ദുൽഖറിനെ ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മികച്ച വില്ലനായി തെരഞ്ഞെടുത്തു. ബോളിവുഡ് ചിത്രം ‘ഛുപ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഒരു സൈക്കോ കില്ലറായ ഡാനി എന്ന കഥാപാത്രത്തെയാണ് ദുൽഖർ മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചത്. ചിത്രത്തെ സംബന്ധിച്ച് മറ്റൊരു സന്തോഷവാർത്ത മികച്ചസംവിധായകനുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ് ലഭിച്ചിരിക്കുന്നത്. ആർ ബൽക്കിയാണ് സംവിധായകൻ .
ഛുപ്പ് (ഹിന്ദി)
ആര്‍ ബല്‍കി രചനയും സംവിധാനവും നിർവഹിച്ച് ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ നിർമ്മിച്ച ഛുപ്പ് റിവെഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹിന്ദി ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാനാണ് നായകൻ.സെപ്റ്റംബര്‍ 23 ആം തിയതി റിലീസ് ചെയ്ത ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ഹിന്ദി ചിത്രമാണിത്. 2018 ൽ ഇര്‍ഫാന്‍ ഖാനൊപ്പം ചെയ്ത റോഡ് കോമഡി ഡ്രാമയായ കര്‍വാന്‍ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് 2019 ൽ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോഡയായി എത്തിയ ദി സോയ ഫാക്ടറാണ് രണ്ടാമത് ഇറങ്ങിയ ചിത്രം.
ദുല്‍ഖറിനൊപ്പം ഈ ചിത്രത്തില്‍ ശക്തമായ മറ്റൊരു കഥാപാത്രമായി സണ്ണി ഡിയോളും വരുന്നുണ്ട്. സണ്ണി ഡിയോളിന്റെ അരവിന്ദ് മാത്തൂർ എന്ന ധീരനായ പോലീസ് ഓഫീസറാണ് നഗരത്തിൽ ഒന്നിനുപിറകെ ഒന്നൊന്നായി നടക്കുന്ന ചലച്ചിത്ര റിവ്യൂ എഴുത്തുകാരുടെ കൊലപാതക പരമ്പര അന്വേഷിക്കുന്നത്. ഇതേ നഗരത്തിൽ ഫ്രഷ് ഫ്ലവർ ഷോപ്പ് നടത്തുന്ന ഒരു ചെറുപ്പക്കാരനാണ് ദുല്‍ഖര്‍ സല്‍മാന്‍റെ കഥാപാത്രമായ ഡാനി. അവിടെ ഫ്ലവർ വാങ്ങാൻ എത്തുന്ന പെൺകുട്ടിയാണ്
ശ്രേയ ധന്വന്തരിയുടെ കഥാപാത്രമായ പത്ര റിപ്പോർട്ടർ നിള മേനോൻ. നിളയുമായുള്ള ആദ്യ കാഴ്ചയിൽ തന്നെ ഡാനി അവളിൽ പ്രണയാനുരക്തനായി.ഹിന്ദി ചലച്ചിത്രനടനും സംവിധായകനും നിർമാതാവുമായിരുന്ന ഗുരു ദത്തിനെ ഏറെ ഇഷ്ടമുള്ള ഡാനി അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ നിളക്ക് ഒരു കെട്ട് കടലാസ് പൂക്കൾ അവളുടെ വീട്ടിലെത്തി സമ്മാനിക്കുന്നു. അന്ന്, ശരണ്യ പൊൻവണ്ണന്റെ കഥാപാത്രമായ നിളയുടെ അമ്മയും അന്ധയുമായ മിസ്സിസ് മേനോൻ ഉണ്ടാക്കിയ ഇഡ്ഡലിയും ചട്ണിയും കഴിച്ചാണ് അയാൾ മടങ്ങിയത്.
ആ സമയം നിളക്ക് അവൾ ജോലിചെയ്യുന്ന പത്രത്തിൽ നിന്ന് ഒരു കോൾ വരുന്നു. ഉടൻ തന്നെ നാളെ പ്രസിദ്ധീകരിക്കാൻ വേണ്ടി ഗുരു ദത്തിനെ കുറിച്ച് ഒരു ആർട്ടിക്കിൾ വേണമെന്ന് ആവശ്യപ്പെടുന്നത്. ആ ലേഖനം എഴുതുമ്പോഴാണ് ഡാനി കൊടുത്ത ആ കടലാസ് പൂക്കളുടെ അർത്ഥം അവൾ മനസിലാക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രവും ഗുരു ദത്തിന്റെ അവസാന സംവിധാന ചിത്രവുമായിരുന്നു കാഗസ് കാ ഫൂൽ എന്ന ചിത്രം. എന്നാൽ ഇതിനെപറ്റി ചോദിച്ചപ്പോൾ ഡാനി അതി വിധക്തമായി ഒന്നും അറിയാത്തപ്പോലെ ഒഴിഞ്ഞുമാറി.
ഡാനിയുടെയും നിളയുടെയും പ്രണയം ഒരു വഴിക്ക് പോകുമ്പോൾ മറുഭാഗത്ത് കൊലപാതകിയെ കണ്ടു പിടിക്കാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ആ സമയത്താണ് അരവിന്ദ് മാത്തൂർ ഒരു ക്രിമിനൽ സൈക്കോളജിസ്റ്റിനെ കേസിന്റെ സഹായത്തിനായി കൊണ്ട് വരുന്നത്. ഡോക്ടർ സെനോബിയ ഷ്രോഫ് എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൂജാ ഭട്ടാണ്.
സെനോബിയയും മാത്തൂരും നടത്തുന്ന അതി വിധക്തമായി നടത്തുന്ന ചില പ്ലാനിങ്ങുകൾ കൊലപാതകിയെ കുടുക്കുന്നു. ഈ കൊലപാതകി എന്തിനാണ് ഈ കൊലകൾ നടത്തിയത് എന്തിനാണെന്നറിയുമ്പോൾ പ്രേക്ഷകരും ഞെട്ടും…… കൂടുതൽ കാണാൻ ഛുപ്പ് എന്ന പടത്തിന് ടിക്കറ്റെടുക്കാം….ഈ ചിത്രം കണ്ടിറങ്ങിയാലും അതിലെ കഥാപാത്രങ്ങള്‍ നമ്മെ വേട്ടയാടും. അവര്‍ അനുഭവിച്ച വേദനകളും അവര്‍ പങ്കിട്ട സന്തോഷങ്ങളും അവരുടെ പ്രണയവും എല്ലാം നമ്മുടേതാകും. അവരുടെ വേദനകളും നഷ്ടങ്ങളും നമ്മുടെ ഓര്‍മ്മകളില്‍ നാം പണ്ടെങ്ങോ അനുഭവിച്ചതായി അനുഭവപ്പെടും…..