Movie Reviews
അബോർഷൻ ചെയ്യാൻ ഭർത്താവിന്റെ അനുവാദം വേണ്ട, പക്ഷെ ഡോക്ടർമാർ സമ്മതിക്കണം
പിതൃ മേധാവിത്വ വ്യവസ്ഥയിൽ അധിഷ്ഠിതമായ ‘മാതൃ സങ്കല്പത്തിൽ’ നിലകൊള്ളുന്ന, കാല്പനികമായ അമ്മമാരെയാണ് മലയാള സിനിമ ആഘോഷിച്ചിട്ടുള്ളത്
266 total views

Chaithanya
സാറാസ്💜
പിതൃ മേധാവിത്വ വ്യവസ്ഥയിൽ അധിഷ്ഠിതമായ ‘മാതൃ സങ്കല്പത്തിൽ’ നിലകൊള്ളുന്ന, കാല്പനികമായ അമ്മമാരെയാണ് മലയാള സിനിമ ആഘോഷിച്ചിട്ടുള്ളത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മാതൃത്വത്തെ മഹത്വവൽക്കരിക്കുന്നതിൽ സിനിമ എന്ന മാധ്യമവും നല്ല പങ്കു വഹിച്ചിട്ടുണ്ട്.
അവിടെയാണ് എനിക്ക് ‘സാറാസ്’ ഇഷ്ടമായത്. അമ്മയാവുക എന്നത് പൂർണമായും ഒരാളുടെ ഒരു ചോയ്സാണെന്ന് പറയുന്ന, ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിൽ ഏജൻസി ഉണ്ടെന്ന് പറയുന്ന, ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഏറെ പ്രാധാന്യമുള്ളതായി തോന്നി. കാരണം അത്രമേൽ ബുദ്ധിമുട്ടാണ് കുട്ടികൾ വേണ്ടന്നൊരു തീരുമാനം എടുക്കാനും, അതിൽ ജീവിക്കാനും.
സാറയും സമൂഹത്തിലെ ഉയർന്ന ശ്രേണിയിൽ നിന്നുള്ള യുവതിയാണ്. അതുകൊണ്ടു തന്നെ, ഒരുപാട് പ്രിവിലേജുകൾ അവർക്കുണ്ട്. സിനിമയിൽ ഒരു പോയിന്റിന് ശേഷം വീട്ടുകാരും ബന്ധുക്കാരും സാറയുടെ തീരുമാനത്തിന്റെ കൂടെ നിൽക്കുന്നു (അത് ഗർഭം തൽക്കാലം വേണ്ട എന്ന തീരുമാനം ആണോ, അതോ കുട്ടികളേ വേണ്ട എന്ന തീരുമാനത്തിനൊപ്പമാണോ എന്ന് വ്യക്തമല്ല!) പക്ഷെ, സിനിമയിൽ അവതരിപ്പിച്ചത്ര എളുപ്പമല്ല, ഇത്തരമൊരു ചോയ്സ് എടുക്കുക. എങ്കിലും ഈ മാറ്റങ്ങളെങ്കിലും അനിവാര്യമാണ്.
വിവാഹത്തിന് ശേഷം കുട്ടികൾ വേണ്ട എന്നു തീരുമാനിച്ച സ്ത്രീകളെക്കുറിച്ച് അമൃത നന്ദിയുടെ ഒരു പ്രബന്ധമുണ്ട്. അതിൽ ഇത്തരമൊരു തീരുമാനമെടുത്ത സ്ത്രീകളെ ഗവേഷണ ആവശ്യത്തിനു വേണ്ടി കണ്ടുപിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നു പറയുന്നുണ്ട്. എട്ടു റെസ്പോണ്ടെന്റ്സിൽ ഭൂരിഭാഗവും ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ളവരാണ്. പല കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ വേണ്ട എന്നൊരു തീരുമാനത്തിലേക്ക് അവരെത്തുന്നത്. എന്നിട്ടു കൂടിയും അത്തരമൊരു തീരുമാനത്തിന്റെ പേരിൽ ഒട്ടേറെ ചോദ്യങ്ങൾ സമൂഹത്തിൽ നിന്നും അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. (അപ്പോൾ ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ ഒരു സ്ത്രീക്ക് ഇത്തരമൊരു ചോയ്സിന്റെ എടുക്കാനുള്ള ബുദ്ധിമുട്ട് ഊഹിക്കാമല്ലോ.)
അതേസമയം ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രം നോക്കൂ, 4 കുഞ്ഞുങ്ങളായിട്ടും, പ്രസവം നിർത്താൻ പോലും സ്വന്തമായി തീരുമാനമെടുക്കാൻ പറ്റാത്ത ഒരു സ്ത്രീ. അൺപ്രിവിലേജ്ഡ് ആയ അവരും എങ്ങനെ ഈ വ്യവസ്ഥയോട് കലഹിക്കുന്നുവെന്നും സിനിമ പറയുന്നുണ്ട്. (അത് കണ്ടപ്പോ ഥപ്പടിലെ സുനിതയെ ഓർമവന്നു.)
മുൻപും നിരവധി സിനിമകൾ ഗര്ഭഛിദ്രത്തെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്, അപ്പോഴെല്ലാം തന്നെയും അതിനെ ഒരു പാപമായി കരുതുകയോ, അല്ലെങ്കിൽ അതിൽ കുറ്റബോധം ഉണ്ടായി മാനസിക വിഭ്രാന്തിയിലെത്തിയ സ്ത്രീകളെയുമാണ് കണ്ടത് . എന്തിന് പറയുന്നു, അബോർഷൻ ചെയ്ത കുഞ്ഞ് പ്രേതമായി വന്ന് മറ്റേ കുഞ്ഞിനോട് പ്രതികാരം ചെയ്യാൻ നോക്കിയത് വരെ സിനിമയിൽ കാണിച്ചിട്ടുണ്ട്. ഇത്തരം നിരവധി ആന്റി-അബോർഷൻ നരേറ്റീവുകളുള്ള ഒരിടത്താണ് സ്വന്തം സ്വപ്നങ്ങൾക്ക് പ്രാധാന്യം നൽകുന്ന സാറാ വിൻസെന്റ് ഉണ്ടാവുന്നത്.
ലോകമെങ്ങും ലിബറൽ ആശയങ്ങൾ പിന്തുടരുന്ന കാലത്താണ് ഇന്ത്യയിലും ഗർഭഛിദ്രം 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് പ്രകാരം നിയമവിധേയമാക്കിയത്. (പ്രായോഗികമായ ഒട്ടനവധി നൂലാമാലകളും, പ്രായോഗികമായ ബുദ്ധിമുട്ടുകളും, ഒരു ഫെമിനിസ്റ്റ് പോയിൻറ് ഓഫ് വ്യൂവിൽ നിന്ന് വായിക്കുമ്പോഴുള്ള പ്രശ്നങ്ങളും ഈ നിയമത്തിനുണ്ട്.) അബോർഷനെന്നു കേട്ടാ വാളെടുക്കുന്ന, കണ്ണുപൊട്ടെ ചീത്ത പറയുന്ന, “മാതൃത്വ വികാരങ്ങളെ” ഉണർത്താൻ വേണ്ടി കൗൺസിലിംഗിന് പോകാൻ പറയുന്ന ഗൈനക്കോളജിസ്റ്റുകളുള്ള നാടാണിത്. അവിടെ, വളരെ റേഷണലായി അവരോട് accidental pregnancy യെക്കുറിച്ചും, അത് സ്ത്രീകളിൽ ഉണ്ടാക്കാവുന്ന മാനസിക ആഘാതത്തെക്കുറിച്ചും, പേരെന്റിങ് എന്നത് എല്ലാവർക്കും പറ്റുന്ന പണിയല്ല എന്നൊക്കെ പറയുന്ന ഡോക്ടർ പ്രതീക്ഷയാണ്. (ശെരിക്കും ഇങ്ങനെയുള്ളവർ ഇവിടുത്തെ ആശുപത്രികളിൽ ഉണ്ടോയെന്നറിയില്ല.)
പൂമുഖ വാതിൽക്കൽ പൂന്തിങ്കളാകുന്ന ഭാര്യമാരിൽ നിന്നും, ഇൻഡിപെൻഡന്റ് ആയ സ്ത്രീകളിലേക്കും, വീടിന്റെ അടുക്കള പോലും കാണാത്ത ഭർത്താക്കന്മാരിൽ നിന്ന് വീട്ടു ജോലികൾ പങ്കിട്ടു ചെയ്യുന്ന, പങ്കാളിയോടൊപ്പം ഒരുമിച്ചു തീരുമാനങ്ങളെടുക്കുന്ന ഭർത്താക്കന്മാരിലേക്കും സിനിമ സഞ്ചരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ❤️
-Chaithanya
പിൻ കുറിപ്പ്: 1. അബോർഷൻ ചെയ്യാൻ ഭർത്താവിന്റെ അനുവാദമൊന്നും ആവശ്യമില്ല, പക്ഷെ ഡോക്ടർമാർ സമ്മതിക്കണം. ഇങ്ങനെ അനുവാദം കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും നിയമ വിരുദ്ധമായ അബോർഷനുകൾ നടക്കുന്നത്.
- 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് 2020 ൽ ഭേദഗതി വരുത്തിയിട്ടുണ്ട്, അതുപ്രകാരം അവിവാഹിതരായ യുവതികൾക്കും ഗർഭഛിദ്രം നടത്താം, പക്ഷെ ഇവിടെയും മെഡിക്കൽ ബോര്ഡിന്റെ അനുമതിയില്ലാതെ പറ്റില്ല,
267 total views, 1 views today