അറിവ് തേടുന്ന പാവം പ്രവാസി
ഐസ് ഒരതി അഥവാ ചുരണ്ടി ഐസ് എവിടെയാണ് ലഭിക്കുന്നത് ?
👉കോഴിക്കോട്ടെ പലഹാരങ്ങളാണ് പഴംപൊരി, ഉന്നക്കായ, പഴംനിറച്ചത്, പഴംപത്തിരി… നല്ല നാടൻ പഴത്തിനുപോലും ധാരാളം കഥകൾ പറയാനുണ്ട്. പഴം മാത്രമല്ല… കൈയിൽ കിട്ടിയ എന്ത് സാധനവും ഒരു പലഹാരമാക്കി മാറ്റും ഇവിടത്തുകാർ. പല പലഹാരങ്ങളും കോഴിക്കോട്ടുനിന്ന് കരകടന്ന് മറ്റ് പലയിടങ്ങളിലുമെത്തി. എന്നാൽ, കോഴിക്കോടിന് മാത്രമായി ഒരു സുന്ദരിയുണ്ട്. കോഴിക്കോടിനെപ്പോലെ തന്നെ ഒരു മൊഞ്ചത്തി.ഐസ് ഒരതി. ചുരണ്ടി ഐസെന്നും ഐസ് അച്ചാറെന്നും വിളിക്കും. ഐസ് ഒരതി എന്നാൽ കോഴിക്കോട് ബീച്ചിലും പരിസരങ്ങളിലും തട്ടുകടകളിൽ കാണപ്പെടുന്ന ഒരു ഫുഡ് ഐറ്റം ആണ്. വലിയ ഐസ്ബാർ ചിപ്പുളിയിൽ ഉരച്ച് ചിരകി ഗ്ലാസ്സിലാക്കി അതിൽ മധുരപദാർത്ഥങ്ങളും നട്ട്സും (അല്ലെങ്കിൽ മുളകുപൊടിയും എരിവും) ചേർത്ത് ചുമ്മാ സേവിക്കുന്ന പരിപാടി.
കോഴിക്കോട് ബീച്ചിൽ മിക്ക ഉന്തുവണ്ടി കടയിലും ഐസ് ഒരതി കിട്ടും. ബീച്ചിലെത്തുമ്പോൾ ഉന്തുവണ്ടികൾക്ക് ചുറ്റും ഐസ് ഒരതിക്കായി ആളുകൾ കാത്തിരിക്കുന്ന കാഴ്ച നമുക്ക് കാണാം. മൂന്നുതരത്തിലുള്ള ഐസ് ഇവിടെ കിട്ടും. മധുരം, എരിവ്, മിക്സ്. മധുരമാണെങ്കിൽ ആദ്യം ഗ്ലാസിൽ ഐസ് നിറയ്ക്കും. പിന്നാലെ നല്ല നാടൻ സർബത്ത് മുകളിൽ ഒഴിക്കും. പൊട്ടുകടലയും , ടൂട്ടി ഫ്രൂട്ടിയും കൊണ്ട് അതിനുമുകളിൽ അലങ്കരിക്കും. ഇടയ്ക്കിടെ കടിക്കുന്ന പൊട്ടുകടലയാണ് ഐസ് ഒരതിയെ അടിപൊളിയാക്കുന്നത്. ഇനി എരിവാണെങ്കിൽ ഉപ്പിലിട്ടതിന്റെ സുർക്കവെള്ളമാണ് ചേർക്കുക. ചെറുതായി അരിഞ്ഞ ബീറ്റ്റൂട്ട് കഷണങ്ങളും ചേർക്കും. മിക്സാണെങ്കിൽ സുർക്കയും , സർബത്തും ഒരുമിച്ച് ചേർക്കും. സംഭവം കിടിലനാണ്.