ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ഭാവന, തിലകൻ, സായി കുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് ചിന്താമണി കൊലക്കേസ്.ദ വെറ്ററൻ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുറ്റവാളികൾക്കുവേണ്ടി കോടതിയിൽ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനുശേഷം മരണശിക്ഷ നൽകുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്.
ബട്ടർഫ്ലൈസ്, ജനാധിപത്യം, ക്രൈം ഫയൽ, സ്റ്റോപ്പ് വയലൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതിയ എ.കെ. സാജനാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. വ്യത്യസ്തമാർന്ന പ്രമേയം കൊണ്ടും നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലം കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും ശ്രദ്ധേയമായ ചിത്രം മികച്ച പ്രദർശനവിജയം നേടിയിരുന്നു. ബൃഹദാരണ്യകോപനിഷത്തിലെ അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതം ഗമയ എന്ന ശ്ലോകത്തോടെ ആരംഭിക്കുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.
സിനിമയുടെ ആദ്യ പകുതിയുടെ തിരക്കഥ പൂർത്തിയായെന്ന് ഷാജി കൈലാസ് അറിയിച്ചു.കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. ‘എൽ കെ’ എന്ന എഴുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിന്താമണി കൊലക്കേസിന് തിരക്കഥ ഒരുക്കിയ എ കെ സാജൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിർവഹിക്കുന്നത്.
ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ ദി ടൈഗർ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷമാണ് ചിന്താമണി കൊലക്കേസ് പുറത്തിറങ്ങിയത്. ഈ ചിത്രവും ബോക്സ് ഓഫീസ് വിജയം നേടി. റിലീസ് ചെയ്ത പ്രധാനകേന്ദ്രങ്ങളിലെല്ലാം നൂറു ദിവസത്തിൽ കൂടുതൽ പ്രദർശിപ്പിച്ച ഈ ചിത്രം എല്ലാം അവൻ സെയ്യൽ എന്ന പേരിൽ ഷാജി കൈലാസ് തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തു. ആർ.കെ. എന്ന നടനായിരുന്നു മുഖ്യവേഷം കൈകാര്യം ചെയ്തത്