കോവിഡ് വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള വെല്ലുവിളികൾ

45

Lal Kishor

ഒരു കുഞ്ഞു ജനിക്കുമ്പോൾ തുടങ്ങി, ആ കുഞ്ഞിന്റെ വളർച്ചയുടെ പല ഘട്ടങ്ങളിലായി ചില വാക്സിനുകൾ നമ്മൾ എടുക്കാറുണ്ട്.രോഗപ്രതിരോധ ശേഷിക്ക് വേണ്ടിയാണ് ഈ വാക്‌സിനുകൾ എടുക്കുന്നതെന്ന് നമുക്കറിയാം, ഏത് രോഗത്തിനെ തടയുവാൻ വേണ്ടിയാണ് നിങ്ങൾ ഈ വാക്‌സിൻ എടുക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ പലർക്കും ഉത്തരം ഉണ്ടാകാറില്ല.നമ്മുടെ ശരീരത്തെ മാരകമായി ബാധിക്കുന്നതും, ചരിത്രത്തിൽ നിരവധി ആളുകളുടെ ജീവൻ എടുത്തിട്ടുള്ളതുമായ ഒരുപാട് വൈറസുകളുണ്ട്. അതിനെതിരേയുള്ള പ്രതിരോധമാണ് ഈ വാക്‌സിനേഷൻസ് എന്ന തിരിച്ചറിവ് കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നെങ്കിൽ.വൈറസ് എന്ന് കേൾക്കുമ്പോൾ അതിനെ ഇത്രയും നിസ്സാരമായി ആളുകൾ കാണില്ലായിരുന്നു.സ്കൂളുകളിൽ കുത്തിവെപ്പ് നടത്തുമ്പോൾ കുത്തിവെയ്ക്കുന്ന സൂചിയെ കുറിച്ചുള്ള പേടിയല്ലാതെ, വൈറസിനെ കുറിച്ചുള്ള പേടി നമുക്ക് ഉണ്ടായിരുന്നില്ല.ഈ കോവിഡ് കാലഘട്ടത്തിൽ എല്ലാവരും ഒരുപോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കൊറോണ വൈറസിന് എതിരേയുള്ള പ്രതിരോധ വാക്‌സിൻ. ഏത് വൈറസാണ് രോഗകാരണമെന്ന് തിരിച്ചറിഞ്ഞതിന് ശേഷവും എന്തുകൊണ്ടാണ് വാക്‌സിൻ കണ്ടുപിടിക്കുന്നതിന് ഇത്രയും കാലതാമസമെടുക്കുന്നതെന്നുള്ള ചോദ്യം എല്ലാവരിലുമുണ്ട്.

വാക്‌സിനുകളുടെ പ്രാധാന്യത്തെ കുറിച്ചും,രോഗപ്രതിരോധ ശേഷിയെ കുറിച്ചും,ഒരു പുതിയ പകർച്ചവ്യാധി ലോകത്തിന് ഭീഷണിയാകുമ്പോൾ വാക്‌സിൻ കണ്ടുപിടിക്കുന്നതിനുള്ള വെല്ലുവിളികൾ എന്താണെന്നും നമുക്ക് നോക്കാം.ഇമ്മ്യൂണൈസേഷൻ വഴി ഇരുപത്തഞ്ചോളം രോഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം ഇന്ന് നമുക്ക് ലഭ്യമാണ്. മീസൽസ്, വില്ലൻ ചുമ,ഡിഫ്തീരിയ, പോളിയോ,ടെറ്റനസ് എന്നിവ അവയിൽ ചിലത് മാത്രം. പ്രതിരോധ മുറകൾ പാലിക്കപ്പെടുന്നത് കൊണ്ട്,ലോകത്ത് പ്രതിവർഷം 20 മുതൽ 30 ലക്ഷം വരെ ജീവനുകൾ രക്ഷിക്കാനാകുന്നുണ്ടെന്ന് കണക്കുകൾ രേഖപ്പെടുത്തുന്നു. എന്നാൽ രണ്ട് കോടിയ്ക്കുമേൽ ശിശുക്കൾക്ക് ഇന്നും പ്രതിരോധമുറകൾ ലഭിക്കാതെ വരുന്നുമുണ്ട്,പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ. വാക്‌സിനേഷനെക്കുറിച്ചും അവമൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുമായി എല്ലാ വർഷവും ജൂൺ അവസാന വാരം ആഗോളതലത്തിൽ ‘ ഇമ്മ്യൂണൈസേഷൻ വീക്ക് ‘ ആയി ആചരിക്കാറുണ്ട്. എന്തുകൊണ്ടാണ് എല്ലാവരും എല്ലായ്പ്പോഴും
സംരക്ഷിക്കപ്പെടാത്തത് ? വൈറസുകൾ ജീവകോശങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവയുടെ നിലനിൽപ്പിനായി പുതിയ കോപ്പികൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നു.ഇത് മനസ്സിലാക്കുന്ന ശരീരം, വൈറസ് ബാധയ്ക്കെതിരെ ഉടനടി പ്രതിരോധിക്കാറുണ്ട്. ചില സമയങ്ങളിൽ പൂർണ്ണമായും വൈറസിനെ നശിപ്പിച്ചെന്നും വരാം. ഇതിനായി നമ്മെ സഹായിക്കുന്നത് നമ്മുടെ സ്വാഭാവിക പ്രതിരോധശേഷിയോ അല്ലെങ്കിൽ മുൻപ് എടുത്തിട്ടുള്ള വാക്‌സിനുകളോ ആണ്.

“ഞാൻ വാക്‌സിനൊന്നും എടുത്തിട്ടില്ല, വാക്‌സിൻ എടുത്തില്ലെന്ന് കരുതി എനിക്ക് യാതൊരു ശാരീരിക പ്രശ്നങ്ങളുമില്ല.” നമ്മുടെ സ്നേഹിതരിൽ പലരും ഇങ്ങനെ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടായിരിക്കും. ചിലരുടെ ശരീരത്തിൽ ഫ്ലൂവിന് എതിരായി പ്രവർത്തിക്കുന്ന നല്ല ആന്റിബോഡികൾ‌ ഉൽ‌പാദിപ്പിക്കപ്പെടുന്നു. ഇതിലൂടെ വൈറസ് മൂലമുണ്ടാകാൻ സാധ്യതയുള്ള സമ്മർദ്ദങ്ങളെ തരണം ചെയ്തുകൊണ്ട്, വിശാലമായ സംരക്ഷണം അവർ ആസ്വദിക്കുന്നു.രോഗപ്രതിരോധവ്യവസ്ഥയും അതിന്റെ പ്രവർത്തനങ്ങളും എങ്ങനെയാണ് നടക്കുന്നതെന്ന് നമുക്ക് നോക്കാം.കോശങ്ങളുടെയും പ്രോട്ടീനുകളുടെയും സങ്കീർണ്ണമായ ഒരു ശൃംഖലയാണ് രോഗപ്രതിരോധ സംവിധാനം. രോഗാണുക്കളെ ആക്രമിക്കുകയും, ആരോഗ്യത്തോടെയിരിക്കുവാനും ഇത് നമ്മെ സഹായിക്കുന്നു. ശരീരത്തെ സംരക്ഷിക്കാൻ പല കോശങ്ങളും അവയവങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയിൽ പ്രധാനപ്പെട്ട ഒന്നാണ് വെളുത്ത രക്താണുക്കൾ( White blood cells).നമ്മുടെ ശരീരം ദശലക്ഷക്കണക്കിന് വെളുത്ത രക്താണുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇവയെ ല്യൂക്കോസൈറ്റുകൾ എന്നും വിളിക്കുന്നു. ല്യൂക്കോസൈറ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലെ രക്തത്തിലൂടെയും ലിംഫറ്റിക് സിസ്റ്റത്തിലൂടെയും ശരീരത്തിലെ ടിഷ്യൂകളെയും, അവയവങ്ങളെയുംനിരന്തരം പരിശോധന നടത്തികൊണ്ടിരിക്കുന്നു.

ബാക്ടീരിയ, വൈറസ്, പാരസൈറ്റ്, ഫംഗസ് എന്നിവ പോലെയുള്ള ആക്രമണകാരികളായ സൂക്ഷമാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയ ഉടൻ തന്നെ ഇവ രോഗപ്രതിരോധ പ്രവർത്തനം ആരംഭിച്ചു തുടങ്ങുന്നു.രോഗപ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കാൻ കഴിവുള്ള തന്മാത്രകളെയാണ് ആന്റിജനുകൾ എന്ന് വിളിക്കുന്നത്. ഇവ പരിസ്ഥിതിയിൽ നിന്നുള്ള രാസവസ്തുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ അങ്ങനെ എന്തുമാകാം. രോഗപ്രതിരോധവ്യവസ്ഥയെ രണ്ടായി തിരിക്കാം.ഇന്നേറ്റ് ഇമ്യൂണിറ്റിയെന്നും,ആഡാപ്റ്റീവ് ഇമ്മ്യൂണിറ്റിയെന്നും. ശരീരത്തിൽ ഒരു ആന്റിജൻ പ്രത്യക്ഷപ്പെട്ട് ഉടൻ അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ അതിനെ പ്രവർത്തനരഹിതമാക്കുന്ന ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനമാണ് ഇന്നേറ്റ് ഇമ്മ്യൂണിറ്റി.ഇത് ജന്മനാ നമുക്ക് കിട്ടുന്ന ഒന്നാണ്. ചർമ്മം, രക്തത്തിലെ രാസവസ്തുക്കൾ, രോഗപ്രതിരോധ കോശങ്ങൾ എന്നിവ ഇന്നേറ്റ് ഇമ്മ്യൂണിറ്റി പ്രധാനം ചെയ്യുന്നു.ജീവിതത്തിൽ ഉടനീളം നിലനിൽക്കുന്ന പ്രതിരോധ ശേഷിയാണ് അഡാപ്റ്റീവ് രോഗപ്രതിരോധ വ്യവസ്ഥ. രോഗങ്ങൾക്ക് വിധേയരാകുമ്പോഴോ അല്ലെങ്കിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമ്പോഴോ ആണ് അഡാപ്റ്റീവ് പ്രതിരോധശേഷി ശരീരം വികസിപ്പിച്ചെടുക്കുന്നത്. ഇതിന് സഹായിക്കുന്നത് ആന്റിബോഡികളും ലിംഫോസൈറ്റുകളുമാണ്.
വെളുത്ത രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ലിംഫോസൈറ്റുകളാണ് ബി, ടി എന്നീ സെല്ലുകൾ.മെമ്മറി സെല്ലുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. രോഗപ്രതിരോധവ്യവസ്ഥയിലൂടെ ശരീരം ഇതുവരെ പരാജയപ്പെടുത്തിയ ഓരോ സൂക്ഷ്മാണുക്കളുടെയും രേഖകൾ
ഇവർ സൂക്ഷിച്ചു വെയ്ക്കുന്നു. സൂക്ഷ്മാണു ശരീരത്തിലേക്ക് പ്രവേശിച്ചാൽ അവയെ വേഗത്തിൽ തിരിച്ചറിയുവാനും നശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.

അസ്ഥിമജ്ജയിൽ ( Bone marrow ) നിന്ന് ഉരുത്തിരിഞ്ഞ ബി സെല്ലുകൾ ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളായി മാറുന്നു. ആന്റിജനുകൾക്കെതിരെ പ്രതികരണമായി, ബി ലിംഫോസൈറ്റ് സെല്ലുകൾ ഉൽ‌പാദിപ്പിക്കുന്ന Y- ആകൃതിയിലുള്ള പ്രോട്ടീനുകളാണ് ആന്റിബോഡികൾ. ഇവ ആന്റിജനുകൾ അടങ്ങിയിരിക്കുന്ന വസ്തുക്കളെ തിരിച്ചറിയുകയും നശിപ്പിക്കുകയും, അല്ലെങ്കിൽ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.ഒരു പ്രേത്യേക ആന്റിജന് എതിരായി ഉൽപ്പാദിപ്പിക്കപ്പെട്ട ആന്റിബോഡി ശരീരത്തിൽ നിലനിൽക്കുന്നു, അത് പിന്നീട് ആ അസുഖം ശരീരത്തെ ബാധിക്കാതെ സംരക്ഷിക്കുന്നു. ഉദാഹരണമായി ചിക്കൻപോക്സ് പോലുള്ള രോഗം ഒരിക്കൽ ബാധിച്ചാൽ അതിനെതിരായി ആന്റിബോഡി ഉൽപ്പാദിപ്പിക്കപ്പെടും. ആ ആന്റിബോഡി ശരീരത്തിൽ നിലനിൽക്കുന്നതിനാൽ വീണ്ടും അയാൾക്ക് ആ അസുഖം വരുന്നില്ല.സാധാരണയായി ആളുകളിൽ കണ്ടുവരുന്ന പനി, ജലദോഷം എന്നിവയ്ക്ക് കാരണം ചില ഫ്ലൂ വൈറസുകളാണ്. സ്ഥിരമായി കണ്ടു വരുന്ന ഫ്ലൂ വൈറസുകൾക്കെതിരെ ശരീരം പ്രതിരോധ ശേഷി ഈ രീതിയിൽ നേടിയെടുക്കാറുണ്ട്. എന്നാൽ പുതുതായി വരുന്ന ഒരു വൈറസിനെതിരെ പലപ്പോളും ഇത് സാധ്യമാകാറില്ല.
രോഗപ്രതിരോധ കുത്തിവയ്പ്പുകൾ രോഗങ്ങളെ തടയുന്നതിനായി പ്രവർത്തിക്കുന്നതും ഇങ്ങനെയാണ്. ഒരാളെ രോഗിയാക്കാത്ത വിധത്തിൽ ഒരു ആന്റിജനെ വാക്‌സിനിലൂടെ ശരീരത്തിന് പരിചയപ്പെടുത്തുന്നു.

ഏതെങ്കിലും ഒരു രോഗത്തിനായി നമ്മൾ എടുക്കുന്ന വാക്‌സിനുകളിൽ അടങ്ങിയിരിക്കുന്നത്, ആ രോഗത്തിന് കാരണമായ ബാക്ടീരിയ അല്ലെങ്കിൽ വൈറസിന്റെ നിരുപദ്രവകരമായ രൂപമാണ്. ബാക്ടീരിയ അല്ലെങ്കിൽ വൈറസുകളെ വാക്സിനായി ഉപയോഗിക്കുന്നതിന് മുമ്പ് അവയെ കൊല്ലുകയോ വളരെയധികം ദുർബലപ്പെടുത്തുകയോ, ചെറിയ ഭാഗങ്ങളായി വിഭജിക്കുകയോ ചെയ്യുന്നു. അതുവഴി ആ രോഗാണു നമ്മെ രോഗികളാക്കാതെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെ ഉണർത്തുന്നു. ഈ പ്രവർത്തനത്തിലൂടെ ആന്റിജന് എതിരായി ശരീരം ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നു. ഈ ആന്റിബോഡികൾ ഭാവിയിൽ അണുക്കളുടെ ആക്രമണത്തിൽ നിന്നും ആ വ്യക്തിയെ സംരക്ഷിക്കുന്നു.ആന്റിബോഡികൾക്ക് ഒരു ആന്റിജനെ തിരിച്ചറിയാനും, അതിലേക്ക് ലോക്ക് ചെയ്യാനും കഴിയുമെങ്കിലും, അവയെ നശിപ്പിക്കുന്നത് ടി സെല്ലുകളുടെ സഹായത്തോടെയാണ്. അതുകൊണ്ടാണ് ചില ടി സെല്ലുകളെ “കില്ലർ സെല്ലുകൾ” എന്ന് വിളിക്കുന്നത്.രോഗപ്രതിരോധ ശേഷിയാണ് വൈറസിനെ പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം.
ചില വൈറസുകൾ‌ ഒരു ജനസംഖ്യയിലൂടെ പടരുമ്പോൾ‌, രോഗബാധിതരിൽ ചിലർ മരിക്കുന്നു. മറ്റുള്ളവർ അതിജീവിക്കുന്നു, അതിജീവിക്കുന്നവരുടെ രോഗപ്രതിരോധ ശേഷി വൈറസിനെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാൻ പഠിക്കുന്നു. മതിയായ ആളുകളിൽ ഇങ്ങനെ സംഭവിക്കുമ്പോൾ, വൈറസ് പടരാനുള്ള സാധ്യതകൾ കുറയുന്നു.ഇതിനെയാണ് ‘ ഹെർഡ് ഇമ്മ്യൂണിറ്റി ‘ എന്ന് വിളിക്കുന്നത്.

കോവിഡ് 19ന്റെ കാര്യത്തിൽ ഹെർഡ് ഇമ്മ്യൂണിറ്റിക്കായി കാത്തിരുന്നാൽ ഒരുപാട് പേരുടെ ജീവൻ നഷ്ട്ടപ്പെടുന്നതിന് അത് കാരണമാകും. വാക്‌സിൻ കണ്ടെത്തുക എന്നുള്ളതാണ് ഇതിനുള്ള രക്ഷാമർഗ്ഗം. ആവശ്യത്തിന് ആളുകൾക്ക് വാക്സിനേഷൻ ലഭിക്കുകയാണെങ്കിൽ, അതാണ് രോഗപ്രതിരോധ ശേഷി നേടിയെടുക്കാനുള്ള സുരക്ഷിതമായ മാർഗം. വാക്സിനുകൾ വികസിപ്പിച്ചെടുക്കുക എന്നുള്ളത് വലിയ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ് . നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ ചിലപ്പോൾ ഒരു വർഷം മുതൽ ഒന്നര വർഷം വരെ എടുത്തേക്കാം. ഇതിന് വേണ്ടി കാലതാമസമുണ്ടാകുമ്പോൾ വൈറസ് വ്യാപനം നിയന്ത്രണാതീതമാകുന്നു.നമ്മുടെ രോഗപ്രതിരോധ സംവിധാനം ബാക്ടീരിയകൾക്കോ ​​വൈറസിനോ എതിരായുള്ള പോരാട്ടത്തിൽ എല്ലായിപ്പോഴും വിജയിക്കണമെന്നില്ല. പ്രതിരോധം സാധ്യമാകാതെ വരുമ്പോൾ ഇവ നമ്മളെ രോഗികളാക്കുന്നു.ചില സന്ദർഭങ്ങളിൽ മരണം വരെ സംഭവിക്കുന്നു.ശരീരം ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു ബാക്ടീരിയ അല്ലെങ്കിൽ വൈറസിനെതിരെ പ്രതിരോധശേഷി നേടുന്നതിനുള്ള ഏറ്റവും സുരക്ഷിതവും സാധാരണവുമായ മാർഗ്ഗമാണ് വാക്സിനേഷൻ.

നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ എത്രത്തോളം സങ്കീർണ്ണമാണെന്ന് ഇതിലൂടെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകുമല്ലോ, അതുപോലെ തന്നെ സങ്കീർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമാണ് വാക്‌സിനുകൾ കണ്ടെത്തുക എന്നുള്ളതും.വാക്‌സിനുകൾ കണ്ടെത്താൻ എന്തുകൊണ്ടാണ് കൂടുതൽ സമയം വേണ്ടിവരുന്നതെന്ന് നോക്കാം.ഒരു പുതിയ പകർച്ചവ്യാധിയുടെ ഉത്ഭവം ജനങ്ങളുടെ ശരീരത്തെയും, മനസ്സിനെയും, ആരോഗ്യസംരക്ഷണ സംവിധാനങ്ങളെയും ഒരുപോലെ ദുർബലമാക്കുന്നു. ഇത്‌ തടയുന്നതിനായി എത്രയും വേഗത്തിൽ പ്രതിരോധ വാക്‌സിൻ കണ്ടുപിടിക്കുക എന്നുള്ളതാണ് ഏക മാർഗ്ഗം. വാക്സിനുകൾ വികസിപ്പിക്കാൻ വളരെയധികം സമയമെടുക്കുന്ന ഒന്നാണ്. വലിയ തോതിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെയും സുരക്ഷാ
മാനദണ്ഡങ്ങളിലൂടെയും കടന്ന് പോകേണ്ടതുണ്ട്. പ്രാരംഭഘട്ട പ്രവർത്തനങ്ങളുമായി നൂറിലധികം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ മുൻനിരയിൽ തന്നെയുണ്ട്.വൈദ്യചരിത്രത്തിൽ ഇതിന് മുൻപ്
ഏറ്റവും വേഗത്തിൽ വികസിപ്പിച്ചെടുത്ത വാക്‌സിൻ, Mumps ന് വേണ്ടിയുള്ള വാക്‌സിനാണ്. നാല് വർഷം കൊണ്ടാണ് ഇത് സാധ്യമാക്കിയത്. എന്നാൽ കോവിഡ് -19 വാക്‌സിൻ പന്ത്രണ്ട് മുതൽ പതിനെട്ട് മാസത്തിനുള്ളിൽ ഗവേഷണ ലാബിൽ നിന്ന് ആരോഗ്യ സംരക്ഷണകരുടെ കൈകളിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.ഒരു വാക്‌സിൻ കണ്ടെത്തി, അത് നമ്മളിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളെ പൊതുവേ മൂന്ന് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു.റിസേർച്ച്, ക്ലിനിക്കൽ ട്രയൽസ്, Manufacturing & distribution.

പുതിയൊരു വാക്സിൻ ഡിസൈൻ കണ്ടെത്തുന്നതിന്, സുരക്ഷിതമായ വ്യത്യസ്ത സമീപനങ്ങൾ ശാസ്ത്രജ്ഞർ സ്വീകരിക്കുന്നു. തുടർച്ചയായ നിരീക്ഷണങ്ങൾക്കായി ആദ്യം മൃഗങ്ങളിൽ വാക്സിൻ പരീക്ഷിക്കപ്പെടുന്നു. ഒരു പ്രത്യേക വാക്സിൻ, മൃഗ പരിശോധന ഘട്ടത്തെ മറികടന്നാൽ മാത്രമേ മനുഷ്യരിലേക്കുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്ക് പോകാൻ സാധിക്കുകയുള്ളൂ.
ഒരു വാക്സിൻ ഫലപ്രദമാണോയെന്ന് അറിയുന്നതിന്റെ പ്രധാന ഘട്ടങ്ങളിൽ ഒന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങൾ. ഈ ഘട്ടത്തിലാണ് വാക്സിനുകൾ വ്യത്യസ്തരായ ആളുകളിൽ പരീക്ഷണം നടത്തുന്നത്. ഇതിലൂടെ വാക്‌സിന്റെ ഫലപ്രാപ്തി, പാർശ്വഫലങ്ങൾ, സുരക്ഷ എന്നിവ മനസ്സിലാക്കാൻ കഴിയുന്നു.വാക്സിൻ ഏതെങ്കിലും ഒരു വ്യക്തിയിൽ ഫലപ്രദമല്ലെന്ന് തോന്നുകയോ ദോഷകരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ പരീക്ഷണം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ല.മനുഷ്യരിലെ പരീക്ഷണങ്ങൾ മൂന്ന് ഘട്ടങ്ങളായാണ് നടത്തുന്നത്.പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണം ഓരോ ഘട്ടത്തിലും ക്രമേണ വർദ്ധിപ്പിക്കുന്നു.

ഒന്നാം ഘട്ടത്തിൽ, ആരോഗ്യമുള്ള18 നും 55 വയസ്സിനുമിടയിൽ പ്രായമുള്ള, 20 മുതൽ 40 പേർ അടങ്ങുന്ന ചെറിയ ഗ്രൂപ്പുകളിൽ വാക്സിൻ പരിശോധിക്കുന്നു. വാക്സിൻ പരിശോധനയുടെ രണ്ടാം ഘട്ടത്തിൽ, നൂറിൽ കൂടുതൽ ആളുകളിലേക്ക് പരീക്ഷണം നടത്തുന്നു. കുട്ടികളെയും, ആരോഗ്യമുള്ള മുതിർന്നവരെയും ഗ്രൂപ്പുകളായി വിഭജിക്കപ്പെടുന്നു.വാക്സിൻ ട്രയലിന്റെ മൂന്നാം ഘട്ടം ഏറ്റവും നിർണായകമാണ്. ഈ ഘട്ടത്തിൽ ആയിരത്തിലധികം ആളുകൾ പങ്കാളികളാകുന്നു.ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ പ്രയാസമാണ്, കാരണം ആന്റിബോഡികൾ ശരീരത്തിൽ വികസിക്കാൻ സമയമെടുക്കുന്നു.ഒരു വാക്സിൻ മനുഷ്യ പരീക്ഷണങ്ങളിൽ വിജയിച്ചതായി കണക്കാക്കിയാൽ, ആ വാക്‌സിൻ വികസിപ്പിച്ചവർക്ക് ദേശീയ റെഗുലേറ്ററി ഏജൻസിയുടെ അനുമതി തേടാം. ഈ ഘട്ടം സാധാരണഗതിയിൽ വളരെയധികം സമയമെടുക്കുന്ന ഒന്നാണ്. എന്നിരുന്നാലും നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, എല്ലാ കോവിഡ്-19 വാക്സിനുകളും അംഗീകാരത്തിനായി വേഗത്തിൽ ട്രാക്കുചെയ്യുന്നു. റെഗുലേറ്ററി അധികാരികൾ വാക്സിൻ പരിശോധിച്ചു കഴിഞ്ഞാൽ ഉൽപ്പാദനത്തിനായി ഫാക്ടറികൾക്കും, കമ്പനികൾക്കും ഗ്രീൻ സിഗ്നൽ നൽകി തുടങ്ങുന്നു.

സാധാരണ രീതിയിൽ ഈ പ്രക്രിയയ്ക്ക് ശരാശരി എട്ട് മുതൽ പതിനഞ്ച് വർഷം വരെ എടുക്കാം. എന്നാൽ ഒരു പകർച്ചവ്യാധി സമയത്ത്, ഓരോ ഘട്ടത്തിലും കഴിയുന്നത്ര വേഗത്തിൽ സഞ്ചരിക്കാൻ ഗവേഷകർ നിരവധി തന്ത്രങ്ങൾ പ്രയോഗിക്കുന്നു.അംഗീകാരം കിട്ടിയാൽ ഉടൻ തന്നെ വാക്സിൻ നിർമ്മാണം ആരംഭിച്ചു തുടങ്ങാം.എന്നിരുന്നാലും, കോവിഡ്-19 വാക്സിൻ കോടിക്കണക്കിന് ഡോസുകൾ ആവശ്യമായി വരുന്നതിനാൽ, ആഗോള ആവശ്യം നിറവേറ്റുന്നതിന് ഇനിയും നിരവധി ഉൽപ്പാദന പ്ലാന്റുകൾ ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ലോകജനസംഖ്യയിലെ എല്ലാവർക്കുമായി വാക്‌സിൻ ഉൽ‌പാദിപ്പിക്കുകയെന്നത് വലിയ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണത്തിലെയും, മറ്റ് അവശ്യ വ്യവസായങ്ങളിലുമുള്ള തൊഴിലാളികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിന് മാത്രമായി നൂറ് കോടി ഡോസുകളെങ്കിലും നിർമ്മിക്കേണ്ടതുണ്ട്. ബ്രസീൽ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ജനസംഖ്യ ഒരു വെല്ലുവിളിയാണ്. ഈ സ്ഥലങ്ങളിൽ വലിയ വലിയ വാക്‌സിൻ നിർമ്മാണ ഫാക്ടറികൾ ഉള്ളത് കൊണ്ട് അവർക്ക് അവരുടെ വാക്‌സിൻ സപ്ലൈകൾ സ്വന്തം പൗരന്മാർക്കായി നീക്കിവയ്ക്കാം.എല്ലാ രാജ്യങ്ങളിലെ ജനങ്ങൾക്കും വാക്‌സിൻ എത്തിക്കുക എന്നുള്ളത് പ്രതിസന്ധികൾ നിറഞ്ഞതാണ്.
മനുഷ്യരാശിയുടെ അതിജീവത്തിനായി,ഈ മഹമാരിയെ തുടച്ചു നീക്കാൻ,മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് മാത്രമേ നമുക്കിത് സാധ്യമാവുകയുള്ളൂ. എല്ലാവർക്കുമായി വാക്‌സിൻ തയ്യാറാക്കാൻ അതിവേഗതയേറിയ ഈ സംഭവവികാസങ്ങൾ നല്ല വാർത്തകളാണ് നമുക്ക് നൽകുന്നത്. സമീപഭാവിയിൽ തന്നെ ഈ പകർച്ചവ്യാധിയുടെ അന്ത്യം കാണാൻ കഴിയുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. ഞങ്ങൾ ചെയ്തിരിക്കുന്ന ഫുൾ വീഡിയോ.