ഛായാ മുഖി

(ആരും പേടിക്കണ്ട. സ്പോയിലർ ഇല്ല. ????????)

ജനപ്രീതിയുള്ള നടന്മാരുടെയും നടിമാരുടെയും ഫോട്ടോ വച്ച് ആളുകളെ ആകർഷിച്ച് അവരുടെ പോക്കറ്റിൽ കിടക്കുന്ന കാശ് സ്വന്തം പോക്കറ്റിലാക്കുന്ന പരസ്യതന്ത്രത്തിനെ കുറ്റം പറയുന്നില്ല. മുടക്കുന്ന കാശ് തിരിച്ചു കിട്ടാൻ സഭ്യമായ ഏത് രീതിയും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം കാശുമുടക്കുന്നവർക്കുണ്ട്. പക്ഷേ, അത് അർഹതയുള്ളവരെ തഴഞ്ഞുകൊണ്ടാകരുത് എന്ന് മാത്രം.

പറഞ്ഞുവന്നത് പ്രജേഷ് സെൻ ചിത്രമായ മേരീ ആവാസ് സുനോ യെക്കുറിച്ചാണ്. ജയസൂര്യ- മഞ്ജുവാര്യർ ചിത്രം എന്ന് കൊട്ടിഘോഷിക്കപ്പെട്ട ചിത്രം കണ്ടവർക്ക് മനസ്സിലായിക്കാണും, അതൊരു ജയസൂര്യ ചിത്രം മാത്രമാണെന്ന്. ഇനിയൊരു നായികയുടെ പേര് ചേർത്ത് പറയണമെങ്കിൽ, അതൊരു ജയസൂര്യ -ശിവദ ചിത്രമാണെന്ന്. ഏത് രീതിയിൽ നോക്കിയാലും അതൊരു മഞ്ജുവാര്യർ ചിത്രമേയല്ല. കൊടുത്ത കാശ് മുതലാക്കാൻ വേണ്ടിയായാലും പോസ്റ്ററിൽ, കളർഫുൾ സീൻസ് ഉൾപ്പെടുത്താൽ വേണ്ടിയായാലും, പാട്ടുസീനുകളിൽ പ്രാധാന്യം കൊടുത്തതല്ലാതെ കഥയിൽ മഞ്ജുവാര്യർക്കുള്ളത് വെറും സൈഡ് റോൾ മാത്രമാണ്. അതും അത്രയൊന്നും അഭിനയമികവ് ആവശ്യമില്ലാത്ത സീൻ.പോസിറ്റീവാണ് എന്ന് കാണിക്കാൻ അവശ്യമില്ലാതെ ബഹളം വച്ചും പൊട്ടിച്ചിരിച്ചും നടക്കുന്ന ഒരു വെകിളി കഥാപാത്രമായേ മഞ്ജുവിനെ സിനിമയിൽ ഞാൻ കണ്ടുള്ളൂ.

 

ജയസൂര്യ എന്ന നടനെ എങ്ങനെ ഉപയോഗിക്കാമെന്ന് പ്രജേഷ് സെന്നിനെ ആരും പറഞ്ഞു പഠിപ്പിക്കേണ്ട എന്ന കാര്യം വെള്ളം എന്ന സിനിമ നമുക്ക് കാണിച്ചു തന്നതാണ്‌. അല്ലെങ്കിലും ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ ജയസൂര്യയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട് എന്നത് തർക്കമില്ലാത്ത വിഷയമാണ്. സുധിയായും ജോയ്താക്കോൽക്കാരനായും കണ്ടപ്പോൾ ജയസൂര്യയുടെ ലാഞ്ചനയെങ്കിലും കണ്ടു പിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പ്രേക്ഷകരെ അതിന്റെ എത്രയോ ഇരട്ടി അമ്പരപ്പിക്കുന്നതായിരുന്നു ജയസൂര്യ എന്ന നടന്റെ മുരളിയിലേക്കുള്ള ട്രാൻസ്ഫൊർമേഷൻ. അടിമുടി മുരളി. ജയസൂര്യയെ, ജയസൂര്യയ്ക്ക് പോലും കണ്ടുപിടിക്കാൻ പറ്റാത്തത്ര മുരളിയായിപ്പോയ ഒരു റോൾ.

ഏതാണ്ട് അങ്ങനെ തന്നെയാണ് മേരീ ആവാസ് സുനോയിലെ ആർ. ജെ.ശങ്കർ. ജയസൂര്യയെ നന്നായി ഉപയോഗിച്ചിട്ടുണ്ട് പ്രജേഷ് സെൻ. റേഡിയോ ജോക്കി ആയ ശങ്കറിന്റെ ജീവിതത്തിൽ അയാളുടെ ജീവിതചര്യ കൊണ്ടുണ്ടായ പ്രശ്നങ്ങളും, അതിൽ നിന്നുള്ള സ്ട്രഗിളുകളെ അയാൾ എങ്ങനെ നേരിടുന്നു എന്നതുമാണ് സിനിമ പറയുന്നത്.

 

ശരിക്കും ശങ്കർ അല്ല, ശങ്കറിന്റെ ഭാര്യയാണ്‌ ആ അവസ്ഥയുടെ ഭീകരാവസ്ഥ നേരിടുന്നത്. സ്നേഹമയിയായ ഒരു ഭാര്യയായി, സഹിഷ്ണുവായ ഒരു കൂട്ടിരുപ്പ്കാരിയായി, കരുതലുള്ള ഒരമ്മമായി ജയസൂര്യയുടെ ഭാര്യയുടെ റോളിലൂടെ ശിവദ, താൻ മികച്ച അഭിനേത്രിയാണ്‌ ഒരിക്കൽ കൂടി തെളിയിച്ചു. സൂക്ഷ്മ ഭാവങ്ങൾ പോലും തികഞ്ഞ നിസ്സാരതയോടെ മുഖത്ത് വരുത്താൻ, കണ്ണുകൊണ്ടും നിശബ്ദത കൊണ്ടും നിശ്ചലത കൊണ്ടും അഭിനയിക്കാൻ ശിവദയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്. അടുത്ത് ട്വൽത്ത്മാനിലെ ഡോക്ടർ നയനയായി വന്നപ്പോഴും നമ്മളത് കണ്ടതാണ്‌. ഈ സിനിമയിലും നിരവധി അവസരങ്ങളിൽ ആ പ്രതിഭയുടെ മിന്നലാട്ടം ശിവദയുടെ മുഖത്ത് നമുക്ക് കാണാൻ കഴിയും.

അതുകൊണ്ട് തന്നെയാണ് പറഞ്ഞത് ഇതൊരു ജയസൂര്യ – മഞ്ജു വാര്യർ പടമല്ല മറിച്ച് ജയസൂര്യ – ശിവദ പടമാണെന്ന്. നല്ല സിനിമയാണ്. ഒരു സാധാരണ സിനിമ പ്രതീക്ഷിച്ചു കണ്ടാൽ മതി. ജയസൂര്യയുടെയും ശിവദയുടെയും അഭിനയം മാത്രമാണ് എടുത്തുപറയത്തക്ക സംഗതികൾ. അത് എടുത്തു പറയേണ്ടത് തന്നെയാണ് താനും.

Leave a Reply
You May Also Like

കാപ്പയുടെ ബോക്സോഫീസ് കളക്ഷൻ വ്യക്തമായ മേൽക്കൈയോടെ മറികടന്ന് മാളികപ്പുറം

Baiju R Thrikkovil പൃഥ്വിരാജ് – ആസിഫ് അലി മൾട്ടി സ്റ്റാർ ചിത്രം കാപ്പയുടെ ബോക്സോഫീസ്…

സുരേഷ്‌ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് സിനിമയിലേക്ക്, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി

സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലേക്ക്. ഇളയ മകന്‍ മാധവ്…

നിവിൻ പോളി തന്റെ പതിവ് എക്സ്പ്രഷനുകളെ ജടാമകുടങ്ങളിൽ ഒളിപ്പിച്ച് അഭിനയിച്ചു

Rajeev Panicker മഹാവീര്യർ കണ്ടു. അതിലെ മന്ത്രിമുഖ്യൻ അഥവാ സചിവോത്തമൻ അഥവാ മഹാമന്ത്രി ഭാര്യയോട് പറയുന്ന…

ഒരു കന്യാസ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതം എങ്ങനെ ചൂഷണം ചെയ്യുന്നു എന്നതാണ് അക്വേറിയം

അക്വേറിയം റിവ്യൂ Muhammed Sageer Pandarathil കണ്ണമ്പേത്ത് പ്രൊഡക്ഷന്റെ ബാനറിൽ ഷാജ് കണ്ണമ്പേത്ത് നിർമ്മിച്ച് ദീപേഷ്…