അറിവ് തേടുന്ന പാവം പ്രവാസി

‘കൊച്ചാൾ ‘ എന്ന പുതിയ മലയാള സിനിമയിൽ നായക കഥാപാത്രം തന്റെ മുത്തശ്ശിയോട് ഒരു മരത്തെ പറ്റി ചോദിക്കുന്നു. അവർ അതിന് മറുപടിയായി “ചേരു പിണഞ്ഞാൽ പിന്നെ ദേഹം മുഴുവന് ചൊറിഞ്ഞു തടീക്കും…നീരു വന്നു വെള്ളം ഒലിക്കും എന്നും. ഇത് മാറാൻ താന്നിയേം മക്കളേം വലത്തു വെച്ചു തൊഴണം ” എന്നും പറയുന്നുണ്ട്. എന്താണ് ഇതിന് പിന്നിലുള്ള കാരണങ്ങൾ?

നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഔഷധമായി ഉപയോഗിച്ചിരുന്ന ഒരു മരമാണ് ചേര്. അലക്കു ചേരെന്നും , തേങ്കൊട്ടയെന്നും പരക്കെ അറിയപ്പെടുന്ന ഈ വൃക്ഷം ഗ്രാമങ്ങള്‍ വികസിച്ചപ്പോള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ചേര് എന്ന ഔഷധ സസ്യത്തെപ്പറ്റിയുളള പുതിയ തലമുറയുടെ അറിവു കുറവും ചെറിയ – ചെറിയ കാവുകളെ സംരക്ഷിക്കാത്തതുമാണ് ഈ വൃക്ഷം നാട്ടില്‍ നിന്നകലാന്‍ കാരണം.

സമുദ്രനിരപ്പില്‍ നിന്നും എണ്ണൂറ് മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ചേരുമരം കാണാറുണ്ട് . ദക്ഷിണേന്ത്യയിലെ എല്ലാ ഇല കൊഴിയും വനങ്ങളിലും ഈ വൃക്ഷം കണ്ടുവരുന്നു . ഒരു കാലത്ത് അലക്കു വസ്ത്രങ്ങള്‍ അടയാളപ്പെടുത്താന്‍ ചേരു മരത്തിന്റെ ഫലകഞ്ചുകത്തില്‍ അടങ്ങിയിട്ടുള്ള എണ്ണമയമുള്ള വസ്തു ഇന്ത്യയൊട്ടാകെ ഉപയോഗിച്ചിരുന്നു. തന്‍മൂലം ചേര് ഡോബിനട്ട് എന്നപേരിലും അറിയപ്പെട്ടിരുന്നു. സെമികാര്‍പ്പസ് അനാകാര്‍ഡിയം(Semecarpus anacardium Linn) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ചേരുമരം അനാകാര്‍ഡിയേസി കുടുംബത്തില്‍പ്പെട്ടതാണ്. അമ്പഴം,കശുമാവ്, മാവ്, എന്നിവയും അനാകാര്‍ഡിയേസി കുടുംബത്തില്‍പ്പെട്ടതാണ് .

പതിനഞ്ചു മുതല്‍ ഇരുപതു വരെ മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലകള്‍ വലുതാണ്. ഏതാണ്ട് മുപ്പതു സെന്റീമീറ്റര്‍ നീളവും ,പതിനഞ്ച് സെന്റീമീറ്റര്‍ വീതിയും കാണും. ഇലയുടെ ചുവടു ഭാഗം വീതി കുറഞ്ഞും ,അഗ്രഭാഗം പരന്ന് വീതി കൂടിയുമിരിക്കും. കേരളത്തില്‍ ചേരിന്റെ വിവിധയിനങ്ങള്‍ കണ്ടുവരുന്നതിനാല്‍ ഇലയുടെ രൂപത്തിലും വ്യത്യാസങ്ങളുണ്ട്. പഴം പഴുത്തുപാകമാകുമ്പോള്‍ കറുപ്പു നിറത്തോടു കൂടിയിരിക്കും.

ഈ മരത്തിന്റെ തൊലി പൊട്ടി കറുപ്പു നിറത്തിലുള്ള ഒരു ദ്രാവകം ഊറി വരും. ഇക്കാലത്ത് വൃക്ഷത്തിന്റെ അടുത്തു കൂടി പോയാല്‍ ശരീരത്തില്‍ പൊള്ളലും , ചൊറിച്ചിലും അനുഭവപ്പെടും. അലക്കുചേര് ആളുകളില്‍ നിന്നും അകലാന്‍ മുഖ്യ കാരണവും ഇതുതന്നെ. ചേരിന്റെ പഴങ്ങള്‍ പഴുത്ത് മഴക്കാലങ്ങളില്‍ വെള്ളത്തില്‍ കൂടി ഒഴുകി വരുന്നതും , ഈ പഴങ്ങളുടെ മാംസളഭാഗം ശരീരത്തില്‍ വീഴുകയോ , പറ്റുകയോ ചെയ്താല്‍ ചിലര്‍ക്ക് ശരീരമാസകലം നീരുവരുകയും ചെയ്യുന്നതിനാലാകാം ഈ വൃക്ഷം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അകന്നു പോയത്.

ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ അലക്കുചേരിന്റെ ഫലമാണ് ഉപയോഗിക്കുന്നത് .ആമവാതം, സന്ധിവാതം, അര്‍ശസ്, കുഷ്ഠം , അര്‍ബുദം, ദുര്‍മേദസ് , വാതം എന്നീ രോഗങ്ങള്‍ക്ക് ഔഷധമാണ്. ചേരിന്റെ കുരു ശുദ്ധി ചെയ്ത് ഉപയോഗി ച്ചാല്‍ ഉദരകൃമി നശിക്കും. ഇത്രയേറെ പ്രാധാന്യമുള്ള ഈ ഔഷധ വൃക്ഷത്തെ പുതിയ തലമുറയറിയാന്‍ വേണ്ടി ഔഷധ തോട്ടങ്ങളിലും വനമേഖലകളിലും നട്ടു പിടിപ്പിച്ച് സംരക്ഷിക്കുന്നുണ്ട്.

മരങ്ങളുടെ കൂട്ടത്തിൽ എപ്പോഴും ഭീകരതയോടെ ഓർക്കുന്ന ഒരു പേരാണ് ചേര് മരം.നമ്മുടെ നാട്ടിൻ പുറങ്ങളിലും , തോട്ടിൻകരയിലും ,കാവുകളിലും എല്ലാം ചേര് മരം ധാരാളമായി ഉണ്ടായിരുന്നു. ഏത് വേനലിലും ശക്തിയായി തഴച്ച് വളരുന്ന ഒന്നാണ് ചേര് മരം. ചേര് മരത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങളും നമുക്ക് ചുറ്റും നിലനില്ക്കുന്നുണ്ട്.

ചേര് മരം വീടിന് പരിസരത്ത് വെക്കുന്നത് പൈശാചിക ശക്തികളെ ആകർഷിക്കുമെന്നാണ് പണ്ട് കാലം മുതലുള്ള വിശ്വാസം. അത് ഐശ്വര്യക്ഷയത്തിനും , ആപത്ത് എന്നിവക്കും കാരണമാകും. നെഗറ്റീവ് ശക്തികളെ ആകർഷിക്കാൻ ചേര് മരത്തിന് കഴിയും എന്നാണ് വിശ്വാസം. എന്നാൽ ചേര് ദേഹത്തായാൽ രണ്ടാഴ്ചയോളം ഇതിന്റെ ചൊറിച്ചിൽ ഉണ്ടാവുന്നു. അതിലുപരി വീർത്ത് കുമിളകളായി ഭീകരവാസ്ഥയിലാവുന്നു പലപ്പോഴും ശരീരം.

പണ്ട് കാലത്ത് തന്നെ ക്ഷുദ്ര പ്രയോഗങ്ങൾക്ക് ചേര് മരം ഉപയോഗിച്ചിരുന്നു. ദൃഷ്ടിദോഷം വരുത്താനും ചേരിന് കഴിയും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കഴിവതും ചേര് മരം വീടിന്റെ പരിസരങ്ങളിലോ , ചുറ്റുപാടോ വെക്കാന് കാരണവന്മാര് സമ്മതിക്കാറില്ല. തൊട്ടാൽ ചൊറിഞ്ഞ് തടിച്ച് വ്രണമാകുന്നത് എന്ന അർഥത്തിൽ ഇതിനെ അരുഷ്കാരം എന്ന് സംസ്കൃതത്തിലും വിളിക്കും. ശരീരം ചൊറിഞ്ഞു തടിക്കുമ്പോൾ ‘ചേര് പൊരുതുന്നതാണെന്ന്’ പറയും. ചേര് മരത്തിനു ചുവട്ടിലൂടെ പോകുന്ന ചില പ്രത്യേക നാളുകാർക്ക് ഇങ്ങനെ ചൊറിഞ്ഞു തടിക്കാറുണ്ടെന്ന് പഴമക്കാർ പറയാറുണ്ടായിരുന്നു.

പല നാടുകളിലും ചേരുമരവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ ഇന്നും പ്രചാരത്തിലുണ്ട്. ചേരു പിണഞ്ഞാൽ ഉണ്ടാവുന്ന ചൊറിച്ചിലിനെ “ചേരിന്‍ പക ” എന്നു വിളിക്കും. അതായത് ഒരു തരം അലർജി ആണ് ചേരിന്‍ പക. സാധാരണയായി അലര്‍ജി എല്ലാവര്‍ക്കും ഉണ്ടാവുന്നില്ല .അതു പോലെ ചേരിൽ നിന്നുണ്ടാകുന്ന ചൊറിച്ചിൽ എല്ലാവർക്കും ഉണ്ടാവില്ല എന്നർത്ഥം.ചിലരിൽ ഇത് കൂടുതലായും കണ്ടുവരുന്നു. ഈ മരത്തിന്റെ കായ, ഇല, തൊലി ഇവയിലെല്ലാം അലർജിയുണ്ടാക്കുന്ന ആൽക്കലോയ്ഡ് അടങ്ങിയിരിക്കുന്നു.semicarpol and bhilawanol എന്നീ ആൽക്കലോയിഡുകളാണ് ഈ അലർജിക്ക് കാരണം .
ഇതിന് പ്രതിവിധിയായി ഉപയോഗിക്കുന്ന മറ്റൊരു സസ്യമാണ് താന്നി മരം.താന്നിയില അരച്ചു ശരീരം മുഴുവൻ പുരട്ടി താന്നിയിലയും തൊലിയും ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു കുളിച്ചാൽ ചൊറിച്ചിൽ കുറയും. അത്കൊണ്ടാണ് താന്നിമരത്തിനെ വലത്തു വെയ്ക്കണം എന്നു പറയുന്നത് (താന്നിമുത്തപ്പന്റെ ചുറ്റും വലം വെയ്ക്കുകയും ‘നഗ്നനായി’ താന്നിമരത്തിനെ കെട്ടിപ്പിടിക്കണം എന്നാണ്‌ പഴമക്കാർ പറയുന്നത്‌ ).

ചുരുങ്ങിയത്‌ ശരീരത്തിന്റെ കുറച്ചുഭാഗമെങ്കിലും മരവുമായി സമ്പര്‍ക്കം ഉണ്ടായിരിക്കണം എന്ന് സാരം.പണ്ട് നാട്ടിൻ പുറങ്ങളിൽ ഒരു ചേര് മരത്തിന് അടുത്തായി അധികം ദൂരെയല്ലാതെ താന്നി മരവും നടുമായിരുന്നു.കാട്ടില്‍ പലയിടത്തും അധികം ദൂരത്തല്ലാതെ തന്നെ ഈ രണ്ടുമരങ്ങളും ഉണ്ടാകും. പ്രകൃതിയുടെ ഒരു പരിപാടിയാണ് അത്. കാട്ടുമൃഗങ്ങളൊക്കെ ചേരില്‍ തട്ടി ചൊറിഞ്ഞാല്‍പ്പിന്നെ പോകുന്ന വഴിയിലുള്ള മരത്തിലൊക്കെ ശരീരം ഉരച്ച് ചൊറിച്ചില്‍ മാറ്റാന്‍ നോക്കും. അതിനിടയില്‍ ഈ താന്നിമരത്തിലും ചെന്ന് ഉരയ്ക്കും. അങ്ങിനെ അവറ്റകള്‍ക്ക് ഒരു ശമനം കിട്ടും. ഏത് വേനലിലും തഴച്ചുവളരുന്ന ചേര് മരത്തിന്റെ ഇല പശുക്കള്‍ക്ക് ഇഷ്ടപ്പെട്ട തീറ്റയാണ്. ചേര് മരം വിഷമാണെന്നറിയാത്ത കൃഷിക്കാര്‍ ഇലവെട്ടി തീറ്റയായി നല്കുമ്പോൾ മൃഗങ്ങൾക്ക് വിഷബാധയേല്‍ക്കുന്നു. ചിലപ്പോള്‍ വെട്ടിയിട്ട ചില്ലയിലെ ഇലകള്‍ തിന്നും വിഷബാധയേല്‍ക്കാറുണ്ട്. തിന്നുകഴിഞ്ഞാല്‍ ഒരു മണിക്കൂറിനകം ലക്ഷണങ്ങള്‍ കാണിക്കും. ഉന്മേഷമില്ലായ്മ, ഉദരമാന്ദ്യം, അയവെട്ടാതിരിക്കല്‍ തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍. താമസിയാതെ ആടിയുള്ള നടത്തം, വിറയല്‍, വായില്‍നിന്ന് ഉമിനീരൊലിപ്പ് എന്നിവയും കാണിക്കും. വിറയല്‍ ശക്തിപ്രാപിച്ച് പശു വീണുപോവുകയും താമസിയാതെ മരണം സംഭവിക്കുകയും ചെയ്യും. ചെറിയ തോതിലുള്ള വിഷബാധയില്‍ പശു എഴുന്നേല്‍ക്കാന്‍ കഴിയാതെ ദിവസങ്ങളോളം കിടന്നശേഷം ചത്തുപോകും. വിഷബാധയുടെ ലക്ഷണങ്ങള്‍ കാണുന്നയുടനെ ചികിത്സ ലഭ്യമാക്കിയാല്‍ മൃഗത്തെ രക്ഷപ്പെടുത്താം. അനാകാര്‍ഡിക് അമ്ലം, കാര്‍ഡോള്‍ എന്നിവയാണ് വിഷപദാര്‍ഥങ്ങള്‍. ഇതിന് മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല.

താന്നിക്കാതോട് കഷായം വെച്ചുകൊടുത്താല്‍ വിഷം നിര്‍വീര്യമാകുമെന്ന് വിശ്വസിക്കുന്നു. പുറത്തുള്ള മുറിവിന് രക്തചന്ദനം അരച്ച് പുരട്ടിയാല്‍ ഗുണം ചെയ്യും. വിഷബാധയില്‍നിന്ന് രക്ഷപ്പെട്ടാലും കുറേക്കാലത്തേക്ക് മൃഗങ്ങളില്‍ ഉന്മേഷക്കുറവും പാലുത്പാദനത്തില്‍ ഗണ്യമായ കുറവും അനുഭവപ്പെടും.

You May Also Like

മെക്സിക്കോയിലെ കുറ്റാകൂരിരുട്ട് നിറഞ്ഞ ഒരു ഗുഹയിലെ കുഞ്ഞരുവിയിലെ മത്സ്യ കൂട്ടത്തെ കണ്ട ഗവേഷകര്‍ ഞെട്ടി

use it or lose it” എന്നത് പ്രകൃതിയുടെ നിയമമാണ് . മെക്സിക്കന്‍ ടെട്രാ (Mexican tetra, Astyanax mexicanus ) എന്ന മീന്‍ പ്രകൃതിയിലെ അത്ഭുതങ്ങളില്‍ ഒന്നാണെങ്കിലും ഡാര്‍വിന്‍ പറഞ്ഞിട്ട് പോയ കോൺവെർജന്റ് എവലൂഷനും പാരലൽ എവലൂഷനും ജീവിക്കുന്ന തെളിവ് കൂടിയാണ് ഇവ

എന്താണ് ‘ഡിജിറ്റൽ ഹെറോയിന്‍’ എന്ന് അറിയപ്പെടുന്നത് ?

ഒരാളുടെ ശാരീരിക, മാനസിക സുഖത്തെ തകർക്കുന്ന രീതിയിൽ ഫോൺ ഉപയോഗം ബാധിച്ചാൽ അത് രോഗാവസ്ഥയായി കാണണം.

ജയില്‍ച്ചാടുന്നത് ഒരു തെറ്റായി കണക്കാക്കാത്ത രാജ്യം ഏത് ?

ജര്‍മ്മനിയില്‍ ജയില്‍ച്ചാടുന്നത് ഒരു തെറ്റായി കണക്കാക്കുന്നില്ല. സ്വതന്ത്രരാകാൻ നിങ്ങൾക്ക് എന്തും ചെയ്യാമെന്നത് ഒരു അടിസ്ഥാന മനുഷ്യ സഹജവാസനയായി ആണ് ജര്‍മ്മന്‍കാര്‍ കരുതുന്നത്.

മുറിവുണങ്ങാൻ ഉപയോഗിക്കുന്ന പൊടി, പക്ഷെ തേയ്ക്കുന്നത് മുറവിലല്ല, ആയുധത്തിൽ , രസകമായ പഴയ ചികിത്സാരീതി

പതിനേഴാം നൂറ്റാണ്ടിലെ ചികിത്സാരീതികൾ ഇന്ന് വിചിത്രമായി തോന്നുമെങ്കിലും, സർ കെനെൽ ഡിഗ്‌ബിയുടെ ‘പൗഡർ ഓഫ് സിമ്പതി’ വളരെ പ്രചാരമുള്ള അത്തരമൊരു മരുന്നാ യിരുന്നു