രാജ്യത്തിന്റെ സമ്പത്തായ കുട്ടികളെ നമുക്ക് എങ്ങനെ സംരക്ഷിക്കാം?

636

ആൻ പാലിയുടെ (Ann Palee)പ്രസക്തമായ പോസ്റ്റ് . പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം 

======

പതിനൊന്നു വർഷങ്ങൾക്കു മുൻപ്, മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന ‘ബേബി പി’ എന്ന കുഞ്ഞിന്റെ മരണം , ചെറുതായിട്ടൊന്നുമല്ല ഞെട്ടിച്ചത്.

യുകെയിലെ പത്രങ്ങളിലും ടീവിയിലുമൊക്കെ അന്നാ കുഞ്ഞിന്റെ പടവും വാർത്തകളും തുടർച്ചയായി വന്നിരുന്നതായും ഓർമ്മയുണ്ട്. കുഞ്ഞിന്റെ അമ്മയും അമ്മയുടെ കാമുകനുമായിരുന്നു ആ ദുഷ്ടതകൾക്കു പിറകിൽ. മേലത്തെ നിലയിൽ നിന്നും തൂക്കിയെറിഞ്ഞതുകൊണ്ടായിരുന്നു കുഞ്ഞിന്റെ നട്ടെല്ല് വരെ തകർന്നു പോയിരുന്നത്, കുഞ്ഞിന്റെ നഖങ്ങൾ പോലും വലിച്ചൂരിയെടുത്ത നിലയിലായിരുന്നു.

കുഞ്ഞുങ്ങളുടെ സംരക്ഷണം കൃത്യമായി ശ്രദ്ധിക്കുന്ന യുകെയിൽ കുട്ടിയെ സന്ദർശിക്കാൻ സ്ഥിരമായി എത്തുന്ന സോഷ്യൽ വർക്കർ വരുമ്പോളൊക്കെ കുഞ്ഞിന്റെ മുഖത്തും ശരീരത്തിലുമെല്ലാം ഭക്ഷണവും മറ്റും തേച്ചു പിടിപ്പിച്ചായിരുന്നു ‘അമ്മ അത്രയും കാലം കുഞ്ഞിനോട് ചെയ്ത ദ്രോഹങ്ങൾ മറച്ചു വെച്ചിരുന്നത്.

എന്നാലും ഏറെക്കാലമൊന്നും ആ കുഞ്ഞിന് നരകയാതന അനുഭവിക്കേണ്ടി വന്നില്ല. ‘ബേബി പി’ മരിച്ചു, ഡോക്ടർമാർ മരണകാരണം കണ്ടുപിടിക്കുകയും ചെയ്തു.

എന്നാൽ, എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ആ സമയത്തു സോഷ്യൽ വാർക്കേഴ്സിനെക്കൂടാതെ ,അവരുടെ വീട്ടിൽ പേയിങ് ഗസ്റ്റായി നിന്ന ആളെ പോലും ആ വിഷയത്തിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തി എന്നുള്ളതാണ്. അതിനു യുകെ ഗവൺമെന്റ് പറഞ്ഞ ഒരു കാര്യം, കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് എല്ലാവരുടെയും ആവശ്യകതയാണെന്നായിരുന്നു.

പന്ത്രണ്ടു വയസ്സ് തികയാത്ത കുഞ്ഞുങ്ങളെ വീട്ടിലാക്കി പുറത്തു പോവുന്നത് പോലും കുറ്റകരമായി കാണുന്ന ഒരു രാജ്യത്ത്, കുഞ്ഞുങ്ങളുടെ അവകാശം എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു മനസ്സിലാക്കാൻ ആ ഒരു സംഭവം മാത്രം മതിയായിരുന്നു.

അപ്പോൾ, നമ്മുടെ നാട്ടിൽ നടന്ന ഏഴുവയസ്സുകാരന്റെ മരണവും അമ്മയുടെ മാത്രം അനാസ്ഥ ആണോ?രണ്ടാനച്ഛന്റെ ക്രൂരതകളും സഹിച്ചു രണ്ടു കുഞ്ഞുങ്ങൾ ശ്വാസം മുട്ടി ജീവിക്കുന്നത് അയല്പക്കക്കാരൊന്നും അറിഞ്ഞില്ലേ? മുറിവുകളും വേദനയുമായി സ്‌കൂളിൽ ചെല്ലുമ്പോൾ അവരുടെ അദ്ധ്യാപകർ അത് ശ്രദ്ധിച്ചിരുന്നില്ലേ?

ഇടയ്ക്കിടെ വീട്ടിലെത്തുന്ന ആശാ വർക്കേഴ്സും, അംഗൻവാടി ടീച്ചർമാരും ഇതൊന്നും അറിഞ്ഞില്ലേ? അതോ അവരും അമ്മയ്ക്കില്ലാത്ത ദെണ്ണമെന്തിനാ നമുക്ക് എന്ന ഭാവത്തിൽ അതങ്ങു ഒഴിവാക്കിയോ? ഇതിപ്പോൾ ഈ കുട്ടി മാത്രമല്ല, ഇതുപോലുള്ള എത്രയോ കേസുകൾ ((എടപ്പാളിലെ തീയേറ്ററിലെ നടന്ന പീഡനവും , കട്ടപ്പനയിൽ ഒരു കുട്ടിയെ രണ്ടാനമ്മ കൂടി ചേർന്ന് കാലടിച്ചൊടിച്ചതും നമ്മൾ കണ്ടതല്ലേ ?)

ആ കുഞ്ഞിന്റെ അനിയന്റെ അവസ്ഥ ആലോചിക്കുമ്പോളാണ് വീണ്ടും സങ്കടം വരുന്നത്, ഈ സംഭവങ്ങൾ സൃഷ്‌ടിച്ച ഇമോഷണൽ ട്രോമയിൽ നിന്നും ആ കുഞ്ഞിനിനി എന്നാണാവോ മോചനമുണ്ടാവുന്നത്?(കുട്ടികളായിരിക്കുമ്പോൾ പീഡനങ്ങൾ അനുഭവിച്ചു പിന്നീട് ക്രിമിനലുകൾ ആയ ഹിറ്റലറെപ്പോലുള്ളവരെക്കൂടി നാം ഓർമ്മിക്കണം, ഓരോ അനാവശ്യ പീഡനങ്ങളും കുഞ്ഞുങ്ങളെ നാളെ ഇമോഷണലി സ്റ്റേബിൾ അല്ലാത്ത വ്യക്തികളായിമാറ്റുമെന്ന സത്യം അംഗീകരിച്ചേ പറ്റൂ.)

തൊടുപുഴയിലെ കുഞ്ഞിന് വേണ്ടിയുള്ള സോഷ്യൽ മീഡിയയിലെ മുറവിളി രണ്ടു ദിവസത്തിനകം തീരും. തെറ്റുകാരൊക്കെ ശിക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുമ്പോളും ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതിരിക്കാൻ നാം കരുതലെടുക്കേണ്ടിയിരിക്കുന്നു. ഒരു രാജ്യത്തിൻറെ സമ്പത്തായ കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല നാമെല്ലാവരും ഇനിയെങ്കിലും വീതിച്ചെടുക്കണം.

ഓരോ സ്‌കൂളിലും ഉള്ള ക്ലാസ് ടീച്ചർമാരും കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  1. ആദ്യമായി തന്നെ , മാതാപിതാക്കളിൽ ആരെങ്കിലുമൊരാൾ മരിച്ച, അല്ലെങ്കിൽ ഉപേക്ഷിച്ചു പോയ, അല്ലെങ്കിൽ കിടപ്പിലായ, മാനസിക രോഗമുള്ള, മയക്കുമരുന്നിനോ/മദ്യപാനത്തിനോ അടിമയായ അച്ഛനോ അമ്മയോ ഉള്ള, കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുവാൻ അവർക്കു കഴിയണം.

വെറുതെ ശാസ്ത്രവും ഗണിതവും പഠിപ്പിച്ചു പോകുന്ന ഒരാൾ മാത്രമല്ല, അതിലുപരിയായി അവരെ അറിയുന്ന വ്യക്തിയായി മാറാൻ അദ്ധ്യാപകർക്ക് കഴിയണം. (ഓരോ ദിവസവും പത്തു മിനിട്ടു വെച്ച് സംസാരിച്ചാൽ ഒന്നരമാസം കൊണ്ട് ഒരു ക്‌ളാസ്സിലെ മുഴുവൻ കുട്ടികളോടും കാര്യങ്ങൾ അന്വേഷിക്കാൻ ടീച്ചറിന് കഴിയും. കൂടുതൽ പ്രശ്നങ്ങളുണ്ടെന്നു തോന്നുന്ന കേസുകളിൽ മറ്റുള്ളവരുടെ ഇടപെടൽ കൂടി ആവശ്യപ്പെടാം.)

  1. ഇനി വീട്ടിലെ അവസ്ഥ മനസ്സിലാക്കുവാൻ,വർഷത്തിൽ ഒരു തവണ എങ്കിലും ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ചാൽ മതി. ഒരു വിധമുള്ള ക്രൂരതകളൊക്കെ തിരിച്ചറിയാൻ കഴിയുന്ന ആക്ടിവിറ്റി ആണത്.

3.പത്തു വയസ്സിനു താഴെയുള്ള കുട്ടികളുടെ വീട് സന്ദർശിക്കാൻ ആശാ പ്രവർത്തകരെയും അംഗൻവാടി ടീച്ചർമാരെയും പ്രോത്സാഹിപ്പിച്ചാൽ കുറെയൊക്കെ അവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. ‘ഭവനസന്ദർശനം’ എന്നൊക്കെ പറയുമ്പോൾ വെറുതെ പോയി ‘എല്ലാർക്കും സുഖമല്ലേ?’ എന്നൊക്കെ അന്വേഷിച്ചുള്ള തിരിച്ചു വരവല്ല.

കുട്ടികളോട് മാത്രമായി ചോദിക്കാനുള്ള കൃത്യമായ ഫോം കൊണ്ടാവണം പോകേണ്ടത്. എന്തെങ്കിലും അപാകത തോന്നിയാൽ മറ്റുദ്യോഗസ്ഥരെ കൂടി അറിയിക്കാനുള്ള ഓപ്‌ഷൻ അതിലുണ്ടാവണം. ആ ഫോമിലെ ഡീറ്റെയിൽസ് സൂക്ഷിക്കാനും വേണമെങ്കിൽ റീ-ചെക്ക് ചെയ്യാനും അധികൃതർക്ക് കഴിയണം.

4.കുട്ടികൾക്ക് വേണ്ടി ചൈൽഡ് ലൈൻ ഒക്കെ ഇപ്പോളും പ്രവർത്തിക്കുന്നുണ്ടെന്നറിയാം. പക്ഷെ, എത്ര പറഞ്ഞാലും ഈ ടെലിഫോൺ എന്നൊക്കെ പറയുന്നത് പലപ്പോളും വീട്ടിലെ മുതിർന്നവരുടെ ഒരു അവകാശമാണല്ലോ.

സ്വാതന്ത്ര്യം ഇല്ലാത്ത ഒരു വീട്ടിൽ ഒരു കുഞ്ഞിന് ഒരു നമ്പർ ഓർമിച്ചിരിക്കാനും അതിൽ വിളിച്ചു പരാതി പറയാനും ഇത്തരം ബുദ്ധിമുട്ടാവും? അതിലും എത്രയോ അനുഭാവപൂർണ്ണമായ സമീപനമാണ് ഒരു വ്യക്തിയിൽ നിന്നും , അതൊരു ടീച്ചറാണെങ്കിൽ ഉത്തമം, കുഞ്ഞിന് ലഭിക്കുക.

5.ഇനി അയല്പക്കകാർ, സുഹൃത്തുക്കൾ അങ്ങനെ ആരുമാവട്ടെ ഒരു കുഞ്ഞു സാധാരണയിലുമധികം ദുഃഖിതനായോ, ശാരീരിക അസ്വസ്ഥതകൾ കാണിക്കുന്നതായോ കണ്ടാൽ പോലീസിനെയോ ചൈൽഡ് ലൈൻ പ്രവർത്തകരെയോ സമീപിക്കാൻ നിങ്ങളും മടി കാണിക്കരുത്.

ഇനിയെങ്കിലും, അമ്മയാണ് ദൈവം എന്നുള്ള നുണയൊന്നും പറഞ്ഞു പഠിപ്പിക്കാതിരിക്കാം. ആ നുണ കേട്ടാവും കെട്ട്യോളെ പട്ടിണിക്കിട്ടു കൊല്ലാമെന്ന് സ്വന്തം ‘അമ്മ പറഞ്ഞപ്പോ ഒരുത്തനങ്ങ് മുന്നോട്ടിറങ്ങിയത്.

ആയതിനാൽ തെറ്റ് ചെയ്യുന്നത് അമ്മയാണെങ്കിലും തുറന്നു പറയാൻ തന്നെ കുഞ്ഞുങ്ങളോട് ചെറുപ്പം മുതലേ ആവശ്യപ്പെടാം, സ്വന്തം ശരീരത്തിനും ജീവനും വില കൽപ്പിക്കുന്ന മറ്റുള്ളവരെ ബഹുമാനിക്കുന്ന കുഞ്ഞുങ്ങളായി വളരാൻ നമ്മുടെ അടുത്ത തലമുറയ്‌ക്കെങ്കിലും അവസരം ഒരുക്കാം.

സത്യത്തിൽ, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ഈ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി എന്റെ റിസേർച്ചല്ല , ഒരു വികസിത രാഷ്ട്രത്തിൽ കുറച്ചുകാലം താമസിച്ചപ്പോൾ കണ്ട നടപടിക്രമങ്ങളെ നമ്മുടെ സിസ്റ്റത്തിലേക്ക് ചേർത്ത് വെച്ച് വായിക്കാനുള്ള ഒരു ശ്രമം നടത്തിയെന്ന് മാത്രം. ഇത് വായിക്കുന്ന ആർക്കെങ്കിലും ശിശുസംരക്ഷണസമിതിയിലേക്കോ , മുഖ്യമന്ത്രിയുടെ ഓഫിസിലേക്കോ ഈ നിർദ്ദേശങ്ങൾ എത്തിക്കാൻ കഴിയുമെങ്കിൽ സന്തോഷം.

നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ ഉത്തരവാദിത്വവും പ്രതീക്ഷയുമല്ലേ? അവരുടെ സംരക്ഷണം നമുക്കൊരുമിച്ചു ഉറപ്പു വരുത്താം.
(ചിത്രത്തിൽ കാണുന്നത് ‘ബേബി പി’, ഗൂഗിളിൽ തെരഞ്ഞു കിട്ടിയ ചിത്രമാണ് )

#lets_protect_our_children #stop_violence_against_children