പ്രകൃതിക്ഷോഭങ്ങൾക്കിരയാകുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ പ്രത്യേക ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

66
മുഖ്യമന്ത്രിയുടെ പേജിൽ ഷെയർ ചെയ്ത പോസ്റ്റ്
പ്രകൃതിക്ഷോഭങ്ങൾക്കിരയാകുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ പ്രത്യേക ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. 90 കോടി രൂപ ചിലവിൽ 7 ജില്ലകളിലായി ശരാശരി 1000 പേർക്കു താമസിക്കാവുന്ന 14 കേന്ദ്രങ്ങളുടെ നിർമ്മാണം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു. ഇവയിൽ 3 കേന്ദ്രങ്ങൾ ജൂൺ മാസത്തിനു മുൻപു തന്നെ പ്രവർത്തന സജ്ജമാകും. അടിയന്തിരഘട്ടങ്ങളിൽ സ്കൂളുകളിലും മറ്റും ക്യാമ്പുകൾ ഒരുക്കുന്നതിനാവശ്യമായ ബുദ്ധിമുട്ടുകളും കാലതാമസവും ഇതുവഴി ഒഴിക്കാൻ സാധിക്കും.
3 നിലകളുള്ള കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക താമസ സൗകര്യങ്ങളും പൊതു അടുക്കള, ജനറേറ്റർ എന്നിവയുമുണ്ടാകും. സർക്കാർ ഭൂമിയിൽ വരുന്ന കേന്ദ്രങ്ങൾ ഇൻഡോർ ഗെയിം പരിശീലന കേന്ദ്രം, വനിതകളുടെ ജിംനേഷ്യം, കൂട്ടായ്മകൾ സംഘടിപ്പിക്കുവാനുള്ള ഹാൾ എന്നിങ്ങനെ ഉള്ള സംവിധാനങ്ങൾക്ക് ഉപയോഗിക്കാം. ദുരന്ത സാഹചര്യത്തിൽ ഉടൻ ഒഴിവാക്കി ദുരിതാശ്വാസ കേന്ദ്രമാക്കുവാൻ സാധിക്കുന്ന പൊതു പ്രവർത്തികൾക്ക് മാത്രമായിരിക്കും സാധാരണ സമയങ്ങളിൽ ഇവ ഉപയോഗിക്കുവാൻ സാധിക്കുക.
ഈ കേന്ദ്രങ്ങൾ മുഖേന തദ്ദേശ ഭരണ സ്ഥാപനങ്ങൾ അതാതു മേഖലകളിലെ നാട്ടുകാർക്ക് പരിശീലനം നൽകി 4 തരം എമർജൻസി റെസ്പോൺസ് ടീമുകൾ സജ്ജീകരിക്കുന്ന പ്രവർത്തനവും നടന്ന് വരുന്നു. ഷെൽറ്റർ മാനേജ്മെന്റ്, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് എന്നിവയെ അടിസ്ഥാനമാക്കി 4 സംഘങ്ങളെ ആണ് പരിശീലിപ്പിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നി സുരക്ഷാ വകുപ്പ് എന്നിവർ ഇതിനാവശ്യമായ പരിശീലനം നൽകി വരുന്നു.
***