Vani Jayate 

വെട്ടേറ്റ് കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ മൃതദേഹം അയാളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു ദൃശ്യമുണ്ട്. സാമാന്യം നീളമുള്ള, വേറെ ഏതെങ്കിലും ഒരു അവസരത്തിലാണെങ്കിൽ വലിച്ചു നീട്ടി ബോറടിപ്പിച്ചേക്കാമെന്ന തോന്നൽ ഉളവാകുന്ന, മെലോഡ്രാമയ്ക്ക് ഒരു പാട് സാധ്യതകളുള്ള ഒരു സീനാണത്. എന്നാൽ കൃതഹസ്തതയോടെ കൈകാര്യം ചെയ്തു കൊണ്ട് ഇവിടെയത്, കുറെ കാലത്തേക്കെങ്കിലും സ്മരണയിൽ നിൽക്കുന്ന, ഉള്ളിൽ കൊളുത്തി വലിക്കുന്ന, അതിതീവ്രമായ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്ന ഹൃദയസ്പർശിയായ ഒന്നായി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. മനുഷ്യനും ജീവജാലങ്ങളും എന്തിന് പ്രകൃതി തന്നെയും വിറങ്ങലിച്ചു നിൽക്കുന്ന ആ നിമിഷങ്ങളിൽ കാണുന്നത് ദൃശ്യഭാഷയിൽ മികച്ച കയ്യൊതുക്കമുള്ള ഒരു ടെക്ക്‌നീഷ്യന്റെ ഡീറ്റൈലിങ്ങിന്റെ അങ്ങേയറ്റമാണത്.

ഒരു ‘വിഷ്വൽ സ്റ്റോറി ടെല്ലർ’ എന്ന രീതിയിൽ ടിനു പാപ്പച്ചന്റെ അത്യദ്ധ്വാനം സ്പഷ്ടമായി വിളിച്ചു പറയുന്നതാണ് ഓരോ സീനും. ഒരു എഴുത്തുകാരനിൽ നിന്നും തിരക്കഥയായി പകർത്തികിട്ടിയതിനെ പതിന്മടങ്ങ് ഇമ്പാക്റ്റോഡ് കൂടി ദൃശ്യങ്ങളിലേക്ക് പകർത്തുവാനുള്ള കഴിവ് ഇതിന് മുമ്പും അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ വെറും ഒരു ‘വിഷ്വൽ റൊമാന്സിനുമപ്പുറം’ കാമ്പും കാതലുമുള്ള ഒരു പ്രമേയം പറയുവാനുള്ള ഒരു ശ്രമവും അദ്ദേഹം ഇത്തവണ നടത്തിയിട്ടുണ്ട്.

ജന്മികൾക്കും ഭൂപ്രഭുക്കന്മാർക്കും വേണ്ടി കൊന്നും ചത്തും നടന്ന ചേകവന്മാർ കാലം മാറിയപ്പോൾ പുതിയ പാർട്ടി പ്രഭുക്കൾക്ക് വേണ്ടി ചാവേറുകളാവാൻ അരക്കച്ച മുറുക്കുന്നതാണ് വടക്കൻ കേരളത്തിന്റെ സത്യം. അന്നത്തെ പോലെ ഉടയോന്മാർക്ക് വേണ്ടി അവരുടെ പ്രമാണിത്തം തെളിയിക്കാൻ മറുത്തൊന്നും ചോദിക്കാതെ ഇരുമ്പ് വീശി ചോര ചിന്തുന്നവർ മാത്രമല്ല വെട്ടിയ വെട്ടിന്റെ ആഴവും എണ്ണവും വെച്ച് കണക്ക് പറയുന്നവരും ഇന്നുണ്ട്. അലക് പോലെ നേർത്ത, മുമ്പ് പലവട്ടം കണ്ടിട്ടുള്ള ഒരു പ്രമേയമാണ് ചാവേറിന്റേത്. എന്നാൽ അതിലൊന്നും കാണാത്ത മാറി നിന്നുകൊണ്ട് കഥ പറയുന്ന ഒരു ശൈലി ടിനു കൊണ്ട് വന്നിട്ടുണ്ട്.

സാവകാശം ലഭിക്കാത്തത് കൊണ്ട് ഇത് തീയറ്ററിൽ മിസ് ചെയ്തതിന് തീർച്ചയായും ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ട്. ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും തീയറ്റർ അനുഭവം ഇതിലും എത്രെയോ ഏറെ ആയേനെ. കേരളത്തിന്റെ ബോക്സ് ഓഫീസിൽ ഈ ചിത്രം നേരിടേണ്ടി വന്ന എതിർപ്പും വിമർശനങ്ങളും ഒക്കെ എന്തുകൊണ്ടായിരുന്നെന്ന് ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല. എന്നാലും ചോരക്കളികളുടെ ഇടയിലേക്ക് വലിച്ചെറിയപ്പെടുന്ന നിഷ്ക്കളങ്ക യുവത്വം എന്ന ബിംബം ഇതിലേറെ നന്നായി ‘ഈട’ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കൂടി പറയണം. അഭിനയിക്കുന്നത് ആരാണെന്ന് തന്റെ സിനിമയ്ക്ക് പ്രസക്തമായ ഒരു കാര്യമല്ല എന്ന് ടിനു തെളിയിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനായാലും അർജ്ജുൻ അശോകനായാലും, അവരുടെ വലിയ രീതിയിലുള്ള ഭാവപ്രകടനങ്ങളെ ആവശ്യപ്പെടാത്ത തരത്തിലാണ് ഷോട്ടുകൾ കംപോസ് ചെയ്യുന്നത്. അതെ സമയം സംഗീതയുടെ ഡബ്ബിങ് ഒരു കല്ലുകടിയായി തോന്നി.

അവസാനമായി ലാലേട്ടനോട് ഒരു വാക്ക്. കുറേക്കാലമായി കേൾക്കുന്നതാണ് ടിനുവിനോടൊപ്പമുള്ള ഒരു സിനിമ ഒരുങ്ങുന്നുണ്ട്. ഇനിയത് വെച്ച് താമസിക്കാതെ കണ്ണടച്ച് ഡേറ്റ് കൊടുക്കണം. സാമാന്യം തട്ടുകേടില്ലാത്ത ഒരു തിരക്കഥ ഉണ്ടെങ്കിൽ ഏറ്റവും മികച്ച രീതിയിൽ പ്രസന്റ്റ് ചെയ്യാൻ കഴിവുള്ള വേറെ സംവിധായകർ ഏറെയില്ല. ചാവേർ – സോണി ലീവിൽ സ്ട്രീം ചെയ്തു തുടങ്ങിയിട്ടുണ്ട്.

You May Also Like

ഉർവ്വശിയുടെ ഭാര്യമാർ

ഉർവ്വശിയുടെ ഭാര്യമാർ Jithesh Mangalath എൺപതുകൾ മുതലുള്ള മലയാളസിനിമയിലെ നായികമാരെക്കുറിച്ചോർത്തു നോക്കുകയായിരുന്നു. ജലജ, സീമ, സുഹാസിനി,…

ശരിക്കും ഒരു എപിക് ആവേണ്ടിയിരുന്ന സിനിമ, പക്ഷേ അതിൻ്റെ പൂർണതയിൽ എത്തിയില്ല

എഴുതിയത് : Jagath Jayaram കടപ്പാട് : Malayalam Movie & Music DataBase (m3db)…

ഒരു സിനിമയ്ക്കുവേണ്ടി ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന മലയാള താരമാകുകയാണ് ഫഹദ് ഫാസിൽ

അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ ഇന്ത്യ ഒട്ടാകെ ഏറെ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു .…

‘മലയ്ക്കോട്ടൈ വാലിബൻ’ പൊതുസ്വീകാര്യത ലഭിച്ചില്ലെങ്കിൽ ഒരു തുടർഭാഗമോ പ്രീക്വലോ ഉണ്ടാകില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തൻ്റെ ഏറ്റവും പുതിയ ചിത്രമായ ‘മലയ്ക്കോട്ടൈ വാലിബനെ’ക്കുറിച്ചുള്ള വിമർശനങ്ങളെ…