ക്രിസ്റ്റഫർ – 3.5/5
ജയൻ മൺറോ
മമ്മൂട്ടിയുടെ പോലീസ് കഥകൾ എന്നും ഹരം പകരുന്നവയാണ്. പോലീസ് കഥകൾ ബി ഉണ്ണികൃഷ്ണന്റെ കൈകളിൽ സുഭദ്രവുമാണ്. മമ്മൂട്ടിയുടെ ഇന്നേവരെ കാണാത്ത ഒരു പോലീസ് മുഖം തന്നെയാണ് ക്രിസ്റ്റഫർ. കഥാപാത്രത്തിനനുയോജ്യമായ മമ്മൂട്ടിയുടെ ശരീരഭാഷയും അഭിനയരീതികളും കണ്ടിരിക്കാൻ തന്നെ ഒരു ത്രിൽ ആണ്. എന്നെപ്പോലുള്ള ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം രണ്ടേമുക്കാൽ മണിക്കൂർ പോയതറിയാതെ തന്നെ മനോഹരമായിത്തന്നെ പോലീസ് സ്റ്റോറി ബി ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ടൈഗറും, മാടമ്പിയും, ഗ്രാൻഡ് മാസ്റ്ററും, ഐ ജി യും, വില്ലനുമൊക്കെ നമുക്ക് സമ്മാനിച്ച ബി ഉണ്ണികൃഷ്ണൻ ആറാട്ടിലൂടെ നിരാശപ്പെടുത്തിയെങ്കിലും ക്രിസ്റ്റഫറിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്.
മോർച്ചറിയിൽ നിന്നും പ്രിയമുള്ള ഒരാളുടെ ഡെഡ്ബോഡി കണ്ടിട്ട് തിരിച്ചിറങ്ങി വരുന്ന മമ്മൂട്ടിയുടെ മുഖത്തെ ഭാവം മമ്മൂട്ടിയിലെ മഹാനടനെയാണ് വെളിവാക്കുന്നത്. ഓരോ സിനിമയിലും മമ്മൂട്ടിയ്ക്ക് ഓരോ അഭിനയരീതികളാണ്. നാടകീയ മുഹൂർത്തങ്ങൾ മമ്മൂട്ടി ഉജ്ജ്വലമാക്കുമെന്ന് ഒരിക്കൽ ലോഹിതദാസ് പറയുകയുണ്ടായി. എന്ന് മാത്രവുമല്ല മോഹൻലാലിന്റെ അഭിനയം ജന്മസിദ്ധമെങ്കിൽ മമ്മൂട്ടിയുടെ അഭിനയം കർമ്മസിദ്ധമാണ്. എന്ന് വച്ചാൽ ഓരോ സിനിമ കഴിയുംതോറും മമ്മൂട്ടിയുടെ അഭിനയം ഉരുകിത്തെളിഞ്ഞ് മിഴിവാർന്ന് വരികയാണ്. ഓരോ സിനിമ കഴിയുംതോറും മമ്മൂട്ടിയിലെ നടന്റെ ഗ്രാഫ് ഉയരുകയാണ്. അതായത് മമ്മൂക്കയുടെ എറ്റവും മികച്ച അഭിനയം നാം ഇനി കാണാനിരിക്കുന്നതേയുള്ളൂ എന്നർഥം.
ക്രിസ്റ്റഫറിലെ പ്രധാന വില്ലന് ശബ്ദം നൽകിയ ആൾ പ്രത്യേക പ്രശംസയർഹിക്കുന്നു. BGM ൽ ഒരു തീം മ്യൂസിക്കിന്റെ പോരായ്മയും അല്പം പഞ്ച് കുറവും അനുഭവപ്പെട്ടു. ഷോട്സിനൊക്കെ അല്പം കൂടി ചടുലതയാകാമായിരുന്നു. ചിത്രം അല്പംകൂടി ക്രോപ് ചെയ്ത് രണ്ടര മണിക്കൂറിനുള്ളിൽ ഒതുക്കിയിരുന്നെങ്കിൽ കുറച്ച് കൂടി ആസ്വാദ്യകരമായേനെ. ഉദയ്കൃഷ്ണയുടെ സ്ക്രിപ്റ്റിൽ ബി ഉണ്ണികൃഷ്ണന്റെ മുദ്രയുടെ തിളക്കമുണ്ട്. ചിത്രം തീരുമ്പോൾ തിയറ്ററിൽ ഉയർന്ന കൈയ്യടി ഒരു സ്ത്രീപക്ഷ സിനിമ കൂടിയായ ഈ ചിത്രത്തിന്റെ വിജയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. തീർച്ചയായും വരും ചിത്രങ്ങൾ ഇതുപോലുള്ള ഹോം വർക്കുകളിലൂടെ കൂടുതൽ മിഴിവുറ്റതാകട്ടെ. തീർച്ചയായും ചിത്രം തിയറ്ററിൽ തന്നെ ആസ്വദിച്ചു കണ്ടിറങ്ങാം.