KS Binu
ഡാൻസ് ബാറോ, ബാർ ഡാൻസോ കാണിക്കരുത് എന്നതല്ല ഇപ്പോ നമ്മുടെ വിഷയം. ഡാൻസ് ബാറിൽ ഓട്ടൻ തുള്ളൽ കാണിച്ചാൽ മതി എന്നുമല്ല പറയുന്നത്. ഡാൻസ് ബാറിൽ നൃത്തം ചെയ്യുന്ന സ്ത്രീകളുടെ മേൽ ക്യാമറ നോക്കുന്ന നോട്ടമാണ് പ്രശ്നമായി ചൂണ്ടി കാണിക്കുന്നത്. അത് പലപ്പോഴും ഒരു lustful male gaze ആണ് എന്നാണ് പറയുന്നത്. അവിടെയാണ് പൃഥ്വി തന്റെ വാക്കിലും പ്രവർത്തിയിലും രണ്ട് തട്ടിലായിപ്പോയത്. ആ പാട്ടിലെ ഏതാനും ഷോട്ടുകളാണ് കൂടെ. ഡാൻസ് ബാറിലെ ഡാൻസിനു പ്ലോട്ടിൽ പ്രാധാന്യമൊന്നുമില്ല. (ഡാൻസ് ബാർ തന്നെ പ്ലോട്ടിൽ ആവശ്യമാണോ എന്നത് മറ്റൊരു ചോദ്യം. അത് ക്രിയേറ്ററുടെ സ്വാതന്ത്ര്യം എന്ന് തൽക്കാലം വയ്ക്കാം.) എന്നിട്ടും പ്രധാന ഇവന്റ്സിനിടയിലും ക്യാമറ ഓടിപ്പോയി ഇങ്ങനെ ആർത്തിപിടിച്ച് ഇഴയുകയാണ് ഡാൻസറുടെ മാറിടത്തിൽ, തുടയിൽ, ഇടുപ്പിൽ ഒക്കെ. ഈ ഷോട്ടുകൾ ഇല്ലെങ്കിലും അതൊരു ഡാൻസ് ബാറാണെന്നും അവിടെ നൃത്തം നടക്കുന്നുണ്ട് എന്നും കൺവേ ചെയ്യാം.
ആർത്തിപിടിച്ച ഷോട്ടുകളിലൂടെ അല്ലാതെ. എന്നിട്ടും, സിറ്റുവേഷൻ കൺവേ ചെയ്യുവാൻ ആവശ്യമില്ലാത്ത ഇത്തരം ഇക്കിളി ഷോട്ടുകൾ മനഃപൂർവ്വം പ്ലേസ് ചെയ്യുന്നിടത്താണ് സംവിധായകന്റെ രാഷ്ട്രീയ നിലപാട് ചോദ്യം ചെയ്യപ്പെടുന്നത്. ഡാൻസ് ബാറോ ഡാൻസോ അല്ല, ഡാൻസിനിടയിലെ ഈ ചില ഷോട്ടുകളാണ് പ്രശ്നം. ഇത് പറയുമ്പോഴുണ്ടാകുന്ന പ്രധാന മറു ചോദ്യമാണ്, “എങ്കിൽ പിന്നെ ഡാൻസർ പർദ്ദയിട്ട് ഡാൻസ് കളിക്കണോ” എന്ന്. ഈ മനുഷ്യരൊക്കെ എന്താണ് ഒന്നുകിൽ പർദ്ദ അല്ലെങ്കിൽ ബിക്കിനി എന്ന ടൈപ്പ് ബൈനറികളിൽ കുടുങ്ങി കിടക്കുന്നത്? ഇതുപോലെ തന്നെ, മറ്റൊരു വാദമാണ്, “നോക്കുന്നതിന്റെ കുഴപ്പമാണ്, അത് സ്വാഭാവികമായി കണ്ടാൽ പോരേ?” നോക്കുന്നതിന്റെ കുഴപ്പമാണെന്ന് തന്നെയാണ് പറയാനുള്ളത്. പക്ഷേ അത് ആരുടെ നോട്ടമാണെന്നതിലേ വ്യത്യാസമുള്ളു. ഇതൊക്കെ സ്വാഭാവികമാണെന്ന മനസ്സോടെ ക്യാമറയിൽക്കൂടി സ്ത്രീശരീരത്തിലേയ്ക്ക് സൂം ചെയ്യപ്പെടുന്ന ആ നോട്ടമാണ് പ്രശ്നം.
ക്യാമറയുടെ വഷളൻ നോട്ടം സ്വാഭാവികമാണെന്ന് കരുതുന്ന പ്രേക്ഷകന്റെ ആ “നോട്ടത്തിലാണ്” കുഴപ്പം.
ഒരു സ്ത്രീയെ അടുത്തു കാണുമ്പോൾ വ്യക്തിയിലേയ്ക്കല്ലാതെ, പൊതുവെ ആണിൽ നിന്ന് ഉണ്ടാവാനിടയുള്ള ഒരു നോട്ടമുണ്ട്. ശരീരത്തിലേയ്ക്കുള്ള നോട്ടം. ഒരാളുടെ ഫിസിക്ക് ശ്രദ്ധിക്കുന്നത് തെറ്റൊന്നുമല്ല. ആ നോട്ടത്തിനപ്പുറം ലിംഗർ ചെയ്യുന്ന ഒരു നോട്ടമുണ്ട്. അത് എന്തെന്ന് എനിക്കും മറ്റ് പുരുഷന്മാർക്കും ആ നോട്ടമേൽക്കേണ്ടി വരുന്ന സ്ത്രീകൾക്കും അറിയാം. നോട്ടമേൽക്കുന്നയാളെ അസ്വസ്ഥമാക്കുന്ന ഒരുതരം നോട്ടം. സ്ത്രീയുടെ അവയവയങ്ങളിലേയ്ക്കുള്ള, ഒരു ഇറച്ചിക്കഷണത്തിലേയ്ക്ക് നാവ് നക്കിക്കൊണ്ട് പട്ടി നോക്കുന്ന മാതിരിയുള്ള ഒരു നോട്ടം. എതിരെ നിൽക്കുന്നയാളെ ഒരു ലൈംഗിക വസ്തു എന്ന് ഒബ്ജക്ടിഫൈ ചെയ്യുന്ന നോട്ടം. അത് സഹിച്ച്, സഹനത്തിന്റെ ത്രെഷോൾഡ് വിടുമ്പോഴാണ് പലപ്പോഴും സ്ത്രീകൾ നോക്കുന്നവന്മാരോട് തട്ടിക്കയറുന്ന സംഭവങ്ങൾ ഉണ്ടാവുന്നത്. ആ നോട്ടത്തിനാണ് Heterosexual Male Gaze എന്ന് പറയുന്നത്.
നിങ്ങൾ എന്ന പ്രേക്ഷകൻ അങ്ങനെ ഒരു നോട്ടം ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്നതൊക്കെ രണ്ടാമത്തെ കാര്യം. നിങ്ങളെ ഒരു പൊട്ടെൻഷ്യൽ “ആൺനോട്ടക്കാരനായി” ക്യാമറ അസ്യൂം ചെയ്യുകയാണ് എന്നതാണീ പ്രശ്നത്തിലെ ഒന്നാമത്തെ കാര്യം. ഒരു ബസ് സ്റ്റാൻഡിലെ ഞരമ്പനെ പോലെ തരം താഴ്ത്തി വിലയിരുത്തുകയാണ് നിങ്ങളിലെ പ്രേക്ഷകനെ ക്യാമറ. എന്നിട്ട് നിങ്ങൾക്ക് വേണ്ടി ക്യാമറ നിങ്ങൾ ചെയ്യേണ്ടുന്ന ആ നോട്ടം നോക്കുകയാണ്. നിങ്ങൾക്ക് ആ നോട്ടത്തിന്റെ കാഴ്ചാനുഭവം സ്ക്രീനിൽ പകർന്ന് തരാനായി. അത് സ്വാഭാവികമായി കണ്ട് ആസ്വദിക്കുന്നിടത്ത് നിങ്ങൾക്കും മുകളിൽ പറഞ്ഞ ബസ് സ്റ്റാൻഡിലെ ഞരമ്പനും ഇടയിലുള്ള അതിർവരമ്പ് മായുന്നു. നിങ്ങൾ അയാൾ തന്നെയാവുന്നു. ക്യാമറയുടെ നിങ്ങളെ കുറിച്ചുള്ള വിലകുറഞ്ഞ പ്രഡിക്ഷൻ വിജയിക്കുന്നു. ഇതെന്തിനാണ് ഈ ക്യാമറ ഈ സ്ത്രീയുടെ അവയവയങ്ങളിലേയ്ക്ക് ഇങ്ങനെ പ്രത്യേകമായി കാരണമൊന്നുമില്ലാതെ തുറിച്ച് നോക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നുമ്പോൾ നിങ്ങൾ നിങ്ങളെ കുറിച്ചുള്ള ക്യാമറയുടെ വഷളൻ വിലയിരുത്തലിനെ തോൽപ്പിക്കുന്നു.
മുൻപ് പറഞ്ഞ പർദ്ദ – ബിക്കിനി ബൈനറി എക്സാമ്പിളിലേയ്ക്ക് വരാം. ഒരു ഡാൻസ് ബാറിലെ ഡാൻസിൽ ഒരു ഡാൻസർക്ക് അതിനനുസരിച്ചുള്ള വസ്ത്രം വേണം. അത് ചിലപ്പോൾ എക്സ്പോസിവ് ആയിരിക്കും. എന്നുകരുതി, ക്യാമറ പ്രത്യേകമായിട്ട് അവരുടെ മാറിടത്തിന്റെ വലിപ്പത്തിലേയ്ക്കും വടിവുകളിലേയ്ക്കും സൂം ചെയ്യുമ്പോൾ പക്ഷേ അത് ഒരു ആൺനോട്ടം ആവുന്നു. ഇതിൽ തന്നെ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോട്ട്സ് ശ്രദ്ധിക്കുക. ഓരോന്നിന്റെയും ഫ്രെയിമിൽ ഉള്ളത് ഒന്നുകിൽ മാറിടം മാത്രമാണ്, അല്ലെങ്കിൽ ഇടുപ്പ് മാത്രമാണ്. അതായത് ക്യാമറ ആ അവയങ്ങളിലേയ്ക്ക് സൂം ചെയ്ത് മിഴിച്ചു നോക്കുകയാണ്. ക്യാമറയുടെ കണ്ണിനെ ഒരു മനുഷ്യന്റെ കണ്ണായി സങ്കൽപ്പിക്കുക. ഒരു സ്ത്രീയുടെ ചില പ്രത്യേക അവയവയങ്ങളിലേയ്ക്ക് ഒരാൾ അങ്ങനെ സൂം ചെയ്ത് നോക്കുന്നത് എത്രത്തോളം ശരികേടുള്ള ഏർപ്പാടാണ് എന്ന് ആലോചിക്കുക.
നിങ്ങൾക്ക് വേണ്ടി ക്യാമറ ആ വൃത്തികെട്ട നോട്ടം നോക്കുന്നത് അപ്പോൾ പിടികിട്ടും.
പറഞ്ഞു വരുന്നത്, ഡാൻസ് ബാറിൽ ഡാൻസർ പർദ ഇട്ട് ഡാൻസ് ചെയ്യേണ്ട. ഓട്ടം തുള്ളലും നടത്തേണ്ട. ഡാൻസർ സാഹചര്യത്തിനനുസരിച്ച വസ്ത്രം അണിഞ്ഞാൽ മതി. പക്ഷേ അങ്ങനെ ഡ്രസ് ചെയ്ത, ഡാൻസ് ചെയ്യുന്ന ഡാൻസറുടെ മാറിടത്തിലേയ്ക്കും ഇടുപ്പിലേയ്ക്കും മാത്രമായി ക്യാമറ സൂം ചെയ്ത ആൺനോട്ടങ്ങൾ എറിയുന്നതാണ് നമ്മുടെ പ്രശ്നം. അവിടെ നിങ്ങളെ സിനിമാക്കാർ വിലകുറച്ച് കാണുകയാണ്, നിങ്ങൾക്ക് വേണ്ടത് ഈ ആർത്തിപിടിച്ച നോട്ടമാണെന്ന്. അത് വൃത്തികെട്ട നോട്ടമാണെന്ന് തിരിച്ചറിയുക, ഉള്ളിലെ ബസ് സ്റ്റാൻഡ് ഞരമ്പനെ ഉപേക്ഷിക്കുക.
ഇനി, “അതെന്താ ഡാൻസ് ബാറുകൾ ഉള്ളതല്ലേ, അവ സിനിമയിൽ ചിത്രീകരിക്കാൻ പാടില്ലേ” എന്ന ചോദ്യത്തിനുള്ള മറുപടിയാണ്. ഡാൻസ് ബാറുകളിൽ സ്ത്രീകളെ എന്റർടെയിന്മെന്റിനായി ഒബ്ജക്ടിഫൈ ചെയ്യുന്നുണ്ട്. അത് സ്ത്രീ വിരുദ്ധത തന്നെയാണ്. പക്ഷേ ഡാൻസ് ബാറുകൾ സ്ത്രീവിരുദ്ധമായതുകൊണ്ട് അവ സിനിമയിൽ കാണിക്കാൻ പാടില്ല എന്ന അഭിപ്രായമില്ല. Because they are reality. കല സമൂഹത്തിന്റെ കണ്ണാടി കൂടി ആയതുകൊണ്ട് സമൂഹത്തിലെ നന്മയും തിന്മയും കലയിൽ വരണം. എങ്കിലേ സമൂഹത്തിന്റെ റിഫ്ലക്ഷൻ ആവൂ. തിന്മയെ കാണിക്കുമ്പോൾ കല തിന്മയിൽ അഥവാ ക്രൈമിൽ പങ്കാളി ആവുന്നിടത്താണ് വിയോജിപ്പ് വരുന്നത്.
അതായത്, ഡാൻസ് ബാറുകൾ സ്ത്രീവിരുദ്ധമെങ്കിലും റിയാലിറ്റി ആകയാൽ അവയും സിനിമയിൽ കാണിക്കാം. പക്ഷേ ഡാൻസ് ബാറിലെ നർത്തകിയുടെ മേലേയ്ക്ക് സിനിമ ആൺ നോട്ടം നോക്കുന്നിടത്ത് ഡാൻസ് ബാർ എന്ന സ്ത്രീവിരുദ്ധതയിൽ, ആ ക്രൈമിൽ സിനിമയും പങ്കാളി ആവുന്നു, ക്യാമറയുടെ ആ നോട്ടം ആസ്വദിക്കുന്നിടത്ത് പ്രേക്ഷകരും പങ്കാളികളാവുന്നു.
എളുപ്പം മനസ്സിലാകാൻ ഒരു ഉദാഹരണം പറയാം. റേപ് സ്ത്രീ വിരുദ്ധമാണ്. പക്ഷേ അവ റിയാലിറ്റിയാണ്. റിയാലിറ്റി ആകയാൽ അവശ്യ സന്ദർഭത്തിൽ ഒരു റേപ് സീനിന്റെ ചിത്രീകരണം സിനിമയ്ക്ക് അനിവാര്യമായി വരും. പക്ഷേ ആ ചിത്രീകരണത്തിൽ ക്യാമറ എന്ത് മനോഭാവത്തീടെ ഇടപെടുന്നു എന്നതിലാണ് സിനിമയുടെ പക്ഷവും രാഷ്ട്രീയവും ഇരിക്കുന്നത്. കീർത്തിചക്ര എന്ന സിനിമയിലെ റേപ് സീൻ ആ അതിക്രമത്തിന്റെ ഭീകരത പ്രേക്ഷകന് കൺവേ ചെയ്യുന്ന ഒന്നാണ്. കാരണം ക്യാമറ അവിടെ ഈ പറഞ്ഞ lustful male gaze അല്ല ചെയ്യുന്നത്. ന്യൂട്രലോ ഇരയോട് അനുതാപപൂർവ്വമോ ആയാണ് പെരുമാറുന്നത്. മറിച്ച്, ഒരു ബി ഗ്രേഡ് സിനിമയിലെ റേപ് സീൻ “പ്രേക്ഷകനെ” ലൈംഗികമായി ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണെടുക്കുക. അവിടെ ക്യാമറയുടെ നോട്ടം “ആൺനോട്ടം” ആണ്.
ഒരേ സംഗതി – റേപ്. തന്റെ നോട്ടത്തിലുള്ള വ്യത്യാസം കൊണ്ട് ക്യാമറ രണ്ട് തരം കാഴ്ചാനുഭവം ആ സംഗതിയെക്കുറിച്ച് പ്രേക്ഷകർക്ക് നൽകുന്നു. ഒന്നിൽ ഒബ്ജക്ടിഫിക്കേഷനുണ്ട്, മറ്റേതിൽ അതില്ല. ഇതുപോലെ തന്നെയാണ് ഡാൻസ് ബാറിന്റെ കാര്യവും. രണ്ട് രീതിയിൽ ആ നൃത്തം ചിത്രീകരിക്കാൻ പറ്റും. നിർഭാഗ്യവശാൽ പ്രൃഥ്വിരാജ് സ്വീകരിച്ചത് സ്ത്രീ ശരീരം ഒബ്ജക്ടിഫൈ ചെയ്യുന്ന വഴിയാണ്. അത് അയാൾ മുൻപ് പറഞ്ഞ രാഷ്ട്രീയത്തിനു വിരുദ്ധമായതുകൊണ്ടാണ് ഓഡിറ്റിംഗ് കൂടുതൽ രൂക്ഷമാകുന്നത്.
അല്പവസ്ത്രമുള്ള രംഗങ്ങൾ പോയിട്ട് ന്യൂഡ് സീനുകൾ പോലും ക്യാമറയ്ക്ക് ചെയ്യാൻ കഴിയും, ആ ആൺനോട്ടം ഇല്ലാതെ. പക്ഷേ അതിനുള്ള പക്വതയും കലാബോധവും അതിനെ നിയന്ത്രിക്കുന്നവർക്ക് ഉണ്ടാവണം എന്ന് മാത്രം.