്കത്തെ അവഹേളിക്കൽ) ചേർത്താണ് കേസ്.
ഒരു ഐ എ എസ് ഓഫീസറാവാനുള്ള സ്വപ്നവുമായി നടന്ന പ്രതാപ് ഇപ്പോൾ ജാതിഭ്രാന്തന്മാരുടെ നിഷ്ഠൂരത കാരണം കടുത്ത വൈകാരികാഘാതത്തിലാണ്. മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ്.

ഇന്ത്യ തിളങ്ങുന്നു

“തൊട്ടുകൂടായ്മയുടെ അടിവേര് കിടക്കുന്നത് ജാതി സമ്പ്രദായത്തിലാണ്. ജാതി സമ്പ്രദായത്തിന്റെ അടിവേരാകട്ടെ, വർണ വ്യവസ്ഥയിലാണ്. വർണവ്യവസ്ഥയുടെ വേരുകളാവട്ടെ, രാഷ്ട്രീയാധികാരത്തിലുമാണ്. ” – യു.ആർ.അംബേദ്കറുടെ ഈ വരികൾ എത്ര ശരിയാണെന്ന് ഇന്ന് തെളിയുകയാണ്. ഇന്ന് ലോകം ഇന്ത്യയെ നോക്കുന്നത് അവജ്ഞാഞാപൂർവ്വമാണ്.ഇന്ത്യ നാണം കെട്ടിരിക്കുന്നു. ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നത് പുതിയ കാര്യമേയല്ല. പക്ഷേ ദളിതരെ കൊലപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും, അവഹേളിക്കുന്നതും മാറിയ രീതിയിലാണ്. അതിന് ബീഭത്സമായ മുഖം കൈവന്നിരിക്കുന്നു. അവകാശ ലംഘനത്തിന്റെ കാര്യത്തിലും മനുഷ്യത്വം കൈമോശം വന്ന കാര്യത്തിലും, ലോകം ഇന്ത്യയെ അറപ്പോടെയാണ് നോക്കുന്നത്.
അക്രമത്തിന്റെയും മനുഷ്യത്വ വിരുദ്ധതയുടെയും സംസ്കാരം വളരുകയാണ്.രാജ്യം മനു വാദികളായ വർഗീയജാതീയ ശക്തികളുടെ നിയന്ത്രണത്തിലാവുമ്പോൾ മർദ്ദിതരെ രക്ഷിക്കുകയും മർദ്ദകരെ ശിക്ഷിക്കുകയും ചെയ്യുക എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരിക്കും.
ഒരു ഭാഗത്ത്, പ്രധാനമന്ത്രി ഇന്ത്യ തിളങ്ങുകയാണ് എന്ന പ്രധാനമന്ത്രിത്രിയുടെ അവകാശവാദം.മറുഭാഗത്ത്, നമുക്കുള്ളത് താൻ ഒരു ജാതിരഹിത പാർട്ടിയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ്. ഈ ഇന്ത്യയാണോ, തിളങ്ങുകയാണ് എന്ന് അവർ പറയുന്നത്? ജാത്യാതിക്രമങ്ങൾ
മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തെത്തന്നെ അപകീർത്തിപ്പെടുത്തുന്നതിനെക്കുറിച്ച് എന്തു പറയുന്നു?
ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ പെരുകുകയാണ്. എസ്എസി എസ് ടി നിയമം ദുർബ്ബലപ്പെടുത്താനും ഭരണഘടന തന്നെ തിരുത്തിക്കുറിക്കാനുമുള്ള കേന്ദ്രത്തിന്റെ നീക്കങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. ഇമ്മാതിരി സംഭവങ്ങൾ സ്വയം ആവർത്തിക്കാൻ അനുവദിച്ചുകൂടാ.
തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഗുണങ്ങൾ നടപ്പിലാക്കാനാവാതെ, ഏട്ടിലുറങ്ങാൻ മാത്രമുള്ളവ ആയിക്കൂടാ. എങ്കിൽ മാത്രമേ, സമത്വപൂർണമായ ഒരു ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനാവൂ.

ദേശാഭിമാനി 18. 6. 19 (കടപ്പാട് )