ഛായാ മുഖി
ജബലയെന്നാൽ കുഞ്ഞുടുപ്പ് എന്നാണത്രേ. അതിന്റെ അർത്ഥം മനസ്സിലാകാഞ്ഞിട്ട് ചോദിച്ചു മനസ്സിലാക്കിയതാണ്. ആയിരിക്കാം. കാരണം ഒളിച്ചോടിപ്പോയതിന് ശേഷം കുഞ്ഞുണ്ടായപ്പോൾ വീട്ടിലേക്ക് വന്ന പെങ്ങളോട് അടക്കാൻ വയ്യാത്ത ദേഷ്യത്തോടെ വീട്ടിലേക്ക് കയറി വരുന്ന ജെറിൻ ഉണങ്ങാനിട്ടിരിക്കുന്ന ഒരു കുഞ്ഞുടുപ്പ് കണ്ട് പതറിപോകുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഒരു കുഞ്ഞുടുപ്പ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന വെബ്സീരീസ് എന്ന പ്രത്യേകതയും ജബലയ്ക്കുണ്ട്.
പെങ്ങളുടെ പ്രണയത്തിനോട് ജെറിന് പ്രത്യേകിച്ച് ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല. അപ്പനേം അമ്മയേം പറഞ്ഞു സെറ്റാക്കമെന്ന് അവൻ ഉറപ്പുകൊടുത്തത് വക വക്കാതെ അവൾ ഇറങ്ങിപോയതാണ് അവന്റെ ദേഷ്യം. പിന്നീട് വീട്ടിലേക്ക് സ്വീകരിക്കപ്പെട്ട പെങ്ങളോടും ക്ഷമിക്കുമായിരുന്നു ഓഫീസിലെ സഹപ്രവർത്തകൻ ഒരു കാര്യവുമില്ലാതെ അവന്റെ മനസ്സിൽ ദേഷ്യം കുത്തി നിറച്ചില്ലായിരുന്നുവെങ്കിൽ.
എപ്പോഴും ചിരി തരുന്ന കരിക്ക്, ഇത്തവണ ചിരിക്കൊപ്പം കുറച്ചു ചിന്തയും കൂടി തന്നിരിക്കുന്നു ആയിരുന്നു അവരുടെ പുതിയ സീരീസ് ആയ ‘ജബല’യിൽ. എത്ര സുന്ദരമായ കാസ്‌റ്റിംഗ്!! എന്ത് റിയലിസ്റ്റിക് ആയ ലൊക്കേഷൻ. ഒരു സാധാരണ നാട്ടിൻപുറവും അവിടെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന സാധാരണക്കാരായ ഒരമ്മയും അച്ഛനും. സന്തോഷകരമായ ഒരു ജീവിതം നയിക്കുന്ന ഒരു കുടുംബത്തിൽ നിന്നും പ്രണയിക്കുന്ന ആളോടൊപ്പം ഒരു പെൺകുട്ടി ഇറങ്ങിപ്പോയാലുള്ള അന്തരീക്ഷം എത്ര ഒതുക്കത്തോടെയാണ് അതിൽ കാണിച്ചിരിക്കുന്നത്. ജെറിൻ വന്ന് അമ്മയോട് കാര്യം പറയുമ്പോൾ ഉള്ള ആ അച്ഛന്റെ ഭാവം ഉണ്ടല്ലോ.
എന്റെ പൊന്നോ… നമിച്ചു. പ്രാർത്ഥനക്കിടയിൽ പോയി കാര്യം തിരക്കാനും വയ്യാ പക്ഷേ, ഉള്ളിലെ സംശയം സത്യമാണോ എന്നറിയുകയും വേണം എന്നുള്ള ഒരു ഭാവം വന്നിട്ട് പെട്ടെന്ന് ദയനീയമായ, കരച്ചിൽ വന്ന് തൊണ്ടയിൽ കുടുങ്ങിയ ഭാവത്തോടെയുള്ള ആ നിൽപ്പ്. ജെറിന്റെ ഷെറിനോടുള്ള പിണക്കം മാറ്റാൻ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആ ചെയ്തികൾ. അവസാനം ജെറിൻ കുഞ്ഞിനെ എടുത്തു നിൽക്കുന്ന കാഴ്ച്ച മറ്റുള്ളവരെ വിളിച്ചുകാണിക്കുമ്പോൾ ഉള്ള ആ ഭാവം. ആര് പറയും അത് ആ അച്ഛന്റെ മക്കളല്ല എന്ന്. രണ്ടു മക്കൾ തമ്മിലുള്ള പിണക്കം മാറുമ്പോൾ ഉള്ള ഒരച്ഛന്റെ സന്തോഷമല്ല എന്ന്. അത് കേവലം അഭിനയം മാത്രമാണ് എന്ന്. ഒരുപാട് വെബ് സീരീസുകളിൽ കണ്ടിട്ടുണ്ട് അദ്ദേഹത്തെ. പേരറിയില്ല.
കരിക്കിൽ ഒരു ജഗദീഷ് ലുക്കിൽ കണ്ടിട്ടുള്ള അരുൺ സെന്റിമെന്റൽ സീൻസിൽ ഭയങ്കര മെച്വറായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇവർ മാത്രമല്ല സീരീസിലെ ഓരോരുത്തരും മികച്ച അഭിനേതാക്കൾ തന്നെ. ഇനിയും ആരെങ്കിലും കാണാനുണ്ടെങ്കിൽ വേഗം പോയി കണ്ടോളൂ. കരിക്കിന്റെ ജബല. ചിരിയില്ലെങ്കിലും കരിക്കിന്റെ സീരീസുകൾ പ്രേക്ഷകർ സ്വീകരിക്കും എന്നതും ജബലയിലൂടെ തെളിയിക്കപ്പെടുന്നുണ്ട്.