ക്രിസ്തുമതം – ബുദ്ധനില്‍ നിന്നൊരു കോപ്പി പേസ്റ്റ്…

889

Buddha-Christ_Design

ലേഖനത്തിലെ ആശയം ലേഖകന്റെത് മാത്രമാണ്, ബൂലോകത്തിന്റെതല്ല: എഡിറ്റര്‍

ഇന്ത്യയിലെ വൈഷ്ണവ മതക്കാര്‍ ബുദ്ധമതത്തിലെ പല കഥകളും ശ്രീകൃഷ്ണനോട് കൂട്ടിച്ചേര്‍ത്തു എന്ന ആരോപണത്തെ കടത്തിവെട്ടുന്നതാണ് ക്രിസ്തുമതത്തിലെ മിക്ക സംഭവങ്ങളും ബുദ്ധമതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ് എന്ന വാസ്തവം.

ക്രിസ്തു ജനിച്ചു എന്ന് ‘വിശ്വസിക്കപ്പെടുന്ന’ കാലത്തിനും മുമ്പ് ഉണ്ടായ ബുദ്ധമതഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ പില്‍ക്കാലത്ത് എഴുതപ്പെട്ട ബൈബിളില്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ക്രിസ്ത്യാനികള്‍ ചോര്‍ത്തിയെടുത്തു എന്നാണല്ലോ. യേശുക്രിസ്തു ജീവിച്ചിരുന്നു എന്ന സങ്കല്‍പ്പത്തിലെ കാലത്തിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബൈബിള്‍ പുതിയ നിയമം ഉണ്ടാക്കുന്നത്.., അതായത് ബുദ്ധന് ശേഷം വീണ്ടും അനേകമനേകം വര്‍ഷങ്ങള്‍ക്ക് ശേഷം !

ചരിത്രപശ്ചാത്തലം: ”ബി.സി.ഇ 250_ല്‍ അശോകന്റെ നേതൃത്വത്തില്‍ പാറ്റ്‌നയില്‍ നടന്ന കൌണ്‍സിലിന് മുമ്പും ഗുരുവിന്റെ ചരമത്തിനു 136 വര്‍ഷങ്ങള്‍ക്ക് ശേഷവുമാണ് ത്രിപിടകങ്ങള്‍ ക്രോഡീകരിക്കപ്പെട്ടത്. പക്ഷെ അതിലെ ഉള്ളടക്കം അതിനേക്കാള്‍ പഴയതും”

ക്രിസ്തുവിനും മുമ്പേ ബുദ്ധമതകൃതികളില്‍ വിവരിച്ചിട്ടുള്ളവ ബൈബിളില്‍ എങ്ങനെയെത്തി ? ബുദ്ധന്‍ പകര്‍ന്ന ദര്‍ശനങ്ങളും ബൈബിളില്‍ യേശുവിന്റെ പേരില്‍ വരുന്നവയും തമ്മിലുള്ള സാമ്യങ്ങള്‍ നോക്കാം.

 1. ബുദ്ധമതത്തില്‍ ചേരുന്നവര്‍ സ്വത്തുക്കളെല്ലാം ഉപേക്ഷിക്കണം എന്നായിരുന്നു ബുദ്ധന്റെ ഉപദേശം. ക്രിസ്തു ശിഷ്യന്മാരോട് പറയുന്നത് നോക്കുക: ”വഴിക്ക് വടിയല്ലാതെ മറ്റൊന്നും എടുക്കരുത്; അപ്പവും മടിശീലയും പൊക്കണവും അരുത്.” (ബൈബിള്‍ മാര്‍ക്ക് 6:8).
 2. ബുദ്ധന്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങും മുമ്പ് പുതിയ മതപരമായ സ്‌നാനം ചെയ്തു. യേശു സ്‌നാപക യോഹന്നാനില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു.
 3. പന്ത്രണ്ടാമത്തെ വയസ്സില്‍ ബുദ്ധന്‍ ദേവാലയത്തിലെത്തി പണ്ഡിതരെ തര്‍ക്കത്തില്‍ തോല്‍പ്പ്പിച്ചു. ഇത് തന്നെ യേശു ചെയ്തതായി ബൈബിളില്‍ ലുക്ക് 2:46_ല്‍ കാണാം.
 4. ബുദ്ധന്‍ സമൂഹത്തിലേക്കിറങ്ങുമ്പോള്‍ മാരന്‍ അദ്ദേഹത്തെ പ്രലോഭിപ്പിക്കാനും പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. യേശുക്രിസ്തുവിനെ ഇതേ പോലെ ‘സാത്താന്‍ ‘ പ്രലോഭിപ്പിച്ചതായി പറയുന്നു (ബൈബിള്‍ മത്തായി 4).
 5. ബുദ്ധന്‍ നാല്‍പ്പത് നാള്‍ വ്രതമാനുഷ്ടിച്ചു. യേശു നാല്‍പ്പത് രാവും നാല്‍പ്പത് പകലും ഉപവസിച്ചു എന്ന് ബൈബിള്‍ മത്തായി 4ല്‍ കാണാം.
 6. ബുദ്ധന്‍ രാജവംശത്തില്‍ ജനിക്കുകയും എല്ലാം ഉപേക്ഷിക്കുകയും ചെയ്ത ചരിത്രപുരുഷനാണല്ലോ. യേശുവും ജനിച്ചത് ദാവീദ് രാജവംശത്തില്‍ .
 7. ‘ശത്രുക്കളെയും അയല്‍ക്കാരെയും സ്‌നേഹിക്കുവിന്‍’ : യേശു. ‘നമ്മുടെ എല്ലാ പ്രവര്‍ത്തനവും അയല്‍ക്കാരനോടുള്ള സ്‌നേഹവും ദയയും നിറഞ്ഞതായിരിക്കണം’ : ബുദ്ധന്‍.
 8. ബുദ്ധന്‍ സന്ദേശപ്രചാരണത്തിന്റെ തുടക്കകാലത്ത് ബനാറസില്‍ പോവുകയും അവിടെ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട കൊണ്ടന്യനും മറ്റു നാല് പേരും അനുയായികളായി. തുടര്‍ന്ന് വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ ആശയം അംഗീകരിച്ചു. ബൈബിളില്‍ ഇത് തന്നെ കാണാം. ബനാറസ് എന്ന സ്ഥലത്തിന്റെ പേര് മാത്രം മാറിയിരിക്കുന്നു !
 9. മരിക്കുന്നതിന് മുമ്പ് ബുദ്ധന്‍ ശിഷ്യന്മാരെ കൂട്ടി ഒരു മലയിലെത്തി. അവിടെ ബുദ്ധന്‍ അതീവ തേജസ്സുള്ളവനായി കാണപ്പെട്ടു എന്ന് ശിഷ്യന്മാര്‍ . ബൈബിള്‍ പറയുന്നു യേശുവും ഒരിക്കല്‍ ശിഷ്യന്മാരെ കൂട്ടി മലമുകളിലെത്തി. യേശുവിന്റെ മുഖം സൂര്യനെ പോലെ ശോഭിച്ചു. അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീര്‍ന്നു (ബബിള്‍ മത്തായി 17).
 10. ലോകത്തിന്റെ പാപങ്ങള്‍ ബുദ്ധന്‍ ഏറ്റെടുത്തുവെന്ന് ഒരു വിഭാഗം ബുദ്ധാനുയായികള്‍ വിശ്വസിക്കുന്നു. ക്രിസ്തു അനുയായികളും അങ്ങനെ വിശ്വസിക്കുന്നു.
 11. ബുദ്ധന്റെ മരണത്തിനു മുമ്പ് അദ്ദേഹം ഹൃദ്യമായ വിടവാങ്ങല്‍ പ്രസംഗം നടത്തിയിരുന്നു. അവസാനത്തെ അത്താഴം കഴിഞ്ഞ് ഗെഥ്‌സമനി തോട്ടത്തില്‍ ചെന്ന കൃസ്തുവും അതേരീതിയിലുള്ള വിടവാങ്ങല്‍ പ്രസംഗം നടത്തി.
 12. ബുദ്ധന്‍ പറഞ്ഞു : ”ആകാശവും ഭൂമിയും നശിച്ചുപോയേക്കാം. സുമേരു പര്‍വ്വതം കഷ്ണങ്ങളായി തകര്‍ന്നേക്കാം. വന്‍ സമുദ്രം വരണ്ടു പോവാം. എന്നാലും ശിഷ്യരേ.. ബുദ്ധന്റെ വാക്കുകള്‍ സത്യമായിരിക്കും”. കൃസ്തു പറയുന്നു : ”ആകാശവും ഭൂമിയും ഒഴിഞ്ഞു പോവും. എന്റെ വചനങ്ങള്‍ ഒഴിഞ്ഞു പോവില്ല”.
 13. ബുദ്ധന്റെ വഴിത്താരയില്‍ പൂക്കളും ഇലകളും വിരിച്ചു ജനങ്ങള്‍ സ്‌നേഹം പ്രകടിപ്പിച്ചു. യേശു ജറുസലേം ദേവാലയത്തിലേക്ക് പോവുമ്പോള്‍ ആളുകള്‍ വസ്ത്രം വഴിയില്‍ വിരിക്കുകയും വൃക്ഷങ്ങളുടെ കൊമ്പുകള്‍ വഴിയില്‍ വിതറുകയും ചെയ്തു.

ചണ്ടാല കഥയിലെ സാമ്യം :

ബുദ്ധഭിക്ഷു നടന്നു പോവുമ്പോള്‍ ചണ്ടാലയായ (താഴ്ന്നഗോത്രത്തില്‍ പെട്ട) സ്ത്രീ വെള്ളം കോരുന്നത് കണ്ട് കുടിക്കാന്‍ വെള്ളം ചോദിച്ചു. ബ്രാഹ്മനിക് ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്നത് കൊണ്ട് ആ സ്ത്രീ മടികാണിച്ചു. ”ചണ്ടാലയായ എന്റെ കയ്യില്‍ നിന്ന് വെള്ളം വാങ്ങുമോ?” എന്ന് ആ സ്ത്രീ ചോദിച്ചു. ”ജാതിയോ കുലമോ അല്ല, വെള്ളമാണ് ചോദിച്ചത് എന്ന് ബുദ്ധഭിക്ഷു മറുപടി നല്‍കി.

ഇതേ കഥ ഇസ്രായേലില്‍ എത്തിയപ്പോള്‍ എങ്ങനെയെന്ന് നോക്കൂ(ബൈബിള്‍, പുതിയ നിയമം, ജോണ്‍ 4:526)…

”യേശു ശമരിയയില്‍ കൂടി വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു. ഒരു ശമര്യസ്ത്രീ വെള്ളം കോരാന്‍ വന്നു. യേശു അവളോട് എനിക്ക് കുടിപ്പാന്‍ തരുമോ എന്ന് ചോദിച്ചു. ശമര്യ സ്ത്രീ അവനോട്, ” നീ യഹൂദന്‍ ആയിരിക്കെ ശമര്യക്കാരിയായ എന്നോട് കുടിപ്പാന്‍ ചോദിക്കുന്നതെന്തേ എന്ന് ചോദിച്ചു. അതിനു യേശു : നീ ദൈവത്തിന്റെ ജനവും നിന്നോട് കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞിരുന്നെങ്കില്‍ അവന്‍ വെള്ളം തരികയും ചെയ്യുമായിരുന്നു എന്ന് പറയുകയും ചെയ്തു.”

ബുദ്ധനുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളിലും ഈ സമാനത കാണാം. ബുദ്ധന്റെ കല്ലറ തനിയെ തുറന്നതായി ഒരു വിഭാഗം ബുദ്ധിസ്റ്റുകള്‍ വിശ്വസിക്കുന്നു. യേശുവിന്റെ കല്ലറ നീങ്ങിപ്പോയതായി യേശുശിഷ്യരും. മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തു എന്നും അവസാനകാലത്ത് വീണ്ടും വരുമെന്നും ബുദ്ധമതക്കാരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു, യേശുവിന്റെ കാര്യത്തിലും ഈ സമാനത കാണാം.

ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും എടുത്തു നോക്കിയാല്‍ ബുദ്ധമതത്തിലെ ഭൂരിഭാഗം കാര്യങ്ങളോടൊപ്പം പൈശാചികവും ക്രൂരവുമായ മറ്റുചില ഗോത്രമതസങ്കല്‍പ്പങ്ങളും ബൈബിളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് കാണാം !!

Advertisements