വട്ടവടയിലെ ജാതി ഭ്രഷ്ട് സാക്ഷര കേരളത്തിന് അപമാനകരം

0
177

KS Kannanakuzhi

വട്ടവടയിലെ ജാതി ഭ്രഷ്ട് സാക്ഷര കേരളത്തിന് അപമാനകരം തന്നെ. ചക് ലിയ വിഭാഗത്തിൽ പെട്ട 700 കുടുംബങ്ങളെ മുന്നോക്ക ജാതിക്കാർ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹോട്ടലുകളിലും മറ്റും ചിരട്ടയിലാണ് അവർക്ക്‌ ചായ നൽകിയിരുന്നത്. പിന്നീടത് പരിഷ്ക്കരിച്ച് തിരിച്ചറിയാൻ പറ്റുന്ന ഇരട്ട ഗ്ലാസ് രീതിയിലാക്കി. 1990 കളിൽ സർക്കാർ ഇടപെട്ട് നേരിയ ശമനമുണ്ടായെങ്കിലും വട്ടവടയിലെ മുന്നോക്ക ആഭാസന്മാർ ഈ പാവങ്ങളെ പല വിധത്തിലുള്ള അയിത്തം കല്പിച്ച് മാനസികമായി തകർത്തു കൊണ്ടിരിക്കുകയാണ്. സാമ്പത്തികമോ, രാഷ്ട്രീയ ബലമോ ഇല്ലാത്ത ഈ ജനതയുടെ പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടുകയും ജാതിക്കോമരങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണം. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരട്ടെ. നാളെ ഇത്തരത്തിലുള്ള വട്ടവട കേരളത്തിലുണ്ടാകാൻ പാടില്ല.

ബാർബർഷോപ്പിൽ മാത്രമല്ല !പ്രബുദ്ധ കേരളം ദലിതരെ പടിയടച്ചു നിർത്തുന്ന ഇടങ്ങൾ എണ്ണിയാലൊടുങ്ങുന്നില്ല.എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ ദേവസ്വം ബോർഡിൽ സഹകരണ മേഖലയിൽ സർവ്വകലാശാലകളിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ താൽക്കാലിക നിയമനങ്ങളിൽ.PSC യ്ക്ക് വിടാത്ത കമ്പനികളിൽ,കോർപ്പറേഷനുകളിൽ, ബോർഡുകളിൽ ,സൊസൈറ്റികളിൽ, കൗൺസിലുകളിൽ ഗവേഷണ സ്ഥാപനങ്ങളിൽ ഇൻസ്റ്റിസ്റ്റൂട്ടുകളിൽ…. (ലിസ്റ്റ് അപൂർണ്ണം)അങ്ങനെ, അങ്ങനെ.ദോഷം പറയരുതല്ലേ, പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പരസ്യത്തിലെ ഫോട്ടോയ്ക്ക് 100% സംവരണം എന്നും ഉറപ്പുണ്ട് !