പ്രകാശത്തിന്റെ നഗരം എന്നറിയപ്പെടുന്ന പാരീസ് കെട്ടിപ്പൊക്കുവാൻ ഭൂമിക്കടിയിൽനിന്നും ചുണ്ണാമ്പുകല്ലുകൾ ഖനനം ചെയ്തെടുത്തപ്പോൾ ഉണ്ടായ തുരങ്കങ്ങൾ ഇന്നും നഗരത്തിനടിയിൽ ഉണ്ട്. കൃത്യമായി പറഞ്ഞാൽ ഖനനം നടന്ന സ്ഥലങ്ങളിലേക്ക് നഗരം വളർന്നുചെന്ന് തുരങ്കങ്ങൾ അതിനടിയിൽ ആവുകയായിരുന്നു എന്നും പറയാം.കുറച്ചൊന്നുമല്ല തുരങ്കങ്ങൾ അവിടെ. നൂറുകണക്കിനുകിലോമീറ്ററുകൾ, രക്തധമനികളെപ്പോലെ പിണഞ്ഞ് കിടക്കുകയാണ് അവ. തറനിരപ്പിനടിയിൽ അഞ്ചുനിലയോളം ഉയരത്തിൽ മെട്രോയേക്കാളും മലിനജലക്കുഴലുകളേക്കാളും ആഴത്തിലുള്ള തുരങ്കശൃംഖലയിൽ നൂറുകണക്കിനുവർഷങ്ങളായി മരണമടഞ്ഞ പാരീസുകാരുടെ അസ്ഥികൾ അടുക്കിവച്ചിരിക്കുന്നു.
പതിമൂന്നാം നൂറ്റാണ്ടുമുതൽ ഈ തുരങ്കങ്ങൾ നിലവിലുണ്ട്. നഗരനിർമ്മാണത്തിനായി ചുണ്ണാമ്പുകല്ലുകൾ വെട്ടിയെടുത്തപ്പോൾ ബാക്കിയായ സ്ഥലങ്ങളാണവ. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്കും പാരീസിലെ പല സെമിത്തേരികളും നിറഞ്ഞുകവിഞ്ഞുതുടങ്ങി. പാരീസിലെ ഏറ്റവും വലിയ സെമിത്തേരിയായ ലെസ് ഇന്നസന്റ്സിൽ നിന്നുമുള്ള നാറ്റം ലെസ് ഹാളെസിൽ സഹിക്കാവുന്നതിനപ്പുറമായി. പെർഫ്യൂമുകൾ വിൽക്കുന്ന കടകൾ ശവങ്ങളുടെ ചീഞ്ഞനാറ്റം കാരണം തങ്ങൾക്ക് ഇടപാടുകാർ ഇല്ലെന്നുപരാതിപറഞ്ഞു. 1763 -ൽ ലൂയി പതിനഞ്ചാമൻ തുടർന്നുള്ള ശവസംസ്കാരങ്ങൾ തടഞ്ഞെങ്കിലും സെമിത്തേരിക്ക് എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ പള്ളി വിസമ്മതിച്ചതിനാൽ കാര്യങ്ങൾ അതുപോലെതന്നെ തുടർന്നു. 1780 -ൽ സാധാരണയിലും വലിയ മഴയാണ് പാരീസിൽ പെയ്തത്, നനഞ്ഞ മണ്ണിൽ ചീഞ്ഞ ശരീരങ്ങളും അസ്ഥികൂടങ്ങളും ഇടിഞ്ഞുവീണു, പകർച്ചവ്യാധികൾ പാരീസിൽ പടർന്നുപിടിച്ചു. ഇതേസമയത്ത് മണ്ണിനടിയിലെ തുരങ്കളുടെ ഭിത്തികൾ പലതും ഇടിഞ്ഞുവീഴാനും തുടങ്ങി. രണ്ടുപ്രശ്നങ്ങളും ഉടൻതന്നെ പരിഹാരം കണ്ടുപിടിക്കേണ്ട കാര്യങ്ങളായി മാറി.
നാട്ടുകാർ സെമിത്തേരികളിൽച്ചെന്ന് അവിടെനിന്നും അസ്ഥികൂടങ്ങൾ വണ്ടിയിലാക്കി കൊണ്ടുവന്ന് നിലവറകളിലെ ഭിത്തികൾ ഇടിഞ്ഞുവീഴാതെ അവയ്ക്ക് പിന്തുണയ്ക്കായി അടുക്കിവച്ചു. ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ മൂടിയ വാഹനങ്ങളിൽ രാത്രിയിലാണ് ഈ പ്രവൃത്തികൾ ചെയ്തത്. ആത്മാക്കൾക്ക് നിത്യശാന്തിലഭിക്കാനായി ആ സമയത്ത് പുരോഹിതർ പ്രാർത്ഥനകൾ ഉരുവിട്ടു. പന്ത്രണ്ടുവർഷം നീണ്ടുനിന്ന ഈ പരിപാടി കഴിഞ്ഞപ്പോഴേക്കും മരണമടഞ്ഞ ഏതാണ്ട് 60 ലക്ഷം പാരീസുകാർ തുരങ്കങ്ങളിൽ എത്തി. ഫ്രഞ്ച് വിപ്ലവകാലത്ത് കൊല്ലപ്പെട്ടവരെ നേരേതന്നെ ഇവിടെ സംസ്കരിച്ചിട്ടുമുണ്ട്. ചിലകാലങ്ങളിൽ ഈ തുരങ്കങ്ങളിൽ കൂൺ കൃഷി ചെയ്തിരുന്നു, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളിൽ നിന്നും രക്ഷതേടി ഫ്രഞ്ചുകാരും ബങ്കറുകളായി നാസികളും ഇവ ഉപയോഗിച്ചിരുന്നു. 1955 വരെ ഗൈഡിന്റെ സഹായമില്ലാതെ ഇതിനകത്തുപ്രവേശനമില്ലായിരുന്നു.
1980 കളുടെ അവസാനം വരെ ഇവയ്ക്കുള്ളിലേക്ക് പലവഴികൾ ഉണ്ടായിരുന്നു. പലതും പിന്നീട് അടച്ചുകളഞ്ഞു. ഇന്ന് ഒരു മൈലോളം തുരങ്കങ്ങൾ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടുണ്ട്. ഒരു സമയം 200 ആൾക്കാർക്കാണു പ്രവേശനം. ഇനിയുമെത്ര തുരങ്കങ്ങൾ ബാക്കിയുണ്ടെന്ന് ആർക്കും അറിയില്ല. അത്രമാത്രമാണ് ഇതിനിടയിൽക്കൂടിയുള്ള തുരങ്കങ്ങളുടെ നിരകൾ. തറയിൽ നിന്നും 30 മീറ്റർ കീഴെ മുന്നൂറു കിലോമീറ്ററോളം അവ നീണ്ടുകിടക്കുന്നു. പാവങ്ങളിൽ ഈ തുരങ്കങ്ങളെപ്പറ്റിയുള്ള അറിവ് വിക്ടർ യൂഗോ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഇതിനടിയിൽ വലിയൊരു ലോകം പൊതുസമൂഹത്തിൽ നിന്നും അകന്ന് നിലനിൽക്കുന്നുണ്ട്. 2004 -ൽ പാരീസ് പോലീസ് അവിടെ നടത്തിയ തിരച്ചിലിൽ വലിയ സിനിമാശാല, ഫിലിമുകൾ, കസേരകൾ, ബാറുകൾ എന്നിവയെല്ലാം കണ്ടെത്തി. ഇത്തരത്തിലുള്ള നിരവധി സ്ഥലങ്ങൾ അടിത്തട്ടിലുണ്ടെന്നാണ് വിശ്വസിക്കുന്നത്.അന്ന് നാറ്റം കാരണം ബുദ്ധിമുട്ടിലായ ലെസ് ഹാളെസ് എന്ന സ്ഥലത്ത് ഇന്ന് നിലനിൽക്കുന്ന വമ്പൻ ഷോപ്പിങ്ങ് മാളിൽ നിത്യേന ഒന്നര ലക്ഷം ആൾക്കാരാണ് എത്തുന്നത്. Catacombs of Paris എന്നറിയപ്പെടുന്ന ഇവിടെ ചെല്ലുന്നവർക്ക് ചുറ്റും തലയോടുകളും എല്ലുകളുമാണ്. ആർക്കും അറിയില്ല, വല്ല പ്രഭുക്കന്മാരുടെയാണോ കവികളുടെയാണോ കലാകാരന്മാരുടെയാണോ പിച്ചക്കാരുടെയാണോ തങ്ങൾക്ക് കയ്യെത്തും ദൂരത്തുള്ള അസ്ഥികൂടങ്ങൾ എന്ന്, അവരെല്ലാം ഒരുമിച്ച് കെട്ടിപ്പിടിച്ച് വർഗ്ഗവർണ്ണജാതിമതലിംഗഭാഷാവ്യത്യാസങ്ങളില്ലാതെ കാഴ്ചക്കാരുടെ ചിന്തകൾക്ക് ഇന്ധനമായി ഇന്നും തുടരുന്നു.
**