ബൂറേവി: ഏറ്റവും പുതിയ വിവരങ്ങൾ

  0
  56

  മുഖ്യമന്ത്രി പിണറായി വിജയൻ

  ബൂറേവി: ഏറ്റവും പുതിയ വിവരങ്ങൾ

  ബുറേവി’ ചുഴലിക്കാറ്റ് ശ്രീലങ്കയെ മറികടന്ന് പാമ്പന് സമീപം മാന്നാര്‍ കടലിടുക്കില്‍ എത്തിയിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് അര്‍ദ്ധരാത്രിയോട് കൂടിയോ നാളെ പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന് അകത്തെ കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ ആയിരിക്കും.

  കരയിലൂടെ സഞ്ചരിക്കുന്നതോടെ ചഴലിക്കാറ്റ് ശക്തി കുറയുകയും അതിതീവ്ര ന്യൂനമര്‍ദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് കേരളത്തിലൂടെ അറബിക്കടലിലേക്ക് കടക്കുകയും ചെയ്യുമെന്നാണ് പ്രവചനം. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിക്കുകയാണെങ്കില്‍ ചുഴലിക്കാറ്റിന്‍റെ കേന്ദ്രം കൊല്ലം-തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുന്നത്. നാളെ പകല്‍ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് എത്താനാണ് സാധ്യത.

  Cyclone Burevi to hit Tamil Nadu on December 4: 10 pointsകരയിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റിന്‍റെ ശക്തി കുറഞ്ഞു വരും. നിലവിലെ പ്രവചനം അനുസരിച്ച് കേരളത്തില്‍ എത്തുമ്പോള്‍ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിലും താഴെയായിരിക്കും.ചുഴലിക്കാറ്റ് കേന്ദ്രം കടന്നുപോകുന്നതിന്‍റെ വടക്ക് ഭാഗങ്ങളില്‍ കൂടുതല്‍ മഴ ഉണ്ടാകുന്നതാണ് ബുറേവിയുടെ ഇതുവരെയുള്ള സ്വഭാവം. അതുകൊണ്ടുതന്നെ സഞ്ചാരപഥത്തിന് പുറമെ കൊല്ലം ജില്ലയുടെ വടക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വലിയ പ്രളയ സാഹചര്യം നിലവില്‍ പ്രതീക്ഷിക്കുന്നില്ല. ശക്തമായ കാറ്റില്‍ മേല്‍ക്കൂര ശക്തമല്ലാത്ത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അപകടങ്ങള്‍ സംഭവിക്കാം. മരം, പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം പൊട്ടിവീണുള്ള അപകടങ്ങള്‍ പ്രതീക്ഷിക്കാം. ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നത് വരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

  Cyclone Burevi: IMD issues red alert for Tamil Nadu, Kerala; heavy rainfall likely | India News – India TVസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 നവംബര്‍ 28നുതന്നെ ചുഴലിക്കാറ്റ് രൂപീകരണ സാധ്യത മനസ്സിലാക്കിയിരുന്നു. അത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകളും തയ്യാറെടുപ്പ് നിര്‍ദേശങ്ങളും ജില്ലാ ദുരന്ത നിവരാണ അതോറിറ്റികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്‍കി. നവംബര്‍ 30ന് അര്‍ദ്ധരാത്രിയോടുകൂടി മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. കടലില്‍ പോയവരെ തിരിച്ചെത്തിക്കാന്‍ വേണ്ട നടപടികള്‍ ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. മല്‍സ്യബന്ധന ഗ്രാമങ്ങളിലും ഹാര്‍ബറുകളിലും അനൗണ്‍സ്മെന്‍റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വഴി തീരദേശ ജനതയിലേക്ക് മുന്നറിയിപ്പ് എത്തിച്ചു. മുന്നറിയിപ്പ് പ്രഖ്യാപിച്ച 7 ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവലോകന യോഗം ചേര്‍ന്നു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

  പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ രക്ഷാ സേനകള്‍ സജ്ജമാക്കി ആവശ്യമായ ഇടങ്ങളില്‍ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 8 ടീമുകളെ വിവിധ ജില്ലകളിലായി വിന്യസിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓരോ ടീമിനെ വീതവും ഇടുക്കിയില്‍ 2 ടീം എന്‍ഡിആര്‍എഫിനെയുമാണ് വിന്യസിച്ചിട്ടുള്ളത്. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റും തയ്യാറാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവികസേനയോട് അറബിക്കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലുകള്‍ തയ്യാറാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആര്‍മിയോടും അര്‍ദ്ധ സൈനിക വിഭാഗങ്ങളോടും സജ്ജരായി ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
  മുന്നറിയിപ്പുള്ള ജില്ലകളില്‍ സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ മാറ്റി താമസിപ്പിക്കാന്‍ 2891 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. സംസ്ഥാന തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററും ജില്ലകളില്‍ ഡിസ്ട്രിക്ട് എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററുകളും താലൂക്ക് കണ്ട്രോള്‍ റൂമുകളും 24 മണിക്കൂറും പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കുന്നു. ഓരോ മൂന്ന് മണിക്കൂറിലും പൊതുജനങ്ങള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കുമായി ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരപഥവുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്നുണ്ട്.

  വൈദ്യുതി വിതരണം, ശബരിമല തീര്‍ത്ഥാടനം, അണക്കെട്ടുകള്‍ തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഓരോ അപ്ഡേറ്റുകളുടെയും അടിസ്ഥാനത്തില്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനം എത്താന്‍ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ഭൂപടവും തയ്യാറാക്കി ദുരന്ത നിവാരണ അതോറിറ്റി വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നുണ്ട്. ടെലികോം ഓപ്പറേറ്റര്‍മാരോട് കമ്യൂണിക്കേഷന്‍ ഓണ്‍ വീല്‍സ് സൗകര്യം തയ്യാറാക്കി വെക്കാനും ഡീസല്‍ ജനറേറ്ററുകള്‍ ടവറുകളില്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ സംസ്ഥാനത്തെ തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയും ആവശ്യമായ തയ്യാറെടുപ്പ് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഡിസംബര്‍ 2ന് വൈകിട്ട് സംസ്ഥാന റിലീഫ് കമ്മീഷ്ണര്‍ ജില്ലാ കളക്ടര്‍മാരുടെ അവലോകന യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി.

  ഇന്നലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുമായി സംസാരിച്ച കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഇന്നു രാവിലെ ആഭ്യന്തരമന്ത്രി ശ്രീ. അമിത്ഷായുമായി സംസാരിച്ചു. എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നും ഏതു പ്രശ്നമുണ്ടായാലും വിളിക്കാന്‍ മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള സേനകളുടെ സ്ഥിതിയും സ്വീകരിച്ച നടപടികളും അദ്ദേഹത്തെ അറിയിച്ചു.

  റിവ്യു യോഗം

  ദുരന്തത്തിന്‍റെ ഭാഗമായി മനുഷ്യജീവന്‍ നഷ്ടപ്പെടാതിരിക്കുക വളരെ പ്രധാനമാണ്. അതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ കേന്ദ്ര സേനാ പ്രതിനിധികളുടെയും അടിയന്തരയോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കു പുറമെ ആര്‍മി, നേവി, എയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, ബിഎസ്എഫ്, സിആര്‍പിഎഫ്, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയ സേനകളുടെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഇതുവരെ നടത്തിയ തയ്യാറെടുപ്പുകള്‍ ഇവര്‍ യോഗത്തില്‍ വിശദീകരിച്ചു. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാര്‍പ്പിക്കും. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കും. വിവിധ സേനകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കും.

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയില്‍ സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍ മാറ്റാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിക്കുകയാണ്. സാമൂഹ്യസന്നദ്ധ സേനാ വളണ്ടിയര്‍മാരെ ഉള്‍പ്പെടെ സജ്ജമാക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ യോഗം ജില്ലാതലത്തില്‍ ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ നിലവിലുള്ള മന്ത്രിമാര്‍ തന്നെ ചുമതല വഹിക്കും. ജില്ലാ കലക്ടര്‍മാർ ഫലപ്രദമായി ഇടപെടുന്നുണ്ട്. അവരെ സഹായിക്കാന്‍ സെക്രട്ടറിമാരെ നല്‍കും. ഏകോപനച്ചുമതല ഇവര്‍ക്കായിരിക്കും.

  തിരുവനന്തപുരം- ഷര്‍മിള മേരി ജോസഫ്, കൊല്ലം- എ ഷാജഹാന്‍, പത്തനംതിട്ട- ബിജു പ്രഭാകര്‍, ആലപ്പുഴ- മിനി ആന്‍റണി, കോട്ടയം- സഞ്ജയ് കൗള്‍, ഇടുക്കി- സൗരവ് ജയിന്‍, എറണാകുളം- പ്രണബ് ജ്യോതിനാഥ് എന്നിവര്‍ക്കായിരിക്കും ചുമതല.
  ചുഴലിക്കാറ്റിന്‍റെ ഗതിവിഗതികള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൃത്യമായി ജനങ്ങളെ അറിയിക്കും. മാധ്യമങ്ങളിലൂടെ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കും. ജില്ലകളില്‍ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡിഎംഒ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഏകോപനം ഉണ്ടാകും. പണ്ടായത്ത് തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥനുമുണ്ടാകും. വൈദ്യുതി, ജലസേചന വകുപ്പുകള്‍ കൂട്ടായി നീങ്ങും. ശുദ്ധജലവിതരണം തടസ്സമില്ലാതെ നീങ്ങും.

  അപകടകരമായ സ്ഥിതിയിലുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. കോവിഡ് കാലമായതിനാല്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും.

  ★ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം

  ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റും മഴയുംമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിര്‍വഹിക്കുക.
  എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്മെന്‍റ് ഒരുക്കേണ്ടതാണ്. ആന്‍റി സ്നേക്ക് വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പുവരുത്തേണ്ടതാണ്. ഓര്‍ത്തോപീഡിഷ്യന്‍, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, അനസ്തീഷ്യാ ഡോക്ടര്‍ എന്നിവര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ അത്യാവശ്യമുള്ളപ്പോള്‍ എത്തേണ്ടതാണ്. മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങി താഴെത്തട്ടിലുള്ള ആശുപത്രികള്‍ ജാഗ്രതയോടെയിരിക്കണം.

  അതാത് ജില്ലകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. പ്രശ്നബാധിതമായ എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം എപ്പോഴും ജാഗ്രതയായിരിക്കണം. തീരദേശ മേഖലകളില്‍ ആവശ്യമായ ജീവനക്കാര്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഒരുക്കണം. ക്യാമ്പുകളിലും മതിയായ ചികിത്സ ഉറപ്പ് വരുത്തും. വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ക്യാമ്പുകളിലും മറ്റും എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

  എല്ലാ പ്രശ്നബാധിത മേഖലകളിലും കനിവ് 108 ആംബുലന്‍സുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കോവിഡ് ബാധിതരേയും അല്ലാത്തവരേയും പ്രത്യേകം ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. തത്സമയം റൂട്ട് നിശ്ചയിക്കാന്‍ ജിവികെ ഇഎംആര്‍ഐയുടെ കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.