രാജേഷ് ശിവ
നിങ്ങൾക്ക് ഒരുപാട് ചോദ്യമുണ്ടാകും ഉത്തരങ്ങളും . എന്നാൽ ഇവ രണ്ടും ചാക്രികമായ ഒരു പ്രയാണത്തിലൂടെ നിങ്ങളെയുംകൊണ്ട് ഒരിക്കലും അവസാനിക്കാത്ത യാത്രയിൽ എങ്കിലോ ? ഒരിക്കൽ ഞാൻ സുഹൃത്തുക്കൾക്കൊപ്പം ജീപ്പിൽ ഒരു ടൂറിനുപോയി . എത്തേണ്ട ഒരു പോയിന്റ് പിന്നിട്ടു നമ്മൾ അതെ പോയിന്റിലൂടെ മൂന്നരവട്ടം സഞ്ചരിക്കുകയുണ്ടായി. ആ പോയിന്റിൽ ചായക്കട നടത്തുന്ന വർഗ്ഗീസ് എന്നൊരാൾ (പിന്നീട് പരിചയപ്പെട്ടപ്പോൾ അറിഞ്ഞ പേരാണ് ) ആദ്യത്തെ പ്രദക്ഷിണ സമയത്തു ഞങ്ങളെ ശ്രദ്ധിക്കുകയും രണ്ടാമത്തെ പ്രദക്ഷിണ സമയത്തു ഞങ്ങളെ സൂക്ഷമായി നോക്കുകയും മൂന്നാമത്തെ പ്രദക്ഷിണം ചെയ്തപ്പോൾ ഇവന്മാർ പെശകാണോ എന്ന് വരെ ചിന്തിച്ചതായും നാലാമത്തെ പ്രദക്ഷിണം അവസാനിപ്പിച്ചപ്പോൾ അയാളിൽ നിന്നും അറിഞ്ഞു. ഒരുപക്ഷെ ഞങ്ങളുടെ ഉള്ളിലെ മദ്യലഹരി ഒരു ‘മാടനെ’ പോലെ അല്ല ‘എലിയനെ’ പോലെ വഴിതെറ്റിച്ചതാകാം.
ചുരുളി നമ്മുടെ കാലത്തിനും ജീവിതത്തിനും ഒക്കെ അപ്പുറത്താണ്. അവിടെ ജീവിക്കുന്നവരുടെ സ്വഭാവവും ഭാഷയുമെല്ലാം തന്നെ നമ്മുടെ പൊതുബോധത്തിനു ദഹിക്കുന്നതല്ല. അത് ക്രിമിനലുകളുടെ സ്വർഗ്ഗമാണ്. നാട്ടിൽ വലിയ കുറ്റങ്ങൾ ചെയ്തു ചുരുളിയിലേക്ക് സ്വയം നാടുകടത്തപ്പെട്ടവർ. അതിലൊരു ക്രിമിനലായ മെെലാടും പറമ്പിൽ ജോയിയെ അന്വേഷിച്ചുള്ള രണ്ടുപോലീസുകാരുടെ ചുരുളിയിലേകുള്ള യാത്രയും ശേഷം അവിടത്തെ ജീവിതവുമാണ് പ്രമേയം. പറയുമ്പോൾ നിസാരമായങ്ങു കഴിഞ്ഞു എന്നാൽ അതിനുള്ളിൽ വായിച്ചെടുക്കാൻ കഴിയുന്ന ആശയതലങ്ങൾ പലരിലും വൈവിധ്യവും വൈരുധ്യവുമായി പോകുന്നണ്ട്. കാരണം ഇതിന്റെ സംവിധയകാൻ തന്നെയൊരു മാടനാണ്.
ചുരുളിയിൽ ഒരു ടൈം ലൂപ്പിന്റെ സാദ്ധ്യതകൾ ആണോ വരുന്നത്. ചുരുളി തുടങ്ങുമ്പോൾ ഉള്ള മാടന്റെ കഥയിൽ അങ്ങനെയല്ല. അതൊരു ചുരുളാണ്. പക്ഷെ ഈ മാടൻ ആരാണ് ? അത് നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പ്രേരകശക്തിയോ അതോ ഏലിയനോ എന്നൊക്കെ നിങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചു വായിക്കാം. ഒരു ഭൂതകാല ടൈമിൽ സ്റ്റാർട്ട് ചെയ്തു ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവര്ത്തി, അതിന്റെ അന്ത്യത്തിൽ, ആ പ്രവർത്തി ആരംഭിച്ച അതേ ടൈമിലേക്കു തന്നെ തിരിച്ചു പോകുന്നു, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ … ഇപ്പോള് നടക്കുന്ന ഒരു പ്രവര്ത്തി ഒരു നിശ്ചിത സമയത്തിനു ശേഷം ആവർത്തിക്കുന്നു. മാത്രമല്ല, ഇത് ഒരു അവസാനമില്ലാതെ തുടര്ന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.അതാണ് ടൈം ലൂപ്പ് . എന്നാൽ നമ്പൂതിരിയുടെ വഴി ഒരു ക്ളോക്കിന്റെ ചാക്രിക ഘടനയിൽ അല്ല. അത് ഒരു കൊതുകു തിരിയുടെ ചുരുളി പോലൊരു ചാക്രികഘടനയിലാണ്.
ഇവിടെ ഓരോ കഥാപാത്രങ്ങളും വഹിക്കുന്ന വിവിധ പേരുകൾ നമ്മുടെ തന്നെ വ്യത്യസ്തമായ മുഖങ്ങൾ തന്നെയാകാം. അല്ലെങ്കിൽ.. ആന്റണിയും ഷാജീവനും പലകാലങ്ങളിൽ പലപേരുകളിൽ മെെലാടും പറമ്പിൽ ജോയി എന്ന ക്രിമിനലിനെ അന്വേഷിച്ചു വരുമ്പോൾ അതോടൊപ്പം ചുരുളിക്കാരുടെ പേരും മാറുന്നതാകാം. പോലീസുകാർ ഇനിയും വന്നേയ്ക്കാം. ചുരുളിയിലെ കാട്ടിലെ മിന്നാമിനുങ്ങുകൾക്കു പോലും നമ്മെക്കാൾ നന്നായി ആ കഥപറയാനുണ്ടാകും. ഷാപ്പുകാരൻ ഫിലിപ്പിനെ നാട്ടുകാരിലൊരുവൻ കറിയ എന്ന് വിളിച്ചത് വെറുതെയല്ല. ഈ അപരനാമങ്ങൾ ആവർത്തനങ്ങൾ കൊണ്ട് മാറുന്നതാകാം അല്ലെങ്കിൽ മനുഷ്യന്റെ വ്യക്തിത്വത്തിന്റെ വൈവിധ്യവും വൈരുധ്യവുമായ ഭാവങ്ങളാകാം. ഫിലിപ്പിനെ കറിയ എന്ന് വിളിച്ച നാട്ടുകാരനും അനവധി നാമങ്ങൾ ഉണ്ടാകും എന്നത് ഉറപ്പല്ലേ .
ചുരുളിയെ നമുക്ക് ലെയറുകളിൽ നിന്നും വായിച്ചെടുക്കാം. സമൂഹം, മാനസികം എന്നതാണ് അവയിൽ പ്രധാനപ്പെട്ടത്. എന്നാൽ സമൂഹം പ്രവർത്തിക്കുന്നത് ഒരുകൂട്ടത്തിന്റെ മാനസികമായ ഘടനയിൽ ആകുമ്പോൾ ആണ് അവ ബന്ധപ്പെടുന്നത്. നമ്മുടെ മനസിനും സദാചാരബോധങ്ങൾക്കും ബോധോപബോധങ്ങൾക്കും വ്യക്തിത്വത്തിനും എല്ലാം കൃത്യമായൊരു ഇടമുണ്ട്. ആ ഇടം വിടുകയും അരാജകത്വമോ അരാഷ്ട്രീയമോ ആയ ഇടത്തിലേക്ക് നിങ്ങൾ പ്രവേശിച്ചാൽ നിങ്ങളുടെ ഉള്ളിലെ സകലവാസനകളും ഉണർന്നുവരും. അതുപക്ഷേ ആ ഒരു പരിധി എത്താൻ നിങ്ങൾ പലപ്പോഴും ആത്മസംഘർഷങ്ങളുടെ ദുർഘടമായ പാതയിലൂടെ തന്നെയാകും സഞ്ചരിക്കേണ്ടിവരിക. എന്നാലോ അതിലും ദുർഘടമായൊരു പാലവും തരണം ചെയ്യേണ്ടി വന്നാലോ ? ആരെയും കൊല്ലാനും ബലാത്സംഗം ചെയ്യാനും സ്വാതന്ത്ര്യമുള്ള ചുരുളി എന്ന സ്വർഗ്ഗം. ഒരു ക്രിമിനലിനെ പിടിക്കാൻ മനസിന്റെ ആ പാലം, അല്ല ചുരുളിയിലെ ആ പാലം കടന്നുള്ള പോക്കുണ്ടല്ലോ ..അതുതന്നെയല്ലേ മെെലാടും പറമ്പിൽ ജോയ് ക്രിമിനൽ ആയി തന്നെ നേരത്തെ ചെയ്തത് ? ശരിക്കും ചുരുളിയിലെ ആ അഭൗമമായ ശക്തി എന്താണ് ?
ഒരർത്ഥത്തിൽ ഇതെല്ലാം സങ്കല്പികമാണ്…അല്ലെങ്കിൽ ചില പ്രതീകങ്ങളാണ്. ചാക്രികമായ അവർത്തനങ്ങളിലൂടെയോ ഒരേ വഴിയിൽ ആവർത്തിച്ച് പോയവരിലൂടെയോ തന്നെയാണ്. ജന്മങ്ങളും ജന്മാന്തരങ്ങളും കൊണ്ട് മതങ്ങളും രാഷ്ട്രങ്ങളും തത്വചിന്തകളും പ്രത്യയശാസ്ത്രങ്ങളും മനുഷ്യനെയും കൊണ്ട് നൂറായിരം പേരുകളിൽ ചുറ്റിയ വിഫലമായ ചുറ്റുകൾ. പേരുകൾ മാറിയാലും സംഭവങ്ങൾ അവർത്തിച്ചുകൊണ്ടേയിരിക്കും.വഴി തെറ്റി അലയുന്ന ലോകക്രമത്തിൽ ഭരണകൂടങ്ങളും ക്രിമിനൽകൂടങ്ങളും സഥാപിച്ചുവച്ചിട്ടുള്ള നീതികൾ എല്ലാം തന്നെ ആപേക്ഷികമാണ്. പട്ടാളക്കാരും പോലീസുകാരും മന്ത്രിമാരും രാഷ്ട്രത്തലവന്മാരും ബലാത്സംഗം, കൊലപാതകം എല്ലാം ചെയുന്നു, അവരുടെ അരാജകസ്വാതന്ത്ര്യത്തിൽ ആർപ്പുവിളിക്കുന്നു. ശരിക്കും ഇവരെല്ലാം തന്നെ ചുരുളിയിലെ പാലം കടന്നുപോയവരാണ്. അവിടെ ക്രിമിനൽ എന്ന് മുദ്രകുത്തുന്നവർ ആരാകുന്നു ? ക്രിമിനൽ നേരിട്ട് കൊല്ലുന്നു എങ്കിൽ മനസ്സിലെങ്കിലും കൊല ചെയ്യാത്ത എത്ര മാന്യന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ. അതായതു മനസിലെ ആ പാലം ക്രോസ് ചെയ്യാത്തവർ ആരും ഉണ്ടാകില്ല. ആന്റണിയും ഷാജീവനും പല പേരുകളിൽ ചുരുളിയിലെ വഴികളിൽ ആവർത്തനങ്ങൾ തീർത്തിട്ടുണ്ടാകും എന്നതുപോലെ, വ്യർത്ഥമായ കുറ്റബോധപോലീസുകാർ നമ്മുടെയൊക്കെ മനസിലും. ഇതങ്ങനെ അവർത്തിച്ചുകൊണ്ടേയിരിക്കും . കുമ്പസാരം പാപംചെയ്യാനുള്ള ലൈസൻസ് ആകുന്നതുപോലെ.
ചുരുളിയിലേക്കുള്ള പാലം അത്രമാത്രം ദുര്ഘടകവും അപകടകരവും ദുര്ബലവുമാണ് . ഒരുപക്ഷെ ആ പാലം നിങ്ങളെ ഓർമ്മിപ്പിക്കുക ഇനിയൊരു മടങ്ങിവരവിന് അത് ഉണ്ടാകുമോ എന്ന ചോദ്യചിഹ്നം കൊണ്ടുതന്നെയാകും. ഒരുപാടു പേര് പലകാലങ്ങളിൽ സഞ്ചരിച്ച ആ പാലം ആരും പുതുക്കി പണിയാതെ പോകുന്നതും അതുകൊണ്ടുതന്നെയാണ്. ‘പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ’ . ഈ ബോധം തന്നെയാണ് ആന്റണിയും ഷാജീവനും എന്ന കള്ളപ്പേരുകൾ കൂടി കയറിയ, അനവധി കള്ളപ്പേരുകാരെയും കൊണ്ട് കുതിച്ച ആ ജീപ്പ് . മനസിന്റെ ദ്വന്ദ്വമായ ഘടനയിൽ നന്മയും തിന്മയും ഒരു പാലംകൊണ്ടു വേർതിരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ പകുതിവച്ചു പിന്തിരിയാം , കാരണം അപ്പോഴും ആ പാലം അധികം കോട്ടമൊന്നും കൂടാതെ നിന്നേക്കാം. ‘അറിയാതെ’ നിങ്ങൾ ദിശയറിയാതെ നിങ്ങളിലെ കാമനകളുടെ സ്വർഗ്ഗം തേടി അലയുമ്പോൾ കാലവും ദേശവും വിവേകവും വേർപെട്ടൊരു സുദീർഘ സഞ്ചാരത്തിലാകും. അപ്പോഴേയ്ക്കും ആ പാലം നശിച്ചുപോയേക്കാം. പിന്നെയൊരു തിരിച്ചുവരവ് ഉണ്ടാകില്ല. നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട് നിങ്ങളെന്ന നമ്പൂതിരിയെ വഴി തെറ്റിക്കുന്ന മാടൻ. ആ മാടൻ അഷ്ടരാഗങ്ങൾ ആയ കാമം ക്രോധം ലോഭം മോഹം മദം മാത്സര്യം ഡംഭം അസൂയ എന്നിവയെ തന്നെയാണ് പ്രതിനിധീകരിക്കുക. അതിലേക്കു ആഴ്ന്നിറങ്ങിയാൽ പിന്നെ നിങ്ങളാരെന്നുപോലും നിങ്ങൾ മറന്നുപോകും. പിന്നെ ആ പാലത്തെ ആരോർക്കാൻ ?
ഖസാക്കിന്റെ ഇതിഹാസം എന്ന വിഖ്യാതമായ നോവലിൽ കൂമൻകാവിൽ ബസിറങ്ങിയ രവിയുടെ അവസ്ഥയായിരുന്നു ചുരുളിയിൽ എത്തിയ ഷാജീവനും . കൂമൻകാവിൽ ബസ്സ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല, ചുരുളിയിൽ ഷാജീവനും…ഷാജീവനെയും ആന്റണിയെയും കണ്ട പലർക്കും അങ്ങനെ ആയിരുന്നു. ഇതേതോ ഒരു ആത്മബന്ധത്തിന്റെയോ മനസിന്റെ ഉപബോധഘടനയുടെയോ പ്രവർത്തനമാണോ അല്ല. ആസ്വാദകരോട് ചിലതു പറയാൻ മാത്രമുള്ള ശ്രമങ്ങളാണ്. ആ ഷാപ്പിൽ തന്നെ എത്രയോ ആന്റണിമാരും ഷാജീവന്മാരും ഭൂതകാലത്തിൽ ജോലി ചെയ്തിരിക്കുന്നു. വിറകുവെട്ടുന്ന അമ്മുമ്മ ഷാജീവനെ കണ്ടപ്പോൾ പറഞ്ഞതും അതിലേക്കുതന്നെയാണ് വിരൽ ചൂണ്ടുന്നത്. മദ്യലഹരിയിൽ ഫിലിപ്പ് ഷാജീവനെ ഒരുവേള ജോർജ് എന്ന് വിളിക്കുന്നുണ്ട് എന്നത് വിസ്മരിക്കരുത് . അതുകേട്ടു ഷാജീവന് യാതൊരു ഭാവഭേദവും ഉണ്ടാകുന്നുമില്ല.
ഷാജീവൻ നിയമപാലകനായിട്ടും കൊലപാതകവും പോക്സോ കുറ്റവും വരെ യാതൊരു ഭാവവും ഇല്ലാത്ത ചെയുന്നു. അയാളുടെ മനസികവ്യാപാരങ്ങൾ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന വെളിപ്പെടുത്തലാണ്. നമ്മുടെ പൊതുലോകത്തിൽ കുറ്റകരമായ പലതും ആരെയും ഭയക്കാതെ ചെയ്യാൻ പാകപ്പെട്ട ആന്റണിയുടെ മനോവ്യാപാരങ്ങളും അങ്ങനെ തന്നെ. പെണ്ണുങ്ങൾ മാത്രം ഉള്ള സ്ഥലത്തേയ്ക്ക് ഞാനില്ല എന്ന് ഒരിക്കൽ പറയുന്ന ആന്റണി പിന്നീട് വ്യഭിചാരത്തിൽ ഏർപ്പെടുന്നത് അയാൾ ഷാജീവനെപോലെ ആ ചുരുളിയിൽ അകപ്പെട്ടു എന്നതുതന്നെയാണ് മനസിലാക്കാൻ സാധിക്കുന്നത് . അതുപോലെ വ്യാജവാറ്റുപോലുള്ള വലിയ കുറ്റങ്ങളിൽ അവർ ഏർപ്പെടുന്നതും വന്യമൃഗങ്ങളെ വേട്ടയാടുന്നതും. താൻ കൊന്ന ആളെക്കുറിച്ചുള്ള ചർച്ചയ്ക്കൊടുവിൽ ഷാജീവൻ കണ്ണാടി നോക്കുമ്പോൾ പൊട്ടിയ ചില്ലിൽ തന്റെ മുഖപ്രതിബിംബത്തെ രണ്ടായി കാണാൻ ശ്രമിക്കുന്നുണ്ട്, അല്ലെങ്കിൽ കാണുന്നുണ്ട്. അയാളുടെ മുഖത്തെ വികൃതമായ ചിരിയിൽ മസ്തിഷ്കത്തിൽ ചുരുളി അവസാനമില്ലാത്ത ഇഴയുന്ന പാമ്പിനെ പോലെ പുളയുന്നുണ്ടാകണം . പോലീസ് ട്രെയിനിങ്ങിൽ വെടിവയ്ക്കാൻ പഠിച്ചിട്ടു ഇതുവരെ ഒരു മനുഷ്യനെ വെടിവച്ചുകൊല്ലാൻ പറ്റാത്തതിൽ ആന്റണി ആദ്യമായി ദുഖിക്കുന്നതും ചുരുളിയിൽ വന്ന ശേഷമാകും. അതാണ് പറഞ്ഞത് ചുരുളി മനുഷ്യന്റെ മനസിലും പിന്നെ അവർത്തനങ്ങൾ തീർക്കുന്ന കാലത്തിലും ഒരുപോലെ ഇഴയുകയാണ് .
ചില ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്, അനേകായിരം സൗരയൂഥങ്ങളിൽ അനേകായിരം ഭൂമിയും ഭൂമിയിലെ ജീവിതങ്ങളും ഉണ്ടായിരിക്കാം എന്ന്. എന്തിനു നമ്മൾ പോലും അതെ രൂപഭാവങ്ങളോടെ മറ്റൊരു സൗരയൂഥത്തിലെ ഭൂമിയിൽ ജീവിക്കുന്നുണ്ടാകാം എന്ന്. അങ്ങനെയെങ്കിൽ ഇതെഴുതുന്ന രാജേഷ് ശിവയും എത്രയോ ഉണ്ടാകാം. മെെലാടും പറമ്പിൽ ജോയിയും എത്രയോ ഉണ്ടാകാം ആന്റണിയും ഷാജീവനും എത്രയോ ഉണ്ടാകാം. ചുരുളിയും എത്രയോ ഉണ്ടാകും. അതൊക്കെ പോട്ടെ…സമയത്തെ തിരുത്താൻ കഴിയണമെങ്കിൽ പ്രകാശവേഗത്തിൽ സഞ്ചരിക്കാനും സാധിക്കണം. മനുഷ്യനെ കൊണ്ട് അത് സാധ്യമല്ല. അതൊരുപക്ഷേ എലിയൻസിന്റെ കൊണ്ട് സാധിക്കുന്നതാകാം .
ചുരുളിയിലെ ആളുകൾ എലിയൻസ് നിയന്ത്രിക്കുന്ന പാവകൾ ആക്കി സംവിധായകൻ ചിത്രീകരിച്ചു എങ്കിൽ അതിലൂടെ കാലങ്ങളുടെയും സംഭവങ്ങളുടെയും അവർത്തനത്തെ വിശ്വസനീയമായി കാണിക്കാൻ വേണ്ടിയാകണം. വെടി കൊണ്ടാൽ പോലും ചാകാത്തവർ , മരണങ്ങളുടെ വൃത്തപ്രയാണത്തിലൂടെ പുനർജീവിച്ചു പലപേരുകളിൽ തുടരുന്നവർ. ലോകത്തു ഒന്നിനും ഒരു അവസാനമില്ല, അത് അവർത്തനങ്ങളുടെ രഥങ്ങളിൽ യാത്രയിലാണ്. അതുകൊണ്ടുതന്നെ മെെലാടും പറമ്പിൽ ജോയി എന്ന ക്രിമിനൽ അക്ഷരാർത്ഥത്തിൽ ഒരു പ്രതീകം തന്നെയാണ്. അയാളെ അന്വേഷിച്ചുവന്നു ഒടുവിൽ ചുരുളിയിലെ ചുരുളിൽപെട്ട് പോലീസും ക്രിമിനലും ആരെന്നറിയാത്ത അവസ്ഥ. മനുഷ്യന്റെ ബോധതലങ്ങളിൽ നിന്നും വേർപെട്ടുപോയ ചുരുളിയിലെ ജനങ്ങൾക്ക് ഇനി സംഭവിക്കാൻ പോകുന്നതും അറിയാമായിരിക്കണം. പലരുടെയും ഫാൻസിഡ്രസ് കളികളും.
മറ്റൊരു രസകരമായൊരു കാര്യമുണ്ട് നമ്മുടെയൊക്കെ ചുറ്റുപാടുകളുടെ തന്നെ ചുരുളാവർത്തനം ചുരുളിയിലെ ആളുകൾ എത്രയൊക്കെ ക്രിമിനലുകൾ ആയിരുന്നാലും അവരുടെ ഉള്ളിലെ ബോധ്ങ്ങൾ ഏതൊക്കെ അരാജകസ്വർഗ്ഗത്തിൽ വിഹരിച്ചാലും ഭക്തിയുടെ കാര്യത്തിൽ മാത്രം അവർ വെള്ളവസ്ത്രധാരികളാണ്. അന്നേരം അവർ തെറികളുടെ കൂമ്പാരങ്ങളെ എവിടെയാണ് ഒളിപ്പിക്കുന്നത് ? ഇത് നമ്മൾ ചോദിക്കേണ്ടത് ഇന്നത്തെ വിശ്വാസികളോട് തന്നെയാണ്.. അല്ലെങ്കിൽ ഇന്നത്തെ സദാചാരക്കാരോട് തന്നെയാണ്. ഉള്ളിലെ ശരീരവും മനസും അതേപടി തുടരുമ്പോഴും ഒരു വിശ്വാസകർമം അനുഷ്ഠിക്കുമ്പോൾ അവരിലെ കപടതകൾ ആട്ടിൻതോലണിയും.
ഇവിടെ ലോജിക്കിന് സ്ഥാനമില്ല.. മാജിക്കൽ റിയലിസത്തിന്റെ അപാരമായ അധിനിവേശമാണ്. ഒരു സത്യത്തെ വെളിപ്പെടുത്താൻ യാഥാർഥ്യങ്ങളിൽ അപാരമായ മാന്ത്രികപരിവേഷങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു. ദൈവവിശ്വാസികൾ പോലും ഇതിലെ ലോജിക്ക് തിരയുന്നതു കണ്ട് ചിരിവന്നിട്ടുണ്ട്. പലകാലങ്ങളിൽ പല പേരുകളിൽ നമ്മളെല്ലാം ചെയുന്ന പ്രവർത്തികൾ ഒന്നുതന്നെ. മനസിന്റെ പാലം തകർന്നുപോയ ചുരുളിവാസികൾ ആണ് നാമെല്ലാം. ക്രിമിനലായാലും നീതിമാനായാലും മനസ്സുകൊണ്ടെങ്കിലും കളങ്കിതർ ആയാണ് നാമെല്ലാം മരിക്കുക. കാലങ്ങളോളം ഉള്ള അവർത്തനചുരുളിൽ വഴിയറിയാതെ ചുറ്റുന്നവർ , ഗതിയറിയാതെ ആത്മാക്കളുടെ സഞ്ചയത്തെ മിന്നാമിനുങ്ങുകളെ പോലെ തുറന്നുവിടുന്നു .
ഇവിടെ ടൈം ലൂപ്പോ ടൈം ട്രാവലോ എന്നൊക്കെ ചിന്തിക്കുന്നതിനേക്കാൾ പുനരാവർത്തനങ്ങൾ എന്ന് ചിന്തിക്കുന്നതാകും ഉചിതം. ഒരു പുസ്തകത്തിലെ കഥ വായിച്ചുകഴിഞ്ഞാൽ രണ്ടാമതൊന്നുകൂടി വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളുടെ പേരുകൾ മറ്റൊന്നാക്കി വായിച്ചു നോക്കുക. അങ്ങനെ അഞ്ചോ ആറോ വട്ടം വായിക്കുമ്പോൾ ഓരോതവണയും കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിക്കൊണ്ടെ ഇരിക്കുക. അങ്ങനെ അഞ്ചോ ആറോവട്ടം ആ സംഭവങ്ങൾ അവർത്തിക്കുന്നതായി അനുഭവപ്പെടുന്നില്ലേ ? അതുതന്നെയാണ്. ഇവിടെ ലൂപ്പിനു പ്രസക്തിയില്ല. ഇവിടത്തെ ക്ളോക്ക് കാലം തന്നെയാണ്.
****
വിജയപതാക ഉയർത്തിനിൽക്കുന്ന
സംസ്കാരപർവ്വതാരോഹകൻ പറഞ്ഞു ….
”ഞാൻ വെട്ടിയ രോമക്കാട്ടിൽ പ്രാകൃതം ചേതനയറ്റുവീണു,
ഹിംസയുടെ നഖമുനകളെ ഗളച്ഛേദം ചെയ്തു
ദിനം നാലുനേര നീരാട്ടുകഴിഞ്ഞപ്പോൾ
അത്തറിൻ ഗന്ധത്തോടെ പരിഷ്കാരം പിച്ചവയ്ക്കുന്നു ”
പിന്നെ പറഞ്ഞത് അവന്റെ ദർപ്പണങ്ങൾ
നരവംശപരിണാമം ഇവിടെ അന്ത്യമായെന്നും
അവസാന പരിഷ്കാരരൂപം നീയെന്നും
സർവ്വംതികഞ്ഞ തണുവിൽ നോക്കി …..
അതുകേട്ടവൻ ആഹ്ലാദശ്രുതികളിൽ നൃത്തം തുടങ്ങവേ…
ഒരജ്ഞാത നിമിഷത്തിൽ
മനസിലെ നിബിഢവനങ്ങളിലെ
നിഗൂഢഗുഹാന്തരങ്ങളുടെ അന്ധകാരവാതിലുകൾ തുറന്നു
അതിലൂടെയൊരു അദൃശ്യമാം തുരുമ്പിച്ച ചങ്ങലതുണ്ടിഴയുന്നു
എന്നോ പൊട്ടിപ്പിരിഞ്ഞ മറുപകുതി തേടി മുരൾച്ചയോടെ !
ഘ്രാണശക്തിയാൽ യജമാനസവിധത്തിലേക്കൊരു ശ്വാനക്കുതിപ്പുപോലെ
അസഹ്യദുർഗന്ധമൊലിപ്പിച്ചൊരു പ്രാകൃതജീവി
കാലത്തിൻ സന്ധികൾ പിന്നിട്ടങ്ങെത്തിക്കിതച്ചു –
കൊണ്ടിരയ്ക്കു വേണ്ടി വാലാട്ടുന്നു
അതിന്റെ ഗളത്തിൽ തന്റെ ചങ്ങലയുടെ
മറുപകുതികണ്ടു വന്യവസന്തം മുഖത്തിൽ വിടർത്തിക്കൊണ്ടൽപനേരം
ചങ്ങലയിഴചേർത്തു ബന്ധിച്ചവൻ
ജനിതകത്തിന്റെ ഓർമ പുതുക്കികൊണ്ടു …
സ്നേഹത്താൽ വീർപ്പുമുട്ടിയ അതിനു ഇരയായി നൽകുന്ന
മാംസപിണ്ഡത്തിൻ സംസ്കാരനാമം
ജനനിയെന്നോ ?
തന്നയയെന്നോ ?
സഹജയെന്നോ ?
കാലത്തിന്റെ വലിയ സൂചി
സൃഷ്ടിക്കുന്ന
ടൈം ലൂപ്പുകളിൽ
പുനരാവർത്തനങ്ങളിൽ
അവസാനമില്ലാത്ത ചുരുളികളിൽ
സംസ്കാരവും പ്രാകൃതവും
നമ്മിൽ കണ്ണുപൊത്തിക്കളിക്കുന്നു
***