Pinarayi Vijayan എഴുതുന്നു
പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അടുത്തിടെയുണ്ടായ സംഭവങ്ങൾ ഒറ്റപ്പെട്ട വീഴ്ചയെന്ന് പറഞ്ഞ് മാറി നിൽക്കാൻ കഴിയില്ല.
കോസ്റ്റല്‍ പോലീസിന്റെ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെ ഇക്കാര്യം പറഞ്ഞു.
അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങൾ ജോലിചെയ്യുന്ന സേനയാണ് പൊലീസ്. സേനാംഗങ്ങളിൽ ചിലർക്കു പ്രത്യേക മാനസികാവസ്ഥകളുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം വ്യക്തികളുടെ മാനസികാവസ്ഥ അതേപടി പ്രകടിപ്പിക്കാൻ സേനയിൽ സാഹചര്യമുണ്ടാകാൻ പാടില്ല. കാരണം, പൊലീസ് സേനാംഗങ്ങൾ ഒറ്റയാൾ പട്ടാളങ്ങളല്ല. പലവിധ നിയന്ത്രണങ്ങൾക്കു വിധേയമായി മാത്രമേ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും സേനയിൽ പ്രവർത്തിക്കാനാകൂ.
എന്നാൽ, അതേസമയം തങ്ങളുടെ ഡ്യൂട്ടി കാര്യക്ഷമതയോടെ നിർവഹിക്കുമ്പോൾ തെറ്റായ പ്രചരണങ്ങളും അതിന്റെ ഭാഗമായുള്ള കുറ്റപ്പെടുത്തലുകളും ഉണ്ടായെന്നു വരും. ആ പ്രചരണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും പിന്നാലെ പോയി ആത്മാർഥതയോടെ ജോലി ചെയ്യുന്ന ഒരു പൊലീസുദ്യോഗസ്ഥരേയും ക്രൂശിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിക്കില്ല. എന്നാൽ, അത് തെറ്റ് ചെയ്യുന്നവർക്ക് ബാധകമല്ല. ഈ ഒരു പൊതുബോധം ജോലിയിലും കൃത്യ നിർവഹണത്തിലും ഉണ്ടാവണം.
ബ്രിട്ടീഷുകാരുടെ കാലത്ത് പൊലീസ് ജനങ്ങളെ ശത്രുക്കളായാണ് കണ്ടിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വലിയ മാറ്റം ഇതിലുണ്ടായില്ല. എന്നാൽ, മാറ്റത്തിന്റെ കാഹളം നമ്മുടെ കൊച്ചു കേരളത്തിൽനിന്നാണ് മുഴങ്ങിയത്. കേരളത്തിലെ ആദ്യത്തെ ഗവൺമെൻറ് പൊലീസ് മാന്വലിൽ വരുത്തിയ പരിഷ്കാരം രാജ്യം ആകെ ശ്രദ്ധിച്ചതായിരുന്നു. ഇടവേളകളോടെയെങ്കിലും ആ സർക്കാറിന്റെ മാതൃക പിന്തുടർന്നുകൊണ്ട് പൊലീസിന് കൂടുതൽ മാനുഷികമായ മുഖം നൽകുന്നതിനുള്ള ശ്രമങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് നടന്നിട്ടുള്ളത്. ഇതിന് നല്ല ഫലം നേടാൻ കഴിഞ്ഞിട്ടുണ്ട് എന്നതുതന്നെയാണ് വസ്തുത. അതിന്റെ അർഥം ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകുന്നില്ല എന്നതല്ല.