കീഴ് വെൺമണി എന്നത് 44 പേരെ ചുട്ടെരിച്ച തമിഴ്നാട്ടിലെ ഒരു ഗ്രാമം, കത്തിക്കരിഞ്ഞവർ എല്ലാവരും ദളിതരായിരുന്നു

0
181

Chandraprakash SS.

കീഴ് വെൺമണി കൂട്ടക്കൊല

കീഴ് വെൺമണി എന്നത് 44 പേരെ ചുട്ടെരിച്ച തമിഴ്നാട്ടിലെ ഒരു ഗ്രാമം.കത്തിക്കരിഞ്ഞവർ എല്ലാവരും ദളിതരായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായി കീഴ് വെൺമണി കൂട്ടക്കൊലയെ വിശേഷിപ്പിക്കുന്നു. 1968 ഡിസംബർ 25 സമയം രാത്രി 10 മണിയോടടുക്കുന്നു. ലോകമാകെ ക്രിസ്തുമസ്സ് ആഘോഷം. ഒരു പടി അഥവ 600 ഗ്രാം നെല്ല് അധികകൂലിയായി ചോദിച്ചതിന് ജന്മിമാരുടെ കൂട്ടക്കുരുതിക്ക് ഇരയായ കുറെ പാവങ്ങൾ.

50 Years Later, the Shadow of Keezhvenmani Continues to Hover Over ...തമിഴ്നാട് നാഗപട്ടണം ജില്ലയിലാണ് കീഴ് വെൺമണി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് ജില്ലാ കേന്ദ്രത്തിൽ നിന്ന് 25 കി.മീറ്റർ ദൂരം സഞ്ചരിച്ചാൽ കീഴ് വെൺമണിയിലെത്താം. പഴയ തഞ്ചാവൂരിലാണ് കീഴ് വെൺമണി.തമിഴ്നാടിന്റെ നെല്ലറയായ തഞ്ചാവൂരിലാകെ സി പി ഐ (എം) നേതൃത്വത്തിൽ കർഷക തൊഴിലാളികൾ. മാന്യമായ ജീവിതത്തിനും കൂലി കൂടുതലിനും വേണ്ടി സമര രംഗത്തിറങ്ങിയ കാലം. തീർത്തും ദയനീയമായ അവസ്ഥയിൽ കഴിയുന്ന തൊഴിലാളികൾ സ്വന്തമായി ഭൂമിയില്ലാത്ത കൂരകളിൽ താമസിക്കുന്ന ദളിതർ.
ആയിരക്കണക്കിന് ഏക്കർഭൂമി സ്വന്തമായുള്ള ജന്മിമാർ.എന്തിനും ഏതിനും അധികാരമുള്ള പണ്ണയാർമാർ.യാതൊരു സ്വാതന്ത്യവുമില്ലാത്ത അടിമത്തൊഴിലാളികൾ.പ്രഭാതം മുതൽ പ്രദോഷം വരെ ജോലി ചെയ്യണം. പഴങ്കഞ്ഞിയുംആഴ്ചയിലൊരിക്കൽ തുച്ഛമായ കൂലിയുമായിരുന്നു വേതനം. രോഗമാണെങ്കിലും ജോലി ചെയ്യണം.

Fifty Years of Keezhvenmani Massacre, in Literature and Filmഇല്ലെങ്കിൽ ചാട്ടവാറടിയുൾപ്പടെ കടുത്ത ശിക്ഷ. ജന്മിയുടെ അനുമതിയുണ്ടങ്കിലേ വിവാഹം പോലും കഴിക്കാനാവൂ.വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടിരുന്ന കുറെ ജന്മങ്ങൾ.1943 മുതലേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്ത്വത്തിൽ ഇവിടെ കർഷക തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രവർത്തനം നടന്നിരുന്നുവെങ്കിലും മദ്രാസിലെ കോൺഗ്രസ്സ് സർക്കാർ യൂണിയൻ പ്രവർത്തനം നിരോധി ക്കുകയായിരുന്നു.തൊഴിലാളികൾക്കെതിരെ കള്ളക്കേസും മർദ്ദനവും പതിവായി. നിരവധി പേർ കൊല്ലപ്പെട്ടു.
ആഢ്യബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മണിയമ്മ എന്നൊരു തൊഴിലാളിനേതാവിനെ ചർച്ചയ്ക്ക് ക്ഷണിച്ച ജന്മിമാർ അവർക്ക് നേരെ കാളകൂററനെ കെട്ടഴിച്ചുവിട്ടു. കാളയുടെ കുത്തേറ്റ് മണിയമ്മ മരിച്ച സംഭവം വരെ അക്കാലത്തുണ്ടായി. അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിൽ കോൺഗ്രസ്സ് സഹയാത്രികനും ജന്മിയും സവർണ സമുദായക്കാരനുമായ ഗോപാലകൃഷ്ണനായിഡു എന്നൊരു ജന്മിയുടെ നേതൃത്വത്തിൽ തൊഴിലാളികളെ നേരിടാൻ ഒരു സംഘം രൂപീകരിച്ചു.

പോലീസിന്റെ സർവ്വത്ര പിന്തുണയോടെയും സഹായത്തോടെയും തൊഴിലാളികൾക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുക എന്നതായിരുന്നു സംഘടനയുടെ ജോലി.ഇതിനവർക്ക് യഥേഷ്ടം ഗൂണ്ടകളുടെ സഹായവും പോലീസിന്റെ സേവനവും ലഭിച്ചിരുന്നു.
കൂലി കൂടുതൽ വേണമെങ്കിൽ കീഴ് വെൺമണിയിൽ തൊഴിലാളികൾ നാട്ടിയ കൊടികൾ അഴിച്ചു മാറ്റണമെന്ന ഒരു ആവശ്യം
സംഘടനയും ഗൂണ്ടകളും മുന്നോട്ടുവച്ചു. തൊഴിലാളികൾ ഈ ആവശ്യം തള്ളി.

പുറത്തു നിന്നുള്ള തൊഴിലാളികളെ ഇറക്കി പണിയെടുക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു.തുടർന്ന് 1968 ഡിസംബർ 25 രാത്രി 10 മണിയോടുകൂടി ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തിൽ കള്ളേതോക്കും വാളുകളും ധരിച്ച ഗൂണ്ടകൾ ഗ്രാമം വളഞ്ഞു. പോലീസ് വാനിലാണ് ഇവരെല്ലാവരും ഗ്രാമത്തിലെത്തിയത്.ഗ്രാമത്തിലെ പുരുഷന്മാർ അന്നേരം സമരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വീടിന് പുറത്തായിരുന്നു. ഈ അവസരം മുതലെടുത്താണ് ജന്മിമാരുടെ നേതൃത്ത്വത്തിൽ ഗൂണ്ടകളെത്തിയത്.
ഗ്രാമം തന്നെ കത്തിക്കാനാവശ്യമായ എല്ലാ കരുതലോടും സന്നാഹത്തോടും അവർ പാവങ്ങളെ തേടിയെത്തി. കള്ളത്തോക്കുകളും മാരകായുധങ്ങളും ഇവർ കരുതിയിരുന്നു.നിരായുധരായ തൊഴിലാളികൾ പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞു.

എന്നാൽ അവർക്ക് ചുറ്റും 150 നോടടുപ്പിച്ച് അക്രമികൾ വലയം തീർത്തിരുന്നു. രക്ഷപ്പെടാനുള്ള ഒരു പഴുതും അവശേഷിച്ചിരുന്നില്ല. ഒട്ടുമുക്കാൽപ്പേരും രാമയ്യൻ എന്ന അവരുടെ പ്രാദേശിക തൊഴിലാളി നേതാവിന്റെ കൊച്ച് കുടിലിൽ അഭയം പ്രാപിച്ചു.
രാമയ്യന്റെ കുടിലിനും ആൾക്കാരുണ്ടായിരുന്ന മറ്റു കുടിലുകൾക്ക് നേരേയുംഗൂണ്ടകൾ നായിഡുവിന്റെ നേതൃത്ത്വത്തിൽ തീയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾ ഉൾപ്പെടെ 4 പേരെ തീയിലേക്ക് വീണ്ടും വലിച്ചെറിഞ്ഞു.44 പേർ മൃഗീയമായി കൊല്ലപ്പെട്ടു.
20 സ്ത്രീകൾ, 19 കുട്ടികൾ, 5 പുരുഷന്മാർ നിമിഷ നേരം കൊണ്ട് വെന്ത് വെണ്ണീറായി.ഒട്ടുമിക്ക പേരുടേയും കറുത്ത് കരുവാളിച്ച അസ്ഥികൾ മാത്രം അവശേഷിച്ചു.

കുഞ്ഞുങ്ങൾ ചാമ്പലായി.നായിഡുവും സിൽബന്തികളും ദളിതരുടേയും തൊഴിലാളികളുടേയും പ്രത്യാക്രമണം ഭയന്ന് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു.സി.എൻ. അണ്ണാദുരൈയാണ് അന്ന് മുഖ്യമന്ത്രി.എം.കരുണാനിധി പൊതുമരാമത്ത് മന്ത്രിയും.
സംഘർഷ സാധ്യത പോലീസിന് നന്നായി അറിയാമായിരുന്നു. സമരക്കാർ നേരത്തെതന്നെ അക്രമം നടക്കുമെന്ന വിവരം അറിയിച്ചിട്ടും അവിടെ പോലീസിനെ വിന്യസിക്കാനോ ദളിതർക്ക് സംരക്ഷണം നൽകാനോ ഭരണകൂടം തയ്യാറായില്ല.ദുരന്തത്തിന് ശേഷവും കാര്യമായ ഒരു നടപടിയും ഭരണകൂടം സ്വീകരിച്ചില്ല. തുടർ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കേസ്സായി. അതും നിസ്സാരവകുപ്പുകൾ ചുമത്തി.
1970 ൽ നായിഡു ഉൾപ്പടെയുള്ള 10 പേർക്ക് വെറും 10 വർഷത്തെ തടവുശിക്ഷയാണ് ജില്ലാക്കോടതി വിധിച്ചത്.പ്രതികൾ ജയിലിലായി.

എന്നാൽ പ്രോസിക്ക്യൂഷൻ പഴുതുകൾ മുതലെടുത്ത് നായിഡുവും മറ്റ് ഒൻപതുപേരും കുറ്റവിമുക്തരായി.1975 ൽ മദ്രാസ് ഹൈക്കോടതി പ്രതികളെ മുഴുവൻ വെറുതെ വിടുന്ന ഞെട്ടിപ്പിക്കുന്ന വിധി പുറപ്പെടുവിച്ചു.നായിഡുവിന് ഇരുപത്തിനാല് മണിക്കൂറും പോലീസ് കാവൽ ഉണ്ടായിട്ടും 1980 ൽ നായിഡുവിനെ എതിർചേരിക്കാർ വധിച്ചു.അനിവാര്യമായ കൊലഎന്ന് വേണമെങ്കിൽ പറയാം.
കീഴ്‌വെൺമണി സംഭവത്തിനു ശേഷം സമഗ്രമല്ലെങ്കിലും ഭൂപരിഷ്ക്കരണ നിയമം സർക്കാരിന് നടപ്പിലാക്കേണ്ടി വന്നു.
മിച്ചഭൂമി തൊഴിലാളികൾക്ക് പതിച്ചുനൽകി.പെരിയാർ ഇ.വി.രാമസ്വാമിനായ്ക്കർ സംഭവം അപലപിക്കുമെന്നും കൂട്ടക്കൊലയ്ക്കതിരെ രംഗത്തുവരുമെന്നും സാധാരണക്കാർ വിശ്വസിച്ചു.

എന്നാൽ സംഭവം നടന്ന് ഒരു മാസത്തിന് ശേഷം സമരക്കാരെ കുറ്റപ്പെടുത്താനും രക്തസാക്ഷി കുടുംബങ്ങളെ തള്ളിപ്പറയാനുമാണ് പെരിയോർ തയ്യാറായത്.ഈ നിലപാട് പെരിയോറിന്റെ സാമൂഹ്യ ഇച്ഛാശക്തിക്കു മേൽ കരിനിഴൽ പടർത്തി.സിനിമകളും നോവലുകളും നിരവധി ഡോക്കുമെന്ററികളും ഈ സംഭവവുമായി ബന്ധപ്പെട്ടുണ്ടായി.മീന കന്തസ്വാമിയും ഈ വിഷയവുമായി ബന്ധപ്പെടുത്തി ഒരു നോവൽ രചിച്ചിട്ടുണ്ട്.വെട്രിമാരന്റെ സംവിധാനത്തിൽ ധനുഷും, മഞ്ജുവാര്യരും,പ്രകാശ് രാജും അഭിനയിച്ച അസുരൻ എന്ന സിനിമയുടെ ത്രെഡും ഈ സംഭവമാണ്.

രാമയ്യന്റെ കുടിൽ നിന്നിടം ഇന്നൊരു രക്തസാക്ഷിമണ്ഡപമാണ് വർഷാവർഷം ഇവിടെ വിപുലമായ രക്തസാക്ഷി ആചരണം നടക്കുന്നു.
ജ്യോതിബസുവാണ് രക്തസാക്ഷി മണ്ഡപത്തിന് അന്ന് തറക്കല്ലിട്ടത്.പ്രധാനദിവസങ്ങളിൽ ഇവിടേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാകും. രക്തസാക്ഷി മണ്ഡപത്തിന് തൊട്ടടുത്ത് തന്നെ 44 രക്തസാക്ഷികളേയും സ്മരിക്കുന്ന പ്രത്യേകം മാതൃകാമണ്ഡപവുമുണ്ട്.
സന്ദർശകർ ചുവന്ന തുണിയിൽ നെല്ല് പൊതിഞ്ഞ് ഇരുമുടിക്കെട്ട് രൂപത്തിൽ കൊണ്ടുവന്ന് സമർപ്പിക്കും. പുഷ്പങ്ങൾ അർപ്പിക്കുന്നതിന് പകരം നെല്ലാണ് ഇവിടെ സമർപ്പണത്തിനായി കൊണ്ടുവരുന്നത്. വർഷങ്ങളായി ഇതൊരാചാരം പോലെ തുടരുന്നു.
ഒരു പിടി നെല്ലിന് വേണ്ടിയായിരുന്നല്ലോ 44 ജീവനുകൾ കരിക്കട്ടയായത്..! ചരിത്രാന്വേഷണവും ഓർമ്മപ്പെടുത്തലുംചിലപ്പോഴൊക്കെ ഒരു മുറിവിൽ മുളകരച്ച് പുരട്ടിയ അനുഭവങ്ങളാകും. മറക്കാനാവാത്ത ഒരു പോരാട്ട ഭൂമിയാണ് കീഴ് വെൺമണി.