ഗ്രൂപ്പായ ഗ്രൂപ്പുകളിലൊക്കെ 2018 കത്തിക്കയറിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഇന്ന് മറ്റൊരു ‘വെറൈറ്റി’ സിനിമയേ പറ്റി പറയാം…

Chanthu S D

ഈ സിനിമ തുടങ്ങുമ്പോ തൊട്ട് ഗംഭീര ബിൽഡപ്പാണ്, പേരും പ്രതാപവും ഒക്കെ കാണുമ്പോ തന്നെ നമുക്ക് “ചോര തിളയ്ക്കും ഞരമ്പുകളിൽ,” പക്ഷെ കുറച്ചു കഴിയുമ്പോ ജഗതി ചേട്ടൻ പറഞ്ഞ പോലെ, “അല്ലെങ്കിൽ വേണ്ടാ നാളെയാവട്ടെ” എന്നും പറഞ്ഞു ആ ബലൂണിന്റെ കാറ്റ് അങ്ങൂരി വിടും, അതുവരെ സിനിമ കണ്ടിരുന്ന നമ്മടെ കിളികൾ ഒന്ന് രണ്ടെണ്ണം ആ കാറ്റിൽ പാറിപ്പോവും. പക്ഷെ അതിലൊന്നും പതറരുത്, തളരരുത്, കുറച്ചു കൂടെ ക്ഷമ കാണിച്ചാൽ, ഒരു വിത്ത് പാകാൻ വേണ്ടി ആറടി നീളത്തിൽ അഞ്ചടി വീതിയിൽ ഒരു കുഴി വെട്ടി വിത്തിട്ടിട്ട് ഇനിയെന്ത് ചെയ്യും എന്ന മട്ടിൽ നമ്മൾ ഇരിക്കുന്നൊരു സ്ഥിതിവിശേഷം സംജാതമാകും, അപ്പോഴേക്കും സിനിമ തീരുകയും ചെയ്യും…

സിനിമ തുടങ്ങുമ്പോ ദാണ്ടേ നമ്മടെ മിന്നൽ മുരളിയിലെ ഷിബു അണ്ണൻ പോലീസ് യൂണിഫോം ഇട്ടു വന്നു നിക്കുന്നു, മാവോയിസ്റ്റ് എന്ന് പറഞ്ഞ് ആരെയും വിറപ്പിക്കാം എന്നാണ് അണ്ണന്റെയൊരിത്, മിന്നൽ മുരളിയിലെ പെവർ ഇപ്പോഴും ഉള്ളോണ്ടായിരിക്കാം ഏതാണ്ട് നൂറു കിലോ വരുന്നൊരു പാവത്തിനെ ഒരൊറ്റ അടികൊണ്ടു താഴെയിടും, അതോ ഇനിയാ ഗെഡി ഇതൊക്കെ കണ്ടു പേടിച്ച് വിരണ്ടു ഉരുണ്ടു താഴെ വീഴുന്നതോ? കാര്യം എന്തായാലും ആ ഏരിയ മുഴുവൻ അരിക്കൊമ്പൻ വിളയാടിയ പോലെ ഷിബു അണ്ണന്റെ അഴിഞ്ഞാട്ടമാണ്, ഇന്നത്തെ കാലത്ത് ഇതൊക്കെ ഏതു കോ… അല്ലെങ്കിൽ വേണ്ട എവിടെ നടക്കും എന്നെങ്ങാനും നിങ്ങൾക്ക് തോന്നിപ്പോയാൽ നിങ്ങൾക്കീ സിനിമയെ പറ്റി ഒരു ചുക്കുമറിയില്ല എന്ന് പറയേണ്ടി വരും.

അണ്ണന്റെ വിളയാട്ടു കഴിഞ്ഞാൽ ക്യാമറ നേരെ പോകുന്നത് നമ്മടെ സുന്ദരൻ ചാക്കോച്ചന്റെ അടുത്തേക്കാണ്, ചാക്കോച്ചൻ രാവിലെ കുളിച്ചു കുട്ടപ്പനായി, ജാക്കറ്റ് ഒക്കെയിട്ട് വായിൽ കൊള്ളാത്ത രണ്ട് ഡയലോഗും പറഞ്ഞ ശേഷം, നാസയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ ഒരു മൂലയ്ക്ക് അമേരിക്ക രഹസ്യമായി കാത്തു സൂക്ഷിക്കുന്നൊരു വിമാനത്തിന്റെ എൻജിൻ അടിച്ചു മാറ്റി മറിച്ചു വിൽക്കാൻ പോകുന്നത് പോലെ, ഒരു ബുള്ളറ്റും എടുത്തിറങ്ങും. പോകുന്ന വഴിയിൽ പതിവ് പോലെ ഒരു ചായക്കട ഉണ്ട്‌, അവിടെ നിന്നൊരു ചായയും സിഗരറ്റും, ചായ കൊണ്ട് വരുന്ന കടയിലെ ചേട്ടൻ പുള്ളിയുടെ സ്ഥിരം ഡയലോഗ് ആയ “മോനെ ഇതിന് മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ?” എന്ന ചോദ്യം ചോദിക്കുമെന്ന് ഒരുവേള തോന്നുമെങ്കിലും, അത് ചോദിക്കുന്നില്ല, അവിടം തൊട്ടങ്ങോട്ട്‌ ഒരു കംപ്ലീറ്റ് സർപ്രൈസ് പാക്കേജ് തന്നെ ആയിരുന്നു.

ചായക്കടയിൽ നിന്നെടുത്ത ബുള്ളറ്റ് പിന്നെ പോയി നിൽക്കുന്നത് കാടിന്റെ ഒത്ത നടുക്കുള്ളൊരു വീടിന്റെ ഗേറ്റിനു മുന്നിലാണ്, വീട് കാട്ടിലാണെങ്കിലും അവിടത്തെ ചേച്ചി ഫുൾ ആക്‌സെന്റ് ഇട്ടേ സംസാരിക്കൂ. ചെന്ന് കേറുമ്പോ തൊട്ട് പിന്നെ അങ്ങോട്ട്‌ അവിടെ കംപ്ലീറ്റ് എക്സ്പോസിംഗ് ആണ്, നിങ്ങൾ ഉദ്ദേശിച്ച എക്സ്പോസിംഗ് അല്ല കേട്ടോ, ചാക്കോച്ചൻ തന്റെ പേഴ്സ് എടുത്ത് അതിലെ രണ്ടായിരത്തിന്റെ നോട്ടുകൾ, പിന്നെ ബാഗിലെ സ്വർണം, അതും പോരാഞ്ഞു ഒരു തോക്കും എക്സ്പോസ് ചെയ്യുന്നു, തോക്കെവിടന്നു കിട്ടിയെന്നോ സ്വർണ്ണം എവിടന്നു വന്നുവെന്നോ ഒന്നും ആലോചിക്കരുത്, വേണമെങ്കിൽ “ഇവൻ മാവോയിസ്റ്റ് അല്ല ഹനുമാൻ ആണ് ഹനുമാൻ” എന്നോ “നീ പൊന്നപ്പനല്ലെടാ തങ്കപ്പനാ തങ്കപ്പൻ” എന്നോ ഒക്കെ ചിന്തിക്കുന്നതിൽ തെറ്റില്ല.

പിന്നെയാ വീട്ടിലെ ചേട്ടൻ നിലാവത്തെ കോഴിയെ പോലെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ചുമ്മാ എല്ലാ സീനിലും ഉണ്ടാകും, എവിടുന്നോ വന്നോരുത്തനെ വീട്ടിൽ കേറ്റുന്നതിനു മുൻപ് ചേട്ടൻ എല്ലാം അന്വേഷിച്ചു പക്ഷെ പേര് മാത്രം ചോദിക്കാൻ വിട്ടുപോയി. പിന്നീട് കുറേനേരം ടീവി സീരിയലുകൾ പോലെ ഒളിച്ചു കളികൾ ആണ്, ആർക്കും ആരെയും ഒന്നും ഒട്ടും മനസ്സിലാവുന്നില്ല, അതാ ഒരു ക്ലൂ രണ്ടു ക്ലൂ മൂന്ന് ക്ലൂ, പിന്നെ ചറപറാ ക്ലൂക്ലൂക്ലൂ. എന്നിട്ടവസാനം പലിശക്കാരൻ എടുത്തോണ്ട് പോയ വീടിന്റെ ആധാരം, പുള്ളി തന്നെ തല്ലുകിട്ടി നല്ലവനായ ഉണ്ണിയെ പോലെ എടുത്ത് തിരികെ കൊണ്ട് കൊടുക്കുമ്പോഴാണ് ചേട്ടന് ആ ക്ലൂവുകൾ മൊത്തത്തിൽ അങ്ങോട്ട്‌ കത്തുന്നത്, അപ്പോഴേക്കും പക്ഷെ ശെരിക്കുള്ള ക്ലൂ ക്ലോസ് ആയി കഴിഞ്ഞിരുന്നു…

സിനിമയുടെ ഹൈലൈറ്റ് പക്ഷെ ഇതൊന്നുമല്ല, അത് നായികയാണ്, പുള്ളിക്കാരിക്കാണെങ്കിൽ എന്തു ചെയ്യണം എന്നറിയില്ല, കുറച്ചു നാളായി പുര നിറഞ്ഞു നിൽക്കുവാണ്, വീട്ടുകാരാണെങ്കിൽ ഒട്ടു കെട്ടിച്ചു വിടുന്നുമില്ല, ഒന്ന് ലൈൻ അടിക്കാൻ ആണേൽ കാട്ടിൽ എവിടെ പയ്യന്മാർ, ഇങ്ങനെ ജീവിക്കണോ മരിക്കണോ എന്നാലോചിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുമ്പോഴാണ് നമ്മടെ ചുള്ളൻ നായകന്റെ വരവ്. പുള്ളിയുടെ പേഴ്സിലെ കാശും ബാഗിലെ സ്വർണ്ണവും കണ്ടപ്പോ അതിലു മയങ്ങി അങ്ങേരെ കെട്ടി സ്ഥലം വിട്ടാലോ എന്നൊക്കെ ഓർത്തെങ്കിലും, കറി വയ്ക്കാൻ ഒരു കോഴിയെ കൊന്നതോടെ ആ ചിന്ത മാറിക്കിട്ടി, വീട്ടിലെ കോഴിയെ കൊന്ന എനിക്ക് എന്തുകൊണ്ട് വന്നു കേറിയ കോഴിയെ സോറി മനുഷ്യനെ കൂടെ കൊന്നുകൂടാ എന്നായി പിന്നെ ചിന്ത.

അങ്ങിനെ അവസാനം നമ്മടെ നായിക വീട്ടിലെ കോഴിയേം കൊന്നു കറി വച്ച്, ആ കറിയിൽ വിഷം ചേർത്ത് കൊടുത്തു വീട്ടിലെ പട്ടിയേം കൊന്ന്, വന്നു കേറിയ ചാക്കോച്ചനേം കഴുത്തറുത്തു കൊന്നിട്ട് റസ്റ്റ്‌ എടുക്കുമ്പോഴാണ് ദാ അച്ഛൻ വെളിപാട് കിട്ടി ഓടിക്കൊണ്ടു വന്നു പറയുന്നത് അത് പണ്ടേക്കു പണ്ടേ നാട് വിട്ടുപോയ അവളുടെ തന്നെ ആങ്ങളയാണെന്ന്. ഇതെന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്ന ദേഷ്യത്തിൽ ആവണം, അല്ല ആർക്കായാലും ദേഷ്യം വരും, പുള്ളിക്കാരി ആങ്ങളയുടെ ബാഗിൽ ഉണ്ടായിരുന്ന തോക്കെടുത്ത്, പണ്ട് NCC യുടെ ക്യാമ്പിന് വല്ലതും പോയിട്ടുണ്ടാകും, അച്ഛനേം അമ്മയേം കൂടെയങ്ങു തട്ടി. എന്നിട്ട് ക്ഷീണം കാരണം ഒന്ന് കിടന്നുറങ്ങി, രാവിലെ എണീറ്റു കുളിച്ചു ഫ്രഷ് ആയി ബാഗും പൈസയും സ്വർണ്ണവും ഒക്കെ എടുത്ത് ബസിൽ കേറി നാട് വിടാൻ പോയപ്പോ ദാ വരുന്നു പിന്നേം നമ്മടെ ഷിബു പോലീസ്, അണ്ണൻ മാസ്സ് കാണിച്ചു ബസൊക്കെ തടഞ്ഞു നിർത്തി നായികയെയും പിടിച്ചിറക്കി സ്റ്റേഷനിൽ കൊണ്ട് പോയി വെടിവച്ചു കൊല്ലുന്നതോടെ സിനിമ തീരുകയാണ് സുഹൃത്തുക്കളെ…

വെടി കൊണ്ട് ആളുകൾ ചാവുന്നത് സിനിമയിൽ ആണെങ്കിലും സിനിമ തീർന്നു കഴിയുമ്പോ കുറച്ച് നേരം, ഇനി ശെരിക്കും ചത്തത് നമ്മളാണോ എന്ന സംശയത്തിൽ അങ്ങനെ കസേരയിൽ ഇരുന്ന് പോകും. സിനിമയുടെ പേര് പകലും പാതിരാവും, അതിന് പകരം കോഴിക്കറിയും കൊലപാതകവും എന്ന് ഇട്ടിരുന്നെങ്കിൽ കുറച്ചു കൂടി ചേർച്ച ഉണ്ടായേനെ എന്ന് തോന്നുന്നു, അവിടെ സിനിമയിൽ കൊലപാതകം നടക്കുമ്പോൾ, ഇവിടെ പ്രേക്ഷകർക്ക് കോഴിക്കറി വയ്ക്കാൻ പോകാം, സിനിമ തീരുമ്പോ അതെടുത്തു കഴിച്ചു കിടന്നുറങ്ങാം.
ശുഭം !

Leave a Reply
You May Also Like

മലയാള സിനിമയിൽ ആദ്യമായി ഒരു വനിതാ സംവിധാനം ചെയ്ത ക്രൈംത്രില്ലർ “ഡാർക് ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് “

എ എസ് ദിനേശ്. മലയാള സിനിമയിൽ ആദ്യമായി ഒരു വനിതാ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ…

നടൻ വിജയ് ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നുവോ? അദ്ദേഹത്തിൻ്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ച് …

തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര നടന്മാരിൽ ഒരാളും വൻ ആരാധകരുള്ള പ്രശസ്ത ഇന്ത്യൻ താരവുമായ നടൻ…

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി, ജാക്കി ഷ്റോഫ് ചിത്രം ‘ഒറ്റ്’ ഒഫീഷ്യൽ ട്രെയിലർ

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ഒന്നിക്കുന്ന ഫെല്ലിനി (തീവണ്ടി) സംവിധാനം ചെയ്ത ബൈ ലിംഗ്വൽ ചിത്രം…

പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.എം. ജി. രാധാകൃഷ്ണന്റെ ഓർമ്മകൾക്കിന്ന് പന്ത്രണ്ട് വയസ്സ്

സുലഭ പോരുവഴി ????️ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.എം. ജി. രാധാകൃഷ്ണന്റെ ഓർമ്മകൾക്കിന്ന് പന്ത്രണ്ട് വയസ്സ്.…