എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ് നായനാർ

28

സഖാവ് ഇ.കെ.നായനാരെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും അനുസ്മരിക്കുന്നു

Pinarayi Vijayan

സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്. ഇ.കെ നായനാരോളം കേരള ജനത നെഞ്ചിലേറ്റിയ നേതാക്കൾ അധികം ഉണ്ടായിട്ടില്ല. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പതിനാറ് വർഷം തികയുകയാണ്.

ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ് സ. നായനാർ. ഒരു പക്ഷേ, രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനർപ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേൽ പ്രസക്തമായ മറ്റൊരു കാലം വേറെയില്ല. കോളറയോടും, വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ കരുത്തു പകർന്നു നൽകിയ കമ്മ്യൂണിസ്ററ് പാരമ്പര്യമാണ് സഖാവ് നായനാരുടെ ജീവിത പഥത്തിലെ നിറവെളിച്ചം. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയോട് നേർക്ക് നേർ പൊരുതിനിൽക്കാനുള്ള നമ്മുടെ ഊർജവും ആ വെളിച്ചമാണ്.

ചെറുപ്രായത്തിൽ ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്ന സഖാവിൻ്റെ ജീവിതം ആധുനിക കേരളത്തിൻ്റെ ചരിത്രത്തിലെ തുടിക്കുന്ന സാന്നിധ്യമാണ്. ജന്മിത്വത്തിന് അന്ത്യം കുറിച്ച ഐതിഹാസിക കർഷക പോരാട്ടങ്ങളിൽ – കയ്യൂരിലും, മൊറാഴയിലും – സഖാവിന്റെ ജ്വലിക്കുന്ന മുദ്രയുണ്ട്. നാലു വർഷത്തെ ജയിൽ ജീവിതവും, പതിനൊന്നു വർഷം വരെ നീണ്ട ഒളിവു ജീവിതവും ഉൾപ്പെട്ട ത്യാഗോജ്ജ്വലമായ ഒരു സമര കാലഘട്ടം പിന്നിട്ടാണ് നായനാർ എന്ന കമ്മ്യൂണിസ്റ്റ് ജനകോടികളുടെ ഹൃദയത്തിൽ കുടിയേറിയത്.

ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ മാനുഷിക മൂല്യങ്ങൾ എക്കാലവുംസഖാവ് ഉയർത്തിപ്പിടിച്ചിരുന്നു. ദരിദ്രരായ മനുഷ്യരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവയ്ക്ക് രാഷ്ടീയ പരിഹാരങ്ങൾ കണ്ടെത്താനും മുന്നിൽ നിന്നു. വേദനയനുഭവിക്കുന്നവരെ ഹൃദയത്തോട് ചേർത്തു പിടിച്ചു. അവരുടെ ദുഃഖത്തിൽ കരയുകയും സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്തു.

ഭരണാധികാരി എന്ന നിലയിലും കേരള സമൂഹത്തിൻ്റെ വളർച്ചയിൽ അമൂല്യമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയ മുന്നേറ്റത്തിൻ്റെ അമരത്ത് നായനാർ ഉണ്ടായിരുന്നു. കർഷകത്തൊഴിലാളി പെൻഷനും മാവേലി സ്‌റ്റോറുകളും തുടങ്ങി ദരിദ്രരായവരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാർക്ക് കേരളത്തിൽ ആരംഭിച്ചത് നായനാരുടെ ഭരണകാലത്താണ്. സമൂഹത്തിലെ നവ ചലനങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെ ക്രിയാത്മകതയും ദീർഘദർശിത്വവും നിറഞ്ഞ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് നമ്മുടെ ഐടി വികസനത്തിന്റെ അടിത്തറയായി മാറിയ ടെക്‌നോപാർക്ക്.

കേരളത്തിൻ്റെ ഏറ്റവും വലിയ കരുത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന് ഈ കോവിഡ് പ്രതിരോധ നാളുകളിൽ ലോകം തിരിച്ചറിയുന്നു. നമ്മളിന്നു കാണുന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുന്നത് നായനാരുടെ ഭരണകാലത്ത് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണമാണ്. അതാതു പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലെല്ലാം അവയ്ക്ക് കൂടുതൽ ഉത്തരവാദിത്വം കൈവന്നു. തദ്ദേശീയമായ പദ്ധതികൾ ആവിഷ്ക്കരിച്ച് ഗ്രാമീണ വികസനം ഊർജ്ജിതപ്പെടുത്താൻ സാധിച്ചു. ഈ നയത്തിൻ്റെ ഭാഗമായി വളർന്നു വന്ന നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്തിലാണ് പ്രളയവും കൊറോണയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ചെറുത്തു നിൽക്കാനും മറികടക്കാനും നമുക്ക് കഴിയുന്നത്.
സ. നായനാർ ഒരു രക്ഷിതാവിനെ പോലെ രാഷ്ട്രീയ രംഗത്തു നയിച്ചിട്ടുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ ഒട്ടേറെയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ഒട്ടും പതറാതെ നിലകൊള്ളാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും സ്വന്തം ജീവിതം കൊണ്ടാണ് സഖാവ് ചുറ്റുമുള്ളവരെ പഠിപ്പിച്ചത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് കോളറ പടർന്നു പിടിക്കുമ്പോൾ കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച സന്നദ്ധ സേനയുടെ മുൻനിരയിൽ നിർഭയം പ്രവർത്തിച്ച നായനാരുടെ ഓർമ്മകൾ ഈ ഘട്ടത്തിൽ നമ്മളിൽ എന്തെന്നില്ലാത്ത ധൈര്യം പകരുകയാണ്. സഖാവ് വെളിച്ചം വിതറിയ വഴികളിലൂടെ നമുക്ക് ഈ ദുർഘടകാലത്തെ കടന്നു മുന്നോട്ടു പോകാം. സഖാവ് നായനാർക്ക് ആദരാഞ്ജലികൾ.


Dr.T.M Thomas Isaac

കൊല്ലുന്ന ഫലിതം പറയാനുള്ള നിഷ്കളങ്കതയായിരുന്നു സഖാവ് നായനാരെ മലയാളിയുടെ പ്രിയങ്കരനായ ജനനായകനാക്കിയത്. എപ്പോൾ എവിടെ വെച്ച് എന്തു തമാശ ആരോടാണ് പൊട്ടിക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല. അങ്ങനെയൊരു നർമ്മം പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിന്തിക്കുമ്പോൾത്തന്നെ പേടിയാകുന്ന എത്രയോ തമാശകൾ. അങ്ങനെയൊരു തമാശ ഇപ്പോഴും എന്റെ Thomas Isaac (@drthomasisaac) | Twitterമനസിൽ തങ്ങി നിൽക്കുന്നുണ്ട്. കെ. കരുണാകരന്റെ മകൾ പത്മജയോട് പറഞ്ഞ തമാശ. പത്മജയ്ക്ക് അസുഖമാണെന്നു കേട്ട് അന്വേഷിക്കാൻ ചെന്നതാണ് നായനാർ. അസുഖക്കാരിയെ കണ്ടപാടെ, നായനാരുടെ ഡയലോഗ്. “നിനക്ക് അസുഖമാണെന്ന് ആരാ പറഞ്ഞത്? കരുണാകരനാണോ? എങ്കിൽ, അത് കളവായിരിക്കും, കാരണം അയാൾ സത്യം പറയാറില്ല”.

ഇങ്ങനെ തമാശ പൊട്ടിക്കാൻ നായനാർക്കല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ? നായനാരുടെ ജനപ്രിയതയുടെ മർമ്മം ഇങ്ങനെ തമാശ പറയാനുള്ള ശേഷിയായിരുന്നു. ഈ നർമ്മബോധം കൊണ്ട് തന്റെ രാഷ്ട്രീയസംവാദങ്ങളിൽ കേരളമെമ്പാടും മഹാജനക്കൂട്ടങ്ങളെ പങ്കാളികളാക്കി. അവരോട് കൊച്ചുകൊച്ചു ചോദ്യങ്ങൾ ചോദിച്ചു. സാമാന്യയുക്തിയിൽ സിദ്ധാന്തത്തെ ആറ്റിക്കുറുക്കി കഥകളും ഉപകഥകളുമുണ്ടാക്കി, ജനലക്ഷങ്ങൾക്ക് വിളമ്പി. എതിരാളികളെ തീർത്തും നിർവീര്യമാക്കുംവിധം രൂക്ഷമായ പരിഹാസം ഒരു കരുണയുമില്ലാതെ പ്രയോഗിച്ചു.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ഇടതുപക്ഷ ചിന്തകളും കേരളത്തിൽ ഇത്ര കണ്ട് സ്വാധീനം കൈവരിച്ചതിൽ സഖാവ് നായനാരുടെ ജനകീയത വലിയ പങ്കാണ് വഹിച്ചത്. സൈദ്ധാന്തികഭാരം ഒട്ടുമില്ലാത്ത പ്രത്യയശാസ്ത്രപരിശീലനക്കളരികളായിരുന്നു നായനാരുടെ പൊതുയോഗങ്ങൾ. തൊഴിലാളികളെന്നോ കർഷകരെന്നോ ഇടത്തരക്കാരെന്നോ ഭേദമില്ലാതെ ദാരിദ്ര്യവും ചൂഷണവും അനുഭവിക്കുന്ന മുഴുവൻ മനുഷ്യരോടും ലളിതവും ഹൃദയാവർജകവുമായ ഭാഷയിൽ സഖാവ് നായനാർ രാഷ്ട്രീയം സംസാരിച്ചു. സ്വാഭാവികമായും സഖാവ് ആ ജനതയുടെ നായകനുമായി.

ജനകീയാസൂത്രണത്തിന്റെ കാലത്താണ് ഞാൻ സഖാവിനോട് ഏറെ അടുത്ത് പ്രവർത്തിച്ചത്. അക്കാര്യം ഒരു അനുസ്മരണക്കുറിപ്പിൽ ഞാൻ വിശദമായി എഴുതുകയും ചെയ്തിരുന്നു. സഖാവ് നേതൃത്വം നല്‍കിയ മന്ത്രിസഭയുടെ സംഭാവനയാണല്ലോ ജനകീയാസൂത്രണം. നടന്നതും നടക്കുന്നതും നടക്കേണ്ടതുമെല്ലാം സഖാവ് വിശദമായി അന്വേഷിച്ചു മനസിലാക്കിയിരുന്നു. സഖാവിനറിയാത്തതൊന്നും എവിടെയും നടന്നിട്ടുമില്ല. അധികാരം വികേന്ദ്രീകരിക്കുക എന്ന ആശയം ഒട്ടും സുഗമമായല്ല നടപ്പായത്. ധാരാളം വെല്ലുവിളികളും പ്രതിബന്ധങ്ങളും ഓരോ ഘട്ടങ്ങളിലും ഉണ്ടായിരുന്നു. അവയൊക്കെ തരണം ചെയ്തത് സഖാവ് നായനാരുടെ നേതൃപരമായ ഇടപെടലിലൂടെയായിരുന്നു. നര്‍മ്മവും കാർ‍ക്കശ്യവും ഇരുത്തം വന്ന രാഷ്ട്രീയനേതാവിന്‍റെ നയചാതുരിയുമൊക്കെ തരാതരംപോലെ പുറത്തെടുത്താണ് സഖാവ് പ്രതിബന്ധങ്ങള്‍ മറികടന്നത്. അധികാരവികേന്ദ്രീകരണം യാഥാ‍ര്‍ത്ഥ്യമാക്കേണ്ട രാഷ്ട്രീയഉത്തരവാദിത്തം ഇടതുപക്ഷ മന്ത്രിസഭയ്ക്കുണ്ട് എന്ന കാര്യത്തില്‍ കൃത്യമായ ആശയവ്യക്തത സഖാവിനുണ്ടായിരുന്നു.

അധികാരവികേന്ദ്രീകരണം നടപ്പാക്കിയതു കൊണ്ടാണ് കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ഏറ്റവും വലിയ കരുത്തായി നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറിയത്. സഖാവ് പിണറായി വിജയൻ ഇന്നെഴുതിയ നായനാർ അനുസ്മരണക്കുറിപ്പിൽ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഖാവിന്റെ വാക്കുകൾ: “അതാതു പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലെല്ലാം അവയ്ക്ക് കൂടുതൽ ഉത്തരവാദിത്വം കൈവന്നു. തദ്ദേശീയമായ പദ്ധതികൾ ആവിഷ്ക്കരിച്ച് ഗ്രാമീണ വികസനം ഊർജ്ജിതപ്പെടുത്താൻ സാധിച്ചു. ഈ നയത്തിൻ്റെ ഭാഗമായി വളർന്നു വന്ന നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്തിലാണ് പ്രളയവും കൊറോണയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ചെറുത്തു നിൽക്കാനും മറികടക്കാനും നമുക്ക് കഴിയുന്നത്”.ഈ നേട്ടത്തെ കൂടുതൽ കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്തിക്കുമെന്ന പ്രതിജ്ഞയാകട്ടെ, ഓരോ നായനാർ അനുസ്മരണ ദിനവും. സഖാവിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു റെഡ് സല്യൂട്ട്.