മാധ്യമങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ വിസ്മരിക്കരുത്

606

mediaവാദിക്കാനും ജയിക്കാനും വിദഗ്ദനായ ഒരഭിഭാഷകന്‍റെ സഹായമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും എന്തും ചെയ്യാമെന്നൊരു പ്രയോഗം ഒരുകാലത്ത് മലയാളക്കരയിലും വ്യാപകമായിരുന്നു. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞുകടന്നു. നേരത്തെ പറഞ്ഞ പ്രയോഗത്തിന് ആകെക്കൂടെ ഒരുമാറ്റം സംഭവിച്ചതായി സമകാലീന സംഭവങ്ങളുടെ സാക്ഷ്യം നമുക്ക് വ്യക്തമാക്കിതരുന്നു. നവമാധ്യമങ്ങള്‍ ഒരു പ്രമുഖനായ അഭിഭാഷകന്‍റെ റോള്‍ ഏറ്റെടുത്തുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതെ ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ആനുകാലിക മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരഭിഭാഷകന്റെ, അതിനുമുകളില്‍ നീതിമാനായ ഒരു ന്യായാധിപന്റെ സാന്നിധ്യവും ഉത്തരവാദിത്തവുമാണ് വഹിക്കാനുള്ളത്.

ജനാധിപത്യത്തിന്റെ കാവല്‍മാലാഖയെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഊണും ഉറക്കവുമിളച്ച് സമൂഹത്തിന്‍റെ നന്മകള്‍ക്കായിമാത്രം കാതോര്‍ത്തുകഴിയുന്ന കാര്യക്ഷമതയുള്ള ഒരു രക്ഷകന്‍റെ റോളാണ് കഴിഞ്ഞകാലങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വഹിച്ചുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നമ്മുടെ ദേശീയനേതാക്കളാല്‍ നയിക്കപ്പെട്ട ഒട്ടുമിക്ക അച്ചടി മാധ്യമങ്ങള്‍ക്കും ഈ കാവല്‍ മാലാഖയില്‍ കുറഞ്ഞൊരു ദൌത്യമേ നിര്‍വ്വഹിക്കാനുണ്ടായിരുന്നില്ല. അതിന്നാല്‍ ഒരുനല്ല ലക്ഷണമൊത്ത കലാലയത്തിലെ ഗുരുനാഥന്റെ ദൌത്യത്തിനു സമാനമായിരുന്നു ഇന്ത്യന്‍ സമര ഭൂമികയിലെ മുഖ്യദേശീയ മാധ്യമങ്ങള്‍.

നമ്മുടെ രാഷ്ട്രപിതാവ്‌ മഹാത്മജിയുടെ ജീവിതം പരിശോദിച്ചാല്‍, അടിസ്ഥാനപരമായി അദ്ദേഹം ഒരഭിഭാഷകന്റെ കുപ്പായവും നിരവധി അച്ചടി മാധ്യമങ്ങള്‍ സ്വന്തം ഉടമസ്ഥതയില്‍ നയിച്ചിരുന്ന ഒരുമുഖ്യ പത്രപ്രവര്‍ത്തകന്‍ കൂടി ആയിരുന്നു. ഇന്ത്യക്ക് പരമാധികാരമായി സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്നും ബ്രിട്ടീഷ് അടിമത്വത്തില്‍നിന്നുമുള്ള ശാശ്വതമായ മോചനമാണ് ഓരോ ഭാരതീയന്റെയും അഭിലാഷമെന്നും തന്റെ തൂലികയിലൂടെ “ഹരിജന്‍” ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ ബിട്ടീഷ് സിംഹാസനത്തിനെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വന്തമായി പത്രങ്ങളുടെ ഉടമസ്ഥന്‍ എന്നനിലയിലും പ്രാവര്‍ത്തിക പരിചയം ഉണ്ടായിരുന്ന മാഹാത്മജി, ഒരു ഇന്‍ടസ്ട്രി എന്നനിലയില്‍ ഒരു മാധ്യമ സ്ഥാപനത്തിന്‍റെ നിലനില്‍പ്പും അതിന്‍റെ അനുദിന നടത്തിപ്പും, അതിന്റെ ദൈനംദിന ആവശ്യങ്ങളും സാമ്പത്തിക പരിമിതികളും കൂലങ്കഷമായിതന്നെ ഗ്രഹിച്ചിരുന്നുവെന്ന്‍ ഗാന്ധിജിയുടെ സുവ്യക്ത്യമായ പല നിലപാടുകളില്‍നിന്നും നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നുണ്ട്.

സ്വന്തന്ത്രമായ മാധ്യമ പ്രവര്ത്തനത്തിന് ആരുടെയും സമ്മര്‍ദ്ദങ്ങളില്ലാത്ത പ്രവര്‍ത്ത സാഹചര്യം അനിവാര്യമാണന്ന്‍ ഗാന്ധിജി സുവ്യക്ത്യമായി ഗ്രഹിച്ചിരുന്നു. ഇക്കാരണത്താല്‍ ഗാന്ധിജിയാല്‍ നയിക്കപ്പെട്ട പത്രമാധ്യമങ്ങളൊന്നും വമ്പന്‍ ബിസിനസ്സ് മുതലാളിമാരുടെ പരസ്യങ്ങള്‍ സ്വീകരിച്ചിരുന്നില്ല. പരസ്യങ്ങള്‍ സ്വീകരിക്കാന് തുടങ്ങുന്നതോടെ സമ്പത്തിന്റെ ഉറവിടങ്ങളായ ഇത്തരം കൂറ്റന്‍ ബിസിനസ്സുകാരുടെ താല്‍പ്പര്യങ്ങള്‍കൂടി സംരക്ഷിക്കാന്‍ താനും തന്റെ മാധ്യമങ്ങളും നിര്‍ബന്ധിതരാകുമെന്നായിരുന്നു ഗാന്ധിയുടെ ഉള്‍ക്കാഴ്ച.

അത്യാധുനിക മാധ്യമങ്ങള്‍ മുഖ്യനിലനില്‍പ്പായി കുത്തക പരസ്യമുതലാളിമാരുടെ പിന്നാലെ അരയും തലയും മുറുക്കി ജീവന്‍ പണയംവെച്ച് പാഞ്ഞുകൊണ്ടിരിക്കുന്ന ഈ വിശേഷയുഗത്തില്‍ ഇത്തരം ചിന്തകള്‍ക്ക് വല്ലപ്രസക്തിയും ഉണ്ടോ എന്ന്‍ ചിന്തക്കുന്നുവര്‍ ഒട്ടും കുറവല്ലായെന്ന്‍ എല്ലാവരും സമ്മതിക്കും. ജനാധിപത്യത്തിന്റെ മുഖ്യ കാവല്‍മാലഖയായ മാധ്യമങ്ങള്‍ ഒരിക്കലും ഒരിടത്തും ആരുടെയും അടിമയായി വര്‍ത്തിക്കാതെ കൃത്യമായ ദൌത്വബോധത്തോടെ പെരുമാറണമെന്ന ഗാന്ധിയന്‍ ചിന്തയെ പുനര്‍ജനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം വിക്ഷണങ്ങള്‍ എന്നും വിലമതിക്കാനാവാത്തത് തന്നെയാണ്.

ബ്രിട്ടീഷ് സിംഹാസനത്തിനെ വിറവിറപ്പിച്ചവരും സ്വാതന്ത്ര്യ രണഭൂമിയിലെ നമ്മുടെ രാഷ്ട്ര നേതാക്കന്മാരില്‍ ബഹുഭൂരിപക്ഷവും മാധ്യമ സ്ഥാപനത്തിന്‍റെ ഉടമകളും പത്ര പ്രവര്‍ത്തകരുമായിരുന്നു. സമരത്തിനും പ്രക്ഷോഭങ്ങള്‍ക്കും ബഹിഷ്കരണത്തിനുമൊപ്പം ബ്രിട്ടീഷ് അടിമത്വത്തില്‍നിന്നുമുള്ള ശാശ്വതമായ വിമോചമെന്ന ലക്ഷ്യവും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായ വെള്ളക്കാരെ ബോധ്യപ്പെടുത്താന്‍ ഈ വിപ്ളവകാരികള്‍ക്ക് അവരുടെ മീഡിയകളിലൂടെ സാധിച്ചു. പ്രലോഭനങ്ങള്‍ക്ക് വിധേയരാകാത്ത നാണയത്തുട്ടുകള്‍ക്കുമുന്നില്‍ ഓശ്ചാനിച്ചുനില്‍ക്കാത്ത അധികാരികളുടെ താല്‍പ്പര്യ സംരക്ഷകരായി അവര്‍ക്ക് പാദസേവ ചെയ്യാന്‍ തുനിയാത്ത മഹാമനീഷികളായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരരംഗത്തെ സമരഭടന്മാരുടെ കറയറ്റ താല്‍പ്പര്യവും ആവശ്യകതകളും അവരുടെ തൂലികകളിലൂടെ തിരിച്ചറിയാന്‍ ബ്രിട്ടനും സഖ്യകക്ഷികള്‍ക്കും തടസ്സമുണ്ടായില്ല.

ഇന്ത്യയില്‍ പത്രപ്രവര്‍ത്തന മാരണ നിയമങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതുതന്നെ മറുപടി നഷ്ടപ്പെട്ട നാടുവാഴികളുടെയും പ്രഭുക്കന്മാരുടെയും സ്വകാര്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. പത്രമാധ്യമംഗള്‍ അതിന്‍റെ ദൌത്യം വിസ്മരിക്കാതെ ആരുടെയും താല്‍പ്പര്യ സംരക്ഷകരാകാതെ അതിന്റെമാത്രം വീധിയില്‍ മുന്നോട്ടുനിങ്ങിയാല്‍ ഭൂമികയിലെ പല ചീട്ടുകൊട്ടാരങ്ങളും തകര്‍ന്നു തരിപ്പണ മാകുമെന്നതിന്റെ മുഖ്യ തെളിവായിരുന്നു ഈ മാരണ നിയമങ്ങള്‍.

പത്രപ്രവര്‍ത്തകര്‍ക്ക് കേരള ചരിത്രത്തിലാധ്യമായി ഒരു സ്വഭാവശാസ്ത്രം വരികളായി രേഖപ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും അദ്ദേഹത്തെ മുഖ്യപത്രാധിപരായി ഉയര്‍ത്തിക്കൊണ്ടുവന്ന വക്കം അബ്ദുല്‍ഖാദര്‍ മൌലവിയെയും ഇത്തരണത്തില്‍ തീരെത്തന്നെ വിസ്മരിക്കാനാവില്ല. പത്രപ്രവര്‍ത്തകര്‍ ഉണ്ടാകേണ്ടുന്ന മൂല്യവത്തായ ഗുണഗണങ്ങള്‍ രാമകൃഷ്ണപിള്ള കൃത്യമായി നിവചിച്ചു. സമൂഹത്തിന്‍റെ ദുസ്സ്വാധീനത്തിനു വഴങ്ങി ചെരിപ്പിനനുസരിച്ച് കാലുമുറിക്കേണ്ടവരല്ല പത്രക്കാരെന്ന്‍ അദ്ദേഹം ഉപദേശിച്ചു. പത്രപ്രവര്‍ത്തകന്‍ പൊതുകവലകളില്‍ സാധാരണക്കാര്‍ക്കൊപ്പം ഒന്നിച്ചുകൂടുന്നതിനെയും പോതുജനങ്ങള്‍ ഒന്നിക്കുന്ന ചായപ്പീടികയില്‍നിന്നും പരസ്യമായി ചായകുടിക്കുന്നതിനെയും സൌജന്യമായി സ്വീകരിക്കുന്ന മുറുക്കാന്‍, ബീഡി മുതലായവ ഉപയോഗിക്കുന്നതുപോലും രാമകൃഷ്ണപിള്ളയുടെ അന്നത്തെ ഭാഷയില്‍ നിഷിദ്ധമായിരുന്നു. മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തമെന്ന ഒരുമാര്‍ഗ്ഗരേഖ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കാനായത് സ്വദേശാഭിമാനി പത്രാധിപരായിരുന്ന ശ്രീമാന്‍ രാമകൃഷ്ണപിള്ളയുടെ കാലത്താണ്. അദ്ദേഹത്തെ പത്രാധിപരായി നിയോഗിച്ച വക്കംമൌലവിയും ഈ മാര്‍ഗ്ഗത്തില്‍നിന്നും ഒട്ടുംവ്യതിചലിക്കാന്‍ തയ്യാറായിരുന്നില്ല.

തിരുവിതാംകൂര്‍ ദിവാന്‍ജി രാജഗോപാലാചാരിയുടെ വൈകൃതങ്ങളെ നിശിതമായ ഭാഷയില്‍ തുറന്നുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്തു അദ്ദേഹം.”നിഷ്കൌപീനനായി പാവുമുണ്ടും ബനിയനും ധരിച്ചുകൊണ്ടുള്ള” ദിവാന്റെ പരസ്യമായ പ്രത്യക്ഷപ്പെടലുകളും “കൊട്ടക്കകം പെണ്‍പാഠശാലക്കെട്ടിടത്തിന്‍റെ മുകള്‍ത്തട്ടില്‍ ദിവാന്‍ജി അഭിനയിച്ച പേകൂത്തുകളും..” സ്വദേശാഭിമാനിയുടെ നിശിതമായ വിമര്‍ശനത്തിന് ഇരയായി. അവസാനം പത്രസ്ഥാപനവും സാമഗ്രികളും സര്‍ക്കാര്‍ ജപ്തിചെയ്തു. പത്രാധിപരെ തിരുവിതാംകൂര്‍ ദേശത്തുനിന്നും പൊലീസിന്റെ ജട്ക്ക വണ്ടിയില്‍ കയറ്റി നാടുകടത്തി വിടുകയും ചെയ്തസംഭവം അഭിമാനത്തോടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള അനുസ്മരിച്ചുവരുന്നത്.

ഭയകൌടില്ല്യ ലോഭങ്ങള്‍…. വളര്‍ക്കില്ലൊരു നാടിനെ.. യെന്ന നിലപാടില്‍ ഉറച്ചുനിന്ന രാമകൃഷ്ണപിള്ളക്കും സ്ഥാപനത്തിന്‍റെ മുഖ്യകാര്യദര്‍ശി വക്കം അബ്ദുള്‍ഖാദര്‍ മൌലവിക്കും ഇതിന്റെപേരില്‍ സഹിക്കേണ്ടിവന്ന പരീക്ഷണങ്ങള്‍ ഒരുവേള അനുസ്മരിക്കാന്‍ തയ്യാറാക്കുന്നപക്ഷം സമകാലീന മലയാളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തന രംഗത്ത് ഒരുപുതിയ അധ്യായത്തിന് തുടക്കമിടാനാകുമെന്ന്‍ നമുക്ക് പ്രതീക്ഷിക്കാം.