മകനു മുമ്പേ നടനായ അച്ഛൻ, അഥവാ അറിയപ്പെടാതെപോയ ഒരു നടൻ – VIDEO

0
173

ചന്ദ്രപ്രകാശ്.ട.ട

നടൻ ആർ.ബാലകൃഷ്ണപിള്ളയെ പറ്റിയാണ്, ആർ.ബാലകൃഷ്ണപിള്ളയുടെ സിനിമാപാരമ്പര്യം അധികമാർക്കും അറിയുന്ന കാര്യമല്ല. മകനു മുൻപേ ക്യാമറയ്ക്ക് മുന്നിലെത്തിയതും അച്ഛൻ തന്നെ.രാഷ്ട്രീയത്തിലെ തിരക്കുകൾ കാരണം സിനിമാജീവിതം ഉപേക്ഷിച്ച നടൻ.പഠനകാലം മുതൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. നാടകത്തിലെ കമ്പവും കലാ സാംസ്ക്കാരികരംഗത്തുള്ളവരുമായുള്ള ചങ്ങാത്തവുമാണ് സിനിമയിലെത്തിച്ചതും. സുകുമാരൻ നായകനായഭിനയിച്ച വെടിക്കെട്ട് എന്ന സിനിമയിൽ ഒരു കരപ്രമാണിയുടെ മുഴുനീള വേഷമാണ് ചെയ്തത്.

കലാനിലയം കൃഷ്ണൻ നായർ നിർമ്മിച്ച് എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത നീലസാരിയാണ് ആദ്യ സിനിമ. ഇവളൊരു നാടോടി, കെ.ആർ.മോഹനൻ സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രമായ അശ്വത്ഥാമാവ്, സി.പി.പത്മകുമാർ എന്ന പപ്പേട്ടൻ്റെ അപർണ എന്നീ ചിത്രങ്ങളിൽ 76 മുതൽ 81 വരെ കാലങ്ങളിൽ അഭിനയിച്ചു.കുടുംബ സ്വത്തായി ലഭിച്ച അശോക തിയേറ്റർ ഏറെക്കാലം നഷ്ടം സഹിച്ചും നടത്തിക്കൊണ്ട് പോയതും സിനിമയോടുള്ള അഭിനിവേശം കൊണ്ടുതന്നെ. നഷ്ടം താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് തിയേറ്റർ വിറ്റത്.

ബാലകൃഷ്ണപിള്ളയുടെ സംഭവബഹുലമായ ജീവിതം പകർത്തുന്ന രണ്ട് ഡോക്യുമെൻ്ററികൾ തൻ്റെ ആദ്യ സംവിധാന സംരംഭമായിരിക്കുമെന്ന് കഴിഞ്ഞകൊല്ലമാണ് ഗണേഷ് കുമാർ അനൗൺസ് ചെയ്തത്.മന്നത്തുപത്മനാഭൻ്റെ ശിഷ്യനായി തുടങ്ങിയ ആറര പതിറ്റാണ്ട് കാലത്തെ വിഷയങ്ങളായിരുന്നു ചിത്രീകരിക്കാനിരുന്നത്.നിർഭാഗ്യവശാൽ കോവിഡും, ലോക്ഡൗണും കാരണം മകൻ്റെ സംവിധായക സ്വപ്നം പൂവണിയുന്നത് കാണാൻ കാത്തുനിൽക്കാതെയാണ് അച്ഛൻ്റെ വിടവാങ്ങൽ.”പ്രിസണർ 5990 “ബാലകൃഷ്ണപിള്ളയുടെ ആത്മകഥയാണ്.

ഇതിൻ്റെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ഗണേഷിൻ്റെ ചിത്രങ്ങൾപോലും തിയേറ്ററിൽ പോയി കണ്ടിട്ടില്ലാത്ത ബാലകൃഷ്ണപിള്ള 36 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററിലിരുന്ന കണ്ട ചിത്രമാണ് പുലിമുരുകൻ.
🌷ആർ.ബാലകൃഷ്ണപിള്ളയ്ക്ക് പ്രണാമം🌷