മണ്ണിലൊരു നക്ഷത്രം
Chandran Satheesan Sivanandan
താരെ സമീൻ പർ എന്ന ബോളിവുഡ് ചിത്രം അമീർഖാന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് . ഇഷാൻ എന്ന എട്ടുവയസ്സുള്ള dyslexia ബാധിച്ച കുട്ടിയായി അഭിനയിച്ചത് ദർഷീൽ സഫാരി എന്ന കൊച്ചുമിടുക്കനാണ് .വായിക്കാനും ഗ്രഹിക്കാനും മറ്റു കുട്ടികളെ പോലെ കഴിയാത്ത തന്റെതായ സ്വപ്നലോകത്തു ജീവിക്കുന്ന ഇഷാനാണ് ഇൗ ചിത്രത്തില്‍ നിറഞ്ഞു നിൽക്കുന്നത് .രാം ശങ്കർ നികുംബ് (അമീർഖാൻ) എന്ന യുവ അദ്ധ്യാപകൻ ഇഷാന് കഴിവുകേടുകൾ മാത്രമല്ല അസാധാരണ കഴിവുകളുമുണ്ടെന്നു മനസ്സിലാക്കി അവനെ പ്രചോദിപ്പിക്കാനാരംഭിക്കുന്നു .ചിത്രകലയോടുള്ള അവന്റെ അഭിനിവേശം മനസ്സിലാക്കി അതിലൂടെ അവന്റെ കഴിവുകൾ വികസിപ്പിക്കാനവനെ അദ്ദേഹം പ്രേരിപ്പിക്കുന്നു .അക്കാര്യത്തിൽ അവനും അദ്ധ്യാപകനും വിജയിക്കുന്നു .ഒടുവില്‍ ഇഷാനെ ഒരു ബാധ്യതയായി കണ്ടിരുന്ന വീട്ടുകാരും സ്കൂളധികൃതരും അവന്റെ കഴിവുകളിൽ അഭിമാനിക്കുന്നു .
ഇത് ചിത്രത്തിലെ കഥ .എന്നാൽ ഇൗ കഥ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജപ്പാനിൽ സംഭവിച്ച കാര്യമാണെന്ന് എത്രപേർക്കറിയാം .ജപ്പാനിലെ ഇഷാനെ എല്ലാവരും വിളിച്ചിരുന്നത് കൊൻബെറ്റൊ സാൻ എന്നായിരുന്നു .എന്തിനും കരയുന്ന കുട്ടി എന്നാണ് കൊൻബെറ്റൊ സാൻ എന്ന വാക്കിന്റെ അർത്ഥം . മറ്റു കുട്ടികളെപ്പോലെ വായിക്കാനും എഴുതാനും ഗ്രഹിക്കാനും കഴിയാതെ സ്കൂളില്‍ പരിഹാസപാത്രമായി കഴിഞ്ഞിരുന്ന കൊൻബെറ്റൊ സാന്റെ ജീവിതപാത മാറുന്നത് തച്ചിക്കാവ എന്ന ചിത്രകലാ അദ്ധ്യാപകന്റെ വരവോടുകൂടിയാണ് .അദ്ദേഹം കൊൻബെറ്റൊ സാന്റെ ചിത്രരചനാ പാടവത്തെ പരിപോഷിപ്പിച്ച് അവനില്‍ ആത്മവിശ്വാസം വളർത്തി മികച്ച വിദ്യാർത്ഥിയാക്കി മാറ്റിയെടുത്തു .പിന്നീട് കൊൻബെറ്റൊ സാൻ വലിയ പ്രതിഭയായി വളർന്ന് ലോകമറിയുന്ന ചലച്ചിത്രകാരനായ അകിരാ കുറസോവയായി മാറി .
കുറോസോവയുടെ ആത്മകഥയായ Something like an autobiography എന്ന പുസ്തകമാണ് താരെ സമീൻ പർ എന്ന ചിത്രത്തിനു പ്രചോദനമായത് .കുറോസോവയുടെ റാഷൊമോൻ എന്ന ചിത്രം ലോകസിനിമാരംഗത്തെ മികച്ച ക്ളാസ്സിക്കുകളിലൊന്നാണ് .ഇൗ ചിത്രത്തിലൂടെയാണ് ജപ്പാനീസ് സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത് .അദ്ദേഹം തന്റെ ആത്മകഥയിൽ തന്റെ ബാല്യത്തെ വൈകല്യത്തെക്കുറിച്ചോർമ്മിപ്പിച്ച ഒരനുഭവത്തെക്കുറിച്ച് പറയുന്നുണ്ട് .1949ൽ ഇനഗാക്കി ഹിരോഷി സംവിധാനം ചെയ്ത മാനസിക വളര്‍ച്ച കുറഞ്ഞ കുട്ടികളുടെ കഥ പറയുന്ന Wasurerareta kora (forgotten children )എന്ന ചിത്രത്തില്‍ അദ്ധ്യാപകൻ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അശ്രദ്ധനായി തന്റെ മനോലോകത്തു രസിച്ചിരിക്കുന്ന ഒരു കുട്ടിയെ കാണിക്കുന്നുണ്ട് .
തീയെറ്ററിൽ ഈ രംഗം കണ്ട അകിരായുടെ സപ്തനാഡികളും തളർന്നു .താനും ഇത്തരമൊരു കുട്ടിയായിരുന്നു എന്നോർത്തു വിഷമിച്ച് തുടർന്നു കാണാനാകാതെ അകിരാ തിയേറ്റർ ഹാളിനു പുറത്തുള്ള സോഫയിൽ ചെന്നിരുന്നു .അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അവിടുത്തെ ഒരു ഉദ്യോഗസ്ഥ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അടുത്തു ചെന്ന് അന്വേഷിച്ചു .അദ്ദേഹത്തിന്റെ തളർച്ച കണ്ട് അവര്‍ ടാക്സി വിളിച്ച് അതിൽ വീട്ടിലേക്കയച്ചു .ആറു വയസ്സിലും ഏഴുവയസ്സിലും ഒക്കെ കുട്ടികള്‍ ഒരു പ്രത്യേക അനുപാതം ബുദ്ധിവൈഭവം കാണിക്കണമെന്ന് ലോകം വാശിപിടിക്കുന്നതെന്തിനാണെന്നതാണ് അദ്ദേഹത്തെ അലട്ടിയ ചോദ്യം.