രണ്ടു വ്യക്തികളോ , രണ്ടു പ്രസ്ഥാനങ്ങളോ തമ്മില്‍ സാധാരണ ജനങ്ങളെ ഒന്നു കാണിക്കാന്‍ വേണ്ടി (യഥാര്‍ത്ഥത്തില്‍ ഇവർ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല; ജനങ്ങളെ പറ്റിക്കാനോ, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും അവരുടെ ശ്രദ്ധ തിരിക്കാനോവേണ്ടി ചെയ്യുന്നത്) വഴക്കു കൂടുന്നതിനെയാണ് ചക്കളത്തിപ്പോരാട്ടം എന്നു പറയുന്നത്.

ഈ ശൈലിയുടെ ഉത്ഭവത്തെപ്പറ്റി രണ്ടഭിപ്രായങ്ങളുണ്ട്.അതിലൊന്ന് ഒരു നാടോടിക്കഥയുടെ പിൻബലത്തിലുള്ളതാണ്. ചക്ക്, ചക്കാലൻ , ചക്കാലത്തി ( ചക്കളത്തി ) എന്നിവയുമായി ബന്ധപ്പെട്ടത്. കൊപ്ര, എള്ള് തുടങ്ങിയവ ആട്ടി എണ്ണയുണ്ടാക്കാൻ കേരളത്തിലും മറ്റും പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന സംവിധാനമാണ് ചക്ക്.മരം കൊണ്ടു നിർമ്മിച്ച വലിയ ഒരു കുഴിയിൽ ഭാരമുള്ള കുഴ അമർത്തി തിരിച്ചാണ് എണ്ണ എടുക്കുന്നത്. കുഴ തിരിക്കാനായി കെട്ടിയ വലിയ തണ്ടിൽ കാളകളെ കെട്ടി ചുറ്റും നടത്തിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ചിലപ്പോൾ മനുഷ്യ പ്രയത്നത്താലും ചക്ക് പ്രവർത്തിപ്പിക്കാറുണ്ട്. യന്ത്രവൽക്കരണത്തോടെ ഈ രീതി ക്രമേണ അന്യം നിന്നു പോയി.ഈ ചക്കാട്ടുന്ന ചക്കാലന്റെ ഭാര്യയെ ചക്കാലത്തി അല്ലെങ്കിൽ ചക്കളത്തി എന്ന് പറയും.

ആരെങ്കിലും ചക്കിൽ എണ്ണയാട്ടാൻ വന്നാൽ ചക്കളത്തി അകത്തിരുന്നു് സ്വന്തം കുട്ടിയെ ഒന്നു നുള്ളും. കുട്ടി വേദനിച്ച് കരയുന്നതോടെ ചക്കളത്തിയും ഒപ്പം ബഹളം വെക്കും. അകത്തെ പോരു തീർപ്പാക്കാൻ “എന്താ അവിടെ ഒരു ബഹളം?” എന്നു ചോദിച്ച് ചക്കാലൻ അകത്തേക്കു പോവും. പക്ഷേ, പോവുമ്പോൾ കയ്യിൽ ഒരു സാധനം കൂടിയു ണ്ടാവും. ചക്കിലെ എണ്ണയാട്ടു കല്ലുതുടക്കുന്ന തോർത്തു മുണ്ടു്. അതാണെങ്കിൽ ആകെ എണ്ണയിൽ കുതിർന്നിരിക്കും.അകത്തു ചെന്നാൽ ചക്കാലൻ ആ തോർത്തു് ബലമായി പിഴിഞ്ഞ് എണ്ണ മുഴുവൻ ഒരു പാത്രത്തിലേക്കു പകരും.ഇതു് പല തവണ തുടരും. അങ്ങനെ ചക്കാട്ടിക്കഴിയുമ്പോഴേക്കും ഈ എണ്ണപ്പാത്രം ഒരു വിധം നിറഞ്ഞിരിക്കും. കസ്റ്റമർ ആകട്ടെ അയാളുടെ എണ്ണ ഇങ്ങനെ അടിച്ചു മാറ്റുന്നതൊന്നും അറിയുന്നുമില്ല.ശരിക്കും ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നമൊന്നുമില്ല. പുറമേനിന്നു കേൾക്കുന്നവർക്കു തോന്നുക അവർ തമ്മിൽ വലിയ വഴക്കാണ് എന്നാണു്.ചില രാഷ്ട്രീയപ്പാർട്ടികളിലും മറ്റും ഇന്നും കാണുന്ന ഈ പ്രതിഭാസമാണു് “ചക്കളത്തിപ്പോരാട്ടം”.

മറ്റൊരു വാദം .ഇതിന്റെ ഉത്ഭവം തമിഴിൽ നിന്നാണ് എന്നൊരു പ്രബല വാദവുമുണ്ട് . ദ്വിഭാര്യനായ ഒരാളുടെ രണ്ട് ഭാര്യമാർ തമ്മിലുണ്ടാകുന്ന വഴക്കിനെയാണ് തമിഴിൽ ചക്കളത്തി ശണ്ടൈ എന്നു പറയുന്നത്. കളത്രം – ഭാര്യ ( തമിഴിൽ കളത്തി ) . സഹ കളത്രം – പല ഭാര്യമാരിൽ ഒരുവൾ.( തമിഴിൽ സക്കളത്തി, ചക്കളത്തി ). ചക്കളത്തി പോര് – വീട്ടിനകത്തെ ഭാര്യമാർ തമ്മിലുള്ള നിസ്സാരമായ കുശുമ്പ് വഴക്കു. നാട്ടിൻ പുറങ്ങളിൽ രണ്ടു വേലിക്കപ്പുറവും ഇപ്പുറവും നിന്നു സ്ത്രീകൾ തമ്മിലുള്ള വഴക്കിനും ചക്കളത്തി പോര് എന്നു പറഞ്ഞിരുന്നു.

You May Also Like

ഇണചേരലിനൊടുവിൽ മരണം

ഒരു തവണ ബീജം പുറന്തള്ളുമ്പോൾ 18% ഊർജമാണ് നഷ്ടപ്പെടുന്നത്. അതിനാൽത്തന്നെ ചെറിയ പാമ്പുകൾക്ക്ഇണചേരലിനൊടുവിൽ അകാലചരമമാണു വിധി

കാണാതെ പോകുന്ന ബോൾ എടുത്തു കൊടുക്കുന്ന ജോലിക്ക് പറയുന്ന പേരേന്ത് ?

കാണാതെ പോകുന്ന ബോൾ എടുത്തു കൊടുക്കുന്ന ജോലിക്ക് പറയുന്ന പേരേന്ത് ? അറിവ് തേടുന്ന പാവം…

20 ആളുകളെ കൊല്ലാൻ ഒരു തുള്ളി വിഷം മതിയത്രെ

കോണ്‍ ഒച്ചുകൾ: 20 ആളുകളെ കൊല്ലാൻ ഒരു തുള്ളി വിഷം മതിയത്രെ. സിഗരറ്റ് ഒച്ചെന്നും വിളിക്കാറുണ്ട്…

ഭയപ്പെടുത്തുന്ന വീഡിയോ, കൂറ്റൻ രാജവെമ്പാലകളെ ഇങ്ങനെ കൈകാര്യം ചെയുന്ന വീഡിയോ കണ്ടിട്ടില്ല

സുമാത്രയിലെ റിയാവു പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ ജനക്കൂട്ടത്തിനു മുന്നിൽ വച്ച് ഒരാൾ മാരകമായ പടുകൂറ്റൻ ഇൻഡോനേഷ്യൻ…