ബഹിരാകാശത്ത് പോയി ചിത്രീകരിച്ച ആദ്യ സിനിമ; ‘ദ ചലഞ്ച്’
AnU SreedHar
ബഹിരാകാശം കീഴടക്കാനുള്ള മത്സരത്തിലാണ് അമേരിക്കയും റഷ്യയും ചൈനയുമടങ്ങുന്ന ലോകരാജ്യങ്ങൾ. സമ്പത്തിന്റെ ഒരു ഭാഗം തന്നെ നിക്ഷേപിച്ച് ലോകകോടീശ്വരൻമാരും അവരുടെ മത്സരം ബഹിരാകാശത്തേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. സ്വപ്നമായിരുന്ന ബഹിരാകാശ ടൂറിസവും വ്യവസായവും യാഥാർഥ്യത്തോടടുക്കുമ്പോൾ ഇപ്പോഴിതാ സിനിമയും ബഹിരാകാശം തൊട്ടിരിക്കുകയാണ്. ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് റഷ്യ.
2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും ചേർന്നാണ് ഭീമൻ തുക മുടക്കിയുള്ള ബഹിരാകാശ രംഗം ചിത്രീകരിച്ചത്. ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥിലായ കോസ്‌മോനട്ടിനെ ചികിത്സിക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതായിരുന്നു രംഗം. സി.ജി.ഐയോ മറ്റ് സങ്കേതങ്ങളോ ഉപയോഗിക്കുന്നതിന് പകരം രംഗങ്ങൾ സ്പേസ് സ്റ്റേഷനിൽ പോയി യഥാർഥമായി ചിത്രീകരിക്കുകയായിരുന്നു.