ഒരു കുട്ടി കൂടി കരയുമ്പോൾ …

490

ഒരു കുട്ടി കൂടി കരയുമ്പോൾ …മുരളി തുമ്മാരുകുടി (Muralee Thummarukudy)എഴുതുന്നു 

ജീവിതത്തിൽ നമ്മെ സങ്കടപ്പെടുത്തുന്ന പലതും ഉണ്ടെങ്കിലും കൊച്ചു കുട്ടികളോട് മുതിർന്നവർ ചെയ്യുന്ന ക്രൂരതകളാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങൾ തുടങ്ങി തിരിച്ച് ഒന്നും ചെയ്യാൻ കഴിയാത്ത വിധം നിസ്സഹായരായവരോട് ചെയ്യുന്ന അക്രമങ്ങൾ ഏറ്റവും അധമമാണ്. അത് ചെയ്യുന്നത് പലപ്പോഴും ആ കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവർ തന്നെയാണെന്നത് ആ കുറ്റകൃത്യത്തിന്റെ ആക്കം കൂട്ടുന്നു.

ഇന്നിപ്പോൾ എന്റെ വീടിനടുത്തുള്ള മൂവാറ്റുപുഴയിൽ നിന്നും ഇത്തരത്തിൽ മനസ്സാക്ഷിയെ നടുക്കുന്ന ഒരു കുറ്റകൃത്യത്തെപ്പറ്റി കേൾക്കുന്നു. നാല് വയസ്സുള്ള അനിയൻ രാത്രി കിടക്കയിൽ മൂത്രമൊഴിച്ചതിന് ഏഴു വയസ്സുകാരനെ അമ്മയുടെ കൂട്ടുകാരൻ എടുത്തിട്ട് ചവിട്ടിയെന്നും, ആ കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടുവെന്നും ജീവൻ തന്നെ അപകടത്തിലായേക്കാം എന്നുമാണ് വായിച്ചത്. ആ കുറ്റകൃത്യം ചെയ്ത നരാധമനെ അറസ്റ്റ് ചെയ്തു എന്നും കുട്ടിയുടെ ചികിത്സയും സംരക്ഷണവും സർക്കാർ ഏറ്റെടുത്തുവെന്നും വാർത്തയുണ്ട്. അത് നന്നായി.

കുട്ടികളോടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ചൈൽഡ് ലൈൻ നിലവിലായതോടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതകളും ലൈംഗിക പീഡനങ്ങളും മിക്കതും ഇപ്പോൾ പുറത്തു വരുന്നുണ്ട്. നല്ല കാര്യം. എന്നാലും മൂവാറ്റുപുഴയിൽ ഉണ്ടായ പോലുള്ള അക്രമങ്ങൾ നമ്മുടെ ചുറ്റിനും ഇപ്പോഴും ഉണ്ടാകുന്നു.

കേരളത്തിൽ ഇത് ആദ്യത്തേതല്ല, അവസാനത്തേതും. മൂവാറ്റുപുഴക്കടുത്ത് കട്ടപ്പനയിലാണ് അഞ്ചു വയസ്സുകാരൻ ഷെഫീക്കിനെ അച്ഛനും രണ്ടാനമ്മയും കൂടി ഉപദ്രവിച്ചു ജീവച്ഛവം ആക്കിയത്. അതിന് മുൻപ് അദിതി എന്നൊരു കുട്ടി നിരന്തരമായ പീഡനങ്ങളാൽ കൊല്ലപ്പെട്ടതും കോഴിക്കോട്ട് സ്വന്തം വീട്ടിലാണ്. റോഡിലും സിനിമാ തീയേറ്ററിലും സദാചാരം അന്വേഷിക്കുന്ന മനുഷ്യരുള്ള കേരളത്തിൽ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ സ്വന്തം വീടുകളിൽ പീഡിപ്പിക്കപ്പെടുന്നത് ആരും ചോദ്യം ചെയ്യാത്തത്?

ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ ദത്തെടുത്തും അവരുടെ മാതാപിതാക്കളെ ജയിലിലടച്ചും തീർക്കാവുന്നതോ തീർക്കേണ്ടതോ ആയ വിഷയമല്ലിത്. സമൂഹം എന്ന നിലയിൽ കുട്ടികളെ ഉപദ്രവിക്കുന്നതിനോട് നമുക്ക് ‘സീറോ ടോളറൻസ്’ വേണം. കുട്ടികളോട് – അത് സ്വന്തം കുഞ്ഞിനോടോ അടുത്ത വീട്ടിലെ കുഞ്ഞിനോടോ അറിയാത്ത കുഞ്ഞിനോടോ ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടൻ അധികാരികളെ അറിയിക്കാൻ ആളുകൾക്ക് തോന്നണം. അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കണം, നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റവും വേഗത്തിൽ നടപ്പാക്കണം. അക്രമത്തിന്റെ ഒരു സാഹചര്യം ഉണ്ടെങ്കിലോ ഉണ്ടെന്ന് സംശയം തോന്നിയാലോ ഉടൻ തന്നെ ആ കുട്ടികളെ സുരക്ഷിതമാക്കി മാറ്റി പാർപ്പിക്കാൻ നമുക്ക് സംവിധാനമുണ്ടാക്കണം. ഇന്നിപ്പോൾ വായിച്ചത് ആക്രമിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ ബി ടെക്ക് ബിരുദധാരി ആണെന്നാണ്. കുട്ടികളുടെ അവകാശങ്ങളെയും അവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളെയും കുറിച്ച് വിദ്യാസന്പന്നർക്ക് പോലും അറിവില്ലെങ്കിൽ പിന്നെ എങ്ങനെയാണ്, എവിടെയാണ് നമ്മുടെ കുട്ടികൾ സുരക്ഷിതരാവുന്നത്?

എന്നാണ് നമ്മുടെ കുട്ടികളുടെ കരച്ചിലുകൾ സമൂഹം കാണുന്നത്? എന്നാണ് നമ്മുടെ എല്ലാ കുട്ടികൾക്കും സ്വന്തം വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുന്നത്?
ഇതിനെക്കുറിച്ച് പുതിയതായി ഒന്നും പറയാനില്ല. കാരണം അഞ്ചു വർഷം മുൻപ് ഷെഫീക്കിന്റെ വിഷയത്തിൽ എഴുതിയ അതേ സ്ഥിതിയാണ് ഇപ്പോഴും. മുകളിൽ ലിങ്ക് ഉണ്ട്, വായിച്ചു നോക്കൂ . കുട്ടിയുടെ പേരൊന്നു മാറ്റുക, രണ്ടാനമ്മ എന്നത് അമ്മയുടെ കൂട്ടുകാരൻ എന്നാക്കുക, ബാക്കി എല്ലാം ഒരു പോലെ. അന്നൊരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. എന്തായിരുന്നു ആ കമ്മിറ്റിയുടെ റിപ്പോർട്ട്? എന്ത് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് അതിന് ശേഷം കുട്ടികളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്?

Previous articleബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപ്പട്ടം
Next articleകുഞ്ഞേ…പൊറുക്കുക!
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.