നായന്മാരുടെ പ്രതികാരവും ചുടുവീടന്മാരും !

1095

ബ്രാഹ്മണര്‍ നല്‍കിയ 1200 കൊല്ലക്കാലത്തെ പിതൃശൂന്യത അഥവ അച്ഛന്‍ ആരാണെന്ന് അറിയാത്ത അവസ്ഥയുടെ സാംസ്കാരിക നീറ്റലും, ശൂദ്രരാണെന്ന അടിമത്വ ബോധവും തങ്ങളുടെ ഭാഗ്യമാണെന്ന് വിശ്വസിക്കാന്‍ നായന്മാര്‍ക്ക് തങ്ങളുടെ കാല്‍ചുവട്ടിലും ഭാഗ്യഹീനരായ മനുഷ്യരുണ്ടെന്ന് തെളിവു നല്‍കേണ്ട ബാധ്യത ചാതുര്‍വർണ്ണ്യ ജാതീയ മതത്തിന്റെ അവതാരകരും ഗുണഭോക്താക്കളുമായ ബ്രാഹ്മണര്‍ക്കുണ്ടായിരുന്നു.

അതിന്റെ ഭാഗമായാണ് അയിത്തം ലംഘിച്ചെന്ന്‍ ആരോപിച്ച് ഈഴവരുടെ (ബൌദ്ധരുടെ) തലയറുത്ത് കാളീ ക്ഷേത്രത്തില്‍ എത്തിച്ച് , പട ചോറുണ്ട്, വര്‍ഷത്തിലൊരിക്കല്‍ ജീര്‍ണ്ണിച്ച് വെറും തലയോടുകളായി മാറുന്ന ഈഴവ തലകള്‍ നായര്‍ (ശൂദ്ര) സ്ത്രീകളെക്കൊണ്ട് ഉരലിലിട്ട് ഇടിച്ച് കാളി ദേവിക്ക് നിവേദ്യമാക്കിയിരുന്ന “പൊങ്ങിലിടി” പോലുള്ള
https://www.facebook.com/chithrakaran/posts/2082892061741108
പ്രതീകാത്മക അനുഷ്ടാനങ്ങള്‍ നിലവില്‍ വന്നതെന്ന് പറയാം. അതുപോലെ, നീചമായ മറ്റൊരു കൊടിയ ദ്രോഹമായിരുന്നു- “ചുടുവീടന്മാരെ” സൃഷ്ടിക്കുന്ന ഏര്‍പ്പാട്. ചുടു വീടന്മാരെ കുറിച്ചു പറയുന്നതിനു മുമ്പ് ആ ക്രൂരതക്ക് ഇരയായിരുന്ന പിന്നോക്കക്കാർ അഥവ കേരളത്തിലെ ജനസമുദായങ്ങളുടെ പൂര്‍വികരെ നമുക്ക് തിരിച്ചറിയേണ്ടതുണ്ട്.

ആരാണ് നമ്മുടെ പിന്നോക്കക്കാരായ
അരയർ/പുലയര് /ഈഴവര്‍/ തിയ്യര്‍ / ആശാരി/തച്ചന്മാര്‍/ തറവാട് അച്ഛന്മാര് …?
……………………………………………………… ..

പൊതുവെ, കൃത്യമായ ഒരു കുലത്തൊഴില്‍ ഇല്ലാത്തതും ഒരു ജാതിയാണെന്ന് വിശേഷിപ്പിക്കാനാകാത്തതുമായ ജനവിഭാഗമായിരുന്നു ഈഴവര്‍/ തിയ്യര്‍/ചേകവര്‍/അരയര്‍ /അച്ഛന്മാര്‍/ആചാര്യൻ (ആശാരി / തച്ചന്മാർ) എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നവര്‍.

സിലോൺ / ഈഴ ദീപില്‍ നിന്നും വന്ന് തദ്ദേശവാസികളായ പുലയ കർഷകരുമായി ഇണങ്ങി ചേര്‍ന്നവരെന്നോ, അശോക ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം 2300 വർഷം മുമ്പ് ബുദ്ധ ധർമ്മ തത്വങ്ങള്‍ പ്രചരിപ്പിക്കാനും കൃഷി, ആയുര്‍വേദം, എഴുത്തു വിദ്യ (ഈഴത്തു വിദ്യ), ജ്യോതിശാസ്ത്രം, ആയോധന കലയായ കളരി, വാസ്തുവിദ്യ, ലോഹ ശാസ്ത്രം എന്നിത്യാദിയുള്ള അറിവുകള്‍ സമൂഹത്തിനു മിഷണറി പ്രവര്‍ത്തനത്തിലൂടെ പകര്‍ന്നു നല്‍കാനും ശ്രീലങ്ക വഴി കേരളത്തിലെത്തി, തദ്ദേശവാസികളായ കൃഷിയുടമകളായിരുന്ന പുലയരുമായി സങ്കരപ്പെട്ട ജാതി രഹിതരായ ഒരു വിസ്മൃത ബൌദ്ധ സമൂഹമായും ഇന്നത്തെ പിന്നോക്കക്കാരെ /ഈഴവരെ കാണാവുന്നതാണ്.

കാരണം, ബ്രാഹ്മണരെപ്പോലെ തന്നെ സംസ്കൃത മടക്കമുള്ള ഭാഷകളിൽ സ്വന്തമായി പണ്ഡിതരുള്ള സമുദായമായിട്ടും ആയുർവേദ വൈദ്യത്തിൽ അഗ്രഗണ്യരും (കപില -)വാസ്തു ശാസ്ത്രത്തിലെ ആചാര്യ പ്രതിഭകളാൽ സമ്പന്നരായിട്ടും ബ്രാഹ്മണ മതക്കാരിൽ നിന്നും ഈഴവ പക്ഷ സമുദായങ്ങൾ നൂറ്റാണ്ടുകളായി അനുഭവിച്ചിരുന്ന വിവേചനങ്ങളും ക്രൂരമായ പീഡന ചരിത്രങ്ങളും ഈഴവരുടെ ബുദ്ധ പാരമ്പര്യത്തിന് തെളിവുകളാണ്.

എന്തായാലും പണ്ടുകാലത്ത് അതൊരു ജാതിപ്പേരായിരുന്നില്ല. കാരണം, ഏതാണ്ട് 350 വർഷം മുമ്പ് എഴുതി തയ്യാറാക്കി യൂറോപ്പിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ലോക പ്രശസ്ത ഗ്രന്ഥത്തിലെ സസ്യ ശാസ്ത്ര വിവരങ്ങളെ ആധികാരികമായി ശരിയാണെന്ന്‌ സാക്ഷ്യപ്പെടുത്തിയ ആലപ്പുഴ കൊല്ലാട്ടു വീട്ടിലെ ഇട്ടി അച്ചുതൻ എന്ന കൊച്ചി രാജാവിന്റെ കൊട്ടാരം വൈദ്യൻ ഹോർത്തൂസ് മലബാറിക്കൂസിൽ സ്വന്തം കൈപ്പടയിൽ കോലെഴുത്ത് മലയാളത്തിൽ എഴുതിയ രേഖയിൽ അദ്ദേഹത്തിന്റെ ജാതിയായി അവകാശപ്പെടുന്നത് ചേകോ (ചേകവൻ) വർണ്ണമാണ്. (തെക്കൻ കേരളത്തിലെ സവർണ്ണ ജാതിക്കാർ ചേകവൻ എന്ന ഈ സമുദായ അടയാളത്തെ ചോവൻ, ചോൻ എന്നിങ്ങനെ പരിഹാസപൂർവ്വം വിളിക്കും). സത്യത്തിൽ അശോക ചക്രവർത്തിയുടെ ബൗദ്ധ മിഷണറി സംഘത്തിലെ സൈനികസേവന പാരമ്പര്യമായ ചേകവൻ എന്ന മലയാള ഭാഷ്യമാണത്. അശോകൻ 2300 വർഷം മുമ്പ് കേരള പുത്രർക്കായി ബൗദ്ധ മിഷണറി സംഘത്തെ അയച്ചു എന്ന ബ്രാഹ്മി ലിപിയിലുള്ള ശിലാ ശാസനരേഖകൾ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ചുരുങ്ങിയത് 4 എണ്ണമെങ്കിലും കണ്ടെത്തിയിട്ടുമുണ്ട്.

സമൂഹത്തിനാവശ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളിലും, ആയോധനകലയിലും കൃഷിയിലും ആയുര്‍വ്വേദത്തിലും തത്വശാസ്ത്രങ്ങളിലും നിപുണരായി കേരളത്തിലെത്തിയ ആദ്യ ബൗദ്ധ മിഷണറി സംഘമായി പിന്നോക്കക്കാരുടെ /ഈഴവരാദി സമുദായങ്ങളുടെ പൂര്‍വ്വികരെ കാണാണം.

ഇന്നു കാണപ്പെടുന്ന സകല അവര്‍ണ്ണ ജാതിപ്പേരുകളും എട്ടാം നൂറ്റാണ്ടിനു ശേഷം ബ്രാഹ്മണരുടേയും അവരുടെ ദാസ്യ ഭൃത്യരായിരുന്ന ശൂദ്രന്മാരുടേയും(നായന്മാര്‍) നിരന്തരമായ സമ്മര്‍ദ്ദത്താലും ഇടപെടലുകളിലൂടെയും നിലവില്‍ വന്ന സവര്‍ണ്ണ /ജാതി ഭ്രാന്താലയ നിര്‍മ്മിതിയുടെ പരിണത ഫലമാണ്.

ഈഴവ സമൂഹത്തിലെ ആശാരി, തട്ടാന്‍, മൂശാരി, കരുവാന്‍, കല്ലും മൂപ്പന്‍ തുടങ്ങിയ (സാങ്കേതിക വിദഗ്ദരുടെ ആചാര്യ പദവിയുണ്ടായിരുന്ന) ബൌദ്ധ ആര്‍ക്കിടെക്റ്റുകളും, എഞ്ചിനീയര്‍മാരുമായിരുന്നവരെ വെറും കമ്മാളരായി, കൈത്തൊഴിലുകാരായി അഞ്ചു ജാതിപ്പേരുകളില്‍ ബ്രാഹ്മണരാല്‍ വിഭജിക്കപ്പെട്ടപ്പോള്‍‍ ബൌദ്ധര്‍ക്കിടയിലെ (ഈഴവര്‍ക്കിടയിലെ) ഈ സാങ്കേതിക വിദഗ്ദര്‍ ബ്രാഹ്മണരുടെ അടിമത്വത്തിനു കീഴില്‍ വിശ്വകര്‍മ്മജരായി, ബൗദ്ധഅച്ഛന്മാർ തച്ചന്മാരായി ആസൂത്രിതമായി ആക്ഷേപകരമായ ജാതിയാതയിലേക്ക് ഉൾചേർക്കപ്പെട്ടു.

തങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ വിശ്വകര്‍മ്മാവ് എന്ന ദൈവത്തിന്റെ പിന്മുറക്കാരായി വിശേഷിപ്പിച്ച് അവരുടെ തൊഴില്‍ശേഷിയെ ചൂഷണം ചെയ്യാനും, ആവശ്യം കഴിഞ്ഞാല്‍ അവര്‍ണ്ണര്‍ (ഈഴവര്‍/ബുദ്ധര്‍) എന്നാക്ഷേപിച്ച് ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ആട്ടിയോടിക്കാനും ബ്രാഹ്മണര്‍ക്കും ശൂദ്രര്‍ക്കും കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ലയിരുന്നു.

അതുപോലെ, അവര്‍ണ്ണരിലെ വാണിയര്‍ (ചക്കാലര്‍ / എഴുത്തച്ഛന്മാർ) എണ്ണയാട്ടുന്ന സാംങ്കേതിക വിദ്യ അറിയുന്നവരും അക്ഷരാഭ്യാസം ഉള്ളവരായതിനാലും, എണ്ണ നിത്യജീവിതത്തില്‍ അനിവാര്യമായ വസ്തുവായതിനാലും വാണിയരിൽ ചിലരെങ്കിലും സാധാരണയിലും താഴ്ന്ന വാണിയ നായരാക്കപ്പെട്ടതായി കാണാം. എഴുത്തച്ഛന്‍ ഭാഷ പിതാ സ്ഥാനം ഉള്ളവരെന്നു പുറമേ പറയുമെങ്കിലും രഹസ്യമായി കടുപ്പോട്ടന്മാരാണ് സവര്‍ണ്ണര്‍ക്ക്. അതുപോലെ തിയ്യരും പൊട്ടന്മാരാണ് കാരണം ബൌദ്ധ പണ്ഡിതന്മാരെ ഭട്ടന്മാര്‍ എന്നാണു വിളിക്കുക. അതിനെ അസ്ലീലവല്‍ക്കരിച്ച്ചാണ് പൊട്ടനാക്കുന്നത്.

മണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അറിവും, യന്ത്രങ്ങളുമായി അവര്‍ണ്ണരുടെ (ബൌദ്ധരുടെ) കൂടെ നടന്നവര്‍ കുശവന്മാര്‍ എന്ന അസ്ലീലമാക്കപ്പെട്ട പേരിലും, അവരിലെ ബ്രാഹ്മണ പക്ഷം ചേര്‍ന്നവര്‍ വളരെ താഴ്ന്ന അന്തൂറു നായരുമായി.

നാവിക വൈദഗ്ദ്യമുള്ളവര്‍ ബൗദ്ധ / ഈഴവ ആര്യ അച്ഛമാർ തന്നെ ആയിരിക്കുമല്ലോ പിന്നീട് അരയരും മുക്കുവരുമായി തീര്‍ന്നത്.

ഈഴവരിലെ/ബൌദ്ധരിലെ കൊട്ടാരം വൈദ്യന്മാര്‍ ഏറെയും ഈഴവര്‍ ( ബൌദ്ധരായ അസവര്‍ണ്ണര്‍ എന്നേ അര്‍ഥാമാക്കേണ്ടതുള്ളു) തന്നെയായിരുന്നതിനാല്‍ വൈദ്യന്മാരുടെ മേക്കിട്ടു കേറ്റം കുറച്ചു കുറവായിരുന്നു. ബ്രാഹ്മണര്‍ക്ക് ചികിത്സ ആവശ്യം വന്നാലും ഈഴവ ആയുര്‍വേദ വൈദ്യന്മാര്‍ തന്നെ വേണമായിരുന്നു. ആയുർവേദം ബൗദ്ധ പാരമ്പര്യമാണ്. കോട്ടക്കലെ വാര്യന്മാരും, അഷ്ട വൈദ്യ മൂസതുമാരും സവര്‍ണ്ണ ഗ്ലാമറുള്ള ആയുര്‍വേദത്തിന്റെ തറവാട്ടു പടിക്കലെത്തുന്നത് അടുത്തകാലത്തായിരിക്കണം.

ചേരമാന്‍ പെരുമാളുടെ സൈനിക രക്ഷാധികാരിയായി നിലകൊണ്ട പുത്തൂരാം വീട്ടിലെ തിയ്യ ചേകോന്മാരും, പട്ടാളക്കാരില്ലാത്ത പന്തളം രാജാവിനു കളരിയുടെ സംരക്ഷണം നല്‍കിയിരുന്ന ചേറപ്പന്‍ ചിറയിലെ ഈഴവ തറവാട്ടുകാരും നായന്മാര്‍ വെറും കുന്തവും പിടിച്ച് ബ്രാഹ്മണ ഭൃത്യരായി ഓടി നടക്കുന്ന കാലത്തായിരിരുന്നു യോദ്ധാക്കളായി നാടിന്‍റെ രക്ഷാധികാരികളായിരുന്നത് എന്നോര്‍ക്കണം.

വെള്ളക്കാരു വന്നതോടെ തങ്ങളുടെ അടിമത്വത്തിലും, നിരക്ഷരാവസ്ഥയിലും, തന്തയേതെന്നറിയാത്ത പൈതൃകത്തിലും കുറച്ചെങ്കിലും നാണം തോന്നിത്തുടങ്ങിയ നായന്മാര്‍ക്ക് (ശൂദ്രര്‍ക്ക്) പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ തങ്ങളെക്കാള്‍ സാംസ്ക്കാരികമായും സാമൂഹ്യമായും ഉയര്‍ന്നു നില്‍ക്കുന്ന ഈഴവരുടെ തല വെട്ടാന്‍ പ്രത്യേക അവകാശാധികാരങ്ങളുള്ള പട്ടാളക്കാരുടേയും ആദിവാസി രാജാക്കന്മാരുടേയും വംശമാണ് തങ്ങളെന്ന് ദുരഭിമാനം കൊള്ളാതെ കഴിയുമായിരുന്നില്ല.

മാത്രമല്ല, ഈഴവര്‍ വെറുക്കപ്പെടേണ്ടതും, കൊല്ലപ്പെടാന്‍ അര്‍ഹതയുള്ളവരുമായ ഒരു അധമ ജാതിയാണെന്നു സ്ഥാപിക്കാതെ നായന്മാരുടെ അപകര്‍ഷത പരിഹരിക്കാനാകില്ലെന്ന് ശൂദ്രന്മാരുടെ ഉടമകളായിരുന്ന ബ്രാഹ്മണര്‍ക്കും ബോധ്യമായിരിക്കണം. അതിനായി, സവര്‍ണ്ണ മതം കണ്ടെത്തിയ ഒരു ന്യായീകരണമാണ് ഈഴവരുടെ കുലത്തൊഴിലായി മദ്യ നിര്‍മ്മാണമാണെന്ന് സ്ഥാപിക്കല്‍.

ഈഴവർ / ബൗദ്ധർ വളരെ സ്വതന്ത്രരായി വ്യത്യസ്ഥ തൊഴിലുകളിലും വാസ്തുവിദ്യയിലും വിദ്യാഭ്യാസത്തിലും കൃഷിയിലും നെയ്ത്തിലും മത്സ്യ ബന്ധനത്തിലും വൈദ്യത്തിലും കച്ചവടത്തിലും വിദേശ വ്യാപാരത്തിലുമെല്ലാം ഇടപെട്ടിരുന്നു. മലയാളത്തിലെ വട്ടെഴുത്തും കോലെഴുത്തുമെല്ലാം ബൗദ്ധ പാരമ്പര്യത്തിൽ രൂപപ്പെട്ടതാണ്. ബൗദ്ധ വിദ്യാഭ്യാസ ഭട്ട / ആചാര്യ കേന്ദ്രങ്ങളായിരുന്ന വട്ടങ്ങളിലേയും കോലങ്ങളിലേയും എഴുത്ത് വിദ്യകളാണ് വട്ടെഴുത്തും കോലെഴുത്തുമായി വെവ്വേറെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
മാത്രമല്ല, അക്കാലത്ത് ശൂദ്രരായിരുന്ന നായന്മാർക്ക് അക്ഷരമെഴുത്തും വിദ്യാഭ്യാസവും നിഷിദ്ധവുമായിരുന്നു. വെള്ളക്കാരുടെ ആധിപത്യത്തിൽ ആയിരുന്ന കഴിഞ്ഞ നാലു നൂറ്റാണ്ടിനിടക്കാണ് ശൂദ്രരുടെ (നായന്മാരുടെ ) വിദ്യാഭ്യാസമില്ലായ്മ പരിഹരിക്കാനായി ഈഴവ ബൗദ്ധ പക്ഷത്തുനിന്നും കളരിഗുരുക്കന്മാരെയും പണിക്കന്മാരെയും പിള്ളമാരെയും സവർണ്ണ ബ്രാഹ്മണ പക്ഷത്തേക്ക് തന്ത്രപൂർവ്വം സ്ഥാനമാനങ്ങളും ആദരങ്ങളും നൽകി നായർ വിഭാഗത്തെ അക്ഷരാഭ്യാസമുള്ള നായർ (ശൂദ്ര) തറവാടികളും കുലീനരുമാക്കുന്നത്. ഇങ്ങനെ ഈഴവ / ബൗദ്ധ കളരികളിൽ നിന്നും TC വാങ്ങി അടുത്ത കാലത്ത് സവർണ്ണ പക്ഷത്തെത്തിയ ഈഴവരാണ് നായന്മാരിലെ കുറുപ്പ് , മേനോൻ, ഉത്തര മലബാറിലെ നമ്പ്യാർ എന്നീ ജാതിപ്പേരുകളിൽ അറിയപ്പെടുന്നത്.

മുകളില്‍ പറഞ്ഞ എല്ലാ കുലത്തൊഴിലും ഒഴിവാക്കി, തെങ്ങില്‍ കേറാനറിയാത്തവനേയും, ആയുര്‍വേദ വിധിപ്രകാരം രസായനം പോലെ മദ്യം നിര്‍മ്മിക്കാനറിയാത്തവനേയും കള്ളുചെത്ത് കുലത്തൊഴിലാക്കിയ്‌വരെന്ന് ലേബലടിച്ച് നികൃഷ്ട ജനവിഭാഗമാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് “ചുടുവീടന്മാര്‍” എന്ന ഹതഭാഗ്യര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കേണ്ടി വന്നത്.

അക്കാലത്ത് മദ്യത്തെ നിഷിദ്ധമെന്ന് കരുതിയിരുന്ന ബൗദ്ധരെ / ഈഴവരെക്കോണ്ട് തന്നെ മദ്യം ഉത്പാദിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ ബൌദ്ധരെ സ്വയം അധമാരെന്നു ബോധ്യപ്പെടുത്താനുള്ള കുറുക്കുവഴി ബ്രാഹ്മണ സവര്‍ണ്ണമതം കണ്ടെത്തി എന്ന് പറയാം.

കേരളത്തിലെ ബുദ്ധ ധര്‍മ്മ സമൂഹത്തെ കൊള്ളയടിച്ചും പിടിച്ച് പറിച്ചും, നാവും തലയും വെട്ടിയും പുറത്തു നിന്നും നശിപ്പിക്കുന്നതിനോടോപ്പം സാംസ്ക്കാരികമായി ആത്മാഭിമാനം ചവിട്ടി താഴ്ത്തി തകര്‍ക്കുന്നതായിരുന്നു ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ കുലത്തൊഴില്‍ ലേബലടിക്കല്‍ ശ്രമങ്ങള്‍.

ചുടുവീടന്മാര്‍, കുടിലോടികള്‍
………………………………………………..

“ചുടുവീടന്മാര്‍” രസിക ശിരോമണികളായ ബ്രാഹ്മണരുടെ അത്താഴത്തിനു ശേഷമുള്ള ഒരു വിനോദമായും നായന്മാരുടെ പ്രതികാരദാഹത്തിന്റെ ഫലമായും രണ്ടു വിധേനയും സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണു പറയപ്പെടുന്നത്.

നായന്മാര്‍‍ക്കിടയില്‍ ധനിക-ദരിദ്രഭേദമില്ലാതെ ആചരിക്കപ്പെട്ടിരുന്ന ഒരു ചടങ്ങായിരുന്നു “മച്ചുകര്‍മ്മം”. പുനീശ്വരി പൂജ (ഭുവനീശ്വരി പൂജ എന്നു ബ്രാഹ്മണ ഭാഷ്യം.) എന്ന പേരിലും ഇതറിയപ്പെട്ടു. വീടിന്റെ പടിഞ്ഞാറ്റയില്‍, നടുവിലെ പ്രധാന മുറിക്കാണു മച്ച് എന്നു പറയുന്നത്.

നായന്മാരുടെ രക്തദാഹികളായ സകല ദൈവങ്ങളുടേയും ഇരിപ്പിടം ഈ മച്ചിലാണത്രേ ! ഈ പുനീശരീ (കാളീ) പൂജക്ക് കള്ളും കോഴിയും പ്രധാന നിവേദ്യങ്ങളായി നിശ്ചയിച്ചത് ബ്രാഹ്മണരല്ലാതെ മറ്റാരുമാകാനിടയില്ലല്ലോ. കാരണം, നായര്‍ കള്ളു ചെത്തുക പോയിട്ട് അദ്ദ്വനിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നതുപോലും നിന്ദ്യമെന്നു കരുതുന്ന അക്കാലത്ത്, മച്ചു കര് ‍മ്മത്തിനു പുലിപ്പാലുപോലെ പ്രയാസകരമായ കള്ള് എല്ലാ നായര്‍ വീടുകളിലും അനിവാര്യമാകുന്നത് ഈഴവ (ബൌദ്ധ) വംശഹത്യ ലക്ഷ്യം വെക്കുന്നതല്ലെന്നു പറയാനാകില്ല.

അക്കാലത്ത്, “വേട്ടുവരെന്ന” ആദിമവാസി വിഭാഗമാണ് തെങ്ങില്‍ കേറ്റവും മറ്റും നടത്തുന്നത്. പക്ഷേ, മച്ചില്‍ വച്ചൂകൊടുക്കുന്നതിനുള്ള നിവേദ്യമായ കള്ള് നായര്‍ വീടുകളില്‍ എത്തിക്കേണ്ട ചുമതല തലപോകുന്ന ആചാരം ആയി ലഭിക്കുന്നത് സ്ഥലത്തെ കുറച്ചു ദുര്‍ബല ഈഴവ(ബൌദ്ധ) കുടുമ്പത്തിനു മാത്രമായിരിക്കും.

ഇവരുടെ ആജ്ഞ നിറവേറ്റാന്‍ കഴിയാത്ത ഈഴവ കുടുംബത്തിന്റെ വീടു കത്തിക്കുക എന്നതാണു നായന്മാര്‍ അക്കാലത്തു ചെയ്തിരുന്ന പ്രതികാര നടപടി. അങ്ങനെ, വീട് കത്തിക്കപ്പെട്ട്, ആ നാട്ടില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി ഓടി രക്ഷപ്പെട്ടിരുന്ന ഹതഭാഗ്യരായ ഈഴവരെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്ന പരിഹാസ പേരാണു “ചുടുവീടന്മാര്‍” എന്ന്.

വിസ്മൃത ബുദ്ധ ധർമ്മക്കാരായ ഈഴവരില്‍ നിന്നും സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ കള്ളുചെത്ത് തൊഴിലിലേക്ക് സമ്മര്‍ദ്ദപൂർവ്വം നിയോഗിച്ച് ഈഴവരുടെ കുലത്തൊഴില്‍ മദ്യ നിര്‍മ്മാണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബ്രാഹ്മണ പൌരോഹിത്യ ഗൂഡാലോചന ജാതിയത ബൗദ്ധരിലേക്കും തൊഴിൽ പേരുകളായി സന്നിവേശിപ്പിക്കുന്ന ഗൂഢതന്ത്രത്തിന്റെ അജണ്ട തന്നെയാണ് ചുടു വീടന്മാരെ സൃഷ്ടിക്കാൻ കാരണമായത്.

ചില സ്ഥലങ്ങളില്‍ ഇവരെ “ചുടുകുടിക്കാര്‍” “കുടിലോടികള്‍” എന്നീ പേരുകളും വിളിച്ചിരുന്നു എന്നാണു കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നായന്മാരുടെ പൂര്‍വ്വ ചരിത്രം എന്ന പുസ്തകത്തിന്റെ രണ്ടാഭാഗത്തില്‍ പ്രതികാരം എന്ന അദ്ധ്യായത്തില്‍ പറയുന്നത്.

ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?
എത്ര നഷ്ടം സംഭവിച്ചാലും കുല തൊഴിലായി മദ്യ നിർമ്മാണവും കള്ളുചെത്തലും സ്വീകരിക്കാൻ വിസ്മൃത ബൗദ്ധ ജനത / ഈഴവർ കൂട്ടാക്കിയിരുന്നില്ല എന്നു തന്നെയാണ്.

ബ്രാഹ്മണ പൗരോഹിത്യം ഒരു ദ്വിമുഖ തന്ത്രമാണ് പ്രയോഗിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. ചുടു വീടന്മാർ, കുടിലോടികൾ, ചുടു കുടിക്കാർ തുടങ്ങി പല പേരിൽ വിളിക്കപ്പെടുന്നതിൽ നിന്നും അനേകം ജനം പലയിടത്തായി ഇങ്ങനെ പാലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട് എന്ന് വ്യക്തമാണ്. സ്വന്തം വീടും സ്വത്തുക്കളും നഷ്ടപ്പെട്ട് ജീവൻ മാത്രം രക്ഷിച്ച് നാടുവിട്ട് ഓടേണ്ടി വന്നിരുന്ന ഹതഭാഗ്യരുടെ വീടും സ്വത്തും കൃഷിയും വ്യാപാരങ്ങളും പുരോഹിതരുടെയോ ആശ്രിതരായ നായന്മാരുടെയോ സ്വന്തമായിത്തീരുന്നുണ്ട്.

കള്ള് ചെത്ത് കുലത്തൊഴിലായി സ്വീകരിക്കുന്ന ഒരു ഈഴവ ജാതിയെ നിർമ്മിക്കുന്നതിനോടൊപ്പം അതിനേക്കാളും വലിയ വംശീയ നശികരണവും സുരക്ഷിതമായ കൊള്ള മുതൽ സംബാദനവും വിഭാവനം ചെയ്യപ്പെട്ടിരുന്നു എന്നത് സ്പഷ്ടമാണ്.

-Chithrakaran T Murali
-ചിത്രകാരന്‍ ടി. മുരളി 05-01-2019
https://www.facebook.com/chithrakaran