Muhammed Sageer Pandarathil
1965 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണകമലം ചെമ്മീന്‍ സ്വന്തമാക്കിയ ചെമ്മീനിൽ ഒരു ചെറിയ ഭാഗത്താണ് ഗുരുവായൂരിലുള്ള നബീസ അഭിനയിച്ചത്. പാട്ടുകാരിയായിരുന്ന ഇവർ ഒരിക്കല്‍ തൃശൂര്‍ ടൗൺ പോലീസ് സ്റ്റേഷന്റെ വാര്‍ഷിക പരിപാടിയുടെ റിഹേഴ്‌സലിന് പോയപ്പോള്‍ രാമു കാര്യാട്ടും ചെമ്മീന്‍ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും താമസിച്ചിരുന്ന ലോഡ്ജിലെ അടുത്ത മുറിയിലായിരുന്നു താമസിച്ചത്.
അന്ന് നബീസക്കൊപ്പം 7 മാസം പ്രായമായ അവരുടെ മകൾ ഷക്കീലയും ഉണ്ടായിരുന്നു. അവിടെ വെച്ച് രാമുകാര്യാട്ട് കുഞ്ഞിനെ കണ്ടപ്പോൾ ചെമ്മീന്‍ സിനിമയില്‍ ഷീലയുടെ മകളായി അഭിനയിക്കാൻ കുട്ടിയെ തരുമോയെന്ന് അദ്ദേഹം നബീസയോട് തിരക്കി. അങ്ങിനെയാണ് കറുത്തമ്മയുടെ മകളായി ഷക്കീല അഭിനയിക്കുന്നത്.
അങ്ങിനെ നബീസ കുഞ്ഞുമായി ഷൂട്ടിങ്ങ് നടക്കുന്ന നാട്ടിക ബീച്ചില്‍ എത്തുന്നത്. അവിടെ വെച്ച് അവർക്ക് ആ സിനിമയിലെ ഒരു ചെറിയ രംഗത്തില്‍ അഭിനയിക്കാനും സാധിച്ചു. ഷീലാമ്മയെ കളിയാക്കുന്ന ആ രംഗം ഫിലോമിനയുടെയും അടൂര്‍ ഭവാനിയോടൊപ്പമൊക്കെ അവർ ചെയ്തു. ഒരു അരയത്തിപ്പെണ്ണിന്റെ കഥാപാത്രം, അത്രമാത്രമായിരുന്നു സിനിമയില്‍ അവരുടെ കഥാപാത്രം. എന്നാല്‍ അതിലേറെ പരിഗണന അവർക്ക് ഷക്കീലയുടെ ഉമ്മ എന്ന നിലയില്‍ കിട്ടിയതായി നബീസക്ക് കിട്ടിയതായി ഉമ്മ പറഞ്ഞിട്ടുണ്ടെന്ന് ഷക്കീല ഓർക്കുന്നു.
ഗുരുവായൂർ പുതുവീട്ടിൽ മൂക്കത്തയിൽ ഷംസുദ്ദീന്റെ ഭാര്യയായ ഷക്കീലാക്ക് ചെമ്മീനുശേഷം അവസരങ്ങൾ വന്നെങ്കിലും ഉമ്മ അതൊന്നും സ്വീകരിച്ചില്ല എന്നും ഇവർ പറയുന്നു. ഷക്കീലാക്ക് ചെമ്മീനെക്കുറിച്ച് ഒന്നും ഓർമയില്ല എന്നാൽ ഉമ്മ നബീസ പറഞ്ഞ ആ അനുഭവങ്ങൾ ഓർമയുണ്ട്.
കടപ്പുറത്തുള്ള ചിത്രീകരണ സമയത്ത് തനിക്ക് പാലുകൊടുക്കാനും മറ്റുമായി ഒരു താല്‍കാലിക ഷെഡായിരുന്നു അവര്‍ ഉമ്മാക്ക് ഒരുക്കികൊടുത്തത്. കുഞ്ഞിനു പാലുകൊടുക്കേണ്ട സമയത്ത് മധുസാര്‍ ആയാലും ഷീലാമ്മയായാലും ഉമ്മാക്ക് മുറി ഒഴിഞ്ഞു കൊടുക്കുമായിരുന്നവെന്ന് ഉമ്മ പറഞ്ഞതായി അവർ ഓർത്തെടുത്തു.
അളഗപ്പ മിൽ തൊഴിലാളിയായിരുന്ന ബീരാൻകുട്ടിയായിരുന്നു നബീസയുടെ ബാപ്പ. നന്നായി പാട്ട് പാടുമായിരുന്ന നബീസയെ പാർട്ടി പ്രവർത്തകനായ ബാലൻ പണിക്കരാണ് പൊതുയോഗങ്ങളിൽ പാടാൻ കൊണ്ടുപോകുന്നത്. ആ കൊച്ചു ഗായികക്ക് പിന്നീട് ധാരാളം വേദികൾ ലഭിച്ചു. ഒപ്പം നിരവധി നാടകങ്ങളിലും അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ ഉൾപ്പെടെയുള്ള നാടകങ്ങളിൽ അഭിനയിച്ച അവരെ സമുദായത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ഉപ്പ ബീരാൻകുട്ടി വളർത്തിയത്.

1962 ൽ ഗുരുവായൂർ സ്വദേശിയായ അബുവാണ് നബീസയെ വിവാഹം കഴിച്ചത്. 1963 മാർച്ച് 15 ആം തിയതിയാണ് ഷക്കീല ജനിച്ചത്. അബുവും നബീസയും കുടുംബവും പിന്നീട് ഗുരുവായൂരിലേക്ക് താമസം മാറ്റി. സ്കൂളിൽ പഠിക്കുമ്പോൾ മുതിർന്ന കുട്ടികൾ ചെമ്മീൻ കുട്ടിയെന്ന് വിളിക്കുമായിരുന്നുവെന്ന് ഷക്കീല ഓർക്കുന്നു. പിന്നീട് മുതിർന്നപ്പോൾ അതൊരഭിമാനമായി. ഷക്കീലയുടെ സ്ക്കൂൾ /കോളേജ് വിദ്യാഭ്യാസം മമ്മിയൂർ ലിറ്റിൽ ഫ്ലവറിലായിരുന്നു. ചെമ്പൈ സ്മാരക സംഗീത വിദ്യാലയത്തിൽ നിന്ന് സംഗീതവും അഭ്യസിച്ചു. 1986 ലായിരുന്നു ഷംസുദ്ദീനുമായുള്ള വിവാഹം.
വിവാഹശേഷം ഭർത്താവുമൊത്ത് മസ്‌ക്കത്തിലും ദുബായിലും താമസിച്ചു. മുഹമ്മദ് ഷൈൻ, മുഹമ്മദ് സജിൽ എന്നിവരാണ് മക്കൾ. ദുബായിൽ ഉള്ളപ്പോൾ പ്രശസ്ത ഗായകർക്കൊപ്പം പാടാൻ അവസരം ലഭിച്ച ഷക്കീല നാട്ടിൽ സ്ഥിര താമസമായ ശേഷം രാഗമാലിക, ജനകീയ സംഗീത സഭ, ദിൽ കി ആവാസ് എന്നീ ട്രൂപ്പുകളിൽ പാടിയിരുന്നു.സത്യനേയും രാമുകര്യാട്ടിനേയും കാണാത്ത ഷക്കീല മധു സാറിനെ തന്നെ കാണുന്നത് 1993 ൽ തിരുവനന്തപുരം നിശാഗന്ധിയിൽ ചെമ്മീനിന്റെ 28 ആം വാർഷികത്തിലാണ്. അന്ന് കെ ജി ജോർജ് സാർ തന്ന ഉപഹാരം അവർ ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നുണ്ട്. 2015 ൽ ഗുരുവായൂരിൽ നടന്ന ചെമ്മീന്റെ 50 ആം വാർഷിക പരിപാടിയിലും മധു സാറിനെ വീണ്ടും കണ്ട ഷക്കീല സമയം കിട്ടുമ്പോഴെല്ലാം ഇപ്പോഴും ചെമ്മീനിലെ തന്റെ കുട്ടിക്കാലം കാണാറുണ്ടെന്ന് പറഞ്ഞു.
നമ്മുടെ സിനിമാലോകം ഒരിക്കല്‍പോലും ഓര്‍മിക്കാത്തതും തിരിച്ചറിയാത്തതുമായ ഒരുപാട് സഹനടിമാരും കലാകാരന്മാരും നമ്മുടെ സമൂഹത്തിലുണ്ട്. അവരിൽ പെട്ടവരാണ് ഈ ഉമ്മയും മകളും. സംഗീതലോകത്ത് തങ്ങളുടേതായ വ്യക്തിത്വം അടയാളപ്പെടുത്തിയ ഈ രണ്ടു കലാകാരികളെ സമൂഹം വേണ്ടരീതിയിൽ അടുത്തറിഞ്ഞിട്ടില്ലെന്നു മാത്രം…