”മോളതങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി”- സത്യം അത്രേ ഇവിടെ നടന്നുള്ളൂ! (video)

832

ഒരു ക്രിസ്തീയ വിവാഹ മനസമ്മത ചടങ്ങിൽ, വിവാഹത്തിന് സമ്മതമല്ല എന്ന് പെൺകുട്ടി പരസ്യമായി പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പുരോഗമനവാദികൾ പെൺകുട്ടിക്ക് അനുകൂലമായും യാഥാസ്ഥിതികർ എതിരായും പ്രതികരിക്കുന്നു അതിന്റെ പശ്ചാത്തലത്തിൽ ആണ് രജീഷ് പാലവിളയുടെ ഈ പോസ്റ്റ്.
എഴുതിയത്  : Rejeesh Palavila

 

‘അതങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി’

”പപ്പാ! മമ്മ! എനിക്ക് ഈ കല്യാണം വേണ്ട”. അതുകേട്ട അപ്പനും അമ്മയും നിഷേധസ്വരത്തിൽ ”മോളതങ്ങ് പള്ളിയിൽ ചെന്ന് പറഞ്ഞാൽ മതി”.

സത്യം അത്രേ ഇവിടെ നടന്നുള്ളൂ!കുട്ടി അതങ്ങ് പള്ളിയിൽ പറഞ്ഞു. അങ്ങനെ ചരിത്രപരമായ ഒരു ‘മനസമ്മതം’ പിറന്നു.സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു തകർപ്പൻ ‘മനസമ്മതം’.പള്ളിമേടയും പട്ടക്കാരും ഞെട്ടിവിറച്ചു.

‘അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി’ എന്ന ചൊല്ല് അങ്ങനെ അന്വർത്ഥമായി!

വായ് മൂടപ്പെട്ട ഒരു പെൺകുട്ടി പുരുഷാധിപത്യ മതസമൂഹത്തിന്റെ മുന്നിൽ നിന്ന് ഇങ്ങനെ ധീരമായി തന്റെ നിലപാട് വിളിച്ചുപറഞ്ഞുകൊണ്ട് ‘മനസമ്മതം’ എന്ന ചടങ്ങ് അങ്ങേയറ്റം ജനാധിപത്യപരമാക്കിയിരിക്കുന്നു. തന്റെ അഭിപ്രായം തുറന്നുപറയാനുള്ള ഇടങ്ങൾ വീടിനുള്ളിലും ബന്ധുക്കൾക്കിടയിലും നിഷേധിക്കപ്പെടുകയും ജീവിതത്തെ എന്തുകൊണ്ടും വിട്ടുകൊടുക്കാൻ തയ്യാറാവാതെ അവസാനത്തെ ഇടമെന്ന നിലയിൽ പള്ളിക്കുമുന്നിൽ അവളതുപറഞ്ഞു.അവളുടെ വാക്കിന്റെ ചാട്ടവാറടികൊണ്ട് ഞാനും നിങ്ങളുമടങ്ങുന്ന സമൂഹം കണ്ണുതുറക്കുകയാണ് വേണ്ടത്.അവളോട് മാപ്പു പറഞ്ഞ് ജീവിതം തിരഞ്ഞെടുക്കാനുള്ള അവളുടെ അവകാശത്തെ ആഘോഷിക്കുകയാണ് വേണ്ടത്.

സമ്മതം ഇല്ലാഞ്ഞിട്ടും ആരൊക്കെയോ ഉന്തിത്തള്ളിയതിന്റെ പേരിൽ സമ്മതമാണെന്ന് കളവുപറഞ്ഞ് അടിച്ചേൽപ്പിക്കപ്പെട്ട ജീവിതവുമായി കഴിഞ്ഞുപോകുന്ന എത്രയോപേർ നമുക്കിടയിലുണ്ട് .നൈരാശ്യങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ജീവിതം വലിച്ചെറിഞ്ഞ് മരണം വരിച്ചവരുണ്ട്. ‘NO’ എന്ന് പറഞ്ഞതിന്റെ പേരിൽ അക്രമിക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമുണ്ട്. സ്നേഹിച്ചവനോടൊപ്പം ജീവിക്കണമെങ്കിൽ അവന്റെ മതംകൂടി സ്വീകരിക്കണം എന്ന വ്യവസ്ഥയ്ക്ക് മുന്നിൽ സ്വന്തം വിശ്വാസങ്ങളും അവിശ്വാസങ്ങളും അടിയറവ് വച്ചവരുണ്ട്.ജാതിയുടേയും മതത്തിന്റെയും മതിലുകൾ ചാടിക്കടന്ന് ജീവിതത്തിന്റെ ആരാമത്തിലൂടെ പ്രണയവിലോലരായി കൈപിടിച്ചോടവേ..കെട്ടിപ്പുണരവേ കല്ലേറ് കൊണ്ടവരും വെട്ടിവീഴ്ത്തപ്പെട്ടവരുമുണ്ട്. അങ്ങനെ മൊത്തത്തിൽ പുരുഷാധിപത്യ സമൂഹത്തിന്റെ വിവാഹവ്യവസ്ഥകൾക്ക് മുന്നിൽ രണ്ടാം പൗരനെപ്പോലെ ജീവിക്കേണ്ടിവന്ന.. ജീവിക്കുന്ന അനേകം പെണ്ണുങ്ങളുണ്ട്!

‘പോറ്റി’വളർത്തിയ മാതാപിതാക്കളെയും നിരപരാധിയായ ഒരു ചെക്കനേയും ‘തേച്ച’ പെൺകുട്ടി എന്നായിരിക്കും ‘സദാചാര’ ലോകം അവളെ വിളിച്ചേക്കുക.മക്കളുടെ അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കാൻ തയ്യാറാകാത്ത ‘പോറ്റിമാരുടെ’ കാര്യം പൊതുവേ കട്ടപ്പൊക ആയിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണല്ലോ നാം പൊയ്ക്കൊണ്ടിരിക്കുന്നത്.’പോറ്റിമാർക്കും’ ‘പൊന്നാങ്ങളമാർക്കും’ റാൻ മൂളിനിൽക്കേണ്ട വളർത്തുമൃഗങ്ങളല്ല പെൺമക്കളെന്നും തിരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യത്തെയും ഇഷ്ടാനിഷ്ടങ്ങളെയും മാനിക്കണമെന്നും അവർ സമൂഹത്തെ ഇതിലും ജനാധിപത്യപരമായി പഠിപ്പിക്കുന്നത് എങ്ങനെയാണ്.

തിരുവെഴുത്തുകളും വിശ്വാസങ്ങളുടെ കണക്കുപുസ്തകങ്ങളും കവിടിപ്പലകകളും നിരത്തി അതിന്റെ മുകളിൽ കാമുകഹൃദയങ്ങളെ വെട്ടിവേർപെടുത്തി ദിവ്യബലി നടത്തി ആഘോഷിക്കുന്ന സമൂഹത്തിൽ
അനുരൂപനായ പുരുഷനെ ‘സ്വയം വരിക്കാൻ’ അധികാരമുണ്ടായിരുന്ന പെണ്ണുങ്ങളുടെ നിറമുള്ള കഥകൾ അവരെ ത്രസിപ്പിച്ചിട്ടുണ്ടാകണം!അങ്ങനെയൊരു ലോകം വരിക തന്നെ വേണം. പെണ്ണ് ‘NO’ എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ അച്ഛനും അമ്മയും ആങ്ങളമാരും പ്രതിശ്രുതവരനും കാമുകനും നാട്ടുകാരും പള്ളിക്കാരും പട്ടക്കാരും അങ്ങനെ ഏതുവേഷമായാലും അവളെ ചെവിക്കൊള്ളാനും അവളുടെ സ്വാതന്ത്ര്യത്തെ മാനിക്കാനും തയ്യാറാകണം.

വ്യക്തിപരമായി എന്റെ ജീവിതത്തിന്റെ നാൾവഴികളിൽ എന്നെ വീണ്ടെടുക്കാൻ എനിക്ക് പ്രാപ്‌തി തന്നത് ഈ ബോധോദയമാണ്. സ്വതന്ത്രചിന്തയുടെ അനന്യതയാണ്!

മനസമ്മതത്തെ ശെരിക്കും മനസ്സിന്റെ സമ്മതമാക്കിയ അജ്ഞാതയായ പെൺകുട്ടി നിനക്കെന്റെ അഭിനന്ദനങ്ങൾ!

Rejeesh Palavila
26/09/2019