fbpx
Connect with us

ചെറിയപെരുന്നാളിന്റെ വലിയ ഓര്‍മകള്‍

നോമ്പും ചെറിയ പെരുന്നാളും ബലിപെരുന്നാളും എല്ലാം കുട്ടിക്കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. നെയ്‌ച്ചോറിന്റെ ഗന്ധവും മൈലാഞ്ചിചുവപ്പും പുത്തനുടുപ്പുമായി പടികടന്നുവരുന്ന നന്മയുടെ വസന്തമായിരുന്നു.
വിരല്‍തുമ്പില്‍ നിന്നും ഊര്‍ന്നുപോയെങ്കിലും ഇന്നും നഷ്‌ടബാല്യത്തിന്റെ പൂമുഖവാതില്‍ക്കല്‍ തന്നെ പായല്‍ പിടിക്കാതെ നില്‍പ്പുണ്ട്‌ ആഹ്ലാദത്തിന്റെ ആപെരുന്നാള്‍ ഓര്‍മകള്‍.

 154 total views

Published

on

യു എ ഖാദര്‍

നോമ്പും ചെറിയ പെരുന്നാളും ബലിപെരുന്നാളും എല്ലാം കുട്ടിക്കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. നെയ്‌ച്ചോറിന്റെ ഗന്ധവും മൈലാഞ്ചിചുവപ്പും പുത്തനുടുപ്പുമായി പടികടന്നുവരുന്ന നന്മയുടെ വസന്തമായിരുന്നു.
വിരല്‍തുമ്പില്‍ നിന്നും ഊര്‍ന്നുപോയെങ്കിലും ഇന്നും നഷ്‌ടബാല്യത്തിന്റെ പൂമുഖവാതില്‍ക്കല്‍ തന്നെ പായല്‍ പിടിക്കാതെ നില്‍പ്പുണ്ട്‌ ആഹ്ലാദത്തിന്റെ ആപെരുന്നാള്‍ ഓര്‍മകള്‍.

വടക്കേമലബാറിലെ മുസ്‌ലിം വീടുകളില്‍ നിന്നും സിങ്കപ്പൂരിലേക്കും ബര്‍മയിലേക്കും റങ്കൂണിലേക്കുമൊക്കെ തൊഴില്‍തേടിപോയിരുന്നവര്‍ തിരികെയെത്തിയിരുന്നത്‌ നോമ്പുകാലത്തായിരുന്നു.അതുകൊണ്ടുതന്നെ കൂട്ടുകുടുംബങ്ങളുടെ ഒത്തുചേരലുകളായിരുന്നു ചെറിയപെരുന്നാള്‍. റമസാന്‍ ഇരുപത്തിഏഴാം രാവ്‌ ആകുമ്പോഴേക്കും അവരെല്ലാം മടങ്ങിയെത്തിയിട്ടുണ്ടാവും.
വീടുകളില്‍ ഉത്സവ പ്രതീതിപരക്കും. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പെരുന്നാളുകള്‍ ആവേശത്തിമര്‍പ്പാകുന്നതും അതുകൊണ്ടുതന്നെയാണ്‌. ഉമ്മ എന്നൊരാള്‍ മനസിലേയില്ല. എന്നെ പ്രസവിച്ചതിന്റെ മൂന്നാംനാള്‍ മരണംകൂട്ടികൊണ്ടുപോയ ആ മുഖത്തിന്റെ ഒരുഫോട്ടോപോലും ശേഷിക്കുന്നുമില്ല.

ബര്‍മയാണെന്റെ മാതൃരാജ്യം. ബഗന്‍ എന്ന ജില്ലയിലായിരുന്നു ഉമ്മയുടെ വീട്‌. രണ്ടാം ലോകമഹായുദ്ധാനന്തരം അഭയാര്‍ഥികളായപ്പോള്‍ ഉപ്പ നാട്ടിലേക്ക്‌ പോരുകയായിരുന്നു. കൂടെ ഏഴുവയസുകാരനായ ഞാനും.

Advertisementഉമ്മാമയായിരുന്നു പിന്നെ എല്ലാത്തിനും. കേരളത്തെ ആദ്യമായികാണുന്നത്‌ ഏഴാം വയസ്സിലാണ്‌. മലയാളം പഠിക്കുന്നത്‌ അതില്‍പിന്നെയാണ്‌. ബര്‍മയിലെ ഭാഷമാത്രമെ അറിയുമായിരുന്നുള്ളൂ. ഉമ്മയില്ലാത്തകുട്ടി എന്നനിലയില്‍ മാത്രമല്ല ഏഴാം വയസ്സില്‍ മാത്രം കാണാന്‍ ഭാഗ്യമുണ്ടായ പേരക്കുട്ടികൂടിയായിരുന്നുവല്ലോ ഉമ്മാമക്ക്‌ ഞാന്‍. ഞാന്‍ നോമ്പെടുത്താലും ഉമ്മാമ്മ മുഴുമിക്കാന്‍ സമ്മതിക്കുമായിരുന്നില്ല. എന്നാലും ഒരുവാശിയുടെ പുറത്ത്‌ നോമ്പുപിടിക്കുമായിരുന്നു. പൂര്‍ത്തിയാക്കാന്‍ അനുവാദമുണ്ടായിരുന്നത്‌ 27ാം രാവിനുമാത്രമായിരുന്നു.

അന്ന്‌ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. കൊയിലാണ്ടിയിലെ ജുമുഅത്തുപള്ളി കൂടുതല്‍ സജീവമാകും. രാവ്‌ പുലരുംവരെ പ്രാര്‍ഥനകളില്‍ മുഴകിയും ദിക്‌റുകള്‍ അധികരിപ്പിച്ചും വിശ്വാസികള്‍ പള്ളിയില്‍ തന്നെ ചെലവഴിക്കും. ഇരുപത്തി ഏഴാം രാവിന്‌ പള്ളിയില്‍ പ്രത്യേക ചടങ്ങുതന്നെയുണ്ടായിരുന്നു. ഓത്തിന്‌ പോവുക എന്നാണ്‌ പറയുക. നാട്ടുകാരണവന്‍മാരും മുത്തവല്ലിമാരും നാട്ടിലെ പ്രധാനികളുമെല്ലാം ചേര്‍ന്ന്‌ പള്ളിയിലെ മുസ്‌ലിയാര്‍ക്കും മൊല്ലാക്കക്കും മറ്റും നല്‍കേണ്ട പെരുന്നാള്‍ ഹദിയ പിരിച്ചെടുക്കുന്നത്‌ അന്നാണ്‌.

ഓരോ വീട്ടുകാര്‍ ഇത്രതുക നല്‍കണമെന്ന്‌ എല്ലാവരും കൂടി തീരുമാനിക്കും. അന്ന്‌ പള്ളിയില്‍ ചീരണി വിതരണം ചെയ്യും. മധുരപലഹാരങ്ങളും അരിയുണ്ടയുമുണ്ടാകും. അരിയുണ്ടകൊണ്ട്‌ കുട്ടികള്‍ എറിഞ്ഞ്‌കളിക്കും. എറിയുന്നത്‌ കൊള്ളുന്നത്‌ പതിവായി ഞാനായിരുന്നു. കാരണം ഞാന്‍ അവര്‍ക്കിടയില്‍ വിഭിന്നനായിരുന്നുവല്ലോ. അവര്‍ക്ക്‌ പരിചിതമല്ലാത്ത ഒരുമുഖവുമായി വന്ന എന്നെ എറിഞ്ഞും പിച്ചിയും മാന്തിയുമൊക്കെ വേദനിപ്പിക്കുന്നതിലും പരിഹസിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു ചിലമുതിര്‍ന്ന കുട്ടികള്‍. എന്നാലും 27ാം രാവിന്‌ പള്ളിയിലെ ഒത്തുചേരലിലും ചീരണിവിതരണത്തിലും ദിക്‌റിലുമൊക്കെ പങ്കെടുക്കുന്നതില്‍ മുടക്കം വരുത്തിയിരുന്നില്ല.

മാസപ്പിറവി കാണുന്ന ദിവസമാണ്‌ പെരുന്നാള്‍ ഓര്‍മയിലെ മറ്റൊരപൂര്‍വ ദിനം. അമ്പിളിക്കീറ്‌ മാനത്ത്‌ ദൃശ്യമാകണം. അത്‌ വിശ്വാസ യോഗ്യമെന്ന്‌ ബോധ്യമായാല്‍ ഖാസിമാര്‍ പെരുനാളുറപ്പിക്കും. ഉടനെപെരുന്നാള്‍ നിലാവ്‌ തെളിഞ്ഞതിന്റെ വിളംബരം മുഴക്കി പള്ളിയിലെ നകാര മുഴങ്ങും. അതോടെയാണ്‌ ആഹ്ലാദം ആഘോഷത്തോളമുയരുന്നത്‌.

Advertisementഎന്നാല്‍ കുട്ടിക്കാലത്ത്‌ മാസപ്പിറവി സംബന്ധിച്ച അനിശ്ചിതത്വവും അവ്യക്തതയും മൂലം വേദനിപ്പിക്കുന്ന ചില അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. അന്ന്‌ വൈദ്യുതി വിളക്കുകളില്ല. സാധാരണ നിലയില്‍ കടകള്‍ വൈകുന്നേരം ഏഴുമണിയോടെ അടക്കും. എന്നാല്‍ പെരുന്നാല്‍ തലേന്ന്‌ നേരംപുലരുംവരെ അവ തുറന്നിരിക്കും.

കുട്ടികള്‍ക്ക്‌ പോലും ഉറക്കമില്ലാത്ത രാവാണത്‌. പലചരക്ക്‌ കടയും തുണിപ്പീടികയും ടൈലര്‍ കടയും ബാര്‍ബര്‍ഷോപ്പും എല്ലാം നിറഞ്ഞ്‌ കവിയും. ആണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പുത്തനുടുപ്പ്‌ ലഭിക്കുന്നത്‌ അന്നാണ്‌.എണ്ണയും സോപ്പും ഒക്കെചേര്‍ത്ത്‌ ആര്‍ഭാഡമായി പലരുംകുളിക്കുന്നത്‌ അന്നാണ്‌. ഈ ആള്‍ക്കൂട്ടത്തിനിടയിലൂടെ തുള്ളിച്ചാടി കളിക്കുന്നതില്‍ പ്രത്യേക ലഹരിതന്നെയുണ്ടായിരുന്നു.

ഒരിക്കല്‍ മാസപ്പിറവി സംബന്ധിച്ച വിവരങ്ങളറിയാനുള്ള കാത്തിരിപ്പുമായി കൊയിലാണ്ടി ജുമുഅത്ത്‌ പള്ളിക്കുമുമ്പില്‍ തടിച്ചുകൂടി നില്‍ക്കുകയായിരുന്നു വലിയൊരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ കുട്ടികളായ ഞങ്ങളുമുണ്ട്‌. അറവുകാര്‍ക്കും പണിതുടങ്ങണമെങ്കില്‍ മാസപ്പിറവി സംബന്ധിച്ച അറിയിപ്പ്‌ കിട്ടണം. അന്ന്‌ വിവരം ലഭിക്കാന്‍ താമസിച്ചുപോയി. സാധാരണ ഫോണ്‍വഴിയാണ്‌ വിദൂരങ്ങളില്‍ കണ്ട ചന്ദ്രക്കലയെക്കുറിച്ചുള്ള വിവരം ലഭിക്കുക.

അന്ന്‌ മൊയ്‌തീന്‍ പള്ളിയില്‍ നിന്നാണ്‌ മാസപ്പിറവി കണ്ടതിന്റെ വിവരം വന്നത്‌. അവിടെ പെരുന്നാളാണെന്ന്‌ ഖാസി ഉറപ്പിച്ചു. അതിന്റെ ആഹ്ലാദം നകാരമുട്ടി അവര്‍ നാടിനെ അറിയിച്ചു. തൊട്ടടുത്ത്‌ തന്നെയുള്ള ജുമുഅത്ത്‌ പള്ളിക്കാര്‍ക്ക്‌ അത്‌ സ്വീകാര്യമായില്ല. അവരെ അറിയിക്കുകയും ഏകകണ്‌ഠമായി ഉറപ്പിക്കുകയും ചെയ്യേണ്ടതിന്‌ പകരം ഏകപക്ഷീയമായി പെരുന്നാള്‍ ഉറപ്പിച്ചപ്പോള്‍ ഇവരതിനെ തിരസ്‌ക്കരിച്ചു.

Advertisementപള്ളിയില്‍ ആകാംക്ഷയോടെ കൂടി നില്‍ക്കുന്നവരോടായി ഖാസി പ്രഖ്യാപിച്ചു. നമുക്ക്‌ നാളെ നോമ്പാണ്‌. നിങ്ങളെല്ലാവരും വീടുകളില്‍ പോയി ഉറങ്ങിക്കോളീന്‍. അത്താഴവും കഴിച്ച്‌ നോമ്പുമെടുത്തോളീന്‍…

കുട്ടികളായ ഞങ്ങളെ ആ സംഭവം നിരാശരാക്കി. മറ്റൊരുകാരണം കൂടിയുണ്ടതിന്‌. ഞാന്‍ ബാപ്പ രണ്ടാമത്‌ വിവാഹം കഴിച്ച എളാമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. ബാപ്പ ജുമുഅത്ത്‌ പള്ളിക്കാരുടെ ഭാഗക്കാരനായിരുന്നു. എന്നാല്‍ എളാമ്മയുടെ വീട്ടുകാരാവട്ടെ മൊയ്‌തീന്‍പള്ളിക്കാരുടെ പക്ഷവും. ഒരേ വീട്ടില്‍ നോമ്പുകാരും പെരുന്നാള്‍ ആഘോഷിക്കുന്നവരുമുണ്ടായി.

കൊയിലാണ്ടിയിലെ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന പഴയ മുസ്‌ലിം തറവാടുകളില്‍ ഒന്നായിരുന്നുവത്‌. നിറയെ ആളുകള്‍, കുട്ടികളുടെ ബഹളങ്ങള്‍. അവര്‍ക്ക്‌ കാരണവന്‍മാരും മറ്റും പെരുന്നാള്‍പണം കൊടുക്കുന്നു. പടക്കംപൊട്ടിച്ചും പൂത്തിരികത്തിച്ചും നെയ്‌ച്ചോറ്‌ കഴിച്ചും അവര്‍ ആഹ്ലാദിക്കുന്നത്‌ നോമ്പുകാരനായി വേദനയോടെ നോക്കിനില്‍ക്കേണ്ടി വന്നു.
അന്ന്‌ പെരുന്നാളാഘോഷിച്ച എളാമ്മ തന്നെ എനിക്കും ബാപ്പക്കും നോമ്പുതുറക്കുള്ള വിഭവങ്ങളും ഒരുക്കിതന്നു. അടുത്ത ദിവസമായിരുന്നു ഞങ്ങളുടെ പെരുന്നാള്‍. എന്നാല്‍ അന്ന്‌ എനിക്കൊപ്പം ആഹ്ലാദിക്കാനും ആഘോഷിക്കാനും കൂട്ടകാരെയൊന്നും ലഭിക്കാത്തത്‌ അതിലും വലിയ വേദനയായിരുന്നു.

ഉമ്മാമ്മയുടെ മരണശേഷമാണ്‌ ആ വീട്ടിലേക്ക്‌ താമസം മാറ്റിയത്‌. അവരുടെ മരണം എന്നെ ശരിക്കും വേദനിപ്പിച്ചു. ഉറ്റപ്പെടലിന്റെ അനാഥത്വം എന്താണെന്ന്‌ ശരിക്കുമറിഞ്ഞു. എളാമ്മയുടെ വീട്ടില്‍ ഒരനാഥനെ പോലെയായിരുന്നു പിന്നെ കഴിഞ്ഞുകൂടിയിരുന്നത്‌. പെരുനാളിന്‌ പടക്കപൈസ തരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എളാമ്മയുടെ വീട്ടിലെ കാരണവര്‍ എന്നെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. എല്ലാകുട്ടികള്‍ക്കും അദ്ദേഹം പെരുന്നാള്‍ പണം കൊടുക്കുമ്പോള്‍ ഞാനും അവിടെയുണ്ടെന്ന ചിന്ത അവര്‍ക്കൊന്നും ഉണ്ടായിരുന്നില്ല.വല്ലപ്പോഴും ഉപ്പവരുമ്പോള്‍ മാത്രമാണ്‌ അല്‍പ്പമെങ്കിലും ആശ്വാസമായിരുന്നത്‌.

Advertisementകുട്ടിക്കാലത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ എനിക്ക്‌ സമീപ്പിക്കാനും ആരുമുണ്ടായിരുന്നില്ല. വീട്ടുകോലായിയിലെ സൈഡിലെ ഒരുമുറിയിലായിരുന്നു എന്റെ കിടപ്പ്‌. തികച്ചും അന്യനായി ആ വലിയ വീട്ടില്‍ കഴിഞ്ഞുകൂടിയ ഒറ്റപ്പെടലില്‍ നിന്നാണ്‌ എന്റെ എഴുത്തിന്‌ തുണയായ ഊര്‍ജം സംഭരിക്കാനായത്‌.

ഒരേ വീട്ടില്‍ നോമ്പും പെരുനാളും കടന്നുവന്ന മറ്റൊരുദിനം കൂടി കുട്ടിക്കാലത്ത്‌ തന്നെയുണ്ടായിട്ടുണ്ട്‌. സ്വന്തമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതാരോടും പറഞ്ഞിരുന്നില്ല. എല്ലാം ഉള്ളില്‍ ഒതുക്കും. എന്നാല്‍ ഒരുപെരുന്നാള്‍ കാലത്ത്‌ ഞങ്ങള്‍ കൂട്ടുകാരെല്ലാം ഒരു തീരുമാനമെടുത്തു. എല്ലാവര്‍ക്കും ബുസൂരിസൂട്ട്‌(സഫാരി സൂട്ട്‌) അടിക്കണമെന്ന്‌. അന്ന്‌ റങ്കൂണില്‍ നിന്നുള്ള ബാപ്പയുടെ മണിയോര്‍ഡര്‍ വരാന്‍ വൈകി. രാമുണ്ണികുട്ടിയുടെ ടൈലര്‍കടയില്‍ തുന്നിവെച്ച ഉടുപ്പ്‌ വാങ്ങാന്‍ യാതൊരു നിവൃത്തിയുമില്ല. എന്തുചെയ്യും…?

കാര്യം രാമുണ്ണികുട്ടിക്കുമറിയാം. അത്‌കൊണ്ട്‌ അയാള്‍ ഉദാരനായി. പൈസ പിന്നീട്‌ തന്നാല്‍മതിയെന്ന ഉപാധിയോടെ ബുസൂരിസൂട്ട്‌ തന്നു. എന്നാല്‍ പറഞ്ഞ അവധിതെറ്റിയിട്ടും രാമുണ്ണിക്കുട്ടിയുടെ കടം വീട്ടാനെനിക്കായില്ല. അയാളെ ഒളിച്ചും പതുങ്ങിയും നടക്കേണ്ടിവന്നു കുറെനാള്‍. ഇന്നും ആ കടം വീട്ടിയിട്ടില്ല. എങ്കിലും ആ പണം വേണ്ടെന്ന്‌ വെച്ച്‌ കൂടുതല്‍ ഉദാരനാവാനും വീണ്ടും തുണിതൈക്കാന്‍ തന്റെയടുക്കല്‍ തന്നെ കൊണ്ടുതരണമെന്നും ആവശ്യപ്പെടുകയായിരുന്നു രാമുണ്ണികുട്ടി.

പെരുന്നാളിന്റെ കുട്ടിക്കാല സ്‌മൃതികളില്‍ പൂത്തു തളിര്‍ത്ത വര്‍ണശബളിമയുള്ള ചിത്രം പള്ളിയില്‍ നിന്ന്‌ ഖുതുബക്കുശേഷമുള്ള തക്‌ബീര്‍ ചുറ്റലാണ്‌. ഖാസി ഖുതുബ വേഷത്തില്‍ തന്നെ മുമ്പേയുണ്ടാകും. കാരണവന്‍മാരും മുതവല്ലിമാരും നാട്ടുകാരും കുട്ടികളും അവരെ അനുഗമിക്കും. ഉറക്കെ തക്‌ബീര്‍ മുഴക്കി തുടങ്ങുന്നു ആയാത്ര. താഴങ്ങാടി മഖാം, വലിയ സീതിതങ്ങള്‍ മഖാം, തുടങ്ങി പ്രദേശത്തെ പ്രധാന മഖാമുകളില്‍ സിയാറത്ത്‌ നടത്തിയ ശേഷമാണ്‌ ആളുകള്‍ വീടുകളിലേക്ക്‌ മടങ്ങുക. അവിടെയും മൊയ്‌തീന്‍പള്ളിക്കാരും ജുമുഅത്ത്‌ പള്ളിക്കാരും അഭിപ്രായ ഭിന്നതയുള്ളത്‌ കൊണ്ട്‌ ഇരുകൂട്ടര്‍ക്കും രണ്ടുവഴിയിലൂടെയായിരുന്നു യാത്ര. ഒരുവിഭാഗം പോകുന്ന മഖാമുകള്‍ മറ്റുള്ളവര്‍ക്ക്‌ നിഷിദ്ധമായിരുന്നു.

Advertisementഈ സിയാറത്തും തഖ്‌ബീര്‍ ചൊല്ലിയുള്ള യാത്രയും ഇന്നില്ല. അന്ന്‌ ഒരുവിഭാഗത്തിന്‌ തങ്ങളുടെ ശക്തി തെളിയിക്കുന്നതിനുള്ള അവസരമായിരുന്നു ഇത്‌. വലിയ പെരുന്നാളിന്‌ കയ്യെഴുത്ത്‌ ആഘോഷമുണ്ടാകും. പള്ളിയുടേയും മഹല്ലിന്റെയും പ്രതാപം കാണിക്കുന്ന തരത്തിലായിരുന്നു ഈ ആഘോഷങ്ങള്‍. ഇന്നത്തെ വിദ്യാരംഭത്തിനു തുല്യമായിരുന്ന അതൊരു വാര്‍ഷിക ദിനമായിരുന്നു. പിറ്റേന്ന്‌ കുട്ടികള്‍ക്ക്‌ ഗുരുവിന്റെ വീട്ടില്‍ നിന്ന്‌ ഭക്ഷണം കൊടുക്കും. ഇതും മഹല്ലുകളില്‍ സംഘടിപ്പിച്ചിരുന്നതായിരുന്നു. എന്നാല്‍ നന്മയിലധിഷ്‌ടിതമായ പഴമയുടെ ഈ ആചാരങ്ങളെല്ലാം ഇന്ന്‌ തിരസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. അവയൊക്കെ പുനര്‍ജനിച്ചിരുന്നുവെങ്കില്‍ എന്ന്‌ വെറുതെ മോഹിച്ചുപോകുന്നു.

നകാരമുട്ടിയുണര്‍ത്തുന്ന സ്‌മൃതികള്‍

പി സുരേന്ദ്രന്‍

കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ പെരുന്നാളിന്റേയും ഇരുപത്തിയേഴാം രാവിന്റേയും പലഹാരത്തിന്റെ മാധുര്യവും നെയ്‌ച്ചോറിന്റെ മണവുമുണ്ട്‌. അയല്‍പക്കത്തെ മുസ്‌ലിം വീടുകളില്‍ നിന്നും നെയ്യപ്പവും പത്തിരിയും കലത്തപ്പവുമൊക്കെ തേക്കിന്റെ ഇലയില്‍ പൊതിഞ്ഞുകെട്ടി ഞങ്ങള്‍ക്കായി അവര്‍കൊണ്ടുവന്ന്‌ തരുമായിരുന്നു. ഓണത്തിനും വിഷുവിനും പായസവും സദ്യയുമെല്ലാം തിരികെയും കൊടുത്തയക്കും.

Advertisementഏറനാട്ടിലെ പാപ്പിനിപ്പാറയിലാണ്‌ ഞാന്‍ ജനിച്ചത്‌. പഠനവും കുട്ടിക്കാലവുമെല്ലാം അവിടെയായിരുന്നു. മുസ്‌ലിം സമുദായത്തെക്കുറിച്ചും അവരുടെ ജീവിതരീതികളെക്കുറിച്ചും ഏറനാടിലെ ഇതരമതവിഭാഗങ്ങള്‍ക്ക്‌ നന്നായി അറിയാം. അവരുമായി ഒട്ടിനിന്നുകൊണ്ട്‌ തന്നെയാണ്‌ അവരുടെ ജീവിതവും തളിര്‍ത്തത്‌. ഉപജീവനമാര്‍ഗമായിരുന്ന കൃഷി വികസിച്ചത്‌. ഇന്നും സാഹോദര്യത്തിന്റെ വിത്തില്‍ മാറ്റം വന്നിട്ടില്ലെങ്കിലും ഒരുമയുടേയും സഹവര്‍ത്തിത്വത്തിന്റേയും കണ്ണികളില്‍ എവിടെയൊക്കെയോ വിള്ളലുകളില്ലേ എന്ന്‌ തോന്നിപോകുന്നു.സംഘര്‍ഷമായിരുന്നില്ല, സമാധാനമായിരുന്നു ആ ജീവിതങ്ങള്‍ക്കിടയില്‍ പുലര്‍ന്നിരുന്നത്‌.

കൃഷി ജീവിതത്തിന്റെ ഒരുഭാഗംതന്നെയായിരുന്ന അവരെ വ്യത്യസ്‌തമേഖലകളില്‍ ബന്ധിപ്പിച്ച്‌ നിര്‍ത്തിയിരുന്നതും ഒരുമയുടെ ജീവിത നിയമാവലികളായിരുന്നു.
കുട്ടിക്കാലത്തെ നോമ്പുകാലങ്ങളിലാണ്‌ വയള്‌ കേള്‍ക്കാറുണ്ടായിരുന്നത്‌. സ്‌ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ചൂട്ടും കത്തിച്ച്‌ അത്‌കേള്‍ക്കാന്‍പോകുന്നകാഴ്‌ച ഇപ്പോഴും കണ്‍മുന്നിലുണ്ട്‌. പാതിരകളിലാണ്‌ മടങ്ങിവരിക.

ഞാനത്‌ കേള്‍ക്കാറുണ്ടായിരുന്നു. നീട്ടിയും കുറുക്കിയും നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരിക്കുന്ന മുസ്‌ ലിയാന്‍മാരുടെ ആ ശൈലിയില്‍ കൗതുകം തോന്നിയിട്ടുണ്ട്‌. താളാത്മകവും കാവ്യാത്മകവുമായിരുന്നുവത്‌. ഈ കാഴ്‌ച ലോകത്ത്‌ വേറെ എവിടെയും കാണില്ല. ഇന്നത്‌ വിസ്‌മൃതിയിലായെങ്കിലും നമ്മുടെ ഭാഷാ പണ്‌ഡിതന്‍മാര്‍ ആരും അതെക്കുറിച്ച്‌ ശ്രദ്ധിക്കാത്തതെന്തേ എന്നും ആലോചിച്ചിട്ടുണ്ട്‌.
പള്ളികളില്‍ നിന്നും മുഴങ്ങിയിരുന്ന നകാര ശബ്‌ദം മറ്റൊരനുഭവമായിരുന്നു.

സമയമറിയാന്‍ വാച്ചും ക്ലോക്കുമൊന്നും വ്യാപകമല്ലാത്തതിരുന്ന കാലത്ത്‌ ഇതര മതവിഭാഗങ്ങള്‍ക്കും സമയ നിര്‍ണയത്തിനുള്ള അടയാളമായിരുന്നു നകാരയുടെ ശബ്‌ദവീചികള്‍. മുസ്‌ലിംകളുടെ ചില വിശ്വാസങ്ങളോടെങ്കിലും അവരും ഐക്യപ്പെട്ടിരുന്നു. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക്‌ രോഗം വന്നാലും മറ്റും അവര്‍ ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടിയില്‍ നാണയമിടും. ആ വിശ്വാസം അവരില്‍ ഊട്ടിവളര്‍ത്തിയത്‌ മുസ്‌ലിം ജീവിത പരിസരവുമായി അത്രയും അടുത്ത്‌ ഇടപഴകിയതുകൊണ്ടാണ്‌.

Advertisementഎന്റെ വീട്ടില്‍ അമ്മയും മറ്റും കുന്നത്ത്‌ കാവിലേക്കും കാളിക്ഷേത്രത്തിലേക്കും നേര്‍ച്ചനേരുന്നതോടൊപ്പം തന്നെ ശുഹദാക്കള്‍ക്കും നേര്‍ച്ചയിടും. ആ നാണയം മഞ്ചേരിയില്‍ പോകുമ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്‌ എന്നെയായിരുന്നു.
കുട്ടിക്കാലത്ത്‌ കണ്ട നോമ്പിന്‌ ഇത്ര ആഘോഷങ്ങളുണ്ടായിരുന്നില്ല. പെരുന്നാളിനും. മുസ്‌ലിം കൂട്ടുകാര്‍ക്കെല്ലാം അന്ന്‌ ആഹ്ലാദത്തിന്റെ ദിനമായിരുന്നു. അന്നാണ്‌ ഒരുപുത്തനുടുപ്പ്‌ സ്വന്തമാകുന്നത്‌.സാധാരണ നിലയില്‍ തോര്‍ത്തുമുണ്ട്‌ ഉടുത്തുകൊണ്ടായിരുന്നു അവരുടെ നടത്തം. കന്നുപൂട്ടുമ്പോഴും പാടത്ത്‌ കിളക്കുമ്പോഴുമെല്ലാം മുതിര്‍ന്നവര്‍ക്കും അതായിരുന്നു വേഷം.

പട്ടിണിയുടെയും ദാരിദ്യത്തിന്റേയും നടുവിലേക്ക്‌ വന്നിരുന്ന നോമ്പിനെ അവര്‍ ആത്മീയ തേജസോടെയായിരുന്നു വരവേറ്റിരുന്നത്‌. വ്രതം ഒരു ധ്യാനമാണ്‌. ധ്യാനമാര്‍ഗത്തിലൂടെ കൈവരുന്ന സൂഫിസത്തിന്റെ ധാരയാണത്‌. ആത്മീയമായ ഒരുശക്തി വീണ്ടെടുക്കുന്നതിനുള്ള വിളവെടുപ്പ്‌ കാലം. ആഘോഷങ്ങളില്ല. ധൂര്‍ത്തില്ല. എന്നാല്‍ ഇന്ന്‌ ആന്തരികമായ അന്വേഷണങ്ങള്‍ കുറഞ്ഞു. പുറമേക്കുള്ള നാട്യങ്ങള്‍ കൂടി.
അന്ന്‌ ആരും മതത്തെ രാഷ്‌ട്രീയമായ രീതിയില്‍ കണ്ടിരുന്നില്ല.

ആ തരത്തില്‍ ദുരുപയോഗം ചെയ്‌തിരുന്നില്ല. 1921ലെ മലബാര്‍ കലാപം സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. ഹിന്ദു മുസ്‌ലിം ഐക്യത്തിനുവേണ്ടിയാണവര്‍ നിലകൊണ്ടത്‌. പിറന്ന നാടിനോടുള്ള സ്‌നേഹവും കൂറും ഉള്ളില്‍നിറഞ്ഞ്‌ തൂവിയതുകൊണ്ടാണവര്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ നേരെ യുദ്ധം നയിച്ചത്‌.
എന്നാല്‍ മതത്തെ അപകടകരമായ ഒരുപ്രതിസന്ധിക്കുമുമ്പിലേക്ക്‌ കൊണ്ടെത്തിച്ചത്‌ പുത്തന്‍ കൂറ്റുകാരുടെ ഉത്ഭവത്തോടെയാണ്‌. ബഹുസ്വരതയോടെ ജീവിച്ചിരുന്ന ഒരു സമുദായത്തിനിടയിലേക്കുള്ള അവരുടെ കടന്നുവരവ്‌ സംഘര്‍ഷത്തിന്റെ പുതിയ വാതിലുകളാണ്‌ തുറന്നിട്ടിരിക്കുന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ ഈ നോമ്പും പെരുന്നാളും കടന്നുവന്നിരിക്കുന്നത്‌. പ്രാര്‍ഥനയുടെയും ലാളിത്യത്തിന്റേയും ആ പഴയകാലം വീണ്ടെടുക്കുക തന്നെ വേണം. അതിന്‌ ഇസ്‌ലാമിന്റെ അന്തസത്തയായ ധ്യാനമാര്‍ഗത്തിലേക്ക്‌ പിന്‍വാങ്ങുകയേ പരിഹാരമുള്ളൂ.

നന്മയുടെ പൂപാടത്തേക്കുള്ള മടക്കം

Advertisementയു കെ കുമാരന്‍

എല്ലാ ആഘോഷങ്ങളേയും മനസിലേറ്റിയ ഒരുഭൂതകാലമാണ്‌ എനിക്കുള്ളത്‌. അത്തരം ആഘോഷങ്ങള്‍ ഇന്നും മനസിന്റെ സജീവതയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്‌ എന്നുള്ളത്‌ ഒരുഭാഗ്യമായി ഞാന്‍ കരുതുന്നു. എല്ലാവരും ഒരേ ഭാവത്തോടെ ഇടപെട്ടുകൊണ്ടിരുന്ന ഒരു സമൂഹമാണ്‌ കുട്ടിക്കാലത്ത്‌ എനിക്കുണ്ടായിരുന്നത്‌. അത്തരം ഒരു സമൂഹം ഇന്നും എന്റെ മുമ്പിലുണ്ട്‌ എന്നുള്ളത്‌ എന്റെ മറ്റൊരു ഭാഗ്യം.

ഓണത്തോടൊപ്പവും വിഷുവിനോടൊപ്പവും അതിനോട്‌ ചേര്‍ന്ന്‌ നിന്നോ നോമ്പും പെരുന്നാളും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ എല്ലാ വിശുദ്ധിയും ആഹ്ലാദങ്ങളും പങ്കുവെക്കുവാനും ഞങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നു. എന്റെ കുട്ടിക്കാലത്ത്‌ കൂടെ പഠിച്ചിരുന്ന മുസ്‌ലിം സുഹൃത്തുക്കള്‍ കൃത്യമായി ഓത്തുപള്ളിയില്‍ പോവുകയും സ്ഥിരമായി വ്രതം അനുഷ്‌ടിക്കുകയും ചെയ്യുന്നവരായിരുന്നു.

അറബിയിലുള്ള വിശുദ്ധ ഖുര്‍ആന്‍ ആദരവോടെ വീക്ഷിക്കുവാനുള്ള ഒരു മനോഭാവം എനിക്കുകൈവന്നത്‌ എന്റെ മുസ്‌ ലിം സതീര്‍ഥ്യരില്‍ നിന്നാണ്‌. അതുവായിക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ളഖേദം പിന്നീട്‌ അതിന്റെ പരിഭാഷ വായിച്ചാണ്‌ മാറ്റുകയുണ്ടായത്‌. അപ്പോഴൊക്കെ ആ വിശുദ്ധഗ്രന്ഥത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന മഹത്തായ ആശയങ്ങള്‍ക്ക്‌ മുമ്പില്‍ നമ്രശിരസ്‌ക്കനായി നില്‍ക്കുവാനെ എനിക്ക്‌ കഴിഞ്ഞുള്ളൂ.

Advertisementആത്മീയമായും ഭൗതികമായും മനുഷ്യനെ ഉയര്‍ത്തി നിര്‍ത്തുവാന്‍ ശ്രമിക്കുന്ന വചനങ്ങള്‍ എന്റെ സ്‌നേഹിതരില്‍ നിന്ന്‌ ഉള്‍കൊള്ളാന്‍ ശ്രമിച്ചപ്പോഴൊക്കെ ഓരോ പെരുന്നാള്‍കാലവും ഒരു ആത്മശുദ്ധീകരണത്തിന്റെ അവസരം സമാഗതമായി എന്ന തിരിച്ചറിവാണ്‌ എന്നില്‍ ഉണ്ടാക്കിയത്‌. നോമ്പ്‌ അനുഷ്‌ഠാനത്തിന്റെ വ്യാപകമായ ലക്ഷ്യത്തെ ഒരുപക്ഷെ മറ്റൊരു സമൂഹവും ഇതുപോലെ സാര്‍ഥകമാക്കിയിട്ടില്ലെന്ന്‌ ഞാന്‍ മനസിലാക്കി തുടങ്ങുകയായിരുന്നു.

എന്റെ മുസ്‌ലിം സതീര്‍ഥ്യര്‍ വിശുദ്ധ വചനങ്ങളുടെ ആഴത്തെക്കുറിച്ച്‌ അത്രമേല്‍ ബോധ്യമുള്ളവരല്ല എന്ന്‌ എനിക്ക്‌ അന്നറിയാമായിരുന്നു. എങ്കിലും അവര്‍ അതിനോട്‌ കാണിക്കുന്ന ഭക്തിയാധരപൂര്‍വമായ സമീപനം പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.

കൃത്യമായി നോമ്പ്‌ അനുഷ്‌ടിക്കുന്നവരായിരുന്നു അവര്‍. അന്ന്‌ അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒരുപാട്‌ ശ്രമിച്ചിരുന്നുവെങ്കിലും എനിക്കതിന്‌ കഴിഞ്ഞിരുന്നില്ല. എന്റെ ഗ്രാമത്തിലെ വീടുകളില്‍ നോമ്പുതുറക്കുവാന്‍ കൂട്ടുകാര്‍ എന്നെയും ക്ഷണിക്കാറുണ്ടായിരുന്നു. നോമ്പുകാലം എത്രമാത്രം ആത്മശുദ്ധീകരണത്തോടെയാണ്‌ അവര്‍ ഇടപെട്ടിരുന്നതെന്ന്‌ എനിക്ക്‌ നന്നായിട്ടറിയാം.

എന്റെ ക്ലാസിലെ ഏറ്റവും വികൃതിയുള്ള അബ്‌ദുറഹിമാന്‍ (പിന്നീട്‌ അദ്ദേഹം സൗദിയില്‍ ഡോക്‌ടറായി) നോമ്പുകാലമായാല്‍ വളരെ ശാന്തനാകും. അങ്ങനെ ശാന്തതയുടെ പാഠങ്ങള്‍ നോമ്പുകാലത്തിനിടയില്‍ നിന്നും വായിച്ചെടുക്കുവാനും എനിക്കായി. അക്കാലത്ത്‌ ഞങ്ങള്‍ പരസ്‌പരം ശാസിക്കുകകൂടി ചെയ്യാറില്ലായിരുന്നു. നോമ്പുകാലത്തിന്റെ പരിസമാപ്‌തികുറിച്ച്‌കൊണ്ട്‌ പെരുന്നാള്‍ ദിനം കടന്ന്‌ വരുന്നത്‌ വളരെ ആകാംക്ഷയോടെയും സന്തോഷത്തോടെയും ആയിരുന്നു ഞാന്‍ കാത്തിരുന്നത്‌.

Advertisementആകാശത്തെവിടെയെങ്കിലും അമ്പിളിക്കീറ്‌ പ്രത്യക്ഷമാകുന്നുണ്ടോ എന്നറിയാന്‍ വീടിനടുത്തുള്ള വയലില്‍ ഇരുന്ന്‌കൊണ്ട്‌ ഞങ്ങള്‍ നോക്കി നില്‍ക്കും. ഞങ്ങള്‍ക്കത്‌ കാണാന്‍ കഴിയില്ലെന്ന്‌ അറിയാമായിരുന്നിട്ടുപോലും രസകരമായിരുന്നു അത്തരം കാത്തിരിപ്പുകള്‍.

അബ്‌ദുര്‍റഹ്‌മാനും കുഞ്ഞാലിക്കുട്ടിയും അക്‌ബറുമൊക്കെ ചേര്‍ന്നുള്ള എന്റെ കുട്ടിക്കാലത്തെ നോമ്പുകാലം ഇത്തരത്തിലുള്ള ഒരുപാട്‌ വിശേഷങ്ങളുമായിട്ടാണ്‌ കടന്നുപോയത്‌. പിന്നീട്‌ നഗരത്തിലെത്തിയപ്പോഴും അത്തരത്തിലുള്ള സൗഹൃദത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ എനിക്ക്‌ മറ്റുചിലകൂട്ടുകാരുണ്ടായി.

ടി വി കൊച്ചുബാവയും അക്‌ബര്‍ കക്കട്ടിലും പി കെ പാറക്കടവും ചേര്‍ന്ന്‌ ഒരുപാട്‌ നോമ്പുകാലവും പെരുന്നാളുകളും ഞങ്ങള്‍ ഏറെ സൗഹാര്‍ദത്തോടെ പങ്കുവെച്ചിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ എല്ലാകാലങ്ങള്‍ക്കുവേണ്ടിയും മനുഷ്യ സമൂഹത്തിന്‌ വേണ്ടിയും മുന്നോട്ടുവെച്ചിട്ടുള്ള ചിരന്തനമായ ആശയങ്ങളെ സാക്ഷാത്‌കരിക്കാനുള്ള മുഹൂര്‍ത്തങ്ങളായിട്ടാണ്‌ ഞാന്‍ നോമ്പുകാലത്തെ കാണുന്നത്‌.

ഡോ പി എന്‍ സുരേഷ്‌ കുമാര്‍
ഒരുമയുടെ ഇഫ്‌താര്‍ മറ്റുമതസ്ഥര്‍ക്കും പാഠം

Advertisementവ്രതം എല്ലാ മതക്കാരിലുമുണ്ട്‌. ഹിന്ദുക്കള്‍ ഏകാദശി ദിനത്തില്‍ ആ ദിവസം രാവിലെ മുതല്‍ വൈകുന്നേരംവരെ ഭക്ഷണം വര്‍ജിക്കുന്നു. ശബരിമലതീര്‍ഥാടനത്തിന്‌ പോകുന്നവര്‍ 41 ദിവസം മറ്റൊരു വ്രതത്തിലാണ്‌. മാംസവും മത്സ്യവും മദ്യവും ഉപേക്ഷിക്കുന്നു.
ഈസ്റ്ററിനുമുമ്പ്‌ കൃസ്‌ത്യന്‍ സമൂഹവും വ്രതമനുഷ്‌ടിക്കുന്നു. എല്ലാമതവിഭാഗങ്ങളുടെയും വ്രതത്തിന്‌ വ്യത്യസ്‌തമായ ആചാരങ്ങളും അനുഷ്‌ടാനങ്ങളുമാണ്‌ ഉള്ളതെങ്കിലും അതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണ്‌ മുസ്‌ലിംങ്ങളുടെ നോമ്പെന്ന്‌ ഞാന്‍ മനസിലാക്കുന്നത്‌ കോഴിക്കോട്‌ വന്നതിനുശേഷമാണ്‌.

ആത്യന്തികമായി എല്ലാമതങ്ങളും വ്രതം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഒന്നു തന്നെയാണ്‌. മനസിനെ നിയന്ത്രിക്കുക. പ്രാര്‍ഥനകള്‍കൊണ്ടും പുണ്യപ്രവര്‍ത്തികള്‍ ചെയ്‌തും മനസ്സിനെ വിമലീകരിക്കുക. നന്മയിലേക്കുള്ള ജാലകങ്ങള്‍ തുറക്കുക. തിന്മയുടെ പടിപ്പുര കൊട്ടിയടക്കുക.

അതിലുപരി കൂട്ടുകുടുംബങ്ങളുടെ ഒത്തുചേരലുകള്‍ക്ക്‌ നോമ്പുംപെരുന്നാളും കാരണമാകുന്നു. സൗഹാര്‍ദത്തിന്റെ ഒത്തുചേരലുകള്‍ ഇഫ്‌ത്താറുകളില്‍ പുനര്‍ജനിക്കുന്നു. വീട്ടകങ്ങളില്‍ നിന്ന്‌ എന്നോ പടിയിറങ്ങിപ്പോയ നന്മയാണ്‌ കൂട്ടുകുടംബ വ്യവസ്ഥ. ഇനിയൊരിക്കലും അത്‌ മടങ്ങിവരില്ലെങ്കിലും കൂട്ടുകുടുംബങ്ങളുടെ സംഗമങ്ങള്‍ക്കുള്ള വേദിയൊരുങ്ങുന്നത്‌ നോമ്പുകാലത്താണ്‌.

എന്റെ വീട്‌ തൃശൂര്‍ ജില്ലയിലാണ്‌. അവിടെ നിന്നും കോഴിക്കോടെത്തേണ്ടി വന്നു എനിക്ക്‌ മുസ്‌ലിംകളുടെ നോമ്പിന്റെ പരിശുദ്ധിയെക്കുറിച്ച്‌ മനസിലാക്കാന്‍.അത്‌ വിഭവ സമൃദ്ധമാണെന്ന്‌ തിരിച്ചറിയുന്നതിനും. എന്നെ കാണാനെത്തുന്ന പല രോഗികളുടെയും കുടംബബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നത്‌ നോമ്പുകാലത്താണ്‌. വീട്ടില്‍ സംഘടിപ്പിക്കുന്ന നോമ്പുതുറയില്‍ പങ്കെടുത്ത്‌കൊണ്ടാണവര്‍ പഴയതൊക്കെ മറക്കുന്നത്‌. പുതിയൊരു ബന്ധത്തിന്റെ ഊഷ്‌മളത അനുഭവിച്ചു തുടങ്ങിയിരുന്നത്‌.

Advertisementഇങ്ങനെയുള്ള നിരവധി പേരുടെ മുഖങ്ങള്‍ എനിക്ക്‌ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്‌. ഓസ്‌ട്രേലിയയില്‍ മനോരോഗ വിദഗ്‌ധനായ എന്റെ സുഹൃത്ത്‌ വീട്ടില്‍വന്നപ്പോള്‍ തയ്യാറാക്കിയത്‌ ഒരു നോമ്പുതുറയില്‍ എന്നെ ആകര്‍ഷിച്ച വിഭവങ്ങളായിരുന്നു. ആസ്‌ട്രേലിയക്കാരനായ അയാള്‍ക്കും അതെല്ലാം വളരെ ഇഷ്‌ടമായി.

പലസ്‌ത്രീകളും പറയാറുണ്ട്‌. നോമ്പുകാലത്ത്‌ ഏറെ മനസമാധാനം ലഭിക്കുന്നു. കുടുംബത്തില്‍ കൂടുതല്‍ ആഹ്ലാദം കളിയാടുന്നു. ഭര്‍ത്താവിനോടും കുട്ടികളോടുമുള്ള ബന്ധത്തിന്‌ തീവ്രത കൈവരുന്നു എന്നെല്ലാം. മനസിന്‌ സുഖം തോന്നുമ്പോഴാണ്‌ ജീവിതം ആഹ്ലാദകരമായി മാറുന്നത്‌. ടെന്‍ഷന്‍ ഇല്ലാതിരിക്കുമ്പോഴാണ്‌ കൂടുതല്‍ ഊര്‍ജസ്വലത കൈവരുന്നത്‌. ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ വയറിനത്‌ വിശ്രമമാണ്‌. ദഹനവ്യവസ്ഥക്ക്‌ റെസ്റ്റാണ്‌. മത്സ്യവും മാംസവും മദ്യവും വര്‍ജിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും വിശ്രമമാണ്‌. മനസിനും. നൂറുകൂട്ടം പ്രശ്‌നങ്ങള്‍ക്ക്‌ അവധി നല്‍കി ഒരുകാര്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ മനസിനെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രത്യേക കാര്യങ്ങളില്‍ ശരീരത്തിനും അപ്പോള്‍ സംതൃപ്‌തി കൈവരിക്കാനാവും. ഇത്തരം അവസരത്തില്‍ എല്ലാവര്‍ക്കും ഒത്തുചേരാന്‍ സാധിക്കുമ്പോള്‍ അത്‌ മധുരതരമായ അനുഭവവും അനുഭൂതിയുമായും മാറും.

എന്നെ കാണാനെത്തുന്ന രോഗികള്‍ക്ക്‌ നോമ്പുകാലത്ത്‌ സമയത്തില്‍പോലും മാറ്റം വരുത്തി ഞാനവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാറുണ്ട്‌. പലരും കാണാനെത്തുമ്പോള്‍ അവരുടെ വിഭവങ്ങളും കരുതാറുണ്ട്‌. ഒരുരോഗി, ഡോക്‌ടര്‍ എന്ന ബന്ധത്തിനപ്പുറത്തേക്ക്‌ ആ സൗഹൃദങ്ങള്‍ വളര്‍ന്നതും ഇത്തരം നോമ്പുകാലത്തായിരുന്നു.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന്‌ പടിയിറങ്ങി പോയ കുറച്ച്‌ നന്മയെങ്കിലും പുനര്‍ജനിക്കുന്നത്‌ നോമ്പ്‌ കാലത്താണ്‌. കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതല്‍ സുദൃഢമാക്കുന്നതിനും ബന്ധങ്ങളുടെ വ്യാപ്‌തി കൂട്ടുന്നതിനും എല്ലാം ഉപകരിക്കുന്ന ഈ കൂട്ടായ്‌മ എല്ലാ മതക്കാരും പിന്‍തുടരേണ്ടതുണ്ട്‌.

Advertisementഇത്തരം ഒത്തുകൂടലുകളും സംവാദങ്ങളുമെല്ലാം ഇന്ന്‌ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്‌. സമൂഹത്തിലെ മൂല്യച്യുതിക്കും കുടുംബബന്ധങ്ങളിലെ പൊട്ടിത്തെറികള്‍ക്കുമെല്ലാം കാരണമാകുന്നതും ഇത്തരം ഒത്തുചേരലുകള്‍ ഇല്ലാതാവുന്നത്‌ കൊണ്ടു തന്നെയാണ്‌.

കവിത
കാനേഷ്‌ പൂനൂര്‍

രക്ഷകന്റെ രാജകീയതയില്‍ രമിച്ച്‌
വിശപ്പിന്റെ വിവശതയാല്‍
അശരണരുടെ അരക്ഷിതത്വത്തിന്റെ
അഗാധത അനുഭവിച്ചറിയുന്ന,
ഭക്തിയുടെ പാഥേയവുമായി
പാഴ്‌മരുഭൂവിന്റെ
ഊഷര പാതയിലൂടെയുള്ള
പഥികന്റെ പ്രയാണമാണിത്‌.

നാം തിരിച്ചറിയുന്നത്‌
വേണ്ടെന്ന്‌ വെക്കലിന്റെ
വേവലാതിയില്ലാത്ത
സുഖവിസ്‌മൃതി,
വിഭവ സമൃദ്ധി

Advertisementഉപേക്ഷിക്കലിന്റെ ഉത്തേജനം

സമര്‍പ്പണത്തിന്റെ സായൂജ്യം

രക്ഷകന്റെ രാജകീയതയുടെ
പ്രകാശരേണുക്കള്‍
നാം ജീവത്താക്കിയ
രാവുകളെ രത്‌നഖചിതമാക്കുന്നു

നാം ഇവിടെ കന്‍മഷമില്ലാത്ത
ഖല്‍ബ്‌കൊണ്ടൊരുപിടി വിത്തെറിയുന്നു
അതവിടെ അമേയമായ ആകാശത്ത്‌
ഒരു വടവൃക്ഷമായി തണലൊരുക്കുന്നു
വാങ്ങുന്നതിനേക്കാള്‍
കൊടുക്കുന്നതിന്റെ വിശുദ്ധി,
ഖോജരാജാവിന്റെ ഖജനാവില്‍
ദിനംപ്രതി വര്‍ധിക്കുന്നൊരു
നിത്യനിക്ഷേപമായിമാറുന്നു

Advertisementനന്മയുടെ നിലാവില്‍ക്കുളിച്ച്‌
നശ്വരതയെനോക്കി
നിഷ്‌കപടമായി ചിരിച്ച്‌
നാം നില്‍ക്കുന്നു
ജീവിതത്തിന്റെ മഹത്വം
നാം ആസ്വദിക്കുന്നു

 155 total views,  1 views today

Advertisement
history34 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment2 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment5 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy5 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement