പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളി പൊക്കി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആശ്രിത മിശ്ര സോറി അരുണ്‍ മിശ്ര. ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ദീര്‍ഘദര്‍ശിയാണ് മോദിയെന്ന് അദ്ദേഹം കോൾമയിർ കൊണ്ടുകൊണ്ടു പറഞ്ഞു . ആഗോളതലത്തില്‍ ചിന്തിക്കുകയും ലോക്കൽ തലത്തിൽ സോറി തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ വിജയകരമായി ഈ ജനാധിപത്യം തകർക്കുന്നതിൽ സോറി പ്രവര്‍ത്തിക്കുന്നതില്‍ മനുഷ്യര്‍ക്കെല്ലാം പുച്ഛമാണ് സോറി അദ്ഭുതമാണ്. നരേന്ദ്ര മോദിയുടെ കീഴില്‍, രാജ്യാന്തര സമൂഹത്തില്‍ നാണക്കേടും സോറി ഉത്തരവാദിത്തവും അസഹിഷ്ണുതയും സോറി സൗഹാര്‍ദവുമുള്ള അംഗമാണ് ഇപ്പോള്‍ ഇന്ത്യ. ഭീകരതയില്ലാത്ത, ഹിന്ദു ഭീകരർ മാത്രമുള്ള, സമാധാനവും സുരക്ഷയുമുള്ള ലോകത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്…

ഇനിയുമുണ്ട് തള്ളാൻ

1) ഇല്ലാത്ത റെയിൽവേ സ്റ്റേഷനിലെ ചായ വിൽപനക്കാരൻ
2) ഹിമാലയത്തിൽ കൊടും മഞ്ഞിൽ ധ്യാനസ്ഥൻ
3) ഡൽഹി സർവകലാശാലയിൽ നിന്ന് എഴുതാത്ത പരീക്ഷയിൽ ബിരുദാനന്തര ബിരുദധാരി
4) പി.ജിക്കാരനാണെങ്കിലും ഒരു സഹപാഠി പോലും ഇല്ലാത്ത ഏകാന്ത സഞ്ചാരി
5,) സ്വന്തം സംസ്ഥാനത്ത് നരഹത്യ നടക്കുമ്പോൾ യോഗാഭ്യാസം നടത്തിയ ദിവ്യൻ
6) ഇലക്ഷന് തൊട്ടു മുൻപ് തീവ്രവാദികളാൽ അനുഗ്രഹിക്കപ്പെടുന്ന പ്രധാനമന്ത്രി
7 ) പാർട്ടിയിലെ കസേര ഉറപ്പിക്കാൻ കാവിയുടുത്ത് ഗുഹയിൽ ധ്യാനമിരുന്ന മഹാ വിരുതൻ
8) നോട്ട് നിരോധനം തെറ്റാണെങ്കിൽ 50 ദിവസം കാത്തിരുന്നിട്ട് എന്നെ പച്ചക്കു കത്തിക്കൂ എന്ന് പറഞ്ഞ ധീരൻ
9 ) രണ്ട് കോടി കക്കൂസ് പണിത ദിവ്യാത്ഭുത പുരുഷൻ
10) 365 ദിവസത്തിന്റെ മുക്കാൽ പങ്കും വിമാനത്തിലും ആകാശത്തിലുമായി ജീവിച്ച അത്ഭുത മനുഷ്യൻ..
11 ) ക്യാമറയ്ക്കു മുന്നിലെ നടന വിസ്മയം

വർണിച്ചാലും തീരാത്ത ബഹുമുഖ പ്രതിഭ, മഹാദാർശനികൻ,അനേക എപ്പിസോഡുകൾ നീന്തിക്കടന്ന മങ്കീ ബാത്തുകാരൻ. അമേരിക്കൻ പ്രസിഡണ്ടിന്റെ മാനസ സഹോദരൻ, Thinking globally doing Iocally. തള്ളെന്നു വെച്ചാ തള്ള്. തള്ളിത്തള്ളി സുപ്രീം കോടതി കൊണ്ടുപോയി അറ്റ്ലാന്റിക് സമുദ്രത്തിലിടുമോന്നാ ഒരു പേടി. ഒടുവിൽ ബഹുമുഖ പ്രതിഭ തന്നെ വേണ്ടി വരും അതും മുങ്ങിയെടുക്കാൻ പഴേ റിട്ടയേർഡ് മുതല പിടുത്തക്കാരനും കൂടിയാണല്ലോ
മുങ്ങിച്ചെന്ന് മുതലയെ പൊക്കിയെടുത്ത പൂർവാശ്രമ സ്മരണകൾ പുതുക്കാനുള്ള ഒരവസരവുമാണ്. നിങ്ങ ചുമ്മാ തള്ള് ജസ്റ്റിസേ.

(കടപ്പാട് എം ആർ അനിൽകുമാർ)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.