നാളെ ഈ മരണം ഏതു രീതിയിൽ വ്യാഖ്യാനിക്കപ്പെടും എന്ന ഭയമുള്ളതു കൊണ്ട് ഇന്നേ എഴുതുന്നു

233

അഞ്ജന ഹരിദാസ്, കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി. ഇന്നലെ ഗോവയിൽ ആത്‍മഹത്യ ചെയ്തു. ഹാജർ കുറവായതിൻറെ പേരിൽ മാസങ്ങൾക്ക് മുമ്പ് കോളേജിൽ നിന്നും പുറത്താക്കി. കോളേജ് ഹോസ്റ്റലിലെ അമിതമായ നിയന്ത്രണങ്ങളേയും, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ശോചനീയ അവസ്ഥയെക്കുറിച്ചുമെല്ലാം പ്രതികരിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു. ബൈസെക്ഷ്വൽ ആയിരുന്നു. അതിൻറെ പേരിൽ വീട്ടുകാരാൽ അവഹേളിയ്ക്കപ്പെട്ടു. ട്രാന്സ്ജെന്ററുകളുടെ അവകാശങ്ങൾക്കായി വാദിയ്ക്കുന്ന സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ വീട്ടുകാർ ബലം പ്രയോഗിച്ച് കോയമ്പത്തൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ മാനസികകേന്ദ്രങ്ങളിലടച്ച് ഉയർന്ന ഡോസുകളിലുള്ള മരുന്ന് കുത്തിവെച്ചും മറ്റും ക്രൂരമായി പീഡിപ്പിച്ചു. ഒടുവിൽ സുഹൃത്തുകളുടെ പരാതിയെ തുടർന്ന് പോലീസ് ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കുകയും, അവളുടെ ഇഷ്ടം മാനിച്ച് കോടതി സുഹൃത്തുക്കൾക്കൊപ്പം പോകാനനുവദിയ്ക്കുകയുമായിരുന്നു.

ലോക് ഡൗൺ കഴിഞ്ഞാൽ യൂണിവേഴ്സിറ്റിയെ സമീപിച്ച് റീ അഡ്മിഷൻ എടുക്കുന്ന കാര്യം അഞ്ജന പറഞ്ഞിരുന്നു. സാങ്കേതികമായി അത് സാധ്യവുമായിരുന്നു.എന്നാണ് ക്ലാസ് തുടങ്ങുന്നതെന്നും അന്വേഷിച്ചു. പക്ഷേ ലോക് ഡൗൺ കഴിയും വരെ അവൾ കാത്തു നിന്നില്ല. ചില ജീവിതങ്ങൾ അങ്ങനെയാണ്. അവർ ഉള്ളിലെന്താണ് കൊണ്ടു നടക്കുന്നതെന്ന് ആർക്കും മനസ്സിലാവ ണമെന്നില്ല. അവരവരുടെ പരിമിതമായ അറിവുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള മുൻവിധികൾ വച്ച് മനുഷ്യരെ ഒറ്റക്കോലിൽ അളന്നു കളയും, സൗകര്യപ്രദമായതും സ്വന്തമായതുമായ കാരണങ്ങൾ കണ്ടെത്തും .അതാണ് മരണപ്പെട്ടവരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയെന്ന് അവരൊരിക്കലും അറിയുകയുമില്ല.

Chinnu Sulficker എഴുതുന്നു 

നാളെ ഈ മരണം ഏതു രീതിയിൽ വ്യാഖ്യാനിക്കപ്പെടും എന്ന ഭയമുള്ളതു കൊണ്ട് ഇന്നേ എഴുതുന്നു. അന്വേഷണമോ കാരണം ഊഹിക്കലോ അല്ല, കൂടെ ഉണ്ടായിരുന്നവൾ ഇങ്ങനെ പിരിഞ്ഞു പോവുമ്പോൾ ഇത്രയെങ്കിലും…
‘ഇത്തരത്തിലുള്ള പെൺകുട്ടികൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചെന്നു വരും.’ – എത്തരത്തിലുള്ള പെൺകുട്ടികൾക്ക്? എങ്ങനെയൊക്കെ?
‘അവളെ മാറ്റിയെടുക്കാമായിരുന്നില്ലേ’ – മാറ്റേണ്ടത് അവളെയോ നമ്മളെ തന്നെയോ?
വിലയിരുത്തലുകൾ സഹിക്കാൻ വയ്യാതെ ആയിരിക്കുന്നു.

Queer എന്നാൽ എന്താണെന്നു കൂടി അറിയാത്ത ഒരു വലിയ വിഭാഗത്തിന്റെ സദാചാര കണ്ണുകൾക്ക് അഞ്ജന എന്നും ഇരയായിട്ടുണ്ട്. സമൂഹത്തിന്റെ ധാരണകൾക്കും ഇഷ്ടങ്ങൾക്കും മുന്നിൽ വളഞ്ഞു പോകാതെ ഞാൻ ഇങ്ങനെയാണ് എന്ന് തുറന്നു പറഞ്ഞ് നിവർന്നു നിൽക്കാനുള്ള കരുത്ത് അവൾ കാണിച്ചിരുന്നു.

മൂന്നു കൊല്ലം മുൻപ് ഞങ്ങൾ ഒരേ ക്ലാസ് മുറിയിൽ വച്ച് കണ്ടുമുട്ടുമ്പോൾ എൻ.സി.സി യിൽ ചേർന്ന് പട്ടാളത്തിലേക്ക് സെലക്ഷൻ മേടിച്ച് എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് രക്ഷപെടണം എന്നു പറഞ്ഞതോർക്കുന്നു. ‘ആരോടും ചോദിക്കാതെ’ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു കൊടുത്തും, തല മൊട്ട അടിച്ചും കോളേജ് മുറ്റത്തു കൂടെ ബൈക്ക് ഓടിച്ചും അവൾ ചിലർക്ക് ‘തന്നിഷ്ടക്കാരി’യായി. സങ്കോചം ഒന്നുമില്ലാതെ തെറി വിളിച്ചു. തോളത്ത് കൈയിട്ട് നടന്നു. പണ്ടേക്കു പണ്ടേ കെട്ടിപ്പൊക്കിയ മറയെല്ലാം കീറി കളഞ്ഞു.

കോളേജിലെ മൂന്നാം കൊല്ലം അഞ്ചാം സെമസ്റ്ററിന്റെ അവസാനമാണ് അഞ്ജന മതിയായ അറ്റൻഡൻസ് ഇല്ല പാപത്തിന് സർവകലാശാല നിയമങ്ങളുടെ ഇരയായി പുറത്താകുന്നത്. അതുവരെ ഒരു പേപ്പർ പോലും അവൾ സപ്ലി വാങ്ങിയിട്ടുണ്ടായിരുന്നില്ല. അന്ന് കുറച്ച് എഴുത്തുകളും പുസ്തകങ്ങളും അടങ്ങുന്ന മുഷിഞ്ഞ തുണിസഞ്ചി ക്ലാസിൽ ഉപേക്ഷിച്ച്‌ അവൾ ഇറങ്ങി പോയി,ദിവസങ്ങളോളം കരഞ്ഞു. ഇന്നും അതിലൊരു തുണ്ട് കടലാസ് പോലും കുറവു വരാതെ അത് ഞങ്ങളുടെ ക്ലാസ് മുറിയിലുണ്ട്. എല്ലാ ക്ലാസുകളും കേട്ടുകൊണ്ട് തന്നെ അതവിടെ ഇരുന്നു.

ക്ലാസിന് പുറത്ത് സാഹിത്യ സംവാദങ്ങളിലും പൊതുപരിപാടികളിലും ലിറ്ററേച്ചർ ഫെസ്റ്റിവലിലും പങ്കെടുത്തും സാമൂഹ്യ സേവനവും യാത്രകളുമായി പലയിടങ്ങളിലും സഞ്ചരിച്ചും ട്രാൻസ് ജൻഡേഴ്സിന്റെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചും അതുവരെയുള്ളതു പോലെ അവൾ തുടർന്നു. മല കയറി സൂര്യോദയം കണ്ട് മറ്റു പെൺകുട്ടികൾ സ്വപ്നം കാണുന്ന പലതും സാധിക്കുമെന്ന് കാണിച്ചു.ആർട്ട് ഗ്യാലറിയിലും സാഹിത്യ ക്യാമ്പുകളിലും ഞങ്ങൾ ഒന്നിച്ചു പോയി. അവളിലൂടെ മറ്റൊരു ലോകം കണ്ടു, പരിചയപ്പെട്ടു.റോൾ ഔട്ട് ആയി എങ്കിലും അവസാന വർഷ വിനോദയാത്രയ്ക്ക് ഞാനും വരും, വിളിക്കണേ എന്ന് പറഞ്ഞിരുന്നു. പിന്നീടാണ് ഒരു വിവരവും ലഭിക്കാതെയാകുന്നത്. എല്ലാ വിധേനയും കോൺടാക്റ്റ് ചെയ്യാനുള്ള ശ്രമങ്ങളൊക്കെ വെറുതെ ആവുകയായിരുന്നു. ലോക് ഡൗൺ തുടങ്ങുന്നതിന് ഒന്നര ആഴ്ച മുൻപ് മുന്നറിയിപ്പൊന്നുമില്ലാതെ അവൾ കോളേജിലെത്തി. കണ്ട് സംസാരിച്ചു. രണ്ട് മാസം വീട്ടുകാരും അകന്ന ബന്ധത്തിൽ പോലുമില്ലാത്ത ഒരാളും( പേര് അവൾക്കറിയില്ലായിരുന്നു) ചേർന്ന് കൊയമ്പത്തൂരും പാലക്കാടും തിരുവനന്തപുരവും കൊണ്ടുപോവുകയും പൂട്ടി ഇട്ട് ചികിത്സിക്കുകയും ചെയ്തുവെന്ന വിവരങ്ങൾ പങ്കുവെക്കുന്നത് അപ്പോഴാണ്.

എല്ലാം പങ്കുവച്ച അഞ്ജനയുടെ എഫ്.ബി വാൾ അവളുടെ ചരിത്രം തന്നെയാണ്. രണ്ട് മാസം കഴിഞ്ഞ് കാണുമ്പോൾ അവൾ നന്നായി തടിച്ചിരുന്നു. അടച്ച സെല്ലിലെ ഭക്ഷണവും ദിവസേനയുള്ള മരുന്നുകളും ഇൻജക്ഷനും കൊണ്ട് ആകെ മാറിയ അവസ്ഥയിലായിരുന്നു. പുറംലോകം കണ്ട് ഒന്നു കൂടി ഞങ്ങളുടെ അടുത്ത് എത്തിയതിൽ അവൾക്ക് ആശ്ചര്യമുണ്ടായിരുന്നു. ഒരുപാട് സംസാരിച്ച്‌, ഒന്നു കൂടി കണ്ടതിൽ അതിയായി സന്തോഷിച്ച് കുറച്ചു നേരം… വാക്കുകളിലെ തീ കെട്ടിരുന്നു. വിധേയത്വത്തിന്റെ വാട്ടം അവളെ ബാധിച്ച് സ്വതന്ത്രമായ വ്യക്തിത്വം നഷ്ടപ്പെട്ടു പോകുന്നതിന്റെ നിഴൽ കല്ലിച്ചിരുന്നു.വലിയ പുരോഗമനപരമാണെന്ന് നടിക്കുന്ന ഇക്കാലത്തും ചിലർ വിചാരിച്ചാൽ ഒരാളെ എത്ര കാലം വേണമെങ്കിലും പൂട്ടി ഇടാം, എന്തും ചെയ്യാം എന്ന് അനുഭവത്തിൽ നിന്നവൾ പറഞ്ഞു തന്നു.ഇനി വീട്ടിലേക്ക് പോവുകയാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന് അറിയില്ലായില്ലാത്തതു കൊണ്ട് കോഴിക്കോടുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോയ അവൾ പിന്നീടാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ എത്തുന്നതും സ്വന്തം ഇഷ്ടവും സുരക്ഷയും കണ്ട് വീണ്ടും തിരിച്ചു വരുന്നതും.

ഇന്ന് മാവോയിസ്റ്റ് ഛായ ആരോപിക്കുവാനും ‘വഴി തെറ്റിപ്പോയവളുടെ വിധി’ യെന്ന് ബോധവത്കരിക്കുവാനുമുള്ള ചിലരുടെ ശ്രമങ്ങൾ കാണുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഞാൻ ഇങ്ങനെയാണ് എന്ന് നിവർന്ന് നിന്ന് പറഞ്ഞവളുടെ വഴിയിൽ പുച്ഛത്തോടെയും പരിഹാസത്തോടെയും അവജ്ഞയോടെയും വിലങ്ങനെ നിന്നത് പലരുമാണ്. ഹോസ്റ്റൽ അസമയങ്ങളെ മാത്രമല്ല, പരമ്പരാഗതമായ എല്ലാ സ്ഥാപിത വ്യവസ്ഥകളെയും ചോദ്യം ചെയ്ത അഞ്ജന മറ്റു പലരേയും പോലെ തന്നെ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. ആത്മഹത്യ എന്ന വാക്കിൽ ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലും ഒരു തരത്തിൽ അത് കൊലപാതകം തന്നെയാകുന്നു.

ഇത്രനാൾ എന്തുകൊണ്ട് ഒന്നും പറഞ്ഞില്ല എന്ന് ചോദിക്കരുത്. ഇത്ര നാളും ഇതു തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്, ഒരാൾ അല്ല പലരും. ഒന്നും സംഭവിച്ചില്ല. ഇടംകൈയ്യരായി ജനിക്കുന്നവരെ തല്ലിയും പൊള്ളിച്ചും വലം കയ്യരാക്കുവാൻ ഇവിടെയൊരു ഭൂരിപക്ഷമുണ്ട്. തുടർന്നും ഉണ്ടാകും. ഇനിയും എത്ര പേർ എന്ന ചോദ്യമാണ് മുന്നിലുള്ളത്…. പാടില്ല.