ചക്രവർത്തിയുടെ ഹൗസിങ് ലോൺ

1154

”ആരെവിടെ ?”

ചക്രവർത്തി കാളിംഗ് ബെല്ലിന്റ്റെ സ്വിച്ചിൽ വിരലമർത്തി.

“അടിയൻ” സേവകൻ ഹാജറായി.

“നമ്മുടെ സുഹൃത്തും ഉപദേശകനുമായ ബീർബല്ലിനോട് വരാൻ പറയൂ”

ചക്രവർത്തി ആജ്ഞാപിച്ചു.

സേവകൻ:  “മഹാനുഭാവൻ, അങ്ങയുടെ മുഖ്യ ഉപദേശകൻ ബീർബല്ലിനോടൊ അതോ സ്ഥിരം ക്ഷണിതാവ് എന്ന പദവിയിൽ നിയമിച്ചിട്ടുളള ബീർബല്ലിനോടൊ…, ആരോടാണ് അടിയൻ ഉണർത്തിക്കേണ്ടത്”

ചക്രവർത്തി : “പമ്പരവിഡ്ഡീ !  നീ നമ്മുടെ മുഖ്യഉപദേശകനോട് വരാൻ പറയൂ…. കാലഹരണപെട്ടയാളുകളെ കുടിയിരുത്താൻ വേണ്ടിയല്ലേ നാം ക്ഷണിതാവ് പദവിയുണ്ടാക്കിയിരിക്കുന്നത്..? അല്ലാതെ അവരിൽ നിന്നും ഉപദേശം തേടാനൊന്നുമല്ല. നിനക്ക് മനസ്സിലായില്ലേ കൂശ്മാണ്ടാ..?”

സേവകൻ : “അടിയൻ ഇപ്പോൾതന്നെ മുഖ്യഉപദേഷ്ടാവിനെ വിവരം അറിയിച്ചുകൊള്ളാം “.

സേവകൻ നിഷ്ക്രമിക്കുന്നു. ചക്രവർത്തി ചിന്താധീനനായി  ഇരിക്കുന്നു.

“മഹാനായ ചക്രവർത്തി തിരുമനസ്സിനു അങ്ങയുടെ ഈ ദാസൻറ്റെ പ്രണാമം”  മുഖ്യഉപദേശകൻ ചക്രവർത്തിക്ക് മുൻപാകെ ഹാജരായി മൊഴിഞ്ഞു.

ചക്രവർത്തി:  “നമ്മുടെ പ്രിയ സുഹൃത്തേ, താങ്കള്ക്കും  കുടുംബാങ്ങങ്ങൾക്കും സൗഖ്യം തന്നെയല്ലേ ?”

ബീർബൽ:  “മഹാനായ അങ്ങയുടെ ഭരണത്തിന് കീഴിൽ ഈയുള്ളവനും കുടുംബവും പരമ സൗഖ്യത്തിൽ തന്നെയാണ് പ്രഭോ !”

ചക്രവർത്തി:  “പ്രജകളെല്ലാം സന്തുഷ്ടരാണോ നമ്മുടെ ഭരണത്തിന് കീഴിൽ ?”

ബീർബൽ: “അങ്ങയുടെ ഭരണത്തിൻകീഴിൽ മനുഷ്യർ മാത്രമല്ല സകല ജീവജാലങ്ങളും സന്തുഷ്ടരാണ്”

ചക്രവർത്തി :”താങ്കളുടെ വിവരണങ്ങളിൽ നാം സന്തുഷ്ടനായിരിക്കുന്നു. മാത്രമല്ല താങ്കളുടെ മധുരവാക്കുകൾ നമുക്ക് ഹർഷോന്മാദം നൽകുന്നു. താങ്കളുടെ ആഗ്രഹങ്ങൾ നമ്മോടു പറയുക…  എന്തായാലും നാം അത് പൂർത്തീകരിച്ചു തരുന്നതാണ്”

ബീർബൽ:  “ഈയുള്ളവന് അങ്ങ് ആവശ്യത്തിലേറെ തന്നെ തരുന്നുണ്ട് .അങ്ങയെ സേവിക്കാൻ അവസരം കിട്ടുന്നത് തന്നെയാണ് സന്തോഷദായകം. അവിടുന്ന് ഈയുള്ളവനോട് കല്പിച്ചാലും ” ഹാജരാകാൻ ആവശ്യപ്പെട്ടതിന്റ്റെ കാര്യം എന്തിനാണെന്ന് ചോദിക്കാതെ

ചോദിച്ചുകൊണ്ട് ബീർബൽ വിനയാന്വിതനായി.

ചക്രവർത്തി:  “നമ്മെ അതിശയിപ്പിച്ചുകൊണ്ടു ഒരു നാരീമണി ഇന്ന് നമ്മോടു ഫോണിൽ സംസാരിച്ചിരിക്കുന്നു”

ബീർബൽ അത്ഭുതം കലർന്ന ദേഷ്യത്തോടെ “അങ്ങയെ നേരിട്ട് ഫോണിൽ വിളിച്ചെന്നോ ?! ആരാണ് ആ ധിക്കാരിയായ സ്ത്രീ ?? അവരെ എന്ത് ചെയ്യണമെന്ന് ഈയുള്ളവനോട് കല്പിച്ചാലും !”

ചക്രവർത്തി : “ദേഷ്യപ്പെടാനൊന്നുമില്ല ബീർബൽ… അവരുടെ ജോലിയുടെ ഭാഗമായി കയ്യിൽ കിട്ടുന്ന നമ്പറുകളിലെല്ലാം വിളിച്ചപ്പോൾ എന്റ്റെ നേരിട്ടുള്ള ഫോണിലേക്കു വിളി വന്നെന്നുമാത്രം”.

ബീർബൽ: “ആ  സ്ത്രീയുടെ ഉദ്ദേശ്യം എന്തായിരുന്നു പ്രഭോ ?”

ചക്രവർത്തി: “അവർ ഏതോ ന്യൂ ജൻ ബാങ്കിൻറ്റെ ആളാണെന്നാണ് പറഞ്ഞത്… നമ്മുടെ ഹൗസിങ് ലോണിൻറ്റെ പലിശ നിരക്ക് ഇപ്പോഴുള്ളതിൽ നിന്നും കുറച്ചുതരാമെന്നും, വേണമെങ്കിൽ ഇനിയും കുറേകൂടി ലോൺ തരാമെന്നുമാണ് അവർ പറഞ്ഞത്”.

ബീർബൽ:  “അങ്ങയുടെ ലോണിൻറ്റെ ഇപ്പോഴത്തെ പലിശ നിരക്ക്

10 .25 ശതമാനമാണ്. ഇനി ബാക്കി അടക്കേണ്ട തുക പത്തുലക്ഷവുമാണ്. ഇത് എങ്ങിനെ ആക്കാമെന്നാണ് അവർ അങ്ങയോടു ഉണർത്തിച്ചത് ?”

ചക്രവർത്തി: “നമുക്ക് ഇനി പുതിയ ലോൺ ആവശ്യമില്ല എന്നറിയിച്ചപ്പോൾ പിന്നെ അവർ പലിശക്കാര്യത്തിലേക്കാണ് കടന്നത്. നിലവിലുള്ള 10 .25 % നിന്നും 9 .50 % ആയി കുറച്ചു തരാമെന്നാണ് പറയുന്നത്. അവർക്കു നഷ്ടം വരുത്തി നമ്മളോട് ഔദാര്യം കാണിക്കുന്നത് നമുക്കങ്ങോട്ടു മനസ്സിലാകുന്നില്ല. ”

ബീർബൽ : ” മഹാനായ തിരുമനസ്സേ…. പറഞ്ഞത്  ശരിയാകാനാണ് സാധ്യത.  ഇപ്പോൾ ഇവിടെ നിലവിലുള്ള എല്ലാ ഫോൺ നമ്പറുകളിലേക്കും ബാങ്ക്കാരുടെ വിളികൾ വന്നുകൊണ്ടിരിക്കുകയാണ്. അവർ ലോൺ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പലിശ കുറച്ചു തരാമെന്നും, വേണമെങ്കിൽ പുതിയ ലോൺ തരാമെന്നും. ബാങ്കുമായിട്ടു യാതൊരു ബന്ധവും പുലർത്താത്ത ഈയുള്ളവനും വന്നു ഇത്തരത്തിലുള്ള ഒരു വിളി. പൊതുവേ എന്ത് ലോൺ കിട്ടിയാലും അതെടുക്കുന്ന മലയാളികൾ പോലും ഇപ്പോൾ പുതിയ ലോൺ എടുക്കാൻ തയ്യാറാകുന്നില്ല എന്നാണ് അറിയുന്നത്. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ തിരിച്ചടവ് നടക്കുമോ എന്ന  ഭയത്താൽ. ”

ചക്രവർത്തി : ” എന്താണ് ബീർബൽ താങ്കൾ പറയുന്നത് ? ആളുകൾക്ക് ഭയമോ ? നമുക്കൊന്നും മനസ്സിലാകുന്നില്ലല്ലോ ? ”

ബീർബൽ :” തിരുമനസ്സ് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അറിയരുത്. ഇനി അഥവാ അറിഞ്ഞാൽ തന്നെ അറിഞ്ഞ ഭാവം നടിക്കരുത്. കാര്യങ്ങളെല്ലാം നമുക്ക് ഈ രീതിയിലേ മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കുകയുള്ളു. അതുകൊണ്ടു തിരുമനസ്സ് ഈയുള്ളവനോട് പൊറുക്കണം- കാര്യങ്ങൾ വിശദീകരിക്കാത്തതിന്. ”

ചക്രവർത്തി : ” നാം താങ്കളുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നു. നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും അറിയണമെന്നില്ല. എന്നാലും ബീർബൽ, പലിശ കുറച്ചു തരാമെന്നു  പറഞ്ഞു ബാങ്കുകാർ ഇങ്ങോട്ടു വിളിച്ച യുക്തി നമുക്കങ്ങോട്ടു  പിടി കിട്ടുന്നില്ലല്ലോ ?”

ബീര്ബൽ : ” ബാങ്കുകാർ പലിശ കുറക്കുന്നതിന് പകരമായി  അങ്ങ് എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു അവർ ഉണർത്തിയോ ?”

ചക്രവർത്തി :” ഇപ്പോൾ ബാങ്ക് ലോണിൻറ്റെ ബാക്കി നിൽക്കുന്ന സംഖ്യയായ പത്തു ലക്ഷം രൂപയുടെ അര ശതമാനം ആദ്യമേ അടക്കണം എന്ന് പറഞ്ഞു ”

ബീർബൽ :” ഇത് കാലാകാലത്തേക്കു കുറയുന്ന പലിശ നിരക്ക് ബാധകമാക്കാമെന്നോ മറ്റോ ഉണർത്തിയോ? ”

ചക്രവർത്തി :” ഒരു വർഷത്തേക്ക് ഈ നിരക്ക് ഉറപ്പാണെന്നും, പിന്നീട് അതാത് സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റങ്ങൾക്കു വിധേയമാണെന്നും ”

ബീർബൽ :” തിരുമനസ്സേ, അങ്ങയുടെ ബാക്കി നിൽക്കുന്ന തുകയുടെ അര ശതമാനമെന്നാൽ 5000 രൂപ ആദ്യമേ അടക്കണം. ബാങ്കുകാർ ഒരു വര്ഷം കൊണ്ട് ഘട്ടം ഘട്ടമായി കുറച്ചു തരുന്നത് 7500  രൂപ. കൂടാതെ സർവീസ് ചാർജ്, സർവീസ് ടാക്സ് , പിന്നെ ഇതിലൊന്നും പെടാത്ത കുറെ ചാർജുകളും. എല്ലാം കൂടി കൂട്ടി നോക്കിയാൽ ഉദ്ദേശം 1500  രൂപ . അത് കൂടി വാങ്ങിക്കും. ഇതെല്ലം കഴിച്ചാൽ അങ്ങേക്ക് 1000  രൂപ ഒരു വര്ഷം തവണകളായി ലാഭം കിട്ടും. അങ്ങയിൽ നിന്നും ആദ്യം വാങ്ങുന്ന അര ശതമാനമായ 5000 രൂപ വീണ്ടും അവർ ലോൺ കൊടുത്തു്, അതിൽ നിന്നും അവർക്കു വീണ്ടും വരുമാനം കിട്ടും. അതെല്ലാം കൂടി കൂട്ടി നോക്കുമ്പോൾ, ആ കുറവ് വരുന്ന ആയിരം രൂപയിൽ കൂടുതൽ അവർക്കു അതിൽ നിന്നും ലാഭം ലഭിക്കും . അവർക്കിത് വലിയ ലാഭ കച്ചവടം തന്നെയാണ് തിരുമനസ്സേ ”

ചക്രവർത്തി :” ഇങ്ങനെയുള്ള ആളെ പറ്റിക്കുന്ന ഏർപ്പാട് നമ്മുടെ അധികാരത്തിനു താഴേ നടക്കുന്നെന്നോ ? നമുക്ക് ഇതിനെതിരെ നടപടി എടുക്കന്നതിനെ കുറിച്ച്  ആലോചിച്ചാലോ??”

ബീർബൽ :” ഈയുള്ളവൻ നേരത്തെ തന്നെ തിരുമനസ്സിനോട് ഉണർത്തിച്ചതാണ്, കൂടുതൽ കാര്യങ്ങളൊന്നും അറിയുകയോ അന്വേഷിക്കുകയോ വേണ്ടെന്ന്. അതാണിപ്പോഴത്തെ അങ്ങയുടെ ഭരണ സ്ഥിതിക്ക് ഉത്തമം. ”

ചക്രവർത്തി :” താങ്കൾ ഭരണ സ്ഥിതിയെന്നാണോ ഭരണ സ്ഥിരത എന്നാണോ പറഞ്ഞത് ?”

ബീര്ബൽ :” മഹാനുഭാവാ, ഭരണ സ്ഥിരത എന്നത് അങ്ങയുടെ മനസ്സിൽ തോന്നുന്ന ഒരു ആഗ്രഹം മാത്രം. ദൈവം തമ്പുരാന് മാത്രമേ അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളു. ഞാൻ ഉദ്ദേശിച്ചത് ഭരണ സ്ഥിതി എന്നാണ്. ”

ചക്രവർത്തി :” താങ്കൾ പറയുന്നതെല്ലാം നാം അക്ഷരം പ്രതി സ്വീകരിക്കുന്നു.  പക്ഷെ നമുക്ക് മനസ്സിലാകാത്ത ഒരു കാര്യം – ഇനി ഒരു വര്ഷം കഴിയുമ്പോൾ എന്തെങ്കിലും കാരണവശാൽ ബാങ്കുകൾക്ക് പലിശ നിരക്ക് കുറയ്ക്കാൻ  കഴിയാതെ വന്നാൽ അവരെ രക്ഷിക്കാൻ ആരാണ് ഉണ്ടാവുക ?”

ബീർബൽ :” തിരുമനസ്സ്  അതോർത്തു വിഷമിക്കേണ്ട . അവരെ രക്ഷിക്കാനായി ‘കമ്പനി പട്ടാളം’ എത്തുമെന്നാണല്ലോ ചരിത്രം പറയുന്നത്.  ”

ചക്രവർത്തി  ചരിത്രത്തെ കുറിച്ച് ആലോചിക്കുന്നു. കമ്പനിയുടെ പേര് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നായിരിക്കും എന്ന് ഊഹിക്കുന്നു. അതോടെ മനസ്സിൽ കോപം ഉദിക്കുന്നു. തൻറ്റെ വംശ പരമ്പരയെ അധികാരത്തിൽ നിന്നും ഇറക്കാൻ ഇനിയും ഇവർ ശ്രമിക്കുമോ എന്ന വ്യാകുല ചിന്തയാൽ മുഖം മ്ലാനമാകുന്നു.

ചക്രവർത്തി :” വരാൻ പോകുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേര് നമുക്കൊന്ന് മാറ്റി മറ്റേതെങ്കിലും ഒരു ന്യൂ-ജെൻ കോർപ്പറേറ്റ് പേര് ഇട്ടാലോ ? ”

ബീർബൽ : ” തിരുമനസ്സിൻന്റെ അഭീഷ്ടം പോലെ. ”

വാൽ കഷ്ണം :-  ഇതിലെ പരാമർശ പേരുകളിൽ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങൾ ഉണ്ടാകുന്നപക്ഷം മറ്റാരും തന്നെ അവകാശ വാദം ഉന്നയിക്കാത്ത മറ്റു പേരുകൾ അവരവരുടെ ഇഷ്ടമനുസരിച്ചു ചേർത്ത് വായിക്കാവുന്നതാണ് എന്നും ഇതിനാൽ ഉത്തരാവാകുന്നു.