കാർഷികോത്സവത്തെ ബ്രാഹ്മണ്യോത്സവമാക്കി നശിപ്പിച്ച വിഷുവും മറന്നുപോകുന്ന അബേദ്ക്കർ ജയന്തിയും

50

Murali T✍️യുടെ പോസ്റ്റ് 

ഇന്ന്, ഏപ്രിൽ 14, അബേദ്ക്കർ ജയന്തി.

ഒരു ജനാധിപത്യ രാജ്യത്തിലേക്ക് വളരുന്ന നമ്മേ സംബന്ധിച്ച് വിഷു ആഘോഷത്തേക്കാൾ പ്രധാനമാകേണ്ടിയിരുന്നത് ഇന്ന് അംബേദ്ക്കറുടെ ജന്മദിനമാണെന്ന വസ്തുതയ്ക്കാണ്. കാരണം, ഇന്ത്യൻ ഭരണഘടനാ ശിൽപ്പിയായ അനുഭവ-പ്രജ്ഞനും മഹാപണ്ഡിതനുമായ ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ, നാം ബ്രാഹ്മണ പുരോഹിതരുടെ ഭരണഘടനയും നീതിശാസ്ത്രവുമായ മനുസ്മൃതിയുടെ നുകത്തിനു കീഴിൽ നമ്മുടെ മുൻജന്മ കർമ്മഫലമാണെന്ന വിശ്വാസത്തിൻ്റെ ഭാരവും പേറി നരകയാതന അനുഭവിക്കുന്ന വെറും കന്നുകാലി കൂട്ടമായി അധ:പ്പതിച്ചേനെ. അത്രയും ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ ജാതീയ അടിമത്വ വ്യവസ്ഥിതിയായിരുന്നു ബ്രാഹ്മണ സവർണ്ണ മതം. ഇന്ന് നമ്മുടെ ജനാധിപത്യ-ഭരണഘടനയെപ്പോലും അൽപ്പാൽപ്പമായി റദ്ദുചെയ്തു കൊണ്ട്, സവർണ്ണ ബ്രാഹ്മണ റേസിസം, സംഘി രാഷ്ട്രീയത്തിലൂടെ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കയാണ്.അതു കൊണ്ടു തന്നെ സാംസ്ക്കാരിക ഭക്തി-ആലസ്യം വിട്ട് രാഷ്ട്രീയ ജാഗ്രത പുലർത്തേണ്ട കാലമാണിത്.

വിഷുവും ഗുരുവായൂരപ്പനും !

വിഷു ഏതെങ്കിലും ബ്രാഹ്മണ പൗരോഹിത്യ ദൈവങ്ങളുമായി ബന്ധപ്പെട്ട ഉത്സവാഘോഷമല്ല.സൂര്യനു ചുറ്റും കൃത്യതയോടെ ഭ്രമണം നടത്തുന്ന ഭൂമിയുടെ സഞ്ചാരപഥത്തെ വ്യക്തമായി പഠിച്ച പുരാതന കാർഷിക സംസ്കൃതിയുടെ വക്താക്കളായിരുന്ന നമ്മുടെ കാർഷകരും സഞ്ചാരികളും വാന ശാസ്ത്രജ്ഞരും ബൗദ്ധ-ജൈന ഭട്ടന്മാരും അന്നത്തെ സാധാരണ ജനങ്ങളും കാലഗണന നടത്താനായി കണ്ടത്തിയ ഒരു സ്റ്റാർട്ടിംങ്ങ് പോയിൻറ് മാത്രമാണ് വിഷു സംക്രമം. മലയാള വർഷവും, തമിഴ് വർഷവും, ഹിജറ വർഷവും നക്ഷത്രരാശികളെ അടയാളം വെച്ചു കൊണ്ടുള്ള ഈ സ്റ്റാർട്ടിങ്ങ് /ഫിനിഷിംഗ് പോയൻ്റിനെ ആശ്രയിക്കുന്നുണ്ട്. അതായത്, പുരാതന കാലത്ത് നമ്മുടെ വാച്ചും ക്ലോക്കും കലണ്ടറും ആകാശത്ത് പ്രത്യക്ഷപ്പെടുന്ന സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഗ്രഹങ്ങളും മാത്രമായിരുന്നു.പുരോഹിതർ ജനങ്ങളെ കബളിപ്പിച്ച് ചൂഷണം ചെയ്യാനായി നിർമ്മിച്ച എട്ടുകാലി മമ്മൂഞ്ഞ് ദൈവ സങ്കൽപ്പങ്ങൾക്ക് വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങളോട് സത്യത്തിൽ ഒരു ബന്ധവുമില്ല.

ഇതോടൊന്നിച്ച് ചേർത്തിരിക്കുന്ന ന്യൂസ് ഫോട്ടോയിലെ കൃഷ്ണ പ്രതിമ തന്നെ, പൗരോഹിത്യവും സാംസ്ക്കാരിക സ്ഥാപനങ്ങളും ജനങ്ങളെ സ്ഥിരം ഭക്ത-വിഢി വർഗ്ഗമാക്കി നിലനിർത്താൻ വേണ്ടി നിർമ്മിച്ച് ഉപയോഗിച്ചു വരുന്ന ഒരു അശ്ലീല രസക്കൂട്ടാണ്. ഫലത്തിൽ, വിഷുവിന് ഈ ക്ലീഷെ ചിത്രം കണ്ടില്ലെങ്കിൽ വായനക്കാരായ ഭക്ത-അടിമക്കൂട്ടത്തിന് ഒരു നഷ്ടബോധം മനസ്സിൽ ബാക്കി നിൽക്കും. മയക്കമരുന്ന് ഉപയോഗിക്കുന്നവർക്ക് കൃത്യമായി അതു കിട്ടാതിരുന്നാലുള്ള അസ്വസ്ഥത പോലെ.
ഈ കൃഷ്ണ വിഗ്രഹം തന്നെ ബ്രാഹ്മണിസം മുന്നോട്ടു വെക്കുന്ന ദൈവ സങ്കൽപ്പത്തിൽ പെട്ടതല്ല. ഇന്നു കാണുന്ന ഹിന്ദു ദൈവങ്ങളൊന്നും ബ്രാഹ്മണ ദൈവങ്ങളല്ല. ബ്രാഹ്മണ സവർണ്ണ മതത്തിൻ്റെ ദൈവങ്ങൾ അഗ്നിയും ഇന്ദ്രനും (ഇടിമിനൽ) സൂര്യനും വായുവും വരുണനു (വെള്ളം) മായിരുന്നു.

ബുദ്ധ-ജൈന മത അമ്പലങ്ങളിലും കാവുകളിലും ക്ഷേത്രങ്ങളിലും ജനങ്ങൾ അർപ്പിച്ച സ്വത്തും വിശ്വാസവും കണ്ടു കണ്ണു മഞ്ഞളിച്ച് … തങ്ങളുടെ തനതു ദൈവ സങ്കൽപ്പങ്ങളെയെല്ലാം വഴിയിലുപേക്ഷിച്ച് രാജ-ഭരണാധികാരികളെ കൂട്ടുപിടിച്ച് കുടില തന്ത്രങ്ങളിലൂടെയും കൊടിയ ഹിംസയിലൂടെയും ബുദ്ധ-ജൈനമത ഉന്മൂലനം നടത്തി, സ്വന്തമാക്കിയ ബൗദ്ധ-ജൈന ആരാധനാലയങ്ങളിലെ ബുദ്ധനെയും ബുദ്ധൻ്റെ കുട്ടിക്കാലത്തെ സിദ്ധാർത്ഥ രാജകുമാരനെയുമാണ് യഥാക്രമം മഹാവിഷ്ണുവും കൃഷ്ണനും ഉണ്ണിക്കണ്ണനുമായി ബ്രഹ്മണ്യം പുരാണ കള്ളക്കഥകളിലൂടെ സവർണ്ണ മതത്തിലേക്ക് ഉൾച്ചേർത്തത് എന്ന് നാം അറിയണം.

ശിവനും, ഗണപതിയും, അയ്യപ്പനും, ശാസ്താവും, മുരുകനും, മഹാലക്ഷമിയും, മഹാമായയും, കാളിയും, ദുർഗ്ഗയും, പാർവ്വതിയും, കുട്ടിശാസ്തനും (കുട്ടിച്ചാത്തൻ) എല്ലാം ബുദ്ധൻ്റെയോ മഹാവീരൻ്റെയോ കുടുംബത്തിൻ്റെയോ ചരിത്രത്തെ അപനിർമ്മിച്ചെഴുതിയ കള്ള പുരാണ കഥകളിലൂടെ സവർണ്ണ മതത്തിൽ വന്നു ചേർന്ന മോഷണ മുതലുകളാണെന്ന സത്യം ചരിത്ര പഠനത്തിലൂടെ മനസ്സിലാക്കാവുന്നതേയുള്ളു.സവർണ്ണ ഭക്തി-സാംസ്ക്കാരിക കലാ-സാഹിത്യ സൃഷ്ടികളുടെയും പത്ര-മാധ്യമ നിർമ്മിത പൊതുബോധത്തിൻ്റെയും ഭക്തി സാന്ദ്രമായ സാംസ്ക്കാരിക അന്തരീക്ഷത്തിൻ്റെയും സമ്മർദ്ദത്താൽ നമുക്ക് സത്യം മറ്റൊന്നാണെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ലാ എന്നേയുള്ളു.ഇന്നത്തെ വിഷു ചിന്തകൾ അവസാനിപ്പിക്കട്ടെ.

-ചിത്രകാരൻ ടി.മുരളി
14-04-2021
https://m.facebook.com/story.php?story_fbid=2282488628550809&id=100003690827480
വായനക്കാര്‍ ശ്രദ്ധിക്കുക:


ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ്‌ വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.