Jijeesh Renjan
പലർക്കും ജീവിതത്തിൽ നിലനിൽപ്പിന് വേണ്ടിയോ അല്ലെങ്കിൽ എന്തെങ്കിലും ഭ്രമത്തിൽ അകപ്പെട്ടോ ഒക്കെ തെറ്റാണ് എന്നറിഞ്ഞു കൊണ്ട് തന്നെ പലതും ചെയ്യേണ്ടി വരാറുണ്ട്.”Lovelorn dragonflies” എന്ന വിശുദ്ധ ഗ്രന്ഥ ത്തിൽ പറയുന്നത് പോലെ “തെറ്റ് ചെയ്യാത്തവർ ആരുണ്ടെടാ മോനെ” എന്ന് തോന്നും. ചിലർക്ക് അതിന്റെ തിരിച്ചടികൾ കിട്ടും.മറ്റ് ചിലർക്ക് മനസാക്ഷിയാകും പ്രശ്നം.ഇതൊന്നും പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നവരും ഉണ്ടാകാം.
എന്നാൽ തെറ്റിലേക്ക് പോകുന്നതിന് മുൻപ് തിരിച്ചു പോകാൻ കഴിഞ്ഞവർ ഭാഗ്യവാന്മാരാണ്.ചിലപ്പോൾ ഒരു നിമിഷം ഉള്ളിൽ നിന്ന് ലഭിക്കുന്ന ബോധോദയമോ അല്ലെങ്കിൽ ഒരു ഉപായമോ ഒക്കെ തിരിച്ച് നൽകുന്നത് ജീവിതമായിരിക്കും.അങ്ങനെ കിട്ടുന്ന ജീവിതം പിന്നെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുന്നു എന്നതും പ്രാധാന്യമുള്ള കാര്യമാണ്.ഇത്തരത്തിൽ ഭാഗ്യവാന്മാരായ രണ്ട് കഥാപാത്രങ്ങളാണ് ‘ഇന്ത്യൻ റുപി’ യിലെ ജെ പിയും ചന്ദ്രേട്ടൻ എവിടെയായിലെ ചന്ദ്ര മോഹനും.
പണം അനിവാര്യമായി മാറി സമയത്ത് അതുണ്ടാക്കാൻ വലിയ റിസ്ക്ക് എടുക്കുകയും പിന്നെ അതിന്റെ സമ്മർദ്ദം കൊണ്ട് വലിയ ഒരു തെറ്റിലേക്ക് പോകുകയും ചെയ്യുന്നുണ്ട് ജയപ്രകാശ് എന്ന ജെ പി.ഒടുവിൽ പിടിക്കപ്പെടുമെന്ന് വരുമ്പോൾ പോലീസ് സ്റ്റേഷന്റെ പടിവാതിക്കൽ എത്തിയിട്ട് ഒരു തിരിഞ്ഞു പോക്കുണ്ട്.ഉള്ളിൽ നിന്നും വന്ന ഒരു കച്ചിത്തുരുമ്പ്.അതിൽ പിടിച്ച് ഗോൾഡൻ പാപ്പച്ചനെ മുൻ നിർത്തി അയാൾ ജീവിതം രക്ഷിച്ചു.എന്നാൽ അതിലൂടെ അയാൾക്ക് തിരിച്ചറിവും വന്നിരുന്നു.ജീവിതം വെറും പച്ച നോട്ട് മാത്രമല്ല എന്ന് മനസിലാക്കിയ ജെ പി പിന്നെ പോയത് ശാന്തമായ ഒരു ജീവിതത്തിലേക്കായിരുന്നു.
ചന്ദ്രമോഹന് ഭേദപ്പെട്ട ഒരു കുടുംബ ജീവിതം ഉണ്ടായിരുന്നു.ആകെ ഒരു സ്വസ്ഥതക്കേട് ഇടയ്ക്കിടെയുള്ള
സുഷുവിന്റെ ഫോൺ വിളിയായിരുന്നു.ഗീതാഞ്ജലിയോട് തോന്നിയ ഭ്രമം അയാളുടെ ജീവിതം നഷ്ടപ്പെടുത്തിയേനെ.ഒരു രാത്രിയുടെ സന്തോഷം പകർന്ന് ഗീതാഞ്‌ജലി പറക്കുന്നത് അയാളുടെ കുടുംബവും തകർത്ത് കൊണ്ടായിരുന്നേനെ.എന്നാൽ അവളുടേക്ക് വീട്ടിലേക്ക് കാൽ എടുത്ത് വയ്ക്കുന്ന ചന്ദ്രന് ആകാശ ചന്ദ്രൻ വെളിച്ചം പകർന്നു. ചന്ദ്രമോഹന്റെ തിരിച്ച് പോക്കും ജീവിതത്തിലേക്കായിരുന്നു.