വാത്സ്യായനന്റെ കാമസൂത്രം – പേരുകൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന പുസ്തകത്തിലേക്കൊരു എത്തിനോട്ടം.
Chandran Satheesan Sivanandan
കാമശാസ്ത്രം വിവരിക്കുന്ന ഗ്രന്ഥങ്ങൾ പലതുണ്ടെങ്കിലും ഏറ്റവും പ്രശസ്തം വാത്സ്യായനന്റെ കാമസൂത്രം തന്നെയാണ്.പടിഞ്ഞാറൻ ലോകത്ത് ആദ്യകാലങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഇന്ത്യൻ പൗരാണിക ശാസ്ത്രഗ്രന്ഥവും കാമസൂത്രം തന്നെയാണെന്നുതോന്നുന്നു.പുരാതനയിന്ത്യൻ ശില്പികളുടെ ഭാവനയെ ഏറ്റവും കൂടുതൽ ഉദ്ദീപിപ്പിച്ചിട്ടുള്ളത് കാമശാസ്ത്രസംബന്ധമായിട്ടുള്ള പുസ്തകങ്ങളാണ്.കുക്കോകൻ അഥവാ കോകൻ്റെ രതിരഹസ്യവും,ജ്യോതിഋഷയുടെ പഞ്ചശഖ്യവും ഗുണകരയുടെ സ്മാരപ്രദീപികയും ജയദേവന്റെ രതിമഞ്ജരിയും ഭാനുദത്തയുടെ രസമഞ്ജരിയും കല്യാണമല്ലന്റെ അനംഗരംഗവും മറ്റും കാമശാസ്ത്രം വിവരിക്കുന്ന പുസ്തകങ്ങളാണ്.
ഏ.ഡി.ഒന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനുമിടയിലാണ് വാത്സ്യായനൻ കാമസൂത്രം രചിക്കുന്നത്. ആ പുസ്തകത്തിൽ തനിക്ക് മുന്നേ കാമശാസ്ത്രസംബന്ധങ്ങളായ പുസ്തകങ്ങളെഴുതിയ ദത്തക,സുവർണനാഭ,ഘോടകമുഖ,ഗൊണർദിയ,ഗോണികപുത്ര,ചരായണ,കുചുമാരൻ തുടങ്ങിയവരുടെ പ്രമാണങ്ങളും(ഇവയൊന്നും ഇന്ന് ലഭ്യമല്ല) തന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ചേർത്താണ് തന്റെ രചനയെന്ന് വാത്സ്യായനൻ പറയുന്നുണ്ട്.
ഏഴ് അധികരണങ്ങളിലായി(parts)മുപ്പത്തിയേഴ് അദ്ധ്യായങ്ങളിലൂടെ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവവേദ്യമായ ലോകസുഖങ്ങൾ അഥവാ കാമം ( desire) എങ്ങനെ ശരിയായ രീതിയിൽ മനുഷ്യന് അനുഭവവേദ്യമാക്കാമെന്ന് അദ്ദേഹം വിവരിക്കുന്നു.കാമസൂത്രത്തിന്റെ എൺപതുശതമാനവും തത്വചിന്താപരമായി ശരിയായതും ആരോഗ്യപരവുമായ സാമൂഹികവും ഒപ്പം സ്വകാര്യവുമായ ജീവിതം പിൻതുടരുന്നതിനുള്ള മാർഗ്ഗങ്ങൾ വിവരിക്കുമ്പോൾ ഇരുപതുശതമാനത്തോളം ഭാഗത്ത് ആസ്വാദ്യകരവും ആരോഗ്യകരവുമായ ലൈംഗികരീതികൾ വിവരിക്കുന്നു.പക്ഷേ ഈ ഭാഗത്തിന്റെ പേരിലാണ് ഈ പുസ്തകം പ്രസിദ്ധി കൈവരിച്ചിട്ടുള്ളത്.
കാമസൂത്രത്തിലെ അധികരണങ്ങൾ
———————————————————
1.സാധാരണം(General consideration of the subject)
2.സാമ്പ്രയോഗികം(Of sexual union)
3.കന്യാസാമ്പ്രയുക്തകം(About acquisition of a wife)
4.ഭാര്യാധികാരികം(About a wife)
5.പരദാരികം(About the wives of others)
6.വൈശികം(About courtesans)
7.ഔപനിഷദീയം(On the means of attracting others to oneself)
ഒന്നാം അധികരണമായ “സാധാരണ”ത്തിൽ അഞ്ച് അദ്ധ്യായങ്ങളാണുള്ളത്.ആദ്യത്തെ അദ്ധ്യായത്തിൽ ഹൈന്ദവവിശ്വാസപ്രകാരമുള്ള ധർമ്മം, അർത്ഥം, കാമം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നു.രണ്ടാം അദ്ധ്യായത്തിൽ അവ കരഗതമാക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നു.മൂന്നാം അദ്ധ്യായത്തിൽ ഓരോരുത്തരും സ്വായത്തമാക്കിയിരിക്കേണ്ട (പ്രധാനമായും സ്ത്രീകൾ)അറുപത്തിനാല് കലകളേതൊക്കെയെന്ന് വിശദമാക്കുന്നു.അടുത്ത അദ്ധ്യായങ്ങളിൽ വീട് എങ്ങനെയായിരിക്കണം, വീട്ടുപകരണങ്ങൾ,പൗരൻ ദൈനംദിനജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം,സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കണം,ഏതൊക്കെ വിനോദങ്ങളിൽ ഏർപ്പെടണം തുടങ്ങിയവ ചർച്ച ചെയ്യുന്നു. അവസാന അദ്ധ്യായത്തിൽ വിവിധതരം സ്ത്രീകളെക്കുറിച്ച് വിശദമാക്കുന്നു ഒപ്പം സുഹൃത്തുക്കൾ എങ്ങനെയുള്ളവരായിരിക്കണം,സന്ദേശവാഹകരെങ്ങനെയുള്ളവരായിരിക്കണം തുടങ്ങിയവ വിശദമാക്കുന്നു.
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ടതായ അറുപത്തിനാല് കലകളേതൊക്കെയാണെന്ന് വിശദമാക്കുന്നതിനൊപ്പം അതുകൊണ്ടുള്ള ഗുണമെന്തെന്നും വാത്സ്യായനൻ പറയുന്നുണ്ട്. ഒരു സ്ത്രീ സ്വപുരുഷനാൽ അന്യദേശത്ത് വെച്ചുപോലും ഉപേക്ഷിക്കപ്പട്ടാൽ ഈ കലകളിലെ നൈപുണ്യം അവളെ പരാശ്രയത്തിൽ നിന്നും രക്ഷിക്കും.ആ അറുപത്തിനാലുകലകളിൽ ചിലതിതാണ്.
1) സംഗീതം.
2)സംഗീതോപകരണപ്രയോഗം.
3)നൃത്തം.
4)എഴുത്ത്,ചിത്രരചന.
5)വർണ്ണസ്ഫടികങ്ങൾ തറയിൽ പതിപ്പിക്കൽ.
6)ചിത്രാലങ്കാരം.
7)ജലസംഭരണം.
8)തുണി,പല്ല്,തലമുടി തുടങ്ങിയവയിൽ നിറം പിടിപ്പിക്കൽ.
9)പാചകം.
10)കമ്മൽ നിർമ്മാണം.
11)സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണം.
12)തയ്യൽ
13)പുഷ്പാലങ്കാരം
14)പൂജയ്ക്ക് അരിയും പൂവും ഒരുക്കൽ.
15)അഭിനയം.
16)അനുകരണകല.
17)അക്ഷരശ്ളോകം.
18)ആശാരിപ്പണി.
19)പൂന്തോട്ടപരിപാലനം.
20)പച്ചകുത്തൽ.
തുടങ്ങി അറുപത്തിനാല് കലകൾ ഒരു സ്ത്രീ അഭ്യസിക്കുന്നത് അവളുടെ ജീവിതവിജയത്തിന് ഗുണകരമാകുമെന്നാണ് വാത്സ്യായനൻ പറയുന്നത്.പുസ്തകത്തിലെ രണ്ടാം ഭാഗമായ (അധികരണം)സാമ്പ്രയോഗികത്തിൽ പത്തദ്ധ്യായങ്ങളിലായി ആലിംഗനം,ചുംബനം,നഖച്ഛേദ്യം,സംവേശനം തുടങ്ങി വിവിധ സുരതരീതികളും പലനാടുകളിലെ സ്ത്രീകളുടെ പ്രത്യേകതകളും വിവരിക്കുന്നു.
ഇതേ ഭാഗത്താണ് സ്ത്രീപുരുഷന്മാരെ അവരുടെ ലൈംഗികാവയവങ്ങളുടെ ആകൃതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം വർഗ്ഗീകരിക്കുന്നത്.സ്ത്രീകളെ മാൻപ്രകൃതി,വാജിനി(പെൺകുതിര)പ്രകൃതി, ആനപ്രകൃതി ഏന്നും പുരുഷന്മാരെ മുയൽ,കാള,കുതിര പ്രകൃതികളെന്നും തരം തിരിക്കുന്നു.
മൂന്നാംഭാഗമായ കന്യാസാമ്പ്രയുക്തകത്തിൽ സർക്കാർ സ്ത്രീപുരുഷയാകർഷണം,യോഗം,വിവാഹം തുടങ്ങിയ വിവരിക്കുന്നു.ഭാര്യയാക്കാനായി പെൺകുട്ടിയെ തേടുമ്പോൾ എങ്ങനെയുള്ളവരെ ഒഴിവാക്കണമെന്ന് വാത്സ്യായനൻ പ്രത്യേകം പറയുന്നുണ്ട്.
1.പതിഞ്ഞ മൂക്കുള്ളവൾ.
2.ഒളിച്ചുവെയ്ക്കപ്പെട്ടവൾ.
3.നാസികാഗ്രം ഉയർന്നവൾ.
4.പുരുഷപ്രകൃതിയായവൾ.
5.മോശമായ നാമധേയമുള്ളവൾ.
6.കൂനുള്ളവൾ.
7.നെറ്റിയുന്തിയവൾ.
8.കഷണ്ടിയുള്ളവൾ.
9.വളഞ്ഞ തുടയുള്ളവൾ.
10.ശുദ്ധിയില്ലാത്തവൾ.
11.മറ്റൊരാൾ അശുദ്ധമാക്കിയവൾ.
12.വികൃതരൂപിയായവൾ.
13.രോഗിയായവൾ.
14.സുഹൃത്തായിരുന്നവൾ.
15.സഹോദരിയായി കരുതിയിരുന്നവൾ.
അതുപോലെ നക്ഷത്രനാമമുള്ളവൾ,നദീനാമമുള്ളവൾ,വൃക്ഷത്തിന്റെ നാമമുള്ളവൾ തുടങ്ങിയവരേയും വിവാഹത്തിനായി പരിഗണിക്കരുതത്രേ.മൂന്നാംഭാഗത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ പുതുതായി വിവാഹിതനായ പുരുഷൻ എങ്ങനെയാണ് തന്റെ ഭാര്യയുടെ വിശ്വാസം നേടിയെടുക്കേണ്ടതെന്ന് വിശദീകരിക്കുന്നു.വിവാഹശേഷമുള്ള ആദ്യത്തെ മൂന്നുദിവസങ്ങളിൽ പുരുഷൻ പെൺകുട്ടിയോടൊപ്പം ശയിക്കാൻ ശ്രമിക്കാതെ തറയിൽ കിടന്നു ഉറങ്ങണം ഒപ്പം ഉപ്പും പുളിയുമുള്ള ഭക്ഷണം ഒഴിവാക്കണം. മൂന്നാംനാൾ മുതൽ ഒരാഴ്ച വധൂവരന്മാർ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും, സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ കുളിക്കുകയും അടുത്ത ബന്ധുക്കളെ സന്ദർശിക്കുകയും വേണം. പത്താംനാൾ മുതൽ സ്ത്രീയുടെ വിശ്വാസമാർജ്ജിക്കാനായി മധുരഭാഷണങ്ങളിലൂടെയും വളരെ സൗഹൃദമായ പെരുമാറ്റത്തിലൂടെയും ശ്രമം ആരംഭിക്കണം.ഒരു കാരണവശാലും അവളിൽ ഭയവും വെറുപ്പും ഉളവാക്കുന്നതൊന്നും പ്രവർത്തിക്കരുത്.ബലപ്രയോഗത്തിലൂടെ കാമപൂർത്തിക്കായി സ്ത്രീയെ സമീപിക്കരുത് അങ്ങനെ ചെയ്താൽ അവൾ ലൈംഗികതയെ ഭയപ്പെടാനും വെറുക്കാനും ആരംഭിക്കും ചിലപ്പോൾ പുരുഷവർഗ്ഗത്തെ മൊത്തം അവൾ വെറുത്ത് പുരുഷവിദ്വേഷിയായി മാറിയെന്നും വരും. തുടർന്ന് എങ്ങനെയാണ് ഭാര്യയെ ആദ്യമായി സ്പർശിക്കേണ്ടത് ,ആലിംഗനം ചെയ്യേണ്ടത്, ചുംബിക്കേണ്ടത്…തുടങ്ങിയവ അദ്ദേഹം വിശദീകരിക്കുന്നു.
നാലാം ഭാഗമായ ഭാര്യാധികാരികത്തിൽ ഭാര്യാ ഭർത്തൃബന്ധവും കടമകളും ചർച്ച ചെയ്യുന്നു. അഞ്ചാംഭാഗമായ പരദാരികത്തിൽ അന്യഭാര്യമാരുള്ള ബന്ധങ്ങളെ വിശദീകരിക്കുന്നു. ആറാംഭാഗമായ വൈശികത്തിൽ ഗണികകളെക്കുറിച്ചാണ് പറയുന്നത്. ദത്തക എന്ന പാടലീപുത്രത്തിൽ ജീവിച്ചിരുന്ന വിദൂഷിയുടെ രചനയെ അടിസ്ഥാനമാക്കിയാണ് വിശദീകരണം നടത്തുന്നത്.അവസാനത്തെ ഭാഗമായ ഔപനീഷദീയത്തിൽ മറ്റുള്ളവരെ ഒരാൾ തന്നിലേക്ക് എങ്ങനെ ആകർഷിക്കണം എന്നകാര്യം ചർച്ച ചെയ്യുന്നു.