കുടക്കമ്പിയിൽ നിന്നും എഴുന്നേറ്റു നിന്ന് ഹൃദയപൂർവ്വം ഒന്നു ബഹുമാനിക്കാൻ തോന്നുന്ന ഇന്ദ്രൻസിലേക്ക്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
510 VIEWS

കുടക്കമ്പിയിൽ നിന്നും എഴുന്നേറ്റു നിന്ന് ഹൃദയപൂർവ്വം ഒന്നു ബഹുമാനിക്കാൻ തോന്നുന്ന ഇന്ദ്രൻസിലേക്ക്

എഴുതിയത് : ഛായാ മുഖി

ബിഏ ബിഎഡ്ഡു കാരനായ CID യുടെ കൂടെ, സിഗ്നൽ പിടിക്കാനുള്ള ആന്റിനപോലൊരെണ്ണം ഉച്ചിയിൽ വച്ച് ആകാവുന്ന ആരോഗ്യം മുഴുവനും എടുത്തുള്ള ചിരിയുമായി വേദിയിലിരുന്ന് പാടുന്ന, കുടക്കമ്പിയെന്ന് വിളിപ്പേരുള്ള, ആ പെൻസിൽ മാർക്ക് മനുഷ്യനെ അന്ന് കാണുമ്പോൾ നമ്മളോർത്തിരുന്നോ അയാൾ മലയാളസിനിമയുടെ നെറുകയിൽ കയറിയിരുന്നിങ്ങനെ അയാളുടെ ആ നിഷ്കളങ്കമായ ചിരി ചിരിക്കുമെന്ന്. സംസ്ഥാനത്തെ മികച്ച നടനുള്ള അവാർഡ് വാങ്ങി കയ്യിൽ വച്ച്, അയ്യോ ഞാനിപ്പോ എന്ത് പറയാനാ എന്ന് ഏത് സാധാരണ സന്ദർഭത്തിലും എന്നപോലെ ചമ്മി നിൽക്കുമെന്ന്. അവാർഡ് വേദിയിലായാലും അടുത്ത കൂട്ടുകാരുടെ കൂടെയായാലും ഇത്ര വിനയത്തോടെ പെരുമാറാൻ കഴിയുന്ന ഒരു മനുഷ്യൻ വേറെയുണ്ടോ എന്ന കാര്യം സംശയമാണ്. അതുകൊണ്ട് തന്നെയാണ്‌ ഇന്ദ്രൻസ് എന്ന നടൻ ഏതൊരു മനുഷ്യനും സ്വീകാര്യനായി പ്രേക്ഷക മനസ്സിലിങ്ങനെ നിറഞ്ഞു നിൽക്കുന്നതും.

മെലിഞ്ഞു മെലിഞ്ഞ് ഇനി മെലിയാനില്ലാത്ത ശരീരവുമായി മലയാളസിനിമയിൽ ഓടിനടക്കുന്ന ഇന്ദ്രൻസിനെ, ശരീരത്തിന്റെ സവിശേഷതകൊണ്ടു പിടിച്ചുനിൽക്കുന്ന ഒരാളെന്നേ തോന്നിയിട്ടുള്ളൂ അന്നൊക്കെ. ഇന്ദ്രൻസ് വണ്ണം വച്ചാലും NL ബാലകൃഷ്ണൻ മെലിഞ്ഞാലും സിനിമ പിന്നവരെ തിരിഞ്ഞു നോക്കില്ല എന്ന് തന്നെ കരുതി. അഭിനയമല്ലല്ലോ, കോമഡിയല്ലേ ഇവരിൽ നിന്നും സിനിമയും സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്. പക്ഷേ കിട്ടുന്ന വേഷങ്ങൾക്കനുസരിച്ച് കോമാളി വേഷം കെട്ടിയാടുമ്പോഴും, പക്വമതിയായ ഒരു മനുഷ്യനാണ് താനെന്ന് ഇന്ദ്രൻസ് പൊതുവേദികളിൽ തെളിയിച്ചു. ഒരു സിനിമയ്ക്കു വേണ്ടി മുഖത്ത് ചായമിടുമ്പോഴേക്കും ആകാശത്തെ താരമെന്ന് സ്വയം കരുതുന്നവർക്കിടയിൽ ഇരുന്നൂറിൽ കൂടുതൽ സിനിമ കഴിഞ്ഞിട്ടും, പുരസ്കാരങ്ങൾ പലതും ആ മെല്ലിച്ച കയ്യിലൊതുങ്ങിയിട്ടും ഒരു ചെറിയകുട്ടിയുടെ മുന്നിൽ പോലും അതിലും ചെറിയവനായി ചിരിച്ചു നിന്നു.

അതിശയിപ്പിച്ചുകൊണ്ടേയിരുന്നു ഈ മനുഷ്യൻ ഒരോ സിനിമയിലും. കഥാവശേഷനിലെ, കണ്ണു നട്ടു കാത്തിരുന്നിട്ടും എന്ന പാട്ട് ഒറ്റക്കേൾവിയിൽ തന്നെ മനസ്സിലിടം പിടിച്ച സമയത്ത്, സിനിമയിൽ ഇന്ദ്രൻസാണ് അത് പാടിയതെന്ന് കേട്ടപ്പോ, ഇത്രയും നല്ലൊരു പാട്ടോ? കുളമാക്കിയിട്ടുണ്ടാകുമല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. ഇന്നാണെങ്കിൽ അങ്ങനെ ചിന്തിക്കില്ല. അന്ന്, ഇന്ദ്രൻസെന്നാൽ കഴുത്തിലെ എല്ലുകൾ എഴുന്നേറ്റു വരുന്നത്ര ആരോഗ്യമെടുത്ത് ഡയലോഗുകൾ പറയുന്ന, ആശാനേ അല്ലെകിൽ മുതലാളീ എന്ന് വിളിച്ച് നായകന്റെ വാലായി നടക്കുന്ന ഒരു കോമാളി മാത്രമായിരുന്നു. എന്നാൽ ആ പാട്ടിന്റെ വിഷ്വൽസ് കണ്ടപ്പോൾ ഇന്ദ്രൻസ് നമ്മളുദ്ദേശിക്കുന്ന ആളേയല്ല എന്ന് മനസ്സിലായി. പിന്നീടിങ്ങോട്ട് ഒരോ സിനിമയിലും അതിശയിപ്പിക്കുകയായിരുന്നു ഈ മനുഷ്യൻ. നിഷ്കളങ്കമായ ചിരികൊണ്ട്, വേദനയൂറുന്ന നോട്ടങ്ങൾ കൊണ്ട്, നിസ്സഹായതയുടെ തലയനക്കങ്ങൾ കൊണ്ട്….. അങ്ങനെയങ്ങനെ മലയാളസിനിമ ആ ചെറിയ മനുഷ്യനിൽ പല രൂപത്തിൽ പ്രതിഫലിക്കപ്പെട്ടു. ഒക്കെയും നിറഞ്ഞ സ്നേഹത്തോടെ നമ്മൾ ഹൃദയത്തോട് ചേർത്തു വച്ചു. പകരം അദ്ദേഹം നമ്മളെ നോക്കി മോണയുറയ്ക്കാത്ത കുഞ്ഞിനെപ്പോലെ പുഞ്ചിരിച്ചു.

ഒരോ സിനിമ കാണുമ്പോഴും, ഹോം കണ്ടപ്പോഴും, ഉള്ളിലൊരതിശയമായ്.. ഒരു പനിനീർ പൂവ് വിരിയുന്നത്ര സാവധാനം വിരിയുന്നൊരു പുഞ്ചിരിയുമായി ഇന്ദ്രൻസ് മനസ്സിലങ്ങനെ നിറഞ്ഞു നിന്നെങ്കിലും ഉള്ളിൽ തുളുമ്പിയ വാക്കുകൾ ഇങ്ങനെ പകർത്തിവക്കാൻ കാരണം’ ചോതി’ യാണ്. നാരദനിലെ ജഡ്ജ്. എന്താ ഭംഗി. ഇത്രയും കാലം കസേര നിറഞ്ഞിരുന്ന് ജഡ്ജിയായവരുടെ വിധികേട്ട മലയാള സിനിമ, ഇത്തിരിക്കോളം പോന്ന, ഭാവം കൊണ്ട് ജഡ്ജിയായ ഒരാളെ കണ്ടു കുളിർന്നു . സൗമ്യതയോടെ സംസാരിക്കുന്നതിനിടയിൽ ഇടയ്ക്ക് വരുന്ന ആ ഭാവമാറ്റം. എന്താ രസം കാണാൻ. അഹങ്കാരിയായ ചാനലുകാരന്റെ ആവർത്തിച്ചുള്ള ധാർഷ്ട്യത്തിനു മുന്നിൽ ” ഒരിക്കൽ തന്നോട് ഞാൻ പറഞ്ഞു ” എന്ന് പറയുമ്പോൾ ആരായാലും എഴുന്നേറ്റുനിന്ന് കയ്യടിച്ചുപോകും.

പേര് കേട്ടാൽ തന്നെ ചിരി വരുന്ന കുടക്കമ്പിയിൽ നിന്നും എഴുന്നേറ്റു നിന്ന് ഹൃദയപൂർവ്വം ഒന്നു ബഹുമാനിക്കാൻ തോന്നുന്ന ഇന്ദ്രൻസിലേക്ക് അദ്ദേഹത്തെ എത്തിച്ചത് ആ സമർപ്പണബോധവും നിഷ്കളങ്കതയുമാണ്. സ്വന്തം ഡയറിയിൽ സിനിമയിലുള്ളവരുടെ അഴകളവുകൾ കുറിച്ചു വച്ച് കുപ്പായം തുന്നികൊടുത്ത കെ. സുരേന്ദ്രൻ, എന്ന ഇന്ദ്രൻസ് മലയാളസിനിമയുടെ എക്കാലത്തെയും ഡയറിയിൽ തന്റെ അടയാളം പതിപ്പിച്ചു കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല.
ഇനിയുമൊരുപാട് വേഷപ്പകർച്ചകളാൽ, പുരസ്‌കാരങ്ങളാൽ മലയാളസിനിമയെ ധന്യമാക്കാൻ കഴിയട്ടെ പ്രിയപ്പെട്ട ഇന്ദ്രൻചേട്ടന്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ