Bineesh K Achuthan
മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ പ്രഥമ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ കൈതിക്ക് ഇന്ന് 38ാം വാർഷികം. ടോളിവുഡിന്റെ താര സിംഹാസനത്തിലേക്കുള്ള ചിരഞ്ജീവിയുടെ അശ്വമേധത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു കൈതി. സിൽവസ്റ്റർ സ്റ്റാലൻ നായകനായ ” ഫസ്റ്റ് ബ്ലഡ് ” (1982) എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനം നേടിക്കൊണ്ടാണ് കോദണ്ഡ റാമി റെഡ്ഡി, കൈതിയുടെ സംവിധാനം നിർവ്വഹിക്കുന്നത്. തെലുങ്ക് സിനിമാ ചരിത്രത്തിലെ അതുവരെയുള്ള മുഴുവൻ കളക്ഷൻ റെക്കോഡുകളും തിരുത്തിക്കുറിച്ച് കൊണ്ട് സർവ്വകാല വിജയമാണ് കൈതി കരസ്ഥമാക്കിയത്.
70 – കളുടെ മധ്യത്തോടെ ഇന്ത്യാ മഹാരാജ്യം രാഷ്ട്രീയ അസ്ഥിരതയിലേക്ക് എടുത്തെറിയപ്പെട്ടു. തൊഴിലില്ലായ്മയും ദാരിദ്ര്യവും വിലക്കയറ്റവും ജനജീവിതത്തെ ദുസഹമാക്കി. ഈ അരക്ഷിതാവസ്ഥക്ക് എതിരെ ജനത്തിന്റെ പ്രതിഷേധങ്ങൾ ഉയർന്നു. ഈ രോഷാഗ്നി വെള്ളിത്തിരയിൽ അവതരിപ്പിച്ച് കയ്യടി നേടിക്കൊണ്ടാണ് അമിതാഭ് ബച്ചൻ ബോളിവുഡിന്റെ പ്രിയങ്കരനാകുന്നത്. വ്യവസ്ഥിതിക്കെതിരെ ശബ്ദിക്കുന്ന ബച്ചൻ കഥാപാത്രങ്ങൾ വർഗ്ഗപരമായ അസമത്വങ്ങൾക്കെതിരെ ആഞ്ഞടിച്ചു. ബോളിവുഡിൽ അമിതാഭ് ബച്ചൻ തുടക്കമിട്ട ” ക്ഷോഭിക്കുന്ന യുവത്വം ” എന്ന ഈ പ്രതിഭാസം താമസിയാതെ ദക്ഷിണേന്ത്യൻ ചിത്രങ്ങളിലേക്കും വ്യാപിച്ചു. ബച്ചനും ഇതര ദക്ഷിണേന്ത്യൻ നായകരും വർഗ്ഗപരമായ അസമത്വങ്ങൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തിയെങ്കിലും ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ നിശബ്ദത പാലിച്ചു. തെലുങ്കിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. താര ദൈവം എൻ ടി ആറും റിബൽ സ്റ്റാർ കൃഷ്ണം രാജുവും സൂപ്പർ സ്റ്റാർ കൃഷ്ണയുമെല്ലാം ഇടതു പരിവേഷമുള്ള നായകരായി വർഗ്ഗ വ്യത്യാസങ്ങൾക്കെതിരെ വാഗ്ദോരണികൾ മുഴക്കി. എന്നാൽ വർഗ്ഗപരവും ജാതിപരവുമായ മുഴുവൻ സാമൂഹിക തിൻമകൾക്കുമെതിരെ ശബ്ദമുയർത്തുന്ന നായകനാകാനുള്ള നിയോഗം കാലം കരുതി വച്ചത് ചിരഞ്ജീവിക്കായിരുന്നു.
ആത്മാഭിമാനത്തിനും അതിജീവനത്തിനുമായുള്ള അടിത്തട്ടു ജനതയുടെ പോരാട്ടങ്ങളെ ദൃശ്യവൽക്കരിച്ച അസുരനും പരിയേറും പെരുമാളും കർണ്ണനുമെല്ലാം തമിഴ് സിനിമാ ലോകത്തെ എന്ന പോലെ മറ്റിതര ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെയും ഉലച്ച സമകാലിക സാഹചര്യം നമ്മുടെ മുന്നിലുണ്ടല്ലോ. എന്നാൽ നാല് പതിറ്റാണ്ട് മുമ്പ്, 80 – കളുടെ തുടക്കത്തിൽ തന്നെ അത്തരം പ്രമേയങ്ങൾ അവതരിപ്പിച്ചു വിജയം വരിച്ച നായകനായിരുന്നു ചിരഞ്ജീവി. ജൻമിമാരുടെ ചൂഷണത്തിരയായി സർവ്വസ്വവും നഷ്ടപ്പെട്ട ജനതക്ക് വേണ്ടി ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുന്ന നായകൻമാരെ, പല കുറി വെള്ളിത്തിരയിൽ ആവർത്തിച്ച് അവതരിപ്പിച്ചു ചിരഞ്ജീവി കയ്യടി നേടി. അത്തരം കഥാപാത്രങ്ങളുടെ തുടക്കമായിരുന്നു കൈതിയിലേത്. ആന്ധ്രയുടെ മണ്ണിലെ സാമൂഹിക മാറ്റങ്ങളുടെ അനുരണനങ്ങളായിരുന്നു കൈതിയടക്കമുള്ള ചിത്രങ്ങളിൽ പ്രതിഫലിച്ചത്.
1982 – ൽ സ്വന്തമായി രാഷ്ട്രീയ കക്ഷി രൂപീകരിച്ച് സിനിമാ രംഗം വിട്ട എൻ ടി ആറിന്റെ താരസിംഹാസനത്തിന്റെ നേരവകാശി സൂപ്പർ സ്റ്റാർ കൃഷ്ണ ആയിരുന്നു. എ എൻ ആറും ശോഭൻ ബാബുവും കൃഷ്ണം രാജുവുമെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു എങ്കിലും കൃഷ്ണയുടെ മാസ് അപ്പീൽ ഇതര താരങ്ങൾക്കാർക്കും തന്നെ ഉണ്ടായിരുന്നില്ല. ഈ സവിശ്ശേഷ കാലഘട്ടത്തിലാണ് വില്ലൻ വേഷങ്ങളിൽ നിന്നും ഉപനായകനായും പിന്നെ നായകനായും ചിരഞ്ജീവി ഉയർന്നു വരുന്നത്. കൈതിയുടെ ഐതിഹാസിക വിജയത്തോടെ തന്റെ സമകാലികരോട് മത്സരിക്കാനുള്ള ചിരഞ്ജീവിയുടെ പൊട്ടൻഷ്യൽ വർദ്ധിച്ചു. അത് വരെ നാടകീയമായ അഭിനയ ശൈലിക്ക് മുൻതൂക്കമുണ്ടായിരുന്ന തെലുങ്ക് ചലച്ചിത്ര ലോകത്ത് വ്യത്യസ്തമായ അഭിനയ ശൈലി ആവിഷ്ക്കരിച്ചത് ചിരഞ്ജീവിയായിരുന്നു. അക്കാലത്തെ നായക സങ്കൽപ്പങ്ങളെ മുഴുവൻ പൊളിച്ചടുക്കാൻ അദ്ദേഹത്തിനായി. തന്റെ സമകാലികരായ ഇതര നായക താരങ്ങളേക്കാൾ നിറവും ഉയരവും കുറവായിരുന്ന ചിരഞ്ജീവിയെ സാധാരണ പ്രേക്ഷകർക്ക് തങ്ങളിലൊരാളായി കാണുവാൻ എളുപ്പം സാധിച്ചു. വർഗ്ഗപരമായും ജാതിപരമായും ചൂഷണം ചെയ്യപ്പെടുന്ന അടിസ്ഥാന ജനതയുടെ പ്രതിനിധികളെയും വ്യവസ്ഥിതിയുടെ വെല്ലുവിളികളെ സധൈര്യം നേരിടുന്ന ട്രൈബൽ യുവതയേയും വെള്ളിത്തിരയിൽ അവതരിപ്പിച്ചു പുതിയൊരു ട്രെന്റിന് ചിരഞ്ജീവിതുടക്കമിടുന്നത് കൈതിയിലൂടെയാണ്.
പഞ്ചുരി ബ്രദേഴ്സിന്റെ തിരക്കഥയിൽ ഒരുക്കിയ കൈതിയിൽ നായിക മാധവിയായിരുന്നു. സുമലത മറ്റൊരു സുപ്രധാന വേഷത്തിലും ഉണ്ടായിരുന്നു. ഗ്രാമീണ ജനത ജൻമിത്വത്താലും ജാതീയതയാലും വലയുകയും ഒടുവിൽ ഗത്യന്തരമില്ലാതെ അവക്കെതിരെ പ്രതികരിക്കുകയും ചെയ്യുമ്പോൾ വ്യവസ്ഥിതി അവർക്കെതിരെ നക്സൽ മുദ്ര കുത്തി യുദ്ധം പ്രഖ്യാപിക്കുന്ന തീഷ്ണ യാദാർത്ഥ്യങ്ങളെയാണ് കൈതിയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് നാല് പതീറ്റാണ്ടിനടുത്ത് ആകുമ്പോഴും കൈതിയിൽ പരാമർശിച്ചത് പോലെ വർഗ്ഗപരവും ജാതീയവുമായ അനീതികളിൽ നിന്നും അസമത്വങ്ങളിൽ നിന്നും ഇന്ത്യൻ ഗ്രാമങ്ങൾ എത്രമാത്രം വിമോചിതരാണ് എന്ന വസ്തുത ഈയവസരത്തിൽ നമുക്ക് പരിശോദിക്കേണ്ടി വരും.