ചന്ദ്രശേഖർ ആസാദിനെ ക്രൂരപീഡനത്തിനു വിധേയമാക്കി എന്ന വാർത്ത ജിഗ്നേഷ് മേവാനി ട്വിറ്റ് ചെയ്തിരിക്കുകയാണ്

912

കെ.കെ ബാബുരാജ് 

ചന്ദ്രശേഖർ ആസാദിനെ ക്രൂരപീഡനത്തിനു വിധേയമാക്കി എന്ന വാർത്ത ജിഗ്നേഷ് മേവാനി ട്വിറ്റ് ചെയ്തിരിക്കുകയാണ് .

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യയിലെ നിരവധി ദേശീയ നേതാക്കൾ അറസ്റ്റിലായി .അവരെയെല്ലാം വിട്ടയച്ചപ്പോൾ ചന്ദ്രശേഖർ ആസാദിനെ ഡെൽഹി കോടതി വിവേചനപൂർവം പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു .തന്റെ പ്രവർത്തകരോട് സമാധാനപരമായി പ്രതിഷേധം തുടരാനും ,ജുമാ മസ്‌ജിത് കേന്ദ്രീകരിച്ചുള്ള പോലീസ് നടപടികളിലൂടെ ഉണ്ടാവാൻ സാധ്യതയുള്ള രക്തച്ചൊരിച്ചിൽ ഒഴിവാക്കിയും ,ഉയർന്ന ഒരു ബഹുജന നേതാവിന്റെ ഉത്തരവാദിത്വമാണ് അദ്ദേഹം പുലർത്തിയത് .എന്നിട്ടും ഡെൽഹി പോലീസും കോടതിയും അദ്ദേഹത്തോട് കാണിക്കുന്നത് വംശീയ പകയല്ലാതെ മറ്റൊന്നുമല്ല .

ഇന്ത്യയിലെ ഇടതോ വലതോ ലിബറലോ ആയ ബഹുജന നേതാക്കളിലാരും അദ്ദേഹത്തെപ്പോലെ നിരപേക്ഷമായ സാഹോദര്യം മുസ്ലീം അപരത്വത്തോട് കാണിച്ചിട്ടില്ല .അവരെല്ലാവരും മതനിരപേക്ഷതക്കും ദേശത്തിന്റെ ഐക്യത്തിനും വേണ്ടി നിലകൊള്ളുമ്പോളും ,ഹിന്ദുത്വത്തിന്റെ അധികാര പ്രവേശനത്തിന് കാരണമായ ഹൈന്ദവവത്കരണം എന്ന പ്രതിഭാസത്തെ കാര്യമായി അഭിമുഖീകരിച്ചിട്ടില്ലെന്നതാണ് വസ്തുത .ചന്ദ്രശേഖർ ആസാദിനെ പോലുള്ള പുതുകാല ദലിത് ബഹുജൻ നേതൃത്വങ്ങൾ ഇത്തരം പ്രശ്ന മണ്ഡലങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു എന്നതാണ് വ്യവസ്ഥാപിത രാഷ്ട്രീയത്തെ പ്രകോപിപ്പിക്കുന്നത് .

ഡെൽഹി പോലീസിനെ വിളറിപിടിപ്പിച്ചു എന്നതല്ല അദ്ദേഹം ചെയ്ത കുറ്റം .മറിച്ചു ഹിന്ദുത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരണമായ അവർണ്ണ -സവർണ്ണ വിഭജനമില്ലാത്ത ഹൈന്ദവ സാഹോദര്യം എന്ന വലിയ നുണയെ അംബേദ്കറൈറ്റ്‌ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പൊളിച്ചു കൊണ്ട് മുസ്ലീം അപരവത്കരണത്തെ നിഷേധിച്ചു എന്നതാണ് .മുസ്ലീം ജനതയോട് ഏതു പക്ഷത്തുനിന്നു കൊണ്ടായാലും സാഹോദര്യം പുലർത്തിയാൽ അവർക്കു ഹിന്ദു ഇന്ത്യകൊടുക്കുന്നത് തമസ്കരണവും അപവാദപ്രചാരണവും പീഡനങ്ങളും രക്ത സാക്ഷിത്വവും ആയിരിക്കുമെന്ന്‌ ഇതേപോലുള്ള മർദ്ദനങ്ങൾ ഓർമ്മപ്പെടുത്തുന്നു .

ദലിത് -ന്യൂനപക്ഷ -സ്ത്രീവാദ പ്രസ്ഥാനങ്ങളും സിവിൽ സമുദായ മൂവ്‌മെന്റുകളും ചന്ദ്രശേഖർ ആസാദിന്റെ മേലുള്ള പീഡനത്തിനും അന്യായമായ തടങ്കലിനും എതിരെ രംഗത്ത് വരേണ്ടതുണ്ട് .കേന്ദ്രമന്ത്രി സഭയിലെ രാംദാസ് അതാവാലെ പോലുള്ളവർ ദലിത് രാഷ്ട്രീയത്തിലൂടെ വന്നു ഹിന്ദുത്വ ഭരണത്തിൽ പങ്കാളികളായവരാണ്.ഇവർക്കും ചന്ദ്രശേഖരർ ആസാദിന്റെ കാര്യത്തിലും യു .പി യിലെ മുസ്ലീം വംശഹത്യകൾക്കുമെതിരെയും ശബ്‌ദിക്കാൻ ബാധ്യതയുണ്ട് .