മുലപ്പാൽ പങ്കുവച്ചവർ, കേട്ടിട്ടുണ്ടോ അങ്ങനെ ചിലരെ കുറിച്ച് ?

52

രമ്യ ബിനോയ്

മുലപ്പാൽ പങ്കുവച്ചവർ

കേട്ടിട്ടുണ്ടോ അങ്ങനെ ചിലരെ കുറിച്ച്. മുലപ്പാൽ പങ്കുവച്ച അമ്മമാരെ കുറിച്ചാണ്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ അങ്ങനെയും നടന്നിട്ടുണ്ട്. ഞാൻ അങ്ങനെ മറ്റൊരമ്മയുടെ മുല കുടിച്ചിട്ടുണ്ട്, അടുത്ത വീട്ടിലെ നളിനിയമ്മയുടെ. അമ്മ എന്തോ ആവശ്യത്തിന് പുറത്തുപോയി വരാൻ വൈകിയപ്പോൾ കൈക്കുഞ്ഞായ ഞാൻ വാപൂട്ടാതെ കരഞ്ഞു. ഉടനെ ആ അമ്മ എന്നെ മുലയൂട്ടാൻ തയാറായി. ഉദ്യോഗസ്ഥയായിരുന്ന ആ അമ്മയുടെ മകൻ എന്റമ്മയുടെ മുലയുണ്ടാണ് വളർന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എന്റമ്മ പെറ്റമ്മയെക്കാൾ പ്രിയപ്പെട്ടവളായിരുന്നു. അമ്മയ്ക്ക് മാത്രം വിളിക്കാനായി കുട്ടാപ്പു എന്ന ഓമനപ്പേരും ആൾക്ക് ഉണ്ടായിരുന്നു. അമ്മയ്ക്ക് അവനോട് ഇത്തിരി സ്നേഹക്കൂടുതൽ ഇല്ലേ എന്ന് ബാല്യത്തിലെന്നും അസൂയപ്പെട്ടിരുന്നത് ഓർമയുണ്ട്. പിന്നീട് കാലം പോകെ ഇത്തരം പങ്കുവയ്ക്കലുകളും രക്തത്തെക്കാൾ കട്ടിയേറിയ ബന്ധങ്ങളും കേട്ടുകേൾവി മാത്രമായി.

അടുത്തിടെ വായിച്ച ദാഇശ് എന്ന പുസ്തകത്തിൽ അഭയാർത്ഥി ക്യാംപുകളിലെ സ്ത്രീകളെ കുറിച്ച് ഒരധ്യായമുണ്ട്. അതിൽ അമ്മമാർ കൊല്ലപ്പെട്ടതോ, അല്ലെങ്കിൽ ദാരിദ്ര്യവും ദുരിതങ്ങളും മൂലം മുലയിൽ പാൽവറ്റിപ്പോയ അമ്മമാരുടെ മക്കളോ ആയ കൈക്കുഞ്ഞുങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. മുലയിൽ പാലുള്ള മറ്റു സ്ത്രീകൾ ഈ കുഞ്ഞുങ്ങളെ ഊഴമിട്ട് പാലൂട്ടുകയാണ്. ഇതൊരു സാങ്കൽപ്പിക വിവരണമല്ല. സ്ത്രീകൾക്കു മാത്രം സാധ്യമാകുന്ന അസാമാന്യമായ കാരുണ്യത്തിന്റെ യഥാതഥമായ വിവരണമാണ്. ഇക്കഴിഞ്ഞ മേയിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ദഷ്തെ ബർച്ചി മെറ്റേണിറ്റി ആശുപത്രിയിൽ 3 ഭീകരർ ആക്രമണം നടത്തി. അവരുടെ വെടിയേറ്റ് മരിച്ചു വീണത് പ്രസവം കഴിഞ്ഞ ഉടനെയുള്ള 20 സ്ത്രീകളാണ്. ഫലത്തിൽ 20 കുഞ്ഞുങ്ങൾക്ക് മാതൃത്വത്തിന്റെ ചൂടും സ്തന്യവും നഷ്ടമായി. അവരിൽ പരുക്കേറ്റു നിലവിളിക്കുന്ന കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഈ വാർത്തയും ദൃശ്യങ്ങളും കണ്ടു ലോകം മുഴുവൻ വിറങ്ങലിച്ചു നിന്നു. അപ്പോഴും കാബൂളിന്റെ തെരുവുകളിൽ വെടിയൊച്ചകൾ മുഴങ്ങുന്നുണ്ടായിരുന്നു.

ആ സമയത്ത് സമീപത്തൊരിടത്ത് പ്രസവം കഴിഞ്ഞു വിശ്രമത്തിലായിരുന്നു ഫൈറൂസ ഒമർ എന്ന സൈക്യാട്രിസ്റ്റ്. അമ്മയെ വേർപെട്ട ആ പൈതലുകളെയോർത്തപ്പോൾ സുരക്ഷിതമായ തന്റെ വീടിനുള്ളിൽ കുഞ്ഞിനെയും ചേർത്ത് പിടിച്ച് ഇരിക്കാൻ അവർക്കായില്ല. അവർ, ആ കുഞ്ഞുങ്ങളെ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച അത്താതുർക്ക് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തി തന്റെ സേവനം വാഗ്ദാനം ചെയ്തു. നൊന്തും വിശന്നും നിലവിളിക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാമോ എന്നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ ചോദ്യം. അങ്ങനെ ആദ്യ ദിനം രാത്രി തന്നെ അവർ നാലു കുഞ്ഞുങ്ങളെ മുലയൂട്ടി പരിചരിച്ചു. പിന്നീട് അവർ തുടർച്ചയായി ആശുപത്രിയിൽ എത്തി. ഈ സമയങ്ങളിൽ ഫൈറൂസയുടെ ഭർത്താവ് വീട്ടിലിരുന്ന് തങ്ങളുടെ കുഞ്ഞിനെ പരിചരിച്ചു. ഫൈറൂസ തന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നാലു സ്ത്രീകൾ കൂടി മുലപ്പാൽ പങ്കുവയ്ക്കാനും കുഞ്ഞുങ്ങളെ പരിചരിക്കാനും തയാറായി മുന്നോട്ടു വന്നു. ആ കുഞ്ഞുങ്ങളെല്ലാം ആരോഗ്യം വീണ്ടെടുക്കുന്നതു വരെ രാപകൽ ഈ അമ്മമാർ കാവലിരുന്നു. വീട്ടിലിരുന്ന അവരുടെ പങ്കാളികൾ പിന്തുണയുടെ വൻമതിലുകളായി.

അഫ്ഗാനിൽ നിന്ന് നമ്മുടെ നാട്ടിലേക്ക് വരാം. 2019ലെ പ്രളയകാലം. വയനാട് പനമരത്ത് പ്രളയജലം കുതിച്ചുയരുകയാണ്. ജീവനും കയ്യിലെടുത്ത് വീടൊഴിഞ്ഞു പോകുന്നതിനിടെ മുത്തു എന്ന യുവതി കുഴഞ്ഞു വീണു മരിച്ചു. ഇവരുടെ മകൾ ആറുമാസം പ്രായമുള്ള ദിവ്യയ്ക്ക് അതോടെ അമ്മയുടെ മാർച്ചൂട് നഷ്ടമായി. ദുരിതാശ്വാസ ക്യാംപിൽ കുഞ്ഞുമായി പകച്ചു നിന്ന അച്ഛൻ ബാബുവിൽ നിന്ന് അവളെ ക്യാംപിലെ കൈക്കുഞ്ഞുങ്ങളുള്ള സ്ത്രീകൾ ഏറ്റുവാങ്ങി. പിന്നെ അവരുടെ പാലൂട്ടി അവളുടെ വിശപ്പും കരച്ചിലുമടക്കി.
ബ്രെസ്റ്റ് മിൽക്ക് ബാങ്ക് എന്നൊരു സംവിധാനം ഇപ്പോൾ നിലവിലുണ്ട്. അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മാത്രമല്ല പല കാരണങ്ങളാൽ കുഞ്ഞുങ്ങളെ മുലയൂട്ടാനാവാതെ പോകുന്ന സ്ത്രീകൾക്ക് ഏറ്റവും അനുഗ്രഹമാകുന്ന സംവിധാനമാണത്. കേരളത്തിൽ കഴിഞ്ഞ വർഷം അത്തരമൊരു സംവിധാനം തുടങ്ങുന്നതായി കേട്ടുവെങ്കിലും തുടർനടപടികൾ അറിയാൻ കഴിഞ്ഞില്ല. നവജാത ശിശുവിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ സ്തന്യം എല്ലാ കുഞ്ഞുങ്ങൾക്കും ലഭിച്ചിരുന്നെങ്കിൽ അവരെല്ലാം എത്രയോ മിടുക്കരായി വളർന്നു വന്നേനെ.

എന്റെ മകൻ ജനിച്ചയുടനെ വെന്റിലേറ്ററിൽ പ്രവേശിച്ചവനാണ്. പ്രസവ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമിക്കുന്ന എനിക്ക് അവൻ കഴിയുന്ന കൊച്ചിയിലെ പിവിഎസ് ആശുപത്രിയിൽ എത്താൻ കഴിഞ്ഞത് ഒരാഴ്ചയ്ക്ക് ശേഷം മാത്രമാണ്. അക്കാലമത്രയും അവൻ കൃത്രിമ പാലുണ്ടാണ് ജീവൻ നിലനിർത്തിയത്. ഞാനാകട്ടെ ആ സമയത്ത് കണ്ണീരോടെ മുലപ്പാൽ പിഴിഞ്ഞുകളയുകയായിരുന്നു. പിന്നീട് അവനെ എന്റെ കയ്യിൽ കിട്ടിയ ശേഷവും ഏറെക്കാലം അവന് കുപ്പിപ്പാലായിരുന്നു പ്രിയം. അതിന്റേതായ ബാലാരിഷ്ടത അവനുണ്ടായിരുന്നു താനും. ആ സമയത്ത് മുലപ്പാൽ ബാങ്കുകൾ ഉണ്ടായിരുന്നു എങ്കിൽ എന്റെ കുഞ്ഞും ആരോഗ്യവാനായിരുന്നേനെ.
ആരോഗ്യവതികളായ അമ്മമാരേ… അത്തരമൊരു അവസരം വന്നാൽ മടിച്ചു നിൽക്കരുത്. മുലപ്പാൽ ഇല്ലാതെ കരയുന്ന ഏതു കുഞ്ഞിനെയും മുലയൂട്ടാൻ തയാറാകൂ. മനുഷ്യനെന്ന പദം കൂടുതൽ കൂടുതൽ മനോഹരമാകട്ടെ…

(അത്താതുർക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ മുലയൂട്ടുന്ന ഫൈറൂസ ഒമറിന്റെ ചിത്രത്തിന് ബിബിസിയോട് കടപ്പാട്)