ചാറ്റ് റൂം:
”ഹായ് രഞ്ജന്‍”
”ഹലോ സമീര്‍..”
”രഞ്ജന്‍ എവിടുന്നാ..?”
” ആലുവ.. സമീറോ..?”
”തലശ്ശേരി.. രഞ്ജന്‍ എന്ത് ചെയ്യുന്നു..? ”
മൊബൈല്‍ ഷോപ്പ് നടത്തുന്നു..”
” രഞ്ജന്‍ മാരീഡ് ആണോ..?’
മറുപടിയില്ല..
”രഞ്ജന്‍ , അവിടുണ്ടോ..?”
”ബിസി..”
”ഓക്കേ രഞ്ജന്‍.. ബൈ..”
തത്സമയം രഞ്ജന്‍ :
” ലെന എന്ത് ചെയ്യുന്നു..?”
” ദുബായില്‍.. .ബി .ബി. എ ചെയ്യുന്നു.. രഞ്ജനോ..? ..?”
” ഞാനൊരു ബിസിനസ്കാരനാണ്.. പിന്നെ കവിയുമാണ്..”
” ഓ.. കവികളെ എനിക്കിഷ്ടമാണ്..”
റഷീദ് N രേഷ്മ:
റഷീദ് സ്വന്തം പേജ് നോക്കി. തലേന്നിട്ട കവിത പോസ്റ്റ് ആകെ ഒരുത്തനേ ലൈക് ചെയ്തിട്ടുള്ളൂ.. ഛെ..! ഈ കൊരങ്ങന്മാര്ക്കൊക്കെ ഒന്ന് ലൈക് അടിച്ചാലെന്താ? അര ലക്ഷം മെമ്പര്‍മാര്‍ ഉണ്ടെന്നാണ് കാണുന്നത്.. കോപ്പ്..! പെട്ടെന്നാണ് ഇന്‍ബോക്സില്‍ മെസ്സേജ് കണ്ടത്..
”റഷീദ്, കവിത കൊള്ളാട്ടോ.. ”ഒരു മഴയായി എന്നില്‍ പെയ്തിറങ്ങുമ്പോള്‍..” വരികള്‍ കൊള്ളാം…. ആശംസകള്‍…./…. എന്ന് രേഷ്മ”
റഷീദിന് കുളിര് തോന്നി.. രേഷ്മയുടെ പേജിലേക്ക് പോയി നോക്കി.. ”ഞാനവനെ തേടുകയാണ്.. എന്റെതു മാത്രമായവനെ ”
വെല്‍ക്കം നോട്ട് റഷീദിന് വീണ്ടും കുളിരായി..
ഉടനെ ബ്ലോഗില്‍ പാട്ടും വന്നു.. ”പ്രിയനേ നീയെന്നെ അറിയാതിരുന്നാല്‍…”
റഷീദിന് കുളിര് വന്നു മരിക്കുമെന്ന അവസ്ഥയായി..
ഫ്രണ്ട് റിക്വസ്റ്റ് അയച്ചു റഷീദ് കാത്തിരുന്നു..
വേഴാമ്പല്‍ മഴ കാത്തിരിക്കും പോലെ……..
വിനോദ് N ആയിഷ:
”എനിക്ക് വിശ്വസിക്കാനാകുന്നില്ല ആയിഷ.. ”തട്ടത്തിന് മറയത്ത്” സിനിമ കണ്ടപ്പോള്‍ ഉറപ്പിച്ചതാ ഒരു ഉമ്മച്ചികുട്ടിയെ സ്വന്തമാക്കണമെന്ന്.. പക്ഷെ സിനിമയിലെ പോലെ ഞാന്‍ നായരല്ല , ഈഴവനാണ് ..പ്രശ്നമുണ്ടോ?”
”സാരമില്ല, നായര്‍ – ഈഴവ ഇപ്പൊ ഐക്യത്തിലല്ലേ… സൊ.. നോ പ്രോബ്ലം..”
”ആയിഷയുടെ ശബ്ദം കേള്‍ക്കാന്‍ ധൃതിയായി.. മൊബൈല്‍ നമ്പര്‍..?”
” ധൃതി വെക്കാതെ വിനോദെ.. ഞാന്‍ തരാം..”
ആറ് മാസങ്ങള്‍ക്ക് ശേഷം…..
”ലെന.. ഞാന്‍ വീട്ടിലെല്ലാവരോടും പറഞ്ഞു..നിന്റെ ഫോട്ടോയും കാണിച്ചു.. എല്ലാര്ക്കും സമ്മതമാണ്.. നീയെന്താ ഒന്നും പറയാത്തത്..?
ലെനാ.. ഓണ്‍ലൈനില്‍ വന്നിട്ട് നീയെന്താ ഒന്ന് മിണ്ടാത്തത്? എന്തെങ്കിലും പറയൂ… ഞാനാകെ വല്ലാത്തൊരു അവസ്ഥയിലാണ്… ”
പിന്നെ അവന് ഒരു മെസ്സേജ് അയച്ചു..
” ലെനാ..98951485 .. ഇതെന്റെ നമ്പരാണ്.. ഇന്ന് രാത്രി 9 മണിക്കുള്ളില്‍.. നീയെന്നെ വിളിച്ചില്ലേല്‍ ഞാന്‍ ആത്മഹത്യ ചെയ്യും.. അമ്മയാണെ സത്യം.
എന്ന് രഞ്ജന്‍ ”
റഷീദ് N രേഷ്മ :
റഷീദ് പുതിയ കവിത എഴുതി..
എങ്ങു പോയി നീ…? (ടൈറ്റില്‍ )
ഇന്‍ ബോക്സ് മെസ്സേജ് ആയി വന്ന നീ
പിന്നെ എങ്ങു പോയ് മറഞ്ഞു ?
ഹൃദയമേ… പ്രണയമേ.. കരളേ…
വേര്പാടിന് വേദന അറിയിക്കാന്‍ പോലും
എനിക്കാവുന്നില്ലല്ലോ എന്നാണെന് വേദന..
പതിവുപോലെ ”മഹത്തരം, അത്ഭുതം, മഹാകാവ്യം, ഹൃദയ സ്പര്‍ശി ” എന്നൊക്കെ കമന്റുകള്‍ വന്നിട്ടും
റഷീദ് നോക്കിയത് ഇന്‍ ബോക്സ് മാത്രമായിരുന്നു… പക്ഷെ…
വിനോദ് N ആയിഷ:
ഇവള് പെണ്ണാണോ? (ലേഖനം)
” ആയിഷ എന്നെ വഞ്ചിച്ചു ഫ്രണ്ട്സ്.. അവള് അവളുടെ വീട്ടുകാര്‍ ഉറപ്പിച്ചവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞു എന്നെ വിട്ടു പോയി…
പിന്നെ എന്നെ എന്തിനു ഇങ്ങനെ ഭ്രാന്തനാക്കി..? പറയൂ.. ഇവള് പെണ്ണാണോ..?”
ചാന്‍സ് നോക്കി നിന്ന ഒരു ദേശ ഭക്തന് പ്രതികരിച്ചു
” ഇതിനു പിന്നില്‍ ഫീ മെയില്‍ ലവ് ജിഹാദ് ആണ്.. ഹിന്ദു യുവാക്കളെ ഭ്രാന്താക്കാന്‍ തീവ്രവാദികള്‍ കണ്ടെത്തിയ പുതിയ വഴി.. ഇതിനു പിന്നില്‍ അല്‍ഖൈദ, സിമി, ഫുജി, കിജി, ബുജി.. തുടങ്ങിയവരാണ്..”
അത് കണ്ടു ഒരുത്തന് പ്രതികരിച്ചു ”വര്‍ഗീയത ഇവിടെ വേണ്ട..”
ഉടനെ വേറൊരുത്തന്
”എല്ലാം അഞ്ചാം മന്ത്രി മുതല്‍ തുടങ്ങിയതാ…”
ആ പോസ്റ്റില്‍ വര്‍ഗീയ മൃഗങ്ങള്‍ താണ്ഡവമാടി..
ഹിന്ദുവും, മുസ്ലിമും പറഞ്ഞു അവര്‍ തമ്മിലടിച്ചു..
തനിക്കു ചാന്‍സ് കുറഞ്ഞതില്‍ ക്രിസ്ത്യാനി സങ്കടപ്പെട്ടു..
ശേഷം സ്ക്രീനില്‍ :
”എടാ, സുരേഷേ നീയാകെ തടിച്ചു പോയല്ലോ..? ”
ആറ് മാസം പണിയില്ലാതെ ഇരുന്നു തിന്നാല്‍ ആരാടാ തടിക്കാത്തത് .. ഇപ്പൊ ജോലി കിട്ടിയല്ലോ ഇനി മെലിഞ്ഞോളും.. എന്തായി നിന്റെ ജോലിക്കാര്യം..?”
” വിസ വരാന്‍ മൂന്നു മാസം കഴിയും.. അതുവരെ സമയം കളയാന്‍ ഒരു വഴിയുമില്ല..”
” ഒരു നല്ല വഴിയുണ്ട്.. ചിരിച്ചു മണ്ണ് കപ്പാം… ‘
‘ ”അതെങ്ങിനെ?”
”ഒരു മലയാള സൈറ്റ് ഉണ്ട്.. അതില്‍ കുറച്ചു ഫേയ്ക് ഐഡികള്‍ ഉണ്ടാക്കണം.. പെണ്ണിന്റെ പേരിട്ട്.. പിന്നെ കുറെയെണ്ണം പ്രേമവുമായി വരും.. എല്ലാത്തിനെയും വട്ടാക്കാം.. സമയം പോകുന്നത് അറിയില്ല.. കുറച്ചു പെമ്പിള്ളാരുടെ ഫോട്ടോസും , ഒരു വോയിസ് ചേഞ്ചറും കരുതണം.. ഞാന്‍ മൂന്നെണ്ണത്തിനെ ശരിക്കും വട്ടാക്കി..”
സുരേഷ് പൊട്ടിച്ചിരിച്ചു..
ഇതേസമയം , റെയില്‍ പാളത്തില്‍ ചിതറിയ രഞ്ജന്റെ ശരീരം പായില്‍ കെട്ടി സര്‍ക്കാര്‍ ആശുപത്രീടെ മൂലയ്ക്ക് വെക്കവേ
അവിടെ റോഡിനടുത്ത് ഒരു ബോര്‍ഡ് കണ്ട പോലീസുകാരന് പറഞ്ഞു
” ചാകും മുന്‍പീ കഴുവേറി ആ ബോര്‍ഡ് വായിച്ചിരുന്നെങ്കില്‍…”
ബോര്‍ഡ്:
”നാം ഒറ്റയ്ക്ക് വരുന്നു.. ഒറ്റയ്ക്ക് പോകുന്നു .. എന്നിട്ടും നാം മറ്റുള്ളവരില്‍ പ്രതീക്ഷിക്കുന്നു..
അമിത പ്രതീക്ഷയാണ് മകനെ എല്ലാ ദു:ഖത്തിനും കാരണം..”