ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഗതി മാറ്റിയ ഏത് സംഭവത്തിനെയാണ് ഗാന്ധിജി “ഗോരക്പൂരിലെ വിഷം ” എന്ന് വിശേഷിപ്പിച്ചത് ?

അറിവ് തേടുന്ന പാവം പ്രവാസി

കവരി അഥവാ ചമരി എന്ന മാനിന്റെ വാലിലെ രോമങ്ങൾ കൊണ്ട് നിർമ്മിക്കുന്ന വിശറിയാണ് ചാമരം. ഹിന്ദിയിൽ ചൗരി എന്ന് വിളിക്കുന്ന ഇതിന്റെ പേരാണ് ഉത്തർപ്രദേശിലെ ഗോരക്പൂരിലെ ഒരു ഗ്രാമത്തിന്.അതിനടുത്തു തന്നെയുള്ള മറ്റൊരു ഗ്രാമമാണ് ചൗര അഥവാ നാൽക്കവല.ഈ രണ്ടു ഗ്രാമങ്ങളിൽ നിന്നും പേര് ലഭിച്ച പ്രദേശമാണ് തുകലിനും, ശർക്കരയ്ക്കും, പയർ വർഗ്ഗങ്ങൾക്കും പേര് കേട്ട ചൗരി ചൗര.

ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആഹ്വാനത്തെ തുടർന്ന് ഓട്ടിയാർ എന്നറിയ പ്പെട്ടിരുന്ന സന്നദ്ധ സേനാംഗങ്ങൾ 1922 ഫെബ്രുവരി 1 ന് ചൗരി ചൗരയിലെ ഗൗരി ബസാറിലെ മദ്യ ഷാപ്പിനെതിരെയും, ഭക്ഷ്യവസ്തുക്കളുടെ അന്യായ വിലയ്‌ക്കെ തിരെയും സമാധാനപരമായി പ്രതിഷേധങ്ങൾ നടത്തി. ഭഗവാൻ അഹിർ എന്ന മുൻ ബ്രിട്ടീഷ് പട്ടാളക്കാരന്റെ നേതൃത്വത്തിലാണ് മുന്ദേര ബസാർ പിക്കറ്റ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ അവിടുത്തെ പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഗുപ്തേശ്വർ സിങ് അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷുകാരിൽ നിന്നും പെൻഷൻ തുക കൈപ്പറ്റുന്ന ഒരു വ്യക്തി തന്നെ സമരം നയിക്കുന്നത് അദ്ദേഹത്തിന് സഹിച്ചില്ല. ഭഗവാൻ അഹിറിനെയും , രാംപൂപ് ബാറായി, മഹാദേവോ എന്നീ സത്യാഗ്രഹികളെയും ഗുപ്തേശ്വറിന്റെ നിർദേശപ്രകാരം പൊലീസുകാർ ക്രൂരമായി തല്ലിച്ചതച്ചു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാക്കി.

ഈ വാർത്ത സത്യാഗ്രഹികൾക്കിടയിലെങ്ങും പരന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും സത്യാഗ്രഹികൾ അങ്ങോട്ടേക്കെത്തി. ഫെബ്രുവരി 4 ന് പൊലീസ് സ്റ്റേഷനിലെത്തിയ സത്യാഗ്രഹികൾ ഗുപ്തേശ്വറിനോട് സംസാരിക്കുകയും, അദ്ദേഹത്തിന്റെ വിശദീകരണത്തെ തുടർന്ന് തിരിച്ചു പോവുകയും ചെയ്തു. എന്നാൽ സമരക്കാരുടെ നേരെ പൊടുന്നനെ ലാത്തി ചാർജ് ആരംഭിച്ചു.ചിതറിയോടിയ സമരക്കാർ അടുത്തുള്ള റെയിൽവേ ട്രാക്കിൽ നിന്നും കരിങ്കൽ കഷണങ്ങൾ എടുത്തു വന്ന് പ്രത്യാക്രമണം നടത്തി. ആദ്യം ആകാശത്തേക്ക് വെടി വച്ച പൊലീസ് പിന്നീട് സമരക്കാരുടെ ആക്രമണം രൂക്ഷമായപ്പോൾ അവർക്ക് നേരെ തന്നെ വെടിയുതിർത്തു. മൂന്ന് പേര് തൽക്ഷണം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതോടെ നിയന്ത്രണം വിട്ട സമരക്കാർ കൂട്ടത്തോടെ താണയിലേക്ക് (പൊലീസ് സ്റ്റേഷനിലേക്ക്) കയറുകയും അവിടെയുള്ള മുഴുവൻ പൊലീസുകാരെയും ആക്രമിക്കുകയും അടുത്തുള്ള ബസാറിൽ നിന്നും മണ്ണെണ്ണ കൊണ്ട് വന്ന് ഒരാളെപ്പോലും രക്ഷപ്പെടാൻ അനുവദിക്കാത്ത വിധത്തിൽ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ഇന്ത്യക്കാരായ 23 പൊലീസുകാരാണ് അന്ന് അവിടെ വെന്തു മരിച്ചത്.

പിന്നീട് നടന്ന നരനായാട്ടിൽ നിരവധി പേർ അക്രമങ്ങൾക്കിരയായി. പൊലീസ് പിടിച്ചു കൊണ്ട് പോയ ആറു പേർ ലോക്കപ്പിൽ കൊല്ലപ്പെട്ടു. സ്ത്രീകളും , കുട്ടികളും പ്രദേശത്തു നിന്നും പലായനം ചെയ്തു. കുറ്റക്കാരെന്ന് കണ്ട 172 പേരെ ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. നിരവധി പേരെ ആൻഡമാനിലേക്ക് നാട് കടത്താനും വിധിച്ചു. എന്നാൽ മദൻ മോഹൻ മാളവ്യ സത്യാഗ്രഹികൾക്ക് വേണ്ടി കേസ് വാദിച്ചു. വാദ പ്രതിവാദങ്ങൾക്കൊടുവിൽ 1923 ൽ ഭഗവാൻ അഹിർ, നാസർ അലി, ലാൽ മുഹമ്മദ് തുടങ്ങി 19 പേർക്ക് വധ ശിക്ഷയും മറ്റുള്ളവർക്ക് ജയിൽ ശിക്ഷയും വിധിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ഗതി മാറ്റിയ സംഭവമായിരുന്നു അത്.ഗാന്ധിജി ഉടനെ തന്നെ നിസ്സഹകരണ സമരം പിൻവലിക്കുന്ന തായി പ്രഖ്യാപിച്ചു. നവജീവനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം സമരക്കാരെ പാടെ തള്ളിപ്പറയുകയും ” ഗോരക്പൂരിലെ വിഷം “എന്ന് ആ സംഭവത്തെ വിശേഷിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 11 ഗുജറാത്തിലെ ബർദോളിയിൽ നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ഭാരതീയർ അഹിംസ മാർഗ്ഗത്തിലുള്ള സ്വദേശി പ്രസ്ഥാനത്തിന് ഇനിയും സജ്ജരായിട്ടില്ലെന്നും ചൗരി ചൗരാ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എല്ലാ പ്രത്യക്ഷ സമരങ്ങളും ഉപേക്ഷിക്കുകയാണെന്നും 5 ദിവസത്തേക്ക് നിരാഹാര വ്രതമിരിക്കുകയാണെന്നും അദ്ദ്ദേഹം അറിയിച്ചു. അങ്ങനെ വിജയത്തോട ടുത്തു നിന്ന നിസ്സഹകരണ പ്രസ്ഥാന പ്രവർത്തനങ്ങൾ 1922 ഫെബ്രുവരി 12-ഓടെ ദേശീയതലത്തിൽ നിർത്തിവെച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പൊതു സ്വഭാവം മാറ്റിമറിച്ചത് ചൗരി ചൗരാ സംഭവവും , നിസ്സഹകരണ സമരവുമായിരുന്നു. അതു പോലെ സാമ്പത്തികസമരത്തിലൂടെ സാമ്രാജ്യത്വ ഗവൺമെന്റിനെ ഇല്ലാതാക്കാനാ കുമെന്ന് തെളിയിക്കാനും ഈ സമരത്തിനായി. മഹാത്മാഗാന്ധിയുടെ സമരരീതികൾക്കെതിരെ വിമർശങ്ങൾ ഉയർന്നു വന്നതും വ്യത്യസ്ത ധാരാളിത്തപ്പെട്ടവർ സ്വാതന്ത്ര്യസമരത്തിൽ സജീവമാകാൻ തുടങ്ങിയതും ചൗരി ചൗര സംഭവത്തിനു ശേഷമാണ്. ചൗരി ചൗരാ സമരത്തെ ദേശീയ സമരമായിട്ടാണ് രാജ്യം ആദരിക്കുന്നത്. ഈ സംഭവത്തിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട പത്തൊൻമ്പതു പേരെയും രാജ്യത്തിന്റെ ധീരരക്തസാക്ഷികളായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ ദേശീയ പോരാട്ടത്തിന്റെ വ്യത്യസ്തമാനങ്ങളെയും , ജനകീയ സ്വഭാവത്തെയും വെളിപ്പെടുത്തുന്ന സംഭവമാണ് ചൗരിചൗരയിൽ നിന്ന്‌ നാം പഠിക്കുന്നത്.

വർഷങ്ങൾ കഴിഞ്ഞപ്പോൾ കൊല്ലപ്പെട്ട പൊലീസുകാർക്ക് വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ച സ്മാരകവും , വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സത്യാഗ്രഹികൾക്കു വേണ്ടി ചൗരി ചൗരാ ഷഹീദ് സ്മാരക സമിതിയുടെ നേതൃത്വ ത്തിൽ നിർമ്മിച്ച മറ്റൊരു സ്മാരകവും ഇന്ന് അവിടെ കാണാം.ഗോരക്പൂരിനും , കാൺപൂരിനുമിടയിൽ സർവീസ് നടത്തുന്ന തീവണ്ടിക്ക് ചൗരി ചൗരാ എക്സ്പ്രസ് എന്ന് പേര് നൽകുകയും ചെയ്തു. ഈ സംഭവത്തി ന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഭാരത സർക്കാർ ഒരു തപാൽ സ്റ്റാമ്പും പുറത്തിറക്കി.

You May Also Like

ഗര്‍ഭിണികളാകാന്‍ പുരുഷന്മാരെ തേടി സ്ത്രീകള്‍ എത്തുന്ന ഒരിടമുണ്ട് ഇന്ത്യയിൽ, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുന്നിൽ ആദ്യരാത്രി ചെയുന്ന സമൂഹമുണ്ട്

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കേള്‍ക്കുമ്പോള്‍ അസ്വഭാവികത തോന്നുമെങ്കിലും സംഗതി സത്യമായ കുറച്ചു കാര്യങ്ങൾ…

ജാവയിൽ നിന്നുള്ള ഷെല്ലിലെ സിഗ്സാഗുകൾ:മനുഷ്യരുടെ ഏറ്റവും പഴയ കൊത്തുപണികൾ ?

ഏകദേശം 5 ലക്ഷം വർഷം പഴക്കം ചെന്ന ഷെല്ലുകൾ ഹോമോ ഇറക്ടസ് അലങ്കാര അടയാളങ്ങളുടെ ആദ്യകാല തെളിവുകളേയും, ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ഷെല്ലുകളുടെ ആദ്യത്തെ അറിയപ്പെടുന്ന ഉപയോഗത്തേയും പ്രതിനിധീകരിക്കുന്നു.

അരളി വിഷബാധയും മരണവും

അരളികളുടെ ഇലകൾ, കായ്‌കൾ, പൂക്കൾ, വേര് എന്നിവ ഭക്ഷണയോഗ്യമല്ലെന്ന് നമുക്കറിയാം. അബദ്ധത്തിൽ ചവയ്ക്കുകയാണെങ്കിൽ പോലും അവയുടെ കയ്പ്പ് നമ്മെ നിരുത്സാഹപ്പെടുത്തും. മറ്റൊന്നാലോചിച്ചാൽ ഭക്ഷണയോഗ്യമായ ചെടികൾ പോലും പാകം ചെയ്യാതെ നാം കഴിക്കാറില്ലല്ലോ. ചീര, മുരിങ്ങ, തുടങ്ങിയ ഇലകൾ പോലും വേവിച്ചുമാത്രം കഴിക്കുന്നവരാണ് നാം. അതിനാൽ അബദ്ധത്തിൽ അരളി വിഷബാധയേൽക്കാനുള്ള സാധ്യത ഇല്ലെന്നു തന്നെ പറയാം

വിമാനത്തിന് മേൽ കാണാൻ സാധിക്കുന്ന മേഘം പോലെയുള്ള വസ്തു എന്താണ് ? സോണിക് ബൂം അല്ല

നമ്മൾ കാണുന്നത് ഒരു വിമാനം ശബ്ദത്തിൻ്റെ വേഗതയെ സമീപിക്കുമ്പോൾ സംഭവിക്കുന്ന ഒരു ഭൗതിക പ്രഭാവമാണ്, എന്നാൽ അത് സോണിക് ബൂം അല്ല. ഈ പ്രതിഭാസത്തെ ഒരു Vapour cone അല്ലെങ്കിൽ ഷോക്ക് കോളർ എന്ന് വിളിക്കുന്നു