കൊലപാതകം തെളിയിച്ച പൂച്ച,  മറ്റെവിടെയും അല്ല, നമ്മുടെ കേരളത്തിലാണ് സംഭവം!
അടുത്തിടെ തിരുവന്തപുരത്തെ ഒരു ക്ലബ്ബിൽ ചില സാമൂഹികവിരുദ്ധർ ഗർഭിണിയായ ഒരു പൂച്ചയെ കെട്ടിതൂക്കിക്കൊന്നത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതുകൊണ്ടു തന്നെ വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പൂച്ചയുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്തു. ആ സമയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ഇത് രണ്ടാം തവണയാണ് പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുന്നത് എന്നാണ്. അങ്ങനെയാണെങ്കിൽ ആദ്യമായി എപ്പോഴാണ് പൂച്ചശരീരം പോസ്റ്റ്മോർട്ടം ചെയ്‌തത്‌ എന്ന അന്വേഷണത്തിന്റെ ഫലം ആണ് താഴെ.
കരീലക്കുളങ്ങര, ആലപ്പുഴ 2008
ആ ദിവസം കരീലക്കുളങ്ങരക്കാർ ഉറക്കമുണർന്നത് നടുക്കുന്ന ഒരു വാർത്ത കേട്ടാണ്. പത്തിയൂർ പാടത്തെ കുളത്തിൽ ഒരു മൃതദേഹം. കാലുകൾ മുകളിലോട്ടായി പൊങ്ങി വന്ന മൃതദേഹം പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തു. ഒരു സ്ത്രീയുടേതായിരുന്നു ആ ശരീരം. കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. കാരണം വയറു കീറി, ഒരു കല്ല് കൂടി കെട്ടിയാണ് ആ സ്ത്രീയെ കുളത്തിൽ താഴ്‌ത്തിയിരുന്നത്, മൃതശരീരം പൊങ്ങിവരാതിരിക്കാനുള്ള കൊലപാതകിയുടെ മുൻകരുതൽ എന്തായാലും വിഫലമായി.
കായംകുളം സി ഐ ഹരികൃഷ്ണനായിരുന്നു കേസന്വേഷണത്തിന്റെ ചുമതല. ആ സ്ത്രീയെ നാട്ടുകാർക്ക് ആർക്കും തിരിച്ചറിയാനായില്ല. സമീപപ്രദേശങ്ങളിലൊന്നും ഇങ്ങനെ ഒരു സ്ത്രീയെ കാണാതെ പോയതായി കേസ് ഒന്നും നിലവിലുണ്ടായിരുന്നില്ല. മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തി ആ മൃതശരീരം കുളത്തിലെറിഞ്ഞതാണ് എന്ന് പോലീസിന് മനസ്സിലായി. കുളത്തിന്റെ സമീപത്തെ സർപ്പക്കാവിൽ നിന്നുയരുന്ന ചീഞ്ഞ ഗന്ധം പോലീസിനെ അങ്ങോട്ടാകർഷിച്ചു. ഭയപ്പെട്ടതുപോലെ മറ്റൊരു മനുഷ്യശരീരം അവർക്കവിടെ കാണാൻ കഴിഞ്ഞില്ല. പക്ഷെ അവിടെ ഒരു പൂച്ച ചത്ത് കിടപ്പുണ്ടായിരുന്നു. പോലീസ് ടീമിലുണ്ടായിരുന്ന ചിലരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ, ആ പൂച്ചയുടെ ശരീരത്തിന്റെ പഴക്കവും സ്ത്രീ ശവശരീരത്തിന്റെ പഴക്കവും ഏകദേശം ഒന്നാണ് എന്ന് തോന്നി. കൊലപാതകവുമായി പൂച്ചയുടെ ശവത്തിനു എന്തോ ബന്ധമുള്ളത് പോലെ…
കേരളാ പോലീസ് രണ്ടു ശവങ്ങളുടെയും മഹസ്സർ തയ്യാറാക്കി. ഒരു പൂച്ചയുടെ കൊലപാതകത്തിന് പിന്നിൽ എന്ത് എന്ന് കണ്ടെത്താനുള്ള ആദ്യ മഹസ്സർ! അടുത്തതായി രണ്ടു ശരീരങ്ങളും പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചു. ഫോറൻസിക് സർജൻ, സ്ത്രീയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്‌തെങ്കിലും പൂച്ചയുടെ നടപടിക്രമം ചെയ്യാൻ വിസമ്മതിച്ചു. പിന്നെ ഒരു വെറ്റിനറി സർജനാണ് ആ ദൗത്യം നിറവേറ്റിയത്. കേരളത്തിൽ ആദ്യമായി ഒരു പൂച്ചയുടെ പോസ്റ്റ്മോർട്ടം അങ്ങനെ നടന്നു. രണ്ടു പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും തമ്മിലുള്ള അതിശയകരമായ സാമ്യം കേരളം പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. അതിൽ പ്രധാനം രണ്ടു ശരീരങ്ങൾക്കും ഒരേ പഴക്കം, കഴിച്ച ഭക്ഷണം ഒന്ന്, മരണകാരണം കീടനാശിനിയായ ഫ്യൂറിഡാൻ എന്നിവയായിരുന്നു. ചത്ത പൂച്ചയ്ക്ക് ഒന്നുകിൽ ആ സ്ത്രീയുമായി, അല്ലെങ്കിൽ കൊലപാതകിയുമായി ബന്ധമുണ്ടെന്ന് പോലീസിന് മനസ്സിലായി. പരിചയമുള്ള ആളുകള്‍ക്കൊപ്പം മാത്രമേ പൂച്ച സഞ്ചരിക്കുകയുള്ളൂ എന്ന സി ഐ ഹരികൃഷ്ണന്റെ ഊഹവും ഇവിടെ നിർണായകമായി.
അടുത്ത നടപടി മൃതശരീരം തിരിച്ചറിയുക എന്നതായിരുന്നു. എന്നാൽ ആ സ്ത്രീയെ ആരും തിരിച്ചറിഞ്ഞില്ല. എങ്കിൽ പിന്നെ പൂച്ചയെ ആരെങ്കിലും തിരിച്ചറിയുമോ എന്നായി പോലീസിന്റെ ചിന്ത. അതിനായി പൂച്ചയുടെ ചിത്രങ്ങളുമായി പോലീസ് ഇറങ്ങി. പൂച്ചയുടെ ദിവസങ്ങൾ പഴക്കമുള്ള ശരീരത്തിന്റെ ചിത്രം കാണിച്ചു, അത് തിരിച്ചറിയുന്നതിനായി ശ്രമിക്കുന്ന പോലീസുകാർ പലരിലും ചിരി ഉണർത്തിയിരിക്കും. എങ്കിലും ഒരു വീട്ടുകാർ ആ പൂച്ചയെ തിരിച്ചറിയുക തന്നെ ചെയ്തു. അവരുടെ പൂച്ചയെ കാണാതെ പോയ ദിവസവും കൊലപാതകം നടന്നു എന്ന് സംശയിക്കുന്ന ദിവസവും ഏതാണ്ട് യോജിക്കുന്നുണ്ടായിരുന്നു. ആ വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ അവർക്കു കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് മനസ്സിലായി. പരിസരപ്രദേശങ്ങളിൽ അന്വേഷണം തുടർന്നു. അപ്പോഴാണ് അയൽവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജലാലുദ്ധീൻ എന്നയാൾ സ്ഥലം വിട്ടതായി പോലീസിന് മനസ്സിലായത്. ഫോൺ വഴി ബന്ധപ്പെട്ടു സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചെങ്കിലും പാത്രകച്ചവടവുമായി നടന്നിരുന്ന അയാൾ ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞു തെന്നിമാറി. ഇത് പോലീസിന്റെ സംശയത്തെ ബലപ്പെടുത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ, ഒരു ദിവസം അയാൾ തന്റെ താവളത്തിൽ എത്തി എന്ന് പോലീസിന് വിവരം ലഭിച്ചു. പിന്നെ അയാളുടെ അറസ്റ്റിനു താമസമുണ്ടായില്ല. വിശദമായ ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു.
പാത്രക്കച്ചവടവുമായി കറങ്ങി നടന്ന ജലാലുദീന്റെ പരിചയക്കാരിയായിരുന്നു ആ സ്ത്രീ. സൗഹൃദം ചൂഷണം ചെയ്ത അയാൾ ആ സ്ത്രീയുടെ പണവും ആഭരണങ്ങളും കൈക്കലാക്കി. അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടർന്നപ്പോൾ അയാൾ ആ സ്ത്രീയെ വകവരുത്താൻ തീരുമാനിച്ചു. സൗഹൃദം നടിച്ചു വീണ്ടും അടുത്ത് കൂടിയ ജലാലുദ്ധീൻ ആ സ്ത്രീയെ പത്തിയൂർ പാടത്തെത്തിച്ചു. പക്ഷെ ജലാലുദ്ധീൻ അയൽ വീട്ടിലെ പൂച്ചയും പിന്തുടരുന്നുണ്ടായിരുന്നു. പാടത്തിന്റെ കരയിൽ അയാൾ ഫ്യൂരിഡാൻ കലർത്തിയ ഭക്ഷണം ആ സ്ത്രീക്ക് കൊടുത്തു. ഭക്ഷണം വാങ്ങി കഴിച്ച അവർ ശർദ്ധിച്ചു കൊണ്ട് കുഴഞ്ഞു വീണു മരിച്ചു. ജലാലുദ്ധീൻ സ്ത്രീയുടെ വയർ കീറി മുറിച്ചു കല്ലും കെട്ടി അടുത്തുള്ള കുളത്തിൽ താഴ്‌ത്തി. ഇതിനിടയിൽ ബാക്കി വന്ന ഭക്ഷണവും ശർദ്ധിലും അകത്താക്കിയ പൂച്ചയും അവിടെ ചത്ത് വീണത് ആ കൊലപാതകി അറിഞ്ഞില്ല. അയാളുടെ വിധി അവിടെ നിർണയിക്കപ്പെട്ടു.
നാലു വർഷം നീണ്ട വിചാരണക്കൊടുവിൽ ജലാലുദ്ധീന് ജീവപര്യന്തം തടവ് ലഭിച്ചു. താൻ നടത്തിയ കൊലപാതകം വെളിയിലാവാൻ ഒരു പൂച്ച കാരണമാവുമെന്നു അയാൾ ഒരിക്കലും കരുതിയിരിക്കില്ല

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.