മുകളിലോട്ടു പോകുന്തോറും വർദ്ധിക്കുകയും താഴോട്ടു വരുമ്പോൾ കുറയുകയും ചെയ്യുന്ന ബഹുമാനത്തിന്റെയും അന്തസ്സിന്റെയും ബ്രാഹ്മണിക അംഗീകാര വിതരണനീതി

0
229

“സോയ കെ എം എന്ന ഒരു സ്ത്രീ ഒരു അമ്മൂമ്മയുടെ പാട്ടും കളിയും പോസ്റ്റ് ചെയ്തിരിക്കുന്നു. “ചാമപ്പാറ കോളനിയിലെ മാധവി ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ” എന്ന പേരിൽ. ആ പേരു വിളി പ്രത്യേകം ശ്രദ്ധിക്കുക. ആ ദയനീയ സീനിന് ലൗ ചിഹ്നവും.ലൈക്കും അടിക്കാൻ നൂറു കണക്കിന് ഊളകൾ. ഫുരോഗമന വെള്ളി നക്ഷത്രങ്ങളുമുണ്ട്. മംഗ്ളു ശ്രീധർ പറഞ്ഞതാണ് ശരി. നിന്റെയൊക്കെ തോന്നിയവാസത്തിന് കുരങ്ങു കളിപ്പിക്കാനുള്ളതല്ല ഞങ്ങളുടെ മൂപ്പിലാൻമാരും മൂപ്പത്തികളും. നിന്റെയൊക്കെ തന്തയേയും തള്ളയേയും വീട്ടിൽ കേറി മയിലേ കുയിലെ എന്നു വിളിക്കാത്തത് ബഹുമാനം കൊണ്ടൊന്നുമല്ല. നിന്നെയൊക്കെ ജനിപ്പിച്ചതിനെക്കാൾ വലിയ ശിക്ഷ ഇനി വേണ്ടല്ലോ എന്നു വിചാരിച്ചാണ്.എന്റെ കാര്യത്തിൽ അത് പ്രതീക്ഷിക്കണ്ട, വീട്ടിൽ കയറി പുകയ്ക്കും”

കവി സുധീർ രാജിന്റേതാണ് മുകളിലത്തെ വാക്കുകൾ. ഇനി ചന്ദ്രൻ കോമത്തിന്റെ കുറിപ്പ് വായിക്കുക.

കണ്ണൂർ ജില്ലയിലെ പല സവർണ്ണ പ്രമാണി കുടുംബങ്ങളിലെയും ചെറിയ കുട്ടികൾപോലും
ഏഴുപത് എണ്പത് വയസ്സുള്ള സ്ത്രീപുരുഷന്മാരെയൊക്കെ അമ്മേ ദേവകി വന്നിട്ടാ, മാധവി വന്നിട്ടാ, അച്ഛാ കണ്ണൻ വന്നിട്ടാ, കോരൻ വന്നിട്ടാ എന്നൊക്കെ ഇന്നും യാതൊരു ജാള്യതയില്ലാതെ വിളിക്കും. ഇവരുടെ വീടുകളിൽ ചെന്നാൽ കീഴ്ജാതിക്കാരായ പാർട്ടിക്കാരൊക്കെ വല്ലാത്ത ധർമ്മ സങ്കടത്തിലാവും.

ചെറുപ്പത്തിലെ അനുഭവം പറയുകയാണെങ്കിൽ കൂലിപ്പണിക്ക് പോകുന്ന നമ്മളിൽ പലരുടെയും അമ്മമാരെയും അച്ഛൻമാരെയും മറ്റ് മുതിർന്ന വരെയും എന്റെയൊക്കെ സമപ്രായക്കാരായ ചെറിയ കുട്ടികൾ, മുതിർന്നവർ ഭേദമില്ലാതെ പേരുവിളിക്കും. (ഒരുപക്ഷേ തുല്യതയും ലിംഗനീതിയും അധികാര ബന്ധങ്ങളും അന്നേ മനസ്സിലാക്കി യ പുരോഗമനകാരികൾ ആയതിനാലാവും!)

അതേസമയം ഇത്തരം കുടുംബങ്ങളിലെ കുട്ടികളും മുതിർന്നവരും സമാന ജാതിയിലെ ബന്ധുജനങ്ങളെ പ്രായവ്യതാസം പരിഗണിക്കാതെ ഒരിക്കലും പേര് വിളിക്കുകയില്ല.അതിലൊക്കെ കൃത്യമായ പരിഗണനയുണ്ട്. മറുവശത്ത് ചില സവർണ വീടുകളിലെ സ്ത്രീപുരുഷൻമാരെയും, കുട്ടികളെപ്പോലും
പേര് വിളിക്കാൻ കഴിയാത്ത ഒരുപാട് മുതിർന്ന ആളുകൾ ഇന്നുമുണ്ട്.’മുത്തമ്മൾ’ ‘കൈക്കോർ’ ‘കുഞ്ഞി കൈക്കോർ’ എന്നൊക്കെ ഫ്യൂഡൽ ബഹുമാനത്തോടെ അവരെ വിളിക്കണം.

മുകളിലോട്ടു പോകുന്തോറും വർധിക്കുകയും താഴോട്ടു വരുമ്പോൾ കുറയുകയും ചെയ്യുന്ന ബഹുമാനത്തിന്റെയും അന്തസ്സിന്റെയും ബ്രാഹ്മണിക അംഗീകാര വിതരണനീതിയാണിത്.
ഈ കേരളത്തിൽ ജീവിച്ചു കൊണ്ടാണ് ‘ചാമപ്പാറ കോളനിയിലെ മാധവി ഞങ്ങളുടെ വീട്ടിൽ വന്നു’ എന്നൊക്കെ പറയുന്നത് തുല്യതയുടെയും നീതിയുടെയും അധികാര ബന്ധങ്ങളെ ഉച്ചാടനം ചെയ്യുന്നതിന്റെ ഭാഗമാണെന്നുമൊക്കെ ചിലർ ന്യായീകരണങ്ങൾ ചമയ്ക്കുന്നത്. തെറ്റ് മനുഷ്യസഹജമാണ്. അത് അംഗീകരിക്കുകയെന്നതാണ് നീതിയെ മനസ്സിലാക്കുന്നതിന്റെ ആദ്യപടി.