ഡോ.ബിജുവിലൂടെ ഇന്ദ്രൻസ്സിന് ലഭിച്ച അന്താരാഷ്ട്ര അവാർഡ് ഇവിടുത്തെ പ്രധാന മാധ്യമങ്ങൾ വാർത്തയാക്കാത്തതെന്തേ ?

0
161

Cee Vee Rajesh

കഴിവുള്ളവരും കഴിവില്ലാത്തവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ് ഇവിടെ വ്യക്തമായി കാണാനാകുന്നത്! കഴിവുള്ളവർക്ക് അന്താരാഷ്ട്ര തലത്തിൽ ഉഴുതു മറിച്ച് വിജയ കിരീടം ചൂടാൻ കഴിയുമ്പോൾ ഇതിൻ്റെ ഏഴയലത്ത് എത്താൻ കഴിയാത്ത മഹാ സംവിധായകരും നടന്മാരുമൊക്കെ ഇവരുടെ വിജയം നോക്കി കാണാൻ വിധിക്കപ്പെട്ടവരാകുന്നു!എന്തുകൊണ്ട് ഡോ.ബിജുവിലൂടെ ഇന്ദ്രൻസ്സിന് ലഭിച്ച അന്താരാഷ്ട്ര അവാർഡ് ഇവിടുത്തെ പ്രധാന മാധ്യമങ്ങൾ വാർത്തയാക്കിയില്ല?

നിലവാരമില്ലാത്ത അക്കാദമി ദേശീയ അവാർഡുകളും ചാനൽ അവാർഡ് മാമാങ്കങ്ങളുമൊക്കെ നടത്തിയിട്ടും എന്തുകൊണ്ട് ഒരുത്തനും ഡോ.ബിജുവിനെ പോലെ ശോഭിക്കാൻ കഴിയാത്തത്? അന്താരാഷ്ട്ര തലത്തിൽ പത്തു വർഷമായി ഇരുപതിലധികം അവാർഡുകൾ നേടിയ വേറെ ഏത് സംവിധായകനാണ് ഇന്ത്യയിൽ ഉള്ളത്? അടൂരിനോ അരവിന്ദനോ എം ടിക്കോ ഒക്കെ വല്ലപ്പോഴും അപൂർവ്വമായി ലഭിക്കുന്നു എന്നല്ലാതെ ഇതുപോലെ ഓരോ സിനിമയും അന്തർദേശീയ തലത്തിൽ മികവു പുലർത്തിയ വേറെ സംവിധായകർ ഇവിടെ ഇല്ല എന്നു തന്നെ പറയാം!

ഇദ്ദേഹത്തിൻ്റെ നാലോളം സിനിമകൾ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത് എങ്കിലും എല്ലാം സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തന്നെയാണ്! മികച്ച കൈയ്യടക്കത്തോടെ തന്നെയാണ് സിനിമ എന്ന മാധ്യമം ഈ മഹാ സംവിധായകനു മുന്നിൽ എന്നും മികച്ചതായി നിലകൊള്ളുന്നത്! മത-വർഗ്ഗീയത അതും ഭരണാധിപന്മാരുടെ ഇടപെടലുകളുണ്ടായ സമാന സംഭവങ്ങൾ തന്നെയാണ് സൈറ എന്ന സിനിമയിൽ പകർത്തപ്പെട്ടത്! ഓസ്കാറിന് അയക്കപ്പെട്ടിരുന്നെങ്കിൽ ഇതൊക്കെ അവാർഡുമായി മാത്രം തിരിച്ചു വരുമായിരുന്നു! ലോക നിലവാരം പുലർത്തുന്ന സിനിമകൾ എന്ന നിലയിലേക്ക് ഇന്ത്യൻ സിനിമയ്ക്ക് സ്ഥാനമുണ്ടാക്കി തന്നിട്ടുള്ളത് ഡോ.ബിജു തന്നെയാണ്! ചില വിദേശ നിർമ്മാണ കമ്പനികൾ അവരുടെ സിനിമ ഇദ്ദേഹത്തെ കൊണ്ട് സംവിധാനം ചെയ്യിക്കാൻ തീരുമാനിച്ചതായി കണ്ടിരുന്നു!
ഷാങ്ഹായ് ചലച്ചിത്രോത്സവത്തിന് പുറമെ വീണ്ടും ഏഷ്യൻ ചലച്ചിത്രോത്സവത്തിലും വെയിൽ മരങ്ങളിലെ അഭിനയത്തിന് ഇന്ദ്രൻസ്സിന് അന്താരാഷ്ട്ര പുരസ്കാരം നേടുക എന്നത് ഒരിക്കലും നിസ്സാരമായി കരുതേണ്ടതല്ല!

ഇവിടെ കഴിവുള്ളവർക്ക് അവഗണനകൾ മാത്രമാണ്! നല്ല സിനിമകൾ കുറ്റിയറ്റു പോകുമ്പോഴും ചവറുകൾ പൂമാലയിട്ട് ഇപ്പോഴും ആഘോഷിക്കപ്പെടുകയാണ്! ഡോ.ബിജുവിൽ ഒരു പ്രതിഷേധിയുണ്ട്! മനസ്സിൽ സമൂഹത്തിനു വേണ്ടി പ്രതിഷേധമില്ലാത്തവർ; ചിന്തകൾ കൊണ്ടു പോലും പ്രതിഷേധിക്കുവാൻ കഴിയാത്തവർ ഏത് മേഖലയിലായാലും തനി ചവറു മാത്രമായിരിക്കും!

നല്ല കഥകൾ വിരളമാകാനുള്ള പ്രധാന കാരണം കഴിവുള്ളവർക്കു പകരം വൻകിട സാഹിത്യ മാധ്യമങ്ങൾ പോലും കഴിവില്ലാത്തവരെയാണ് ഇവിടെ വളർത്തി കൊണ്ടു വരുന്നത് എന്നതാണ്! സത്യാവസ്ഥകൾ പലതും നേരിട്ട് കാണാനും കഴിഞ്ഞു! അക്കാദമി അവാർഡുകളും ദേശീയ അവാർഡുകളുമൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടവ തന്നെയാണ്! ശക്തമായ പ്രതിഷേധത്തിൻ്റെ അഭാവം ഇവയെ നിലനിർത്തുന്നു എന്നു മാത്രം; അല്ലെങ്കിൽ ഇങ്ങനെ മികച്ചതായി കൊട്ടിഘോഷിക്കപ്പെടുന്നത് പലതും പുതിയ ബ്രോഡ്കാസ്റ്റിങ് നിയമ പ്രകാരം ചോദ്യം ചെയ്യ്ത് ഇല്ലാതാക്കണ്ടുന്ന സമയം കഴിഞ്ഞു!

മികച്ച സിനിമ എന്നു പറയുമ്പോൾ അത് ഒരു തരത്തിലും മികച്ചതായി പരിഗണിക്കാൻ കഴിയാത്ത പൈങ്കിളിയും കച്ചവട – മോഷണ സിനിമയുമൊക്കെയാണെന്ന ഒരു കാഴ്ച്ചപ്പാടാണ് ആദ്യം മാറ്റേണ്ടത്! ഈ ഗ്രൂപ്പിൽ പോലും പലരും ഇത്തരം സിനിമകൾക്കു വേണ്ടി നിലകൊള്ളുന്നതായി കാണുന്നു! പിന്നെ എങ്ങനെയാണ് ഇവരിൽ നിന്ന് മികച്ചത് ഉണ്ടാകുക?!

ഡയരക്ടർ ബ്രില്യൻസ് എന്ന വാക്ക് ഉപയോഗിക്കേണ്ടത് ഇത്തരം മികച്ച ലോക സംവിധായകരുമായി ഏറ്റുമുട്ടി വിജയം കൈവരിക്കാൻ കഴിവുള്ള ഡോ.ബിജുവിനെ പോലുളളവരെയാണ്! അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അതിൽ രാഷ്ട്രം കൂടി അഭിമാനം കൊള്ളുന്നുണ്ട്! ഇവിടെ കോടി ക്ലബിൽ മോഷണ സൃഷ്ടികളുമായി കോടികൾ ഉണ്ടാക്കിയാലും അതൊന്നും ലോക നിലവാരത്തിൽ പെടില്ല! അതിന് സർഗ്ഗാത്മകത എന്ന ജന്മപുണ്യം ലഭിക്കാനുള്ള ഒരു നിയോഗം ഉണ്ടാകണം! ഇത് ഒരിക്കലും പരിശീലനത്തിലൂടെ നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല! എത്ര നന്നായി പരിശീലിച്ചാലും മികച്ച ചിന്താശ്ശേഷിയില്ലാത്ത ഒരുവനിൽ നിന്ന് ഒരു മികച്ച സൃഷ്ടിയും ഉണ്ടാകില്ല!

അന്താരാഷ്ട്ര അവാർഡുകൾ നേടാൻ എന്തുകൊണ്ട് ഒരു ബിജു മാത്രമായി മാറി? ഇതിലും കൊമ്പത്തെ കൊട്ടിഘോഷിക്കപ്പെടുന്ന പലരും ഇവിടെയില്ലേ? ഒരുവൻ കാരണം രാഷ്ട്രം തന്നെ അഭിമാന പുളകിതമാകുന്നതും എന്തെങ്കിലും പടച്ചുവിട്ട് അല്ലെങ്കിൽ പൊട്ടത്തരങ്ങൾ തിരിച്ചറിയാൻ കഴിയാത്തതു മൂലം അവയെ മികച്ചതെന്ന് പറഞ്ഞ് ഇവിടെ വട്ടം കറങ്ങുന്നതും തന്നെയാണ് കഴിവുള്ളവനും അതില്ലാത്തവനും തമ്മിലുള്ള വ്യത്യാസം എന്ന് തിരിച്ചറിയുമ്പോൾ അവഗണിക്കപ്പെടുന്ന കഴിവുള്ളവരുടെ വില താനേ മനസ്സിലാക്കി കൊള്ളും!

ഇവിടെ അവഗണിക്കപ്പെടുമ്പോഴും ലോക സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടാൻ ഡോ. ബിജുവിന് കഴിഞ്ഞതിൽ അഭിമാനിക്കുന്നുI ഒരു സാധാരണ നടനെ അന്തർദേശീയ അവാർഡ് നേടി കൊടുക്കും വിധം ഉയർത്തി കൊണ്ടു വരാൻ കഴിഞ്ഞു എന്നതു തന്നെ വലിയ കാര്യമാണ്! അവഗണനകളുടെ കല്ലേറുകൾ അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകളായി കാലം മാറ്റുകയാണിവിടെ!!