ചന്ദ്രയാൻ – രണ്ടു കഥകൾ

653

എഴുതിയത്  : Sanuj Suseelan

ചന്ദ്രയാൻ – രണ്ടു കഥകൾ
******************

ഒന്ന് : – ഈ കഥ സത്യമാണെന്നും അല്ലെന്നും വാദങ്ങളുണ്ട്. വൈദ്യുത ബൾബ് കണ്ടുപിടിക്കാൻ തോമസ് അൽവാ എഡിസൺ നടത്തിയ പതിനായിരത്തോളം പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. അതിനു ശേഷമാണു വിജയകരമായി ഒരു ഫിലമെൻറ്റ് വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തെ ചൊറിയാൻ വേണ്ടി ആരോ അതെടുത്തു കളിയാക്കി. അപ്പോൾ അദ്ദേഹം പറഞ്ഞത് അതിനെയും വിജയമെന്നാണ് വിളിക്കേണ്ടതെന്നാണ്. ആ പതിനായിരം മാർഗങ്ങൾ ഇതിനു പറ്റിയതല്ല എന്ന് താൻ കണ്ടുപിടിച്ചില്ലേ എന്നായിരുന്നു എഡിസൺ ചിരിച്ചു കൊണ്ട് പറഞ്ഞത്.

രണ്ട് : – ഈ കഥ സത്യമാണ്. കാരണം ഇതെൻ്റെ സ്വന്തം അനുഭവമാണ്. ആറേഴു വർഷം മുമ്പ് വരെ മൈക്രോസോഫ്ട് ടെക്നോളജികളും എസ് ക്യു എൽ സെർവർ സംബന്ധമായ കിടുപിടികളുമായിരുന്നു എൻ്റെ പണിയായുധങ്ങൾ. പക്ഷെ ഇപ്പോളത്തെ കമ്പനിയിൽ വന്നപ്പോൾ കളി മാറി. ഇതൊരു ഇന്നൊവേഷൻ ലാബ് ആണ്. എന്ത് ടൂളും ടെക്നോളജിയും ഉപയോഗിക്കാൻ നമ്മൾ അറിഞ്ഞിരിക്കണം. നമ്മുടെ ലാബിൽ ഡാറ്റാബേസിൽ ഞാൻ മാത്രമാണുള്ളത്. ആയിടയ്ക്കാണ് മോംഗോ ഡി ബി എന്നൊരു ഡാറ്റാബേസ് ഇറങ്ങിയത്. നമ്മുടെ പ്രൊജക്ടിൽ അതൊന്നു പരീക്ഷിക്കണം എന്ന് ആർക്കിടെക്ട് പറഞ്ഞു. ലിനക്സോ NoSQL ഡാറ്റാബേസുകളോ ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത എന്നോട് അത് ചെയ്യാൻ ഡയറക്ടർ ആവശ്യപ്പെട്ടു . പുള്ളിയോട് പരാധീനതയൊക്കെ പറഞ്ഞിട്ടും പുള്ളി അനങ്ങിയില്ല. ചെയ്തേ പറ്റൂ എന്ന് പറഞ്ഞു പുള്ളി മിസ്റ്റർ പോഞ്ഞിക്കരയെപ്പോലെ നിൽപ്പാണ്. അങ്ങനെ കടുത്ത മല്പിടുത്തതിന് ശേഷം രണ്ടു ദിവസം കുത്തിയിരുന്ന് പഠിച്ചു വിജയകരമായി ഞാൻ അത് സെറ്റപ്പ് ചെയ്തു. ഇനിയാണ് ട്വിസ്റ്റ്. ഇതിൽ ഉപയോഗിക്കാനുള്ള യൂ ഐ ടൂളുകൾ അന്നിറങ്ങിയിട്ടില്ല. കുറെ ഓപ്പൺ സോഴ്സ് സാധനങ്ങൾ മാത്രമുണ്ട്. അതിലൊരെണ്ണം എടുത്തു കണക്റ്റ് ചെയ്തു ഒരു ക്യുറി അങ്ങ് കാച്ചി. ദാ കിടക്കുന്നു. ഡാറ്റാബേസ് തവിടുപൊടി. ഡാറ്റ കിടന്നിടത്ത് ഒരു പൂട പോലുമില്ല. സത്യം പറഞ്ഞാൽ വിയർത്തു പോയി. ആ പ്രോജക്ടിന് വലിയ വിസിബിലിറ്റിയാണ്. വൈസ് പ്രസിഡണ്ട് ആണ് അതിൻ്റെ ഓണർ. എൻ്റെ പണി പോയി എന്ന് തന്നെ ഞാൻ വിചാരിച്ചു. പക്ഷെ അന്ന് അവർ രണ്ടുപേരും എനിക്ക് തന്ന വലിയൊരു ഉപദേശമുണ്ട്. ഒരു പരാജയവും യഥാർത്ഥത്തിൽ ഒരു തോൽവിയല്ല. എത്രയും വേഗം തോൽവി അറിയുക എന്നിടത്തു നിന്നാണ് വിജയത്തിലേക്കുള്ള കുതിപ്പ് തുടങ്ങുന്നത്. ഇതിലെ ഏറ്റവും വലിയ ലേണിങ് നിങ്ങൾക്ക് ഇന്ന് കിട്ടിക്കഴിഞ്ഞു. അതായത് ഇങ്ങനെ ഒരു അപ്രോച്ചിൽ പോയാൽ ക്രാഷ് ആവാനുള്ള സാദ്ധ്യതയുണ്ട് എന്ന് നിങ്ങൾ ഇന്ന് പഠിച്ചല്ലോ. ഇനി ആ വഴി പോയി അത് വീണ്ടും ചെയ്യാതിരുന്നാൽ പോരേ എന്നായിരുന്നു അവരുടെ വാദം. അതൊരു വലിയ തിരിച്ചറിവായിരുന്നു. Fail Fast and Fail Better എന്നത് മുമ്പും കുറെ കേട്ടിട്ടുണ്ടെങ്കിലും അതിൻ്റെ ശരിക്കുള്ള അർത്ഥത്തിൽ ഫോളോ ചെയ്യാൻ തുടങ്ങിയത് അന്ന് മുതലാണ്. പിന്നീട് എത്രയോ പുതിയ സംഗതികൾ പഠിക്കാൻ അതൊരു മോട്ടിവേഷനായി എന്നറിയാമോ ? അതിനു മുമ്പുള്ള പത്തു വർഷം പഠിച്ചതിന്റെ പത്തിരട്ടി ഞാൻ കഴിഞ്ഞ ആറേഴു വർഷം കൊണ്ടു പഠിച്ചു.

പറഞ്ഞു വന്നത് ഇതാണ്. വിജയിക്കാൻ നാൽപതു ശതമാനത്തിൽ താഴെ മാത്രം സാദ്ധ്യതയുണ്ടായിരുന്ന ഒരു മിഷനായിരുന്നു ചന്ദ്രനിലെ സോഫ്റ്റ് ലാൻഡിംഗ്. ഇപ്പോൾ റോവറുമായുള്ള ആശയവിനിമയം നഷ്ടമായതിനു പല കാരണങ്ങളുമുണ്ടാവാം. ഇതൊക്കെ അറിയാവുന്നവർ തന്നെയാണ് നമ്മുടെ ശാസ്ത്രജ്ഞർ. ചന്ദ്രയാൻ “പാളി” എന്ന മട്ടിൽ തലക്കെട്ട് കൊടുക്കുന്ന വങ്കന്മാർ അതുകൂടി ഓർക്കണം. കഴിഞ്ഞ നാല്പത്തിയാറു ദിവസമായി ഇരുപത്തി നാലു മണിക്കൂറും ഇത് നോക്കി ഊണും ഉറക്കവും ഉപേക്ഷിച്ചിരിക്കുന്നവരാണ് നമ്മുടെ ഐ എസ് ആർ ഓ യിൽ ഉള്ളത്. ഇപ്പോളും പ്രതീക്ഷ കൈവിടാറായിട്ടില്ല. ഇനി ഇത് പൂർണമായും നഷ്ടപ്പെട്ടെങ്കിൽ പോലും വെറും രണ്ടു കിലോമീറ്റർ ഗാപ് മാത്രമേ ആ നഷ്ടത്തിനുള്ളൂ. രാജ്യത്തിൻറെ അഭിമാനമായ ഇസ്രോയ്ക്കും ശാസ്ത്രജ്ഞന്മാർക്കും അഭിനന്ദനങ്ങൾ. Fail Fast, Fail Better and Succeed !!